Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡൊമിനിക് അച്ചന്റെ വീഡിയോ കണ്ടു തീർന്നപ്പോൾ ഞങ്ങൾ പൊട്ടി കരയുകയായിരുന്നു; അത് എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു; അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അൽപം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തുമായിരുന്നു; ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല'; ഫാ. ഡൊമിനിക്ക് വാളമനാലിന്റെ പ്രസംഗത്തിനെതിരെ കരളുരുക്കുന്ന വാക്കുകളുമായി 'മാലാഖക്കുട്ടന്റെ അമ്മ'

'ഡൊമിനിക് അച്ചന്റെ വീഡിയോ കണ്ടു തീർന്നപ്പോൾ ഞങ്ങൾ പൊട്ടി കരയുകയായിരുന്നു; അത് എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു; അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അൽപം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തുമായിരുന്നു; ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല'; ഫാ. ഡൊമിനിക്ക് വാളമനാലിന്റെ പ്രസംഗത്തിനെതിരെ കരളുരുക്കുന്ന വാക്കുകളുമായി 'മാലാഖക്കുട്ടന്റെ അമ്മ'

മറുനാടൻ ഡെസ്‌ക്‌

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളേയും അവരുടെ മാതാപിതാക്കളേയും അവഹേളിക്കുന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയ ഫാ. ഡൊമിനിക്ക് വാളമനാലിനെതിരെ സമൂഹ മാധ്യമത്തിലടക്കം വിമർശന ശരം ഉയരുന്ന വേളയിലാണ് ഓട്ടിസം ബാധിച്ച ഒരു കുരുന്നിന്റെ അമ്മയുടെ വാക്കുകൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. ഒരു മാലാഖക്കുട്ടന്റെ അമ്മ പറഞ്ഞ വാക്കുകൾ എന്നോർമ്മിപ്പിച്ച് അഞ്ജു ലിജോയ് എന്ന യുവതിയാണ് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. അച്ചൻ പ്രസംഗിക്കുന്ന വീഡിയോ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ താൻ പൊട്ടിക്കരയുകയായിരുന്നുവെന്നും ഇത് ഈശോയുടെ വാക്കുകൾ അല്ലെന്നും ആ അമ്മ പറയുന്നു.

മാത്രമല്ല അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അൽപം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തുമായിരുന്നു എന്നും ആ അമ്മ വ്യക്തമാക്കുന്നതായി അഞ്ജു കുറിപ്പിലൂടെ പറയുന്നു. ഓട്ടിസത്തിന് കാരണം സ്വയംഭോഗവും സ്വവർഗ രതിയുമാണെന്നതടക്കമുള്ള വിവാദ പ്രസംഗം നടത്തിയ ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമനാൽ വിവാദച്ചുഴിയിൽ പെട്ട് നിൽക്കുന്ന വേളയിൽ അദ്ദേഹത്തിനായി പര്യമായി മാപ്പ് പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ രംഗത്തെത്തിയിരുന്നു.

ഫാ. ഡൊമിനിക്കിനെ ഇപ്പോൾ അയർലൻഡിൽ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ജൂൺ ആദ്യ ഞായറാഴ്‌ച്ച നടന്ന കുർബാന മധ്യേ ലൂക്കൻ ഡിവൈൻ മേഴ്സി പള്ളിയിൽ വച്ചാണ് ഫാ. ക്ലമന്റ് അയർലന്റിലെ സീറോ മലബാർ സഭയ്ക്ക് വേണ്ടി പരസ്യമായി മാപ്പുചോദിച്ചത്. ഈ വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഈ കാര്യം അയർലണ്ടിലെ വിശ്വാസികൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

ഫാ. ഡൊമിനിക് വളമനാലിനെതിരെ ഐറിഷ് ടൈംസ് പത്രത്തിൽ വന്ന വാർത്ത ഐറിഷ് സമൂഹത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഐറിഷ് ടൈംസ് ഫേസ്‌ബുക്ക് പേജിന് താഴെ വന്ന രൂക്ഷമായ കമന്റുകൾ സീറോ മലബാർ അയർലൻഡ് ഘടകത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അതിനിടെ ഓട്ടിസം ബാധിച്ച കുട്ടിയെ സുഖപ്പെടുത്തി എന്ന വൈദികന്റെ വാദം കള്ളം ആയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അയർലണ്ടിലെ ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ ഓട്ടിസ്റ്റിക് ആണ് എന്നും ആ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ കുട്ടികൾ സുഖം പ്രാപിച്ചു, അതിൽ മൂത്തകുട്ടി നൂറുശതമാനവും സൗഖ്യ പെട്ടു, ഇപ്പോൾ ആ കുട്ടി സാധാരണ സ്‌കൂളിൽ സാധാരണക്കാരെ പോലെയാണ് ആണ് പഠിക്കുന്നത് എന്നുമായിരുന്നു പ്രസംഗമധ്യേ ഫാദർ ഡൊമിനിക് വളമനാൽ അറിയിച്ചത്.

അഞ്ജു ലിജോയ് പങ്കുവെച്ച കുറിപ്പ്

1980കളിൽ പൗരാണിക ക്രിസ്തിയ മാതാപിതാക്കൾക്ക് ജനിച്ച്, മാമോദീസ സ്വീകരിച്ചു. ക്രിസ്തുവിൽ വിശ്വസിച്ച് ആശ്രയിച്ചു വളർന്ന് 1 മുതൽ 12 ക്ലാസ് വരെ ഒരു ഞായറാഴ്‌ച്ച പോലും മുടങ്ങാതെ വേദപാഠക്ലാസിൽ പോയി പഠിച്ച എല്ലാ ക്ലാസ്‌കളിലും ഫസ്റ്റ് റാങ്ക് നേടി. പള്ളിയിലും ഫൊറോനയിലും രൂപതയിലും നടന്ന എല്ലാ മത്സരങ്ങളിലും എന്നും മുന്നിൽ. വീടിന് അടുത്ത് ഉള്ള സ്‌കൂളിലും കോളജിലും പഠനം. തുടർന്ന് ജോലിയും വിവാഹവും. അല്ലലും അലച്ചിലും ഇല്ലാത്ത, സന്തോഷവും സമാധാനവുമുള്ള, ഏത് ഒരാളും അസൂയപെടുന്ന ജീവിതം.....

സ്‌നേഹത്തിന്റെ നിറവിൽ ഒരു അച്ഛനും അമ്മയും ആവാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു. ആദ്യ കണ്മണി ഒരു മകൻ ആയിരുന്നു. മൂന്നു വർഷങ്ങൾ കടന്നു പോയി. മകൻ വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ. ആരും തുടക്കത്തിൽ അത് കാര്യമാക്കിയില്ല. അവന്റെ നാലാം പിറന്നാളിനു തൊട്ടു മുൻപ് ആ സത്യം ഞങ്ങൾ മനസിലാക്കി.

അവൻ ഒരു മാലാഖ കുട്ടിയാണെന്ന്, മറ്റു കുട്ടികളെക്കാളും വ്യത്യസ്തൻ ആണെന്ന്.. സ്‌നേഹവും സന്തോഷവും സങ്കടവും വളരെ വ്യത്യസ്ത മായി അവൻ പ്രകടിപ്പിക്കുന്നു. ഞങ്ങൾ അതു ആഘോഷിച്ചു. പക്ഷെ നാളെ അവൻ തനിച്ചു പ്രാപ്തനായി ജീവിക്കാൻ നാട്ടിലെ അവസ്ഥ മതിയാവില്ല എന്ന് തോന്നി.

ജോലിയും ആയി ഞങ്ങൾ അവനെയും കൊണ്ട് പറന്നു അയർലണ്ടിലോട്ട്. എന്റെ മോനെ മാലാഖയെ പോലെ ഇവിടെ ഉള്ളവർ നോക്കുന്ന കണ്ടപ്പോൾ എന്റെ ഈശോ തന്ന വലിയ അനുഗ്രഹം ആയി മാത്രമേ കണ്ടോള്ളൂ. തികഞ്ഞ വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും ഞങ്ങൾ ഇവിടെ ഒരു സ്വർഗം തീർത്തു. അങ്ങനെ ഇരിക്കെ ഇവിടെ കെട്ടിപ്പടുക്കിയ സുഹൃത്തുക്കളിൽ ഒരാൾ ഡോമിനിക് അച്ചന്റെ വീഡിയോ അയച്ചു തന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് അതു കണ്ടത്. അതു അവസാനിച്ചപ്പോൾ പൊട്ടി കരയുകയായിരുന്നു... എന്റെ മാലാഖ... അവൻ ഒന്നും അറിയാതെ കളിക്കുകയാണ്....ഒന്നു പ്രതികരിക്കാൻ കഴിയാതെ, കരയാൻ കഴിയാതെ... നിശബ്ദത മാത്രം. ..
വർഷങ്ങൾ എടുത്തു സമാധാനം കണ്ടെത്താൻ. ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം, ജൂൺ 6-അം തിയതി Archbishop of Dublin ഞങ്ങൾക്ക് നീതി നൽകുന്ന പ്രസ്താവന ഇറക്കി. അതു എന്റെ ഈശോയുടെ സ്വരം ആയി ഞാൻ അങ്ങ് എടുക്കുവാ. എനിക്കു ഉറപ്പുണ്ട് അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.

ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭയോട് ഒരു വാക്ക് മാത്രം..

ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല, അവരെ കൂടെ കൂട്ടി കൈപിടിച്ചു നടത്താൻ ആയില്ലെങ്കിലും, അവർ വ്യത്യസ്ഥരാണ് വേറിട്ട മനസു ഉള്ളവർ ആണ് എന്ന് മാത്രം അംഗീകരിച്ചാൽ മതി. വിശ്വാസത്തിൽ വളരാൻ ഈശോ ഏവരെയും അനുഗ്രഹിക്കട്ടെ.

മാലാഖ കുട്ടന്റെ
അമ്മ

* ഒരമ്മ എന്നോട് പറഞ്ഞത് *

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP