Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വം പരിശോധിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ട്; പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും ഒരാളുടെയും പൗരത്വം ഇല്ലാതാക്കില്ല; പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരിവെന്ന യു.എസ് ഫെഡറൽ കമ്മീഷന്റെ നിലപാടിനെതിരെ കേന്ദ്ര സർക്കാർ; അമിതാഷാക്കെതിരായ വിമർശനം തള്ളി വിദേശകാര്യ മന്ത്രാലയം; വിവാദ ബില്ലിനെ ലോക്‌സഭയിൽ പിന്തുണച്ച ശിവസേനയെ പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ രാജ്യസഭയിൽ പിന്തുണക്കില്ലെന്ന് ഉദ്ധവ് താക്കറെ

പൗരത്വം പരിശോധിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ട്; പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും ഒരാളുടെയും പൗരത്വം ഇല്ലാതാക്കില്ല; പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരിവെന്ന യു.എസ് ഫെഡറൽ കമ്മീഷന്റെ നിലപാടിനെതിരെ കേന്ദ്ര സർക്കാർ; അമിതാഷാക്കെതിരായ വിമർശനം തള്ളി വിദേശകാര്യ മന്ത്രാലയം; വിവാദ ബില്ലിനെ ലോക്‌സഭയിൽ പിന്തുണച്ച ശിവസേനയെ പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ രാജ്യസഭയിൽ പിന്തുണക്കില്ലെന്ന് ഉദ്ധവ് താക്കറെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരിവെന്ന വിമർശനവുമായി രംഗത്തെത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. യു.എസ് ഫെഡറൽ കമീഷന്റെ നിലപാടിനെതിരെയാണ് കേന്ദ്ര സർക്കാർ രംഗത്തുവന്നത്. പൗരത്വം പരിശോധിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ന്യൂനപക്ഷ അഭയാർഥികളുടെ പ്രശ്‌നങ്ങളും മനുഷ്യാവകാശങ്ങളുമാണ് പൗരത്വ ഭേദഗതി ബിൽ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും ഒരാളുടെയും പൗരത്വം ഇല്ലാതാക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് പൗരത്വ നിയമം ഇളവ് ചെയ്യുന്ന ഭേദഗതികൾ ലോക്‌സഭയിൽ പാസായതിന് പിന്നാലെയാണ് എതിർപ്പുമായി യു.എസ് ഫെഡറൽ കമ്മിഷൻ രംഗത്തുവന്നത്. ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് പ്രധാന നേതൃത്വത്തെയും ഉപരോധിക്കുന്നത് അമേരിക്കൻ ഭരണകൂടം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ സർക്കാർ പൗരത്വത്തിന് വേണ്ടി ഒരു മത പരീക്ഷണം സൃഷ്ടിക്കുകയാണ്. അത് ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാ വിശ്വാസികൾക്കും തുല്യത ഉറപ്പു നൽകുന്ന ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വരതയെ തകർക്കുന്നതാണ് ബിൽ. ബിൽ ലോക്‌സഭ പാസാക്കിയതിൽ വളരെയധികം ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ലോക്സഭയിൽ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബിൽ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവർ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞു. ശിവസേനയെ ഉന്നമിട്ടുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതോടെ ബിൽ പാസാക്കാൻ ലോക്‌സഭയിൽ സഹായം ചെയ്ത ശിവസേനയ്ക്കും ഇക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടായിട്ടുണ്ട്.

വിഷയത്തിൽ കോൺഗ്രസിനുള്ള ആശങ്ക മനസിലാക്കിയ ശേഷം പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭയിൽ പിന്തുണ നൽകുന്ന കാര്യത്തിൽ ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതികരിച്ചു. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ വ്യക്തത ഉണ്ടാവാതെ ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ വ്യക്തമാകാതെ ഞങ്ങൾ രാജ്യസഭയിൽ പിന്തുണ നൽകില്ല. രാജ്യസഭയിൽ ബിൽ എത്തുമ്പോൾ മാറ്റങ്ങൾ വരുത്തിയേ തീരൂ. ബില്ലിനെ അനുകൂലിക്കുന്നവരെല്ലാം രാജ്യസ്നേഹികളും എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന കാഴ്ചപ്പാടിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ, താക്കറെ പറഞ്ഞു.

കാര്യങ്ങൾ വ്യക്തമാക്കാൻ സർക്കാർ തയ്യാറായല്ലെങ്കിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യില്ല. മറ്റു രാജ്യങ്ങളിൽ നിരവധി മനുഷ്യർ ക്രൂരതകൾക്ക് ഇരയാകുന്ന സാഹചര്യം ഉൾക്കൊണ്ടുകൊണ്ടാണ് ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഞങ്ങൾ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ വോട്ട് ചെയ്തതുപോലെ പുതിയ സാഹചര്യത്തിൽ രാജ്യസഭയിൽ വോട്ട് ചെയ്യില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ മോദി സർക്കാർ ബിൽ പാസാക്കിയത്. ബിൽ രാജ്യത്ത് ഒരു അദൃശ്യവിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്‌ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിൽ ലോക്‌സഭയിലെത്തിയപ്പോൾ അവർ പിന്തുണക്കുകയും ചെയ്തിരുന്നു.

ബില്ലിനെ അനുകൂലിച്ച് ലോക്‌സഭയിൽ ശിവസേന വോട്ട് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ സഖ്യത്തിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. ബില്ലിനെ പിന്തുണച്ച് ലോക്‌സഭയിൽ വോട്ട് ചെയ്ത മഹാരാഷ്ട്രയിൽ പാർട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനക്കെതിരെ രാഹുൽ ഗാന്ധിയും പരോക്ഷ വിമർശനം നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബിൽ ഇന്ത്യയിൽ ഹിന്ദുക്കൾക്കം മുസ്ലീങ്ങൾക്കും ഇടയിൽ ഒരു അദൃശ്യ വിഭജനത്തിന് ഇടയാക്കുമെന്നായിരുന്നു സാമ്ന എഡിറ്റോറിയലിൽ കുറിച്ചത്. എന്നാൽ ഇതിന് വിരുദ്ധമായിട്ടായിരുന്നു ശിവസേന ലോക്സഭയിൽ നിലപാടെടുത്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തി. അങ്ങേയറ്റം ഇടുങ്ങിയ ചിന്താഗതിയിലൂടെ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ലോക്സഭയിൽ സർക്കാർ പാസ്സാക്കിയെടുത്തതെന്ന് പ്രിയങ്ക പറഞ്ഞു.

നമ്മുടെ പൂർവ്വികർ നമ്മുടെ സ്വാതന്ത്ര്യത്തിനായി അവരുടെ ജീവരക്തം നൽകി. ആ സ്വാതന്ത്ര്യത്തിലൂടെ സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായിരുന്നു അവർ നമുക്ക് നൽകിയത്. നമ്മുടെ ഭരണഘടനയും നമ്മുടെ പൗരത്വവും ശക്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും എല്ലാവരുടേതുമാണ്. നമ്മുടെ ഭരണഘടനയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനും നമ്മുടെ രാജ്യം പോരാട്ടങ്ങളിലൂടെ ആർജ്ജിച്ചെടുത്ത അടിസ്ഥാനപരമായ ആശയം ഇല്ലാതാക്കുന്നതിനുമുള്ള ഈ സർക്കാരിന്റെ അജണ്ടയ്‌ക്കെതിരെ നമ്മൾ പോരാടിയേ തീരൂവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP