Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പനിമരണം സെഞ്ച്വറി കടന്നിട്ടും നിസംഗതയോടെ ആരോഗ്യവകുപ്പും മന്ത്രി കെകെ ശൈലജയും; ആവശ്യത്തിന് മരുന്നും കിടക്കയുമില്ലാതെ സർക്കാർ ആശുപത്രികൾ; ആശുപത്രി പരിസരങ്ങളിലും മാലിന്യ കൂമ്പാരം; മഴക്കാലപൂർവശുചീകരണം പാളിയതും മാലിന്യനീക്കം നിലച്ചതും ജനത്തെ പനിക്കിടക്കയിലാക്കി; മരണ ഭീതിയിൽ കേരളം

പനിമരണം സെഞ്ച്വറി കടന്നിട്ടും നിസംഗതയോടെ ആരോഗ്യവകുപ്പും മന്ത്രി കെകെ ശൈലജയും; ആവശ്യത്തിന് മരുന്നും കിടക്കയുമില്ലാതെ സർക്കാർ ആശുപത്രികൾ; ആശുപത്രി പരിസരങ്ങളിലും മാലിന്യ കൂമ്പാരം; മഴക്കാലപൂർവശുചീകരണം പാളിയതും മാലിന്യനീക്കം നിലച്ചതും ജനത്തെ പനിക്കിടക്കയിലാക്കി; മരണ ഭീതിയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോഴും ഒന്നും ചെയ്യാതെ നിസംഗതയോടെ ആരോഗ്യവകുപ്പും മന്ത്രിയും. ഇന്നലെ മാത്രം സംസ്ഥാനത്ത് 10 പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം 124 പേരാണ് പനി ബാധിച്ച് മരിച്ചത്.

മഴക്കാല പൂർവശുചീകരണം ഫലപ്രദമായി നടപ്പാക്കാനാകാത്തതും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മാലിന്യനീക്കം നിലച്ചതുമൊക്കെയാണ് ഇത്രയും ഭീതിതമായ അവസ്ഥ സംസ്ഥാനത്തുണ്ടാക്കിയത്. സർക്കാർ സ്വകാര്യ ആശുപത്രികൾ മുഴുവൻ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇടമില്ലാത്തതിനാൽ മിക്ക സ്വകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുകയാണ്. ഡോക്ടർമാരുടെ അഭാവം ദുരിതം ഇരട്ടിയാക്കുന്നുണ്ട്.

പലരും പനിച്ചു കിടപ്പാണ്. ബദൽ സംവിധാനങ്ങളുമില്ല. ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേർ പകർച്ചപ്പനിക്കു ചികിൽസ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ 138 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 680 പേർക്ക് രോഗം സംശയിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എഴുപത് പേർക്ക്. അടിയന്തര സാഹചര്യം നേരിടാൻ ഐഎംഎയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടർ പറഞ്ഞു.
പനി തടയുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് പത്തുപേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ നേമത്ത് എട്ടുവയസ്സുകാരനും സൈനികനും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ആലപ്പുഴ മുഹമ്മ, പാലക്കാട് തിരുവേഗപ്പുറ എന്നിവിടങ്ങളിലും ഓരോ ഡെങ്കിപ്പനി മരണമുണ്ടായി. എറണാകുളം മഞ്ഞപ്പാറ, കോഴിക്കോട് മടപ്പള്ളി എന്നിവിടങ്ങളിൽ രണ്ടുപേരുടെ മരണം എച്ച് 1 എൻ 1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പനയിൽ സ്ത്രീ മരിച്ചതും എച്ച് 1 എൻ 1 മൂലമാണെന്ന് സംശയിക്കുന്നു. കൊല്ലം പാലത്തറ, കോട്ടയം നാട്ടകം എന്നിവിടങ്ങളിലെ രണ്ടുപേരുടെ മരണം പകർച്ചപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ചമാത്രം 138 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. തിരുവനന്തപുരം ജില്ലയിൽമാത്രം 70 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും ഡെങ്കിപ്പനി പടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഒമ്പതുപേർ എലിപ്പനിക്കും എറണാകുളത്ത് നാലുപേർ മലേറിയയ്ക്കും ചികിത്സതേടി.

അതേസമയം പകർച്ചപ്പനി പടർന്നുപിടിച്ചിട്ടും കാര്യക്ഷമമായി ഇടപെടാനോ നടപടി എടുക്കാനോ ആരോഗ്യമന്ത്രി കെകെ ശൈലജ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. ആശുപത്രികളിൽ മിന്നൽ സന്ദർശനം നടത്തി ജീവനക്കാരെ വിരട്ടുന്നതൊഴിച്ചാൽ ആരോഗ്യമന്ത്രിക്ക് വകുപ്പിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനോ ഇടപെടാനോ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. കേരളം ഒന്നാകെ ആശുപത്രിക്കിടക്കയിലേക്ക് നീങ്ങുന്ന ഗുരുതര സാഹചര്യമുണ്ടായിട്ടും ആരോഗ്യമന്ത്രി ഇന്ന് കൊച്ചി മെട്രോ ആസ്വദിക്കാൻ പോയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ മുഖ്യമന്ത്രിയെ കണ്ട സാഹചര്യത്തിൽമാത്രമാണ് മന്ത്രി പനിമരണങ്ങളെ കുറിച്ച് പ്രതികരിക്കാൻ തയാറായത്. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നിട്ട് ഒരു വർഷമെ ആയുള്ളൂവെന്ന ന്യായമാണ് മന്ത്രി നിരത്തിയത്. നാല് വർഷം കൊണ്ട് സ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറയുന്നു. കേരളം പനിച്ച് പൊരിയുമ്പോഴും മന്ത്രി ധാർഷ്ഠ്യംവെടിഞ്ഞ് പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയും വകുപ്പും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം സമരത്തിനില്ല. പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങും. രോഗികളെ സഹായിക്കാനുള്ള പദ്ധതികൾക്കാണു പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്കു പനി ബാധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി വിശദമായി ചർച്ച ചെയ്തു. പല സ്ഥലങ്ങളിലും ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ല. പലയിടത്തും മരുന്നില്ല, ഡോക്ടർമാരില്ല. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വം ഇല്ലാത്തതാണ്. മുൻ സർക്കാരുകൾ കൂടുതൽ കാര്യക്ഷമതയോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ തടയാനുള്ള മുൻകരുതൽ സ്വീകരിക്കുമായിരുന്നു. അത്തരം ഉദ്യോഗസ്ഥരെ പുതിയ സർക്കാർ പിരിച്ചുവിട്ടു. കഴിഞ്ഞ സർക്കാർ നിയോഗിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിയിരുന്നില്ല. ഇക്കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

പകർച്ചവ്യാധി മരണം നൂറ് കടന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ജനങ്ങളുടെ ജീവൻവച്ച് പന്താടുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി. ശുചീകരണവും കൊതുക് നശീകരണവും നടക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവർ മരിച്ചു വീഴുകയാണ്. ഇത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ആരോഗ്യമേഖലയിൽ മാതൃക സൃഷ്ടിച്ചെന്ന ഭരണകർത്താക്കളുടെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കേരളത്തിന് ഒരു ആരോഗ്യ മന്ത്രി ഉണ്ടോയെന്നും കുമ്മനം ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP