Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതിക്ക് വേണ്ടി പോരാടി, ഒടുവിൽ ജീവൻ നിലനിർത്താൻ നെട്ടോട്ടം; കോൺഗ്രസ് നേതാവിന്റെ മകൻ ആക്രമിച്ച കേസ് താനറിയാതെ ഒത്തുതീർപ്പാക്കിയെന്ന് ട്രാഫിക് വാർഡൻ പത്മിനി; പ്രതികരിച്ചപ്പോൾ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് വാർഡന്മാരും രംഗത്ത്

നീതിക്ക് വേണ്ടി പോരാടി, ഒടുവിൽ ജീവൻ നിലനിർത്താൻ നെട്ടോട്ടം; കോൺഗ്രസ് നേതാവിന്റെ മകൻ ആക്രമിച്ച കേസ് താനറിയാതെ ഒത്തുതീർപ്പാക്കിയെന്ന് ട്രാഫിക് വാർഡൻ പത്മിനി; പ്രതികരിച്ചപ്പോൾ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് വാർഡന്മാരും രംഗത്ത്

കൊച്ചി: സ്ത്രീ സമത്വത്തിനും സ്ത്രീസുരക്ഷയ്ക്കും വേണ്ടി എല്ലാ മാദ്ധ്യമങ്ങളിലൂടെയും ആവേശം കൊള്ളുന്ന സ്ത്രീപക്ഷവാദികളാരും മുൻട്രാഫിക് വാർഡൻ പത്മിനിയെ തേടി ഇപ്പോൾ ചെല്ലാറില്ല. നടുറോഡിൽ വച്ച് അപമാനിച്ച കോൺഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നൽകിയതിനാണ് പത്മിനിയെന്ന 43 കാരി ഇന്ന് നീതിക്കായി അധികൃതരുടെ മുന്നിൽ കൈനീട്ടുന്നത്. സെക്യൂരിറ്റി സ്ഥാപനവും ഇവരെ പുറത്താക്കാൻ ശ്രമിച്ചതോടെ ഉള്ള വരുമാനം കൂടി ഇല്ലാതെയായി. പ്രാരാബ്ദങ്ങളും രോഗങ്ങളും പത്മിനിയെ തളർത്തുന്നതു കൂടാതെ കഴിഞ്ഞ രണ്ടുമാസമായി വാടക നൽകാത്തതിനാൽ വാടകവീട്ടിൽ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണിപ്പോൾ പത്മിനി. ഇതിനെല്ലാം കാരണം പത്മിനി എന്ന സ്ത്രീ തന്നെ അപമാനിച്ച് വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി എന്നുള്ളതാണ്. അതും ഒരു കോൺഗ്രസ് നേതാവിന്റെ മകനെതിരെ.

എറണാകുളം ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി സ്ഥാപനത്തിലായിരുന്നു പത്മിനിക്ക് ജോലി. ട്രാഫിക് പൊലീസ് സെക്യൂരിറ്റി സ്ഥാപനങ്ങളിൽ നിന്നും ദിവസവേതനത്തിൽ കുറച്ച് സ്ത്രീകളെ ട്രാഫിക് വാർഡന്മാരായി തിരഞ്ഞെടുത്തിരുന്നു. അങ്ങനെയാണ് പത്മിനി കൊച്ചിയിലെ ട്രാഫിക് വാർഡൻ ആകുന്നത്. പ്ദമിനിയുടെ ജീവിതം കീഴ്‌മേൽ മറിച്ച സംഭവം ഉണ്ടായത് 2013 നവംബറിലാണ്. കത്രിക്കടവിൽ ജോലിക്കിടെ കാറിലെത്തിയ എറണാകുളം ഡി.സി.സി അംഗത്തിന്റെ മകൻ വിനോഷ് വർഗീസ് പത്മിനിയെ ആക്രമിക്കുകയായിരുന്നു. എന്തിനാണ് തന്നെ അയാൾ ആക്രമിച്ചതെന്ന് ഇന്നും തനിക്ക് അറിയില്ലെന്ന് പത്മിനി പറയുന്നു.

വിനോഷ് വർഗീസിനെതിരെ കേസ് നൽകിയതോടെ പത്മിനിക്ക് അനുകൂലമായി മാദ്ധ്യമങ്ങളും സ്ത്രീപക്ഷ വാദികളും സർക്കാരിനെതിരെ തിരിഞ്ഞു. എന്നാൽ അന്ന് എല്ലാ സഹായത്തിനും ഞങ്ങളുണ്ടാകും എന്ന പത്മിനിക്ക് വാക്ക് നൽകിയ ആരെയും ഇപ്പോൾ ഈ വഴി കാണാറില്ലെന്നാണ് പത്മിനിയുടെ പരാതി. പരാതി പിൻവലിക്കാൻ പലവിധ സമ്മർദ്ദങ്ങളുണ്ടായെങ്കിലും ഭീഷണിക്കും സമ്മർദ്ദങ്ങളും വഴങ്ങില്ലെന്ന് നിലപാടിൽ പത്മിനി ഉറച്ച് നിന്നു. അതേസമയം പൊലീസ് കേസ് എടുത്തിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും കേസ് കോടതിയിലെത്തിയിട്ടില്ല. കേസിലെ പ്രതി വിനോഷ് വർഗീസ് ജാമ്യത്തിലിറങ്ങുകയും ചെയ്തു. താനറിയാതെ കേസ് ഒത്തുതീർപ്പാക്കിയെന്നാണ് പ്ദമിനിയുടെ ആരോപണം.

പത്മിനി ജോലി ചെയ്തിരുന്ന ബ്രൈറ്റ് സെക്യൂരിറ്റിസ് പത്മിനിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതിരിക്കുക, ഡ്യൂട്ടി നൽകാതിരിക്കുക തുടങ്ങിയ പ്രതികാരനടപടികളാണ് തനിക്കെതിരെ നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. പരാതി നൽകിയതിനെ തുടർന്നാണ് കമ്പനി തന്നോട് പ്രതികാരം ചെയ്യുന്നത്. എന്നാൽ വാർത്തയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് പത്മിനിക്കുള്ളതെന്നാണ് കമ്പനിയുടെ ആരോപണം. എന്നാൽ സ്ഥാപനത്തിലെ സഹപ്രവർത്തകയായ ഗിരിജ എന്ന വാർഡന് അപകടം പറ്റിയിട്ട് കമ്പനി തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിൽ താൻ അവരെ സഹായിച്ചത് വാർത്തയായിരുന്നു. ' ഗിരിജയെ കാണാൻ ഞാൻ പോയപ്പോൾ ഒരു പത്രക്കാരെയും കൂടെ കൊണ്ടുപോയിട്ടില്ല. ഞാൻ അവിടെ ചെന്നപ്പോൾ പത്രക്കാർ അവിടെ ഉണ്ടായിരുന്നു. പക്ഷെ കമ്പനി വിചാരിച്ചത് ഞാൻ പറഞ്ഞത് മൂലമാണ് ഗിരിജയുടെ അവസ്ഥ വാർത്തയായതെന്നാണ് കമ്പനിയുടെ ആക്ഷേപമെന്നും ' ഗിരിജ പറയുന്നു.

'ബ്രൈറ്റ് കമ്പനി എം.ഡി. സുരേന്ദ്രനും അനുയായി ലതീഷുമാണ് തനിക്കെതിരെ നീങ്ങുന്നത്. ഇവിടെ ജീവനക്കാർക്ക് ലൈംഗികമായ പീഡനങ്ങൾ വരെ നേരിട്ടതായിട്ടാണ് എനിക്കറിയാവുന്നത്. ജാതീയമായ ആക്ഷേപങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ മർദിച്ച വിനോഷ് വർഗീസിന്റെ അടുത്ത അനുയായി ആണ് ലതീഷ്. പൊലീസിൽ പോലും അവരുടെ ആൾ്ക്കാരാണ്. ഞാനനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പരാതി നൽകിയാൽ പരിഹാസത്തോടെയാണ് ഉദ്യോഗസ്ഥർ എന്നെ നോക്കി കാണുന്നത്. നീതിക്കു വേണ്ടി പരാതി നൽകിയ എന്നെ പോലെയുള്ള ഒരു ദളിത് സ്ത്രീക്ക് സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് ഇവിടെ നീതി ലഭിക്കുന്നത് '

'എന്നാൽ പത്മിനിക്ക് മാനസികപ്രശ്‌നമുള്ളതുകൊണ്ടാണ് എല്ലാവർക്കെതിരെയും പരാതിയുമായി നടക്കുന്നതെന്നാണ് ബ്രൈറ്റ് സെക്യൂരിറ്റീസ് എം.ഡി. സുരേന്ദ്രൻ പറയുന്നത്. മുമ്പ് പ്രണയത്തിന്റെ പേരിൽ പത്മിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവുമായി പ്രണയത്തിലായ പത്മിനി, ഒടുവിൽ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയച്ചപ്പോഴാണ് പ്ദമിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളമശേരിയെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പത്മിനിയുടെ ചെലവുകളെല്ലാം വഹിച്ചത് സ്ഥാപനമായിരുന്നു. മെഡിക്കൽ കോളേജിൽ മാനസികരോഗത്തിന് പത്മിനി ചികിത്സ നടത്തിയിട്ടുണ്ടെന്നും സുരേന്ദൻ ആരോപിക്കുന്നു. ഇപ്പോൾ സ്ഥാപനത്തെ തകർക്കാനാണ് ശ്രമം. അവരെ കൊണ്ട് പൊറുതി മുട്ടിയ മറ്റ് വാർഡന്മാർ പത്മിനിയെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഈ ആവശ്യം പൊലീസ് കമ്മിഷണർക്കും സമർപ്പിച്ചിരിക്കുകയാണ്. പത്മിനിയോട് സംസാരിക്കാൻപോലും എല്ലാവർക്കും പേടിയാണ്. അടുത്തിടെ കമ്പനിയിലെ ഒരു സൂപ്പർവൈസറോടു സംസാരിച്ചു നിൽക്കെ പെട്ടെന്നു ഉടുവസ്ത്രം വലിച്ചു കീറി പൊലീസ് സ്റ്റേഷനിൽ ചെന്ന് അയാൾക്കെതിരെ പരാതി കൊടുത്തു. ഇങ്ങനെയൊക്കെയാണ് അവരുടെ പെരുമാറ്റം.'

തന്റെ ഫോണിലേക്ക് വരുന്ന കോളുകൾ ടാപ്പ് ചെയ്യുന്നുണ്ടെന്നും തന്നെ സഹായിക്കുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പത്മിനി പരാതിപ്പെടുന്നു. നെഞ്ചിൽ പരുക്കേറ്റ പത്മിനി അന്ന് ഒരു മാസത്തോളം ആശുപത്രയിൽ കഴിഞ്ഞു. ആ സംഭവത്തിനു ശേഷമാണ് താൽക്കാലിക ട്രാഫിക് വാർഡന്മാരുടെ യൂണിഫോം, സത്യമേവ ജയതേ എന്ന എംബ്ലം ഒക്കെ പൊലീസ് എടുത്തുമാറ്റിയത്. കൂടാതെ ഇവരുടെ ശമ്പളം ഏജൻസി വഴിയാക്കുകയും ചെയ്തു. ഇതെല്ലാം താൻകാരണമാണെന്ന് സഹപ്രവർത്തകരെ തെറ്റദ്ധരിപ്പിച്ചാണ് തനിക്കെതിരെ നിർബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. വെള്ളപേപ്പറിൽ 25 പേരുടെ ഒപ്പിട്ട് വാങ്ങിയ ശേഷം തനിക്കെതിരെയുള്ള പരാതി എം.ഡി.എഴുതിചേർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

ജോലി പോകുമെന്ന ഭയം കാരണം പലർക്കും സത്യം പറയാനാകാത്ത സ്ഥിതിയാണ് ഉള്ളത്. എന്തുവന്നാലും കേസുമായി മുന്നോട്ട് പോകുമെന്നും വിട്ടുവീഴ്ചയ്ക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെടില്ലെന്നും പത്മിനി ഉറപ്പിച്ച് പറയുന്നു. കേസ് പിൻവലിക്കാൻ സാമ്പത്തിക സഹായം അടക്കം വാഗ്ദാനം ചെയ്തിട്ടും പിൻവലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ തന്റെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണ്. തന്നെ അപായപ്പെടുത്താനും കൊലപ്പെടുത്താനുമുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് ബ്രൈറ്റ് സെക്യൂരിറ്റീസ് എം.ഡി. സുരേന്ദ്രന്റെയും സൂപ്പർവൈസർ ലതീഷിന്റെയും അറിവോടെയായിരിക്കുമെന്നും പത്മിനി മുന്നറിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP