Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോഡിനു 40 രൂപവച്ച് കാപ്പിക്കാശ് നൽകിയിരുന്നത് ഇപ്പോൾ 750 രൂപ അട്ടിക്കൂലിയെന്ന അവകാശമായി മാറി! പുഴുവും എലിക്കാഷ്ഠവുമുള്ള അരി കയറ്റാതിരിക്കാൻ മൊത്തവ്യാപാരികളിൽ നിന്നു 1200 രൂപ വരെ പിടിച്ചുവാങ്ങി; അട്ടിക്കൂലി പാടില്ലെന്ന കോടതി ഉത്തരവിരിക്കെ 750 രൂപയ്ക്കു സർക്കാർ വഴങ്ങിയതു നിയമവിരുദ്ധം

ലോഡിനു 40 രൂപവച്ച് കാപ്പിക്കാശ് നൽകിയിരുന്നത് ഇപ്പോൾ 750 രൂപ അട്ടിക്കൂലിയെന്ന അവകാശമായി മാറി! പുഴുവും എലിക്കാഷ്ഠവുമുള്ള അരി കയറ്റാതിരിക്കാൻ മൊത്തവ്യാപാരികളിൽ നിന്നു 1200 രൂപ വരെ പിടിച്ചുവാങ്ങി; അട്ടിക്കൂലി പാടില്ലെന്ന കോടതി ഉത്തരവിരിക്കെ 750 രൂപയ്ക്കു സർക്കാർ വഴങ്ങിയതു നിയമവിരുദ്ധം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എഫ് സി ഐയിലെ തൊഴിലാളി യൂണിയനുകൾ തങ്ങളുടെ അവകാശമായി കരുതി മെല്ലെപ്പോക്കു സമരത്തിലേർപ്പെട്ടിരിക്കുന്ന അട്ടിക്കൂലി ആദ്യഘട്ടത്തിൽ നൽകിയിരുന്നത് കാപ്പിക്കാശെന്ന പേരിൽ 40 രൂപയായിരുന്നു. ഇതു പിന്നീട് നൂറും ഇരുന്നൂറും കടന്ന് ഇപ്പോൾ അട്ടിക്കൂലി എത്തിനിൽക്കുന്നത് 1200-ലാണ്.

കഴിഞ്ഞ നവംബർ വരെ മൊത്തവ്യാപാരികൾ ഈ തുക കൊടുത്തുകൊണ്ടിരുന്നു. നവംബറിൽ ദേശീയ ഭക്ഷ്യസുരക്ഷാനിയമം നിലവിൽ വന്നതോടെ എഫ്‌സിഐയിൽനിന്നു അരിയെടുക്കുന്ന ചുമതല പഴയ റേഷൻ മൊത്തവ്യാപാരികളിൽനിന്നു മാറി ജില്ലാ സപ്ലൈ ഓഫീസർമാർക്കായി. അവർക്ക് അട്ടിക്കൂലി കൊടുക്കാൻ വകുപ്പില്ലല്ലോ. അങ്ങനെ അട്ടിക്കൂലി ഏർപ്പാട് ത്രിശങ്കുവിലായതോടെയാണ് യൂണിയൻകാർ മെല്ലെപ്പോക്കു തുടങ്ങിയത്. ഇപ്പോൾ അട്ടിക്കൂലി 750 രൂപ കൊടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ യൂണിയനുകളുടെ പിടിവാശിയും ധാർഷ്ട്യവും വിജയം കണ്ടിരിക്കുകയാണ്.

അട്ടിക്കൂലിയെന്ന ഏർപ്പാട് നൽകേണ്ടതില്ലെന്നു ഹൈക്കോടതി- സുപ്രീം കോടതി ഉത്തരവുകളുള്ളതാണ്. എഫ്‌സിഐയും അട്ടിക്കൂലി നൽകേണ്ടതില്ലെന്നു തീരുമാനിച്ചിട്ടും യൂണിയൻകാർ മൊത്തവ്യാപാരികളിൽനിന്നും അട്ടിക്കൂലി പിടിച്ചുവാങ്ങിക്കൊണ്ടിരുന്നതു സർക്കാർ തണലിലായിരുന്നു. ഇപ്പോൾ ഇതിന്റെ പേരിലുള്ള മെല്ലെപ്പോക്കു സമരം മൂലം അരിച്ചാക്കുകൾ യൂണിയൻകാർ ചവിട്ടിപ്പിടിക്കുന്നതാണ് സംസ്ഥാനത്തെ റേഷൻവിതരണം അവതാളത്തിലാക്കിയിരിക്കുന്നത്. പലേടത്തും റേഷനരി കിട്ടാതെ ജനം അസ്വസ്ഥരായി കഴിയുമ്പോഴും തൊഴിലാളിയൂണിയനുകൾ അട്ടിക്കൂലിക്കായി കടുംപിടിത്തത്തിലായിരുന്നു.

'അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നെയും പട്ടിക്ക് മുറുമുറുപ്പ് 'എന്ന പോലെയാണ് സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറാക്കുന്ന എഫ് സി ഐ ഗോഡൗണുകളിലെ അട്ടിക്കൂലി തർക്കമെന്ന് റേഷൻ മൊത്തവ്യാപാരികൾ പറയുന്നു. തങ്ങളുടെ പൂർവീകർ തുടങ്ങിവച്ച ഈ ഏർപ്പാടുമൂലം സംസ്ഥാന സർക്കാർ പോലും യൂണിയൻകാർക്കു മുന്നിൽ മുട്ടുകുത്തേണ്ടിവന്നതിൽ ഇവർക്കുള്ള ഖേദവും ചെറുതല്ല. ദശാബ്ദങ്ങൾക്ക് മുമ്പ് റേഷന്മൊത്ത വ്യാപാരികൾ മുൻകൈയെടുത്തുതുടങ്ങിയതാണ് ഈ ഇടപാട്. ലോറിയുമായി കാത്തുകിടന്ന് അരിയെടുക്കാൻ ചെല്ലുമ്പോൾ ഇക്കൂട്ടർ മനസ്സാലേ നൽകിയിരുന്ന പാരിതോഷികമായിരുന്നു കാപ്പിക്കാശ്. ആദ്യകാലത്ത് ലോഡിന് നാൽപ്പതു രൂപ എന്ന ക്രമത്തിലാണ് ഇത് നൽകിരുന്നതെന്നു റേഷൻ ഹോൾസെയിൽ രംഗത്തെ പഴമക്കാർ വെളിപ്പെടുത്തി.

വർഷങ്ങൾ പിന്നിട്ടപ്പോൾ ഇത് അലിഖിതനിയമം പോലെ പ്രാബല്യത്തിലായി. ഇടക്ക് തുക വർദ്ധിപ്പിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടപ്പോൾ കൂട്ടി നൽകാനും ഫോൾസെയിൽ രംഗത്തുള്ളവർ തയ്യാറായി. ഇതിനു വേണ്ട ഒത്താശകൾ ചെയ്തത് മാറിമാറി ഭരണത്തിലെത്തിയ സർക്കാരുകളാണെന്നാണ് ഇക്കൂട്ടരുടെ വാദം. എഫ് സി ഐ ഗോഡൗണുകളിൽ ജോലിയെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികൾ എഫ് സി ഐ യിൽ നിന്നും മാസശമ്പളം പറ്റുന്ന തൊഴിലാളികളാണ്. പല സ്ലാബുകളിലായിട്ടാണ് ഇവർക്ക് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. പതിനയ്യായിരം മുതൽ നാൽപ്പതിനായിരം രൂപവരെ വാങ്ങുന്നവർ ഇവർക്കിടയിൽ ഉണ്ടെന്നാണ് ഫോൾ സെയിൽ റേഷൻ വ്യാപാരികളുടെ വെളിപ്പെടുത്തൽ.

യൂണിയൻകാർ വർഷംതോറും തുക കൂടുതൽ ആവശ്യപ്പെട്ടതോടെ മൊത്തവ്യാപാരികൾ ആദ്യം ഹൈക്കോടതിയേയും പിന്നെ സുപ്രിംകോടതിയേയും സമീപിച്ചു. അട്ടിക്കൂലി നൽകേണ്ടതില്ലന്ന് കോടതികൾ ഉത്തരവിറക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത് എഫ് സി ഐ യും തൊഴിലാളികൾക്ക് പണം നൽകേണ്ടതില്ലന്ന് ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാൽ ഇത് കഴിഞ്ഞ നവംബർ വരെ നിർബാധം തുടർന്നു. സർക്കാർ ഏജൻസികൾ പോലും ഇത് നൽകാൻ തയ്യാറായിരുന്നെന്നും പലവക ഇനത്തിൽ ചെലവെഴുതിയാണ് ഇക്കൂട്ടർ കണക്കൊപ്പിക്കുന്നതെന്നും റേഷൻ മൊത്തവ്യാപാരി സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ അഡ്വ.സന്തോഷ് വർഗീസ് പറഞ്ഞു.

ചോദിക്കുന്ന പണം കിട്ടിയില്ലെങ്കിൽ എലിക്കാഷ്ഠവും പുഴുവും മറ്റുമുള്ള അരിച്ചാക്കുകൾ ലോഡിൽ കയറ്റിവിടും, അതല്ലെങ്കിൽ പൊട്ടിയ അരിച്ചാക്ക് കയറ്റും. ഇതൊക്കെ മൊത്തവ്യാപാരികൾക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ചിലപ്പോൾ ലോഡ് വൈകിപ്പിക്കുന്ന സ്ഥിരം ശൈലിയുമൊക്കെയായതോടെ കോടതിവിധികൾ തങ്ങൾക്കനുകൂലമെങ്കിലും തുക നൽകാൻ കാരണമായതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകേണ്ടതില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും 750 രൂപ വീതം അട്ടിക്കൂലി നൽകുന്നതിനുള്ള സർക്കാർ തീരുമാനം നിയമപ്രശ്‌നം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP