Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗെയിംചേഞ്ചർ എന്ന് വിശേഷിപ്പിച്ച് കോവിഡിനുള്ള മാജിക് ഡ്രഗായി ട്രംപ് അവതരിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിച്ചാൽ പണി കിട്ടുമെന്ന് എഫ്ഡിഐ; ഹൃദ്രോഗം അടക്കം ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്; മരിച്ചവരിൽ ഏറെയും ഈ മരുന്ന് ഉപയോഗിച്ചവരെന്നും പഠനം; എഫ്ഡിഐ ശുപാർശ ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; മണ്ടൻ പ്രസ്താവനകൾ ഏറിയതോടെ ട്രംപിന്റെ വാർത്താസമ്മേളനം കുറയ്ക്കാനും ആലോചന

ഗെയിംചേഞ്ചർ എന്ന് വിശേഷിപ്പിച്ച് കോവിഡിനുള്ള മാജിക് ഡ്രഗായി ട്രംപ് അവതരിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിച്ചാൽ പണി കിട്ടുമെന്ന് എഫ്ഡിഐ; ഹൃദ്രോഗം അടക്കം ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്; മരിച്ചവരിൽ ഏറെയും ഈ മരുന്ന് ഉപയോഗിച്ചവരെന്നും പഠനം; എഫ്ഡിഐ ശുപാർശ ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; മണ്ടൻ പ്രസ്താവനകൾ ഏറിയതോടെ ട്രംപിന്റെ വാർത്താസമ്മേളനം കുറയ്ക്കാനും ആലോചന

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ്19 നെ തളയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി അമേരിക്കയിലെക്ക് ഇറക്കുമതി ചെയ്ത മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഒരുഉദാഹരണം. ഗെയിം ചേഞ്ചർ എന്ന വിശേഷിപ്പിച്ച് ട്രംപ് കോവിഡ് ചികിത്സയ്ക്കായി എത്തിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കരുതെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മുതൽ മരണം വരെ റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ മുന്നറിയിപ്പ്. മരുന്നിന് പാർശ്വഫലങ്ങൾ കണ്ടെത്തിയതാണ് എഫ്ഡിഐയെ പിന്തിരിപ്പിച്ചത്.

മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് രോഗികൾക്ക് നൽകുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്നാണ് എഫ്.ഡി.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൃദ്രോഗങ്ങൾ കൂടാതെ രക്ത സമ്മർദ്ദം കുറയൽ, പേശികൾക്കും ഞരമ്പുകൾക്കുമുള്ള ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾക്കും മരുന്നിന്റെ ഉപയോഗം കാരണമാകാമെന്ന് എഫ്.ഡി.എ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗികളും ഈ മരുന്നിന്റെ ദൂഷ്യവശങ്ങളും മനസിലാക്കണമെന്ന് എഫ്.ഡി.എ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.ഹൈഡ്രോക്സി ക്ലോറോക്വിനും ആന്റിബയോട്ടിക് അസിത്രോമൈസിനും സംയോജിച്ച് ചികിത്സ നൽകിയ 84 രോഗികളിൽ ഹൃദയ സംബന്ധായ പ്രശ്‌നങ്ങൾ കണ്ടതായി ന്യൂയോർക്കിലെ ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.ഹൈഡ്രോക്സി ക്ലോറോക്വിൻ ചികിത്സ ലഭിക്കുന്ന കോവിഡ് രോഗികളിൽ ഉണ്ടാവുന്ന ഗുരുതരമായ ഹൃദയമിടിപ്പ് പ്രശ്നങ്ങളെക്കുറിച്ച് അറിയാം. ആശുപത്രിയിൽ കിടക്കാത്ത രോഗികൾ ഈ മരുന്ന് വലിയ രീതിയിൽ കുറിപ്പടിയോടു കൂടി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ആരോഗ്യ പ്രവർത്തകരോടും രോഗികളോടും ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള അപകടവശത്തെ കുറിച്ച് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു - എഫ്.ഡി.എ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടി

എഫ്ഡിഐയുടെ തീരുമാനം ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സൗഡസ് കാഡില, ഐപിസിഎ ലബോറട്ടറീസിനും തിരിത്തടിയാണ്. ഹൈഡ്രോക്‌സ് ക്ലോറോക്വിന്റെ ലോകത്തിലെ ഏറ്റവും വലയ ഉത്പാദകരാണ് രണ്ടുകമ്പനികളും. കോവിഡിന് പരിഹാരമായി കണ്ടിരുന്ന ഗെയിം ചേഞ്ചറാണ് എഫ്ഡിഐയുടെയും, യൂറോപ്യൻ യൂണിയൻ ഡ്രഗ് റഗുലേറ്ററായ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെയും മുന്നറിയിപ്പോടെ ഇല്ലാതാവുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കൽ രംഗത്ത് ചർച്ചകൾ നടന്നിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്ന രോഗികളിൽ ആഴ്ചകളോളം ഹൃദയ സംബന്ധമായ പ്രശ്നം ഉണ്ടാവുന്നതായി കാർഡിയോളജിസ്റ്റുകൾ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

മരിച്ചവരിൽ ഏറെയും ഹൈഡ്രോക്‌സ് ക്ലോറോക്വിൻ ഉപയോഗിച്ചവർ

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവർക്ക് വെന്റിലേഷൻ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരെ മരുന്ന് ഇറക്കുമതി ചെയ്യിച്ച് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ് പഠന റിപ്പോർട്ട്.

യു.എസിലെ മെഡിക്കൽ വിദ്ഗധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മെഡിക്കൽ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കൽ വിദഗ്ധരുടെ വെബ്‌സെറ്റിലാണ് പഠന റിപ്പോർട്ട് വന്നിരിക്കുന്നത്. അതേ സമയം ഇവരുടെ റിപ്പോർട്ട് ഒരു മെഡിക്കൽ ജേണൽ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് കഴിച്ച 97 രോഗികളിൽ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ കഴിക്കാത്ത 158 രോഗികളിൽ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഹൈഡ്രോക്‌സി ക്ലോറോക്വിനോ, അല്ലെങ്കിൽ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിനോ കൊവിഡ് രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നത് തടയാനാവില്ലെന്നും പഠനത്തിൽ പറയുന്നു. തിരിക്കാൻ സഹായിക്കും എന്ന വാദവും ഇവർ പഠനവിധേയമാക്കി. ഉപയോഗിക്കുന്നതുകൊവിഡ് രോഗികളുടെ മെക്കാനിക്കൽ വെന്റിലേഷൻ സാധ്യത കുറയ്ക്കുമെന്നും വാദമുണ്ടായിരുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അമേരിക്കൻ സംസ്ഥാനങ്ങൾ മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി നിർത്തിയിരുന്ന ഇന്ത്യ ട്രംപിന്റെ ആവശ്യത്തെ തുടർന്ന് നിരോധനം നീക്കിയിരുന്നു. വാഷിങ്ടൺ ഉൾപ്പെടെ അമേരിക്കയിലെ 22 സംസ്ഥാനങ്ങൾ 30 ദശലക്ഷം ഡോസ് മലേറിയ മരുന്നാണ് വാങ്ങി ശേരിച്ചത്. ഈ 22 സംസ്ഥാനങ്ങളിൽ 16-ലും 2016-ൽ ട്രംപിനായിരുന്നു വിജയം. നോർത്ത് കരോലിന, ലൂയിസിയാ എന്നിവയുൾപ്പെടെ ഡെമോക്രാറ്റ് ഗവർണർമാരുള്ള അഞ്ച് സംസ്ഥാനങ്ങളും മരുന്ന് ശേഖരിച്ചിട്ടുണ്ട്.

മണ്ടൻ പ്രസ്താവനകൾ അതിരുകടക്കുന്നു; ട്രംപിന്റെ വാർത്താസമ്മേളനം കുറയ്ക്കും

ട്രംപിന്റെ അമിത ആത്മവിശ്വാസവും വിവരക്കേടുമാണ് അമേരിക്കയുടെ സ്ഥിതി ഇത്രമാത്രം ഭീകരമാക്കിയത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് കൊറോണകാലത്തെ വിഢിത്തങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി സംഭാവന ചെയ്തുകൊണ്ട് ഇനിയുമേറെ വിഢിത്തങ്ങൾ വിളമ്പാനുള്ള ബാല്യം തനിക്കുണ്ടെന്ന് ട്രംപ് തെളിയിച്ചത്.

കൈകഴുകുവാനും മറ്റും ഉപയോഗിക്കുന്ന അണുനാശിനികൾ അഥവാ ഡിസിൻഫെക്ടന്റുകൾ മനുഷ്യരിലേക്ക് കുത്തിവച്ച് കൊറോണയെ ചെറുക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ ലോകമാകമാനമുള്ള ട്രോളർമാർക്ക് ഇഷ്ടവിഷയം. വൈറ്റ്ഹൗസിലെ പുൽത്തകിടിയിൽ ഒരു ആൺക്കുട്ടിയുമായി സംസാരിക്കുന്ന ട്രംപിന്റെ ചിത്രത്തോടെയാണ് ഒരു ട്രോൾ ട്വിറ്ററിൽ തരംഗമാകുന്നത്. ഇന്ന് നിന്റെ പതിവ് ഡെറ്റോൾ ഇഞ്ചക്ഷൻ എന്ന് ട്രംപ് കുട്ടിയോട് ചോദിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യുരിറ്റീസിലെ ശാസ്തജ്ഞന്മാർ അവതരിപ്പിച്ച ഒരു കണ്ടുപിടുത്തം അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ട്രംപിന്റെ ഈ വിശ്വപ്രശസ്തമായ പ്രഖ്യാപനം വന്നത്. ഡി എച്ച് എസിലെ മുതിർന്ന സാങ്കേതിക ഉപദേഷ്ടാവായ വില്ല്യം ബ്രിയാനാണ് പത്രസമ്മേളനത്തിൽ ഈ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾക്ക് കൊറോണയെ കൊല്ലുവാനുള്ള ശക്തിയുണ്ടെന്നും, സൂറ്റിയപ്രകാശത്തിന്റെ ചൂടിന് ഈ വൈറസിനെ നിർജ്ജീവമാക്കാൻ സാധിക്കുമെന്നും കണ്ടുപിടിച്ചതായി ഇദ്ദേഹം പത്രസമ്മെളനത്തിൽ അവകാശപ്പെടുകയുണ്ടായി.

മാത്രമല്ല, ബ്ലീച്ചിന് ഉമിനീരിലുള്ള കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്നും കണ്ടുപിടിച്ചതായി അവകാശപ്പെട്ടു,. ബ്ലീച്ച് ഇതിനായി അഞ്ച് മിനിറ്റ് സമയം എടുക്കുമ്പോൾ ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വെറും ഒരു മിനിറ്റ് കൊണ്ട് ഈ വൈറസിനെ നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ അണുക്കളെ നശിപ്പിക്കുവാൻ കെൽപ്പുള്ള ഡിസിൻഫെക്ടന്റുകൾ മനുഷ്യ ശരീരത്തിൽ കുത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് ട്രംപ് പറഞ്ഞത്.

ഏതായാലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ട്രംപ് തയ്യാറായില്ല. വലിയ സംഭവങ്ങളോ പോസിറ്റീവായ സംഭവവികാശങ്ങളോ ഉള്ളപ്പോൾ മാത്രമായി പ്രസിഡന്റിന്റെ വാർത്താസമ്മേളനം പരിമിതപ്പെടുത്താനാണ് വൈറ്റ് ഹൗസും, റിപ്പബ്ലിക്കൻ പാർട്ടിയും ആലോചിക്കുന്നത്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസോ ആരോഗ്യ വിദഗ്ധരോ സംസാരിച്ചാൽ മതിയെന്നാണ് തീരുമാനം. അനുയായികളെ ട്രംപിന്റെ പ്രസ്താവനകൾ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും ആരോഗ്യനിലയെ കുറിച്ച് ആശങ്കയുള്ള മുതിർന്ന പൗരന്മാർ അടക്കമുള്ളവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് അകലുമോയെന്നാണ് ഭയം. ചില സംസ്ഥാനങ്ങളിൽ ട്രംപിന്റെ ജനപ്രീതി കുറഞ്ഞതും ആശങ്കയ്ക്ക് വകയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP