Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്പി നാരായണന് കിട്ടിയ അതേ നീതി തനിക്കും കിട്ടണം; തന്നെയും മറിയം റഷീദയെയും ഇരകളാക്കി; നമ്പി നാരായണനെ പോലെ നഷ്ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ട്; കേസിലേക്ക് വലിച്ചിഴച്ചത് മുൻ എസ്‌പി എസ്.വിജയൻ; കരുണാകരനെയും നരസിംഹറാവിന്റെ മകനെയുമൊക്കെ കൊണ്ടുവന്നതിന് പിന്നിലും രാഷ്ട്രീയലക്ഷ്യം; ഐഎസ്ആർഒ ചാരക്കേസിൽ ഫൗസിയ ഹസനും നിയമപോരാട്ടത്തിന്

നമ്പി നാരായണന് കിട്ടിയ അതേ നീതി തനിക്കും കിട്ടണം; തന്നെയും മറിയം റഷീദയെയും ഇരകളാക്കി; നമ്പി നാരായണനെ പോലെ നഷ്ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ട്; കേസിലേക്ക് വലിച്ചിഴച്ചത് മുൻ എസ്‌പി എസ്.വിജയൻ; കരുണാകരനെയും നരസിംഹറാവിന്റെ മകനെയുമൊക്കെ കൊണ്ടുവന്നതിന് പിന്നിലും രാഷ്ട്രീയലക്ഷ്യം; ഐഎസ്ആർഒ ചാരക്കേസിൽ ഫൗസിയ ഹസനും നിയമപോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ചാരക്കേസിന് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥൻ എസ്.വിജയനാണെന്നും കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും ഫൗസിയ ഹസൻ വ്യക്തമാക്കി. മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അവർ പറഞ്ഞത്. ചാരക്കേസിൽ നമ്പി നാരായണന് ലഭിച്ച അതേ നീതി തനിക്കും കിട്ടണം. ഏതുകോടതിയെ സമീപിക്കണമെന്ന് പിന്നീട് തീരുമാനിക്കും. നമ്പി നാരായണനെ മുൻപരിചയമില്ല. ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലാണെന്നും അവർ പറഞ്ഞു.

താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തങ്ങൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നൽകുന്നുണ്ടെന്നും ചാരക്കേസിൽ തങ്ങൾ ആയുധമാവുകയായിരുന്നെന്നും ഫൗസിയ വ്യക്തമാക്കി. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.'ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. വൈകിയ വേളയിലെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.' ഫൗസിയ ഹസൻ പറഞ്ഞു. ചാരക്കേസിൽ കുറ്റാരോപിതയായി 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ചു. ഇപ്പോൾ മാലിദ്വീപിലാണ്.

1994ലെ ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നടപടി നേരിടണമെന്നും സംസ്ഥാന സർക്കാർ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. മുൻ ഡിജിപി: സിബി മാത്യൂസ്, മുൻ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെയാണു നടപടി. .

വിധിയിൽ സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ:

'കേരള പൊലീസ് തുടങ്ങിവച്ച പ്രോസിക്യൂഷൻ നടപടികളത്രയും ദുരുദ്ദേശ്യപരമായിരുന്നു. അതു നമ്പി നാരായണനു കടുത്ത പീഡനവും അളവറ്റ ആശങ്കയുമാണു നൽകിയത്. ഇത്, കുറ്റാരോപിതൻ കസ്റ്റഡിയിലെടുക്കപ്പെടുകയും വിചാരണയ്ക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട കേസല്ല. ഇത്രയും പ്രാധാന്യമുള്ള കേസിൽ നമ്പി നാരായണനെയും മറ്റും അറസ്റ്റ് ചെയ്തശേഷം സർക്കാർതന്നെയാണു കേസ് സിബിഐക്കു കൈമാറിയത്. അവർ സമഗ്രമായി അന്വേഷിച്ചശേഷം കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് നൽകി. പൊലീസല്ല, സിബിഐയാണു കുറ്റക്കാരെന്നാണു സർക്കാരും മറ്റു ചില എതിർകക്ഷികളും വാദിച്ചത്. വാദം കോടതി കേൾക്കണം എന്നതു പരിഗണിച്ചുമാത്രം ഇതു കേട്ടു തള്ളിക്കളയുകയാണ്. അടിസ്ഥാനമില്ലാതെയാണു ക്രിമിനൽ നടപടികൾ തുടങ്ങിവച്ചത്. ഏതോ വിചിത്ര ഭാവനയുടെയോ ഊഹത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നു അത്.'

ചാരക്കേസ് ഇങ്ങനെ:

കേരള ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഏടുകളിലൊന്നാണ് ഐഎസ്ആർഒ ചാരക്കേസ്. മാലി സ്വദേശിനിയായ മറിയം റഷീദ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ പാക്കിസ്ഥാന് കടത്താൻ ചാരപ്പണി ചെയ്തെന്നായിരുന്നു പൊലീസ് ആരോപണം. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെ ഇതിനായി വശത്താക്കി. ഇതനുസരിച്ച് ഇന്ത്യൻ ഔദ്യോഗിക നിയമത്തിന്റെ 3, 4, 5 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 1991 ജനുവരി 18ാം തിയ്യതിയാണ് ഐഎസ്ആർഒയും റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ്കോസ്മോസുമായി കരാർ നിലവിൽ വരുന്നത്. കരാർ റദ്ദാക്കാൻ അമേരിക്ക റഷ്യയുടെ മേൽ സമ്മർദം ചെലുത്തിയിരുന്നു.

1994 ഒക്ടോബർ 14ന് തിരുവനന്തപുരത്തെ പൊലീസ് കമ്മീഷണർ ഓഫിസിൽ തന്റെ വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് എത്തിയ മറിയം റഷീദയെ ഒരു സാധാരണ കേസിൽ അറസ്റ്റ് ചെയ്യുന്നു. ഇതിനിടയിൽ മറിയം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ശാസ്ത്രജ്ഞനായ ശശികുമാറിന്റെ വീട്ടിലേക്ക് ഫോൺകോൾ പോയി എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ശശികുമാറിനെ അറസ്റ്റ് ചെയ്യുന്നു എന്നും പറഞ്ഞാണ് കേസ് തുടങ്ങുന്നത്. തുടർന്ന് മറിയത്തെ കൊണ്ടുവന്ന സുഹൃത്ത് മാലിക്കാരി ഫൗസിയ ഹസൻ, നമ്പി നാരായണൻ, റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റ് കെ ചന്ദ്രശേഖരൻ, സുഹൃത്ത് ശർമ- അങ്ങനെ ഒരു നിര തന്നെ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിനിരകളായി.

1994 നവംബർ 30നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നത്. 1994 ഡിസംബർ 3ന് കേസിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറി. 1996ൽ ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തലോടെ സിബിഐ അന്തിമ റിപോർട്ട് ഫയൽ ചെയ്തു. എന്നാൽ, നായനാർ സർക്കാർ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ചരിത്രത്തിൽ ആദ്യമായാണ് സിബിഐ അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്. ഇതേ വർഷം തന്നെ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതിനെതിരേ നമ്പി നാരായണൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വിധി എതിരായിരുന്നു. പിന്നീട് ഇതിനെതിരേ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ, രൂക്ഷവിമർശനത്തോടെ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.

പ്രതിസ്ഥാനത്ത് നിർത്തിയവർക്ക് ഒരു ലക്ഷം രൂപ കൊടുക്കാനും നിർദ്ദേശിച്ചു. 1997-98ൽ സിബിഐ റിപോർട്ടിൽ സിബി മാത്യൂസ്, കെ കെ ജോഷ്വ, വിജയൻ തുടങ്ങി അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ അക്കമിട്ടുനിരത്തിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർക്കെതിരേ നടപടി പാടില്ലെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തു. 2001ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. 2011ൽ സിബിഐ റിപോർട്ടുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. 2012ൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണ്ടെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

2012ൽ വീണ്ടും നമ്പി നാരായണൻ ഹൈക്കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം കൊടുക്കാനുള്ള ഉത്തരവിനെതിരേ സർക്കാർ നൽകിയ ഹരജിയും ഹൈക്കോടതി തള്ളി. 2018ൽ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് എൽഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ഒടുവിൽ, കാൽനൂറ്റാണ്ടത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കേ സ് അന്വേഷിച്ചവർക്കെതിരേ അന്വേഷണം നടത്താനും സുപ്രിംകോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP