ഫെയ്സ് ബുക്കിലെ പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകന്മാർക്കപ്പം ഒളിച്ചോടി സഹോദരിമാർ; പ്രവാസിയായ അമ്മയുടെ പരാതിയിൽ കുട്ടികളെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത് പൊലീസ്; ഭർത്താവിൽ നിന്ന് അകന്ന് കഴിയുന്ന അമ്മ ജോലിക്കായി വിമാനം കയറിയപ്പോൾ മക്കൾ വീണ്ടും നാടുവിട്ടു; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വിവാഹം കഴിക്കാനുള്ള ശ്രമം ചൈൽഡ് ലൈൻ അധികൃതർ തടഞ്ഞത് തന്ത്രപരമായി; ഫെയ്സ് ബുക്ക് പ്രണയത്തിന് രണ്ടാമതും ആന്റി ക്ലൈമാക്സ്
December 02, 2019 | 12:52 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
വടക്കേക്കാട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വിവാഹം കഴിക്കാനുള്ള ശ്രമം ചൈൽഡ് ലൈൻ അധികൃതർ തടഞ്ഞത് സ്കൂൾ രേഖകൾ നോക്കി പെൺകുട്ടികളുടെ പ്രായം ഉറപ്പിച്ച്. സഹോദരിമാരായ കമിതാക്കൾ പ്രായത്തിൽ കള്ളം പറഞ്ഞ് ചൈൽഡ് ലൈനിനെ പറ്റിക്കാൻ ശ്രമിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത യുവാക്കൾക്കൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ വിവാഹമാണ് തടഞ്ഞത്. ഭർത്താവുമായി അകന്നു കഴിയുന്ന വിദേശത്ത് ജോലിയുള്ള വടകര സ്വദേശിനിയുടെ മക്കളാണ് ഫേസ്ബുക്ക് കാമുകന്മാർക്കൊപ്പം പോയത്. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കല്യാണം പുറത്തറിഞ്ഞത്.
വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് വടക്കേക്കാട് സ്വദേശികളുടെ ഒപ്പമാണ് പെൺകുട്ടികൾ പോയിരിക്കുന്നതെന്ന് വ്യക്തമായത്. തുടർന്ന് കുന്നംകുളം പൊലീസിന്റെ സഹായത്തോടെ ഇവരെ രണ്ട് പേരെയും ഒരു യുവാവിനെയും പിടികൂടി. തുടർന്ന് ഇവരെ വടകര കോടതിയിൽ ഹാജരാക്കി.
പിന്നീട് കുട്ടികളെ അമ്മയ്ക്കൊപ്പം വിടുകയായിരുന്നു. എന്നാൽ അമ്മ വീണ്ടും വിദേശത്തേക്ക് ജോലിക്കായി പോയതോടെ പെൺകുട്ടികൾ വീണ്ടും വടക്കേക്കാട് എത്തി. ഇരുവരും യുവാക്കളുടെ കൂടെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവരുടെ വീടുകളിലേക്ക് താമസമാക്കി. ഇതോടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ വെള്ളിയാഴ്ച നേരിട്ടെത്തി ഇവരെ പിടികൂടുകയായിരുന്നു.
മൂത്ത കുട്ടി വടക്കേക്കാട് എടക്കര റോഡിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന തമിഴ് മലയാളി ദമ്പതികളുടെ കൂടെയാണ് കണ്ടത്. ഇളയ കുട്ടിയെ വടക്കേക്കാട് വട്ടംപാടം വാക്കയിൽ പറമ്പിൽ താമസിക്കുന്ന മറ്റൊരു തമിഴ് മലയാളി ദമ്പതികളുടെ വീട്ടിൽ നിന്നും കണ്ടെത്തി. ഇതിനിടെ തിനിക്ക് 18 വയസ്സ് പൂർത്തിയായെന്ന് പറഞ്ഞ് മൂത്ത കുട്ടി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി പഠിച്ച സ്കൂളിൽ തിരക്കി കുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി.
രാത്രിയോടെ വടക്കേക്കാട് പൊലീസിന്റെ സഹായത്തോടെ ഈ കുട്ടിയെയും മോചിപ്പിച്ച് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവരുടെ വിവാഹം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
