Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശത്തിരുന്ന് ഫേസ്‌ബുക്കിലൂടെ അഭിപ്രായം പറയാം... പക്ഷേ കാശു തരില്ല! രണ്ട് പേരുടെ ഒരു ലക്ഷം; ബാക്കിയെല്ലാം നക്കാപ്പിച്ച; വീമ്പു പറയുന്ന ന്യൂജെൻ സംവിധായകൻ നൽകിയത് പതിനായിരം; കഷ്ടപ്പാടുകൾ മറന്ന് ഉള്ളതെല്ലാം കൊടുത്ത് ലൈറ്റ് ബോയിമാരും തുന്നൽക്കാരും പാചകക്കാരും ഡ്രൈവർമാരും; മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള 25 ലക്ഷം ഫെഫ്ക സ്വരൂക്കൂട്ടിയതും ഏറെ പാടുപെട്ട്; താരങ്ങളെ പോലെ കണ്ണടച്ച് കോടികൾ പ്രതിഫലം വാങ്ങുന്ന വമ്പൻ സംവിധായകരും

ആകാശത്തിരുന്ന് ഫേസ്‌ബുക്കിലൂടെ അഭിപ്രായം പറയാം... പക്ഷേ കാശു തരില്ല! രണ്ട് പേരുടെ ഒരു ലക്ഷം; ബാക്കിയെല്ലാം നക്കാപ്പിച്ച; വീമ്പു പറയുന്ന ന്യൂജെൻ സംവിധായകൻ നൽകിയത് പതിനായിരം; കഷ്ടപ്പാടുകൾ മറന്ന് ഉള്ളതെല്ലാം കൊടുത്ത് ലൈറ്റ് ബോയിമാരും തുന്നൽക്കാരും പാചകക്കാരും ഡ്രൈവർമാരും; മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള 25 ലക്ഷം ഫെഫ്ക സ്വരൂക്കൂട്ടിയതും ഏറെ പാടുപെട്ട്; താരങ്ങളെ പോലെ കണ്ണടച്ച് കോടികൾ പ്രതിഫലം വാങ്ങുന്ന വമ്പൻ സംവിധായകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികൾ പ്രതിഫലം വാങ്ങുന്ന സംവിധായകരാണ് ഫെഫ്കയുടെ തലപ്പത്ത. ഇതിനുള്ളിൽ ഡ്രൈവർമാരും ലൈറ്റ്മാന്മാരും തുന്നൽക്കാരും മേക്കപ് ആർട്ടിസ്റ്റുകളുമെല്ലാം ഉണ്ട്. താര സംഘടനയ്ക്ക് പിറകെ ഫെഫ്കയും പ്രളയ ദുരിതരെ സഹായിക്കാൻ ഫണ്ട് പിരിവ് നടത്തി. ഇതിൽ കോടീശ്വരന്മാരായ അംഗങ്ങളാരും കാര്യമായൊന്നും നൽകിയില്ല. ഇതോടെ ഫെഫ്കയുടെ വീതം 25 ലക്ഷത്തിലേക്ക് ചുരങ്ങി. രണ്ട് സംവിധായകർ മാത്രാണ് ലക്ഷം രൂപ ദുരിതാശ്വാസത്തിന് നൽകിയത്. രണ്ട് പേർ ഇരുപത്തി ആയ്യായിരവും. ന്യൂജെൻ മേഖലയിലെ പ്രമുഖൻ നൽകിയത് പതിനായിരവും. എന്നിട്ടും ഫണ്ട് 25 ലക്ഷത്തിലെത്തിയത് സിനിമാ മേഖലയിൽ ദുരിതക്കഥ മാത്രം പറയാനുള്ള സാധാരണക്കാരുടെ കരുത്തിലാണ്.

ലൈറ്റ് ബോയിമാരും ഡ്രൈവർമാരും തുണി അലക്കുന്നവരുമെല്ലാം പോക്കറ്റിലുള്ളതും കടം വാങ്ങിയും ഫെഫ്കയ്ക്ക് നൽകി. എന്നാൽ പണമുള്ളവർക്ക് കൊടുക്കാനും മടി-സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയിലെ ഫണ്ട് ശേഖരണത്തിൽ വേദന തോന്നിയ സംവിധായകൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പണമുള്ളവരും ഇല്ലാത്തവരും സംഘടനയിലുണ്ട്. പഴയ സിനിമാക്കാരും. വരുമാനം ഇല്ലാത്തവർ ചെറിയ തുക നൽകുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു സിനിമയെടുക്കാൻ ലക്ഷങ്ങൾ വാങ്ങുന്ന മുൻനിര സംവിധായകർക്ക് സാമൂഹിക പ്രതിബന്ധതയില്ലെന്ന് വരുന്നത് വേദനയുണ്ടെന്നും പഴയകാല സംവിധായകൻ മറുനാടനോട് പറഞ്ഞു. ഫെഫ്കയിലെ പലരും ആവർക്കാവുന്നതുകൊടുത്തിരുന്നുവെങ്കിൽ ഫണ്ട് അരക്കോടിയിൽ എത്തിയേനെ എന്നാണ് പ്രതികരിക്കുന്നത്.

ന്യൂജെൻ സംവിധായകരുടെ ഇടപെടലും അത്ഭുതപ്പെടുത്തി. ഒരാൾ മാത്രമാണ് 25,000 രൂപയെങ്കിലും നൽകിയത്. എല്ലാവരും പറയുന്നത് ഞങ്ങൾ വേറെ കൊടുക്കുന്നുണ്ടെന്നാണ്. എന്നാൽ ഒന്നും എവിടേയും കൊടുത്തതായി ആർക്കും അറിയില്ല. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് പേരുണ്ടാക്കുന്നവർക്ക് കീശയിലെ കാശ് വലുതാണ്. പണം മുടക്കാതെ പേരുണ്ടാക്കാനുള്ള ഇവരുടെ ശ്രമമാണ് ഫെഫ്കയിലെ ഫണ്ട് ശേഖരണം വ്യക്തമാക്കുന്നതെന്നും വിശദീകരിച്ചു. ഇതോടെ താര സംഘടനയിലെ ഫണ്ട് പരിവ് പോലെ ഫെഫ്കയിലെ അംഗങ്ങളും തങ്ങൾക്കാവുന്ന തരത്തിൽ സഹായം നൽകിയില്ലെന്ന വിമർശനം സജീവമാവുകയാണ്. നേരത്തെ താര സംഘടന 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത് വിവാദമായതോടെ 40 ലക്ഷം കൂടി നൽകുകയും ചെയ്തു.

താരസംഘടനയുടെ യോഗത്തിൽ പ്രസിഡന്റ് മോഹൻലാൽ 50 ലക്ഷം നൽകണമെന്ന് നിർദ്ദേശിച്ചു. എന്നാൽ രണ്ട് അംഗങ്ങൾ അത്രയും വേണ്ടെന്ന് വാദിച്ചു. ഇതിൽ ഒരാൾ ജനപ്രതിനിധിയും മറ്റൊരാൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ വ്യക്തിയുമായിരുന്നു. ഇതോടെ ലാലിന്റെ നിർദ്ദേശം അംഗീകരിക്കാതെ 10 ലക്ഷം നൽകി. വിവാദം കത്തിപടർന്നപ്പോൾ ലാലിന്റെ ഇടപെടലോടെ 40 ലക്ഷം കൂടി ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും 25 ലക്ഷം രൂപ വീതം സംഭാവനയും നൽകി. അതിനപ്പുറത്തേക്ക് ആരും സഹായിക്കാൻ കൂട്ടാക്കിയിട്ടുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഫെഫ്കയിലും സമാന ചർച്ച ഉയരുന്നത്.

എന്നാൽ സാധാരണക്കാരുടെ കൈയയച്ച സഹായം കൊണ്ട് ദുരിതാശ്വാസ നിധി 25 ലക്ഷം ആക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഫെഫ്കയുടെ ഭാരവാഹികൾ. തീരെ മോശമില്ലാത്തെ തുക ധനസമാഹരണത്തിലൂടെ ലഭിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. അടുത്ത ദിവസം തന്നെ 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം ചില സുപ്രധാന തീരുമാനങ്ങളും ഫെഫ്ക എടുത്തിട്ടുണ്ട്. സാധാരണക്കാരുടെ പിൻബലത്തിലാണ് ഇതും. പ്രളയത്തിൽ സംഘടനയിലെ നിരവധി പേർക്കും വീടും സാധനങ്ങളും നഷ്ടമായി. ഇവരെ സാഹിക്കാനാണ് തീരുമാനം. വീട് പൂർണ്ണമായും നഷ്ടമായവർക്ക് അത് വയ്ക്കാനും സഹായിക്കും.

പ്രളയത്തിൽ വീട് പോയവർക്ക് ധനസഹായം നൽകുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് അടച്ചുറപ്പുള്ള നല്ല വീടെന്ന സ്വപ്‌നം പൂർത്തിയാകില്ല. ഈ സാഹചര്യത്തിൽ അതിന് വേണ്ടി വരുന്ന അധിക തുക വീട് നഷ്ടപ്പെട്ട അംഗങ്ങൾക്ക് ഫെഫ്ക നൽകും. സാധാരണക്കാരാണ് ഈ സംഘടനയിൽ ഏറെയും. പെരിയാറിന്റേയും ചാലക്കുടിപുഴയുടേയും പമ്പയുടേയും തീരത്ത് ജീവിക്കുന്ന സാധാരണക്കാരായ നിരവധി പേർ സിനിമയിൽ പല വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പലർക്കും പ്രളയം മൂലം കിടപ്പാടം നഷ്ടമായി. ഇത് വീണ്ടെടുക്കാനാകും ഫെഫ്ക സഹായമൊരുക്കുകയെന്നാണ് ഔദ്യോഗിക നേതൃത്വം നൽകുന്ന വിശദീകരണം.

ഇതിനുള്ള തുക മുഖ്യമന്ത്രിക്ക് കൊടുക്കുന്ന 25 ലക്ഷത്തിന് അപ്പുറത്ത് കണ്ടെത്തും. ഫണ്ടിലേക്ക് കിട്ടിയ തുക മുഴുവനായും മുഖ്യമന്ത്രിക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഗണേശിന്റെ വിമർശനത്തിൽ പുല്ലുവില

ഒരു സിനിമയ്ക്ക് കോടികൾ പ്രതിഫലം പറ്റുന്ന മലയാളത്തിലെ ചില യുവനടന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തു നൽകിയെന്ന് ഗണേശ് കുമാർ എംഎ‍ൽഎ ചോദിച്ചിരുന്നു. ആകാശത്തിരുന്ന് ഫേസ്‌ബുക്കിലൂടെ അഭിപ്രായം പറയുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിമർശനത്തിന് തൊട്ട് പിന്നാലെയാണ് നിവിൻ പോളി 25 ലക്ഷം നൽകിയത്. അതിന് അപ്പുറത്തേക്ക് ആരും ഇപ്പോഴും മുന്നോട്ട് വരുന്നില്ല.

നമ്മുടെ ഇടയിൽ നന്മ നശിക്കാത്ത, ആളുകളെ നിശബ്ദമായി സഹായിക്കാൻ കഴിയുന്ന, നിരവധി പേർ ഇപ്പോഴുമുണ്ട്. സിനിമാക്കാരുടെ കാര്യം തന്നെയെടുക്കാം. കോടികൾ പ്രതിഫലം പറ്റുന്ന പല അവന്മാരെയും ദുരിതം വന്നപ്പോൾ കാണാനില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി പ്രതിഫലം പറ്റുന്ന ചില യുവനടന്മാരെ കാണാനേയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ അഞ്ചുപൈസ കൊടുത്തിട്ടില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന ഹാസ്യനടന്മാരെയും കാണാനില്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലുള്ള ചില പാവങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്തതെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.

പാവപ്പെട്ടവരും വിദേശികളായവർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമ്പോൾ ആകാശത്ത് ഇരുന്ന് ഫേസ്‌ബുക്കിലൂടെ ചിലർ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ കലാകാരനെന്ന നിലയിൽ തനിക്ക് പ്രതിഷേധമുണ്ട്. സിംഗപ്പൂർ പൗരനായ ഒരു തമിഴ് വംശജൻ കേരളത്തിൽ വന്നപ്പോൾ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എന്നാൽ ഇവിടെ മലയാളിയുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്മാർ അഞ്ച് പൈസ പോലും കൊടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ഇത്രയും കാലത്തെ വർത്തമാനമൊക്കെ ഞങ്ങൾ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോൾ നിങ്ങൾ എന്ത് ചെയ്തുവെന്ന് മലയാളി ഇവരോട് ചോദിക്കണമെന്നും ഗണേശ് ചോദ്യം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP