Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അതിസാഹസികതയായ ഫിയാൽ രാവൺ പോളാർ പര്യടനത്തിനു ബ്രിട്ടീഷ് റീജിയനിൽ ഒന്നാമനായി മലയാളി യുവാവ്; അരക്കോടി രൂപ മുടക്കേണ്ടി വരുന്ന ഈ സാഹസികത കൂടുതൽ വോട്ടു കിട്ടുന്ന 11 പേർക്ക് തികച്ചും സൗജന്യം; 300 കിലോമീറ്റർ മൈനസ് 40 ഡിഗ്രി തണുപ്പിൽ സഞ്ചരിക്കാൻ വോട്ടു തേടി അജീഷ് അജയഘോഷ് എന്ന കൊല്ലം സ്വദേശി

അതിസാഹസികതയായ ഫിയാൽ രാവൺ പോളാർ പര്യടനത്തിനു ബ്രിട്ടീഷ് റീജിയനിൽ ഒന്നാമനായി മലയാളി യുവാവ്; അരക്കോടി രൂപ മുടക്കേണ്ടി വരുന്ന ഈ സാഹസികത കൂടുതൽ വോട്ടു കിട്ടുന്ന 11 പേർക്ക് തികച്ചും സൗജന്യം; 300 കിലോമീറ്റർ മൈനസ് 40 ഡിഗ്രി തണുപ്പിൽ സഞ്ചരിക്കാൻ വോട്ടു തേടി അജീഷ് അജയഘോഷ് എന്ന കൊല്ലം സ്വദേശി

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഫിയാൽ രാവൺ പോളാർ എക്സ്പെഡിഷൻ. മലയാളികൾ കാര്യമായി കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു സാഹസിക ഇവന്റ്. സാഹസികത എന്നു പറഞ്ഞാൽ അതൽപം ചെറുതായി പോകും, പകരം അതിസാഹസികത എന്ന് പറയേണ്ടി വരും. കാരണം ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ ഭൂമിയുടെ അതിശൈത്യ മേഖലയായ സ്വീഡനിലെയും ഫിൻലാൻഡിലെയും മഞ്ഞുമലകൾ താണ്ടിയുള്ള 300 കിലോമീറ്റർ സാഹസിക യാത്ര. കാൽപതിച്ചാൽ പുതഞ്ഞു പോകും വിധത്തിലുള്ള മഞ്ഞുമലകളിൽ പ്രത്യേകം പരിശീലനം നേടിയ നായകൾ വലിക്കുന്ന സ്ലെഡ്ജിൽ കയറി വേണം സാഹസികത പൂർത്തിയാക്കാൻ.

മനുഷ്യനു കാര്യമായ നിയന്ത്രണം ഇല്ലാത്ത യാത്ര എന്നും വേണമെങ്കിൽ പറയാം, എന്തെന്നാൽ യാത്രയുടെ പഥവും വേഗതയും ഒക്കെ നായ്ക്കളുടെ കൈകളിലാണ്. അഞ്ചു ദിവസം കൊണ്ടാണ് ഈ യാത്ര പൂർത്തിയാക്കാൻ സാധിക്കുക. അടുത്ത കാലം വരെ അത്ര അറിയപ്പെടാതിരുന്ന ഈ മത്സരം ഇപ്പോൾ ലോകമൊട്ടാകെ സഞ്ചാരികളുടെയും സാഹസികരുടെയും വിഷ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. കാരണം ഏകദേശം 50 മുതൽ 60 ലക്ഷം രൂപ വരെയാണ് ഉപകരണങ്ങൾ അടക്കം പോളാർ പരടന്യത്തിന് ഒരാൾ മുടക്കേണ്ടത്. സാധാരണക്കാരായ ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തുക ആയതിനാൽ കൂടി ആരും അത്തരം ആഗ്രഹങ്ങൾ മനസ്സിൽ താലോലിക്കാറില്ല.

എന്നാൽ ഇത്തരക്കാരെ ആകർഷിക്കാൻ ഫിയാൽ രാവൺ എന്ന അഡ്വഞ്ചർ സ്പോർട്സ് ഉപകരണ, സഞ്ചാരികൾക്ക് ആവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനി തങ്ങളുടെ ഉൽപ്പന്ന വിപണിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പോളാർ പര്യടന യാത്രാ കമ്പനി പോലും ഉദ്ദേശിച്ചതിനേക്കാൾ പതിന്മടങ്ങു വേഗത്തിലാണ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയെടുത്തത്. പ്രധാനമായും ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചാരണമാണ് മത്സരത്തിലെ വിജയികളെ നിശ്ചയിക്കുന്നത്.

ലോകത്തെ 11 മേഖലകളായി തിരിച്ചു ഓരോ റീജിയനിൽ നിന്നും ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്നവർക്ക് മത്സരത്തിൽ സൗജന്യമായി പങ്കെടുക്കാം. ഇവരെ കൂടാതെ കമ്പനി സ്പോൺസർ ചെയ്യുന്ന മറ്റു സാഹസിക സഞ്ചാരികളും മത്സരത്തിൽ ഉണ്ടാകും. സാഹസിക സഞ്ചാരികളുടെ ജീവിതാഭിലാഷം സാധിക്കുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ഈ വർഷത്തെ മത്സരത്തിൽ രണ്ടു മലയാളികൾ അവസാന വോട്ടിങ് ഘട്ടത്തിൽ മുന്നിലുണ്ട് എന്നതാണ് ഫിയാൽ രാവൺ പോളാർ മത്സരത്തെ മലയാളികളുടെ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത്.

യുകെ റീജിയനിൽ നിന്നും മത്സരിക്കുന്നവരിൽ ലണ്ടൻ മലയാളിയായ കൊല്ലം സ്വദേശി അജീഷ് അജയഘോഷ് ഇപ്പോൾ മത്സരത്തിന്റെ ഒന്നാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ നിൽക്കുന്ന ബ്രിട്ടീഷ് വനിതയുമായി അജീഷിനുള്ള അകലം കേവലം 1500 വോട്ടുകൾ മാത്രമാണ് എന്നതാണ് ഏക ആശങ്ക. വോട്ടുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയും. ഇനിയും 12 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. അതിനിടയിൽ ഒരു മലയാളി കൂടി ഈ യാത്രയിൽ പങ്കെടുക്കാൻ പ്രിയ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം വേണമെന്നാണ് അജീഷിന്റെ അപേക്ഷ.

വോട്ടിങ് ലിങ്കിൽ കയറി കേവലം ഒരു മിനിറ്റു കൊണ്ട് ഒരു വോട്ടു നൽകിയാൽ താനും ഈ ചരിത്ര യാത്രയിൽ ഇടം പിടിക്കും എന്നാണ് അജീഷിന് പറയാനുള്ളത്. ഓരോ വർഷവും ബ്രിട്ടീഷ് മലയാളി അവാർഡിൽ ജേതാക്കളെ കണ്ടെത്തുന്ന രീതി തന്നെയാണ് ഈ മത്സരത്തിൽ വിജയികളെ നിശ്ചയിക്കുന്നത്. അതിനാൽ ഓരോ വോട്ടും പ്രധാനമാണെന്നും ഒരു മലയാളിയോടുള്ള സ്നേഹം തന്നോട് കാട്ടണമെന്നുമാണ് അജീഷ് പറയുന്നത്.

ഇത്തവണത്തെ മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള ഏക മലയാളി എന്നതും അജീഷിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടമാണ്. ഏറ്റവും ഒടുവിലായി കിട്ടുന്ന കണക്കുകളിൽ 4460 വോട്ടുകളാണ് അജീഷ് നേടിയിരിക്കുന്നത്. ഏഴാം സ്ഥാനത്തു നിന്ന ശേഷമാണു അജീഷ് ഒന്നാം സ്ഥാനത്തേക്ക് അവിശ്വസനീയ കുതിപ്പ് നടത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂർ കലയനാട് സ്വദേശിയാണ് അജീഷ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ റേഡിയോഗ്രഫി പഠിച്ച അജീഷ് ഇപ്പോൾ സ്ട്രാറ്റ്ഫോഡിൽ ഇൻ ഹെൽത്ത് എന്ന കമ്പനിയിൽ റേഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുകയാണ്.

അജീഷിനു വോട്ട് രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://polar.fjallraven.com/contestant/?id=8036

പോളിമർ എൻജിനിയറിങ് പൂർത്തിയാക്കി തിരുവനന്തപുരം റീജിയൻ കാൻസർ സെന്ററിൽ ഗവേഷക ആയി ജോലി ചെയ്യുകയാണ് ഭാര്യ ഡോ. മായ. കഴിഞ്ഞ ഒന്നര വർഷമായി അജീഷ് യുകെ മലയാളിയാണ്. നാലു വയസുകാരൻ അദ്വൈത് ആണ് ഏക മകൻ. അജീഷിന്റെ സഹോദരൻ അനീഷും യുകെ മലയാളിയാണ്. ലണ്ടനിൽ ഫ്രഞ്ച് കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയാണ് അനീഷ്.

ഇന്ത്യാ റീജിയനിൽ നിന്നും അഷ്‌റഫ് എക്സൽ എന്നയാളും വോട്ടിങ്ങിന്റെ മുന്നിലുണ്ട്. ഇപ്പോൾ അഷ്‌റഫ് രണ്ടാം സ്ഥാനത്താണ്. ഒന്നാമതെത്തിയാൽ മാത്രമേ പോളാർ ധ്രുവത്തിൽ കാലുകുത്തുക എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കൂ. അഷ്‌റഫിന്റെ മുന്നിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരാളാണ് ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളുടെ പിന്തുണയൊക്കെ ഉള്ളവരാണ് ഈ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയുള്ളൂ. അതിനാൽ ''സോഷ്യൽ മീഡിയ പൊളിറ്റിക്‌സും'' മാധ്യമങ്ങളുടെ പിന്തുണയും ഒക്കെ വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്.

അഷ്‌റഫിന് വോട്ടു ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://polar.fjallraven.com/contestant/?id=7043

കഴിഞ്ഞ രണ്ടു വർഷവും ഫിയാൽ രാവൺ പോളാർ പര്യടനത്തിൽ മലയാളികൾ തന്നെയാണ് ഇന്ത്യ റീജിയൺ പ്രതിനിധികളായി പങ്കെടുത്തത്. പുനലൂർ സ്വദേശി നിയോഗും കൊല്ലം സ്വദേശി ബാബു സാഗറും ആയിരുന്നു മുൻ വർഷങ്ങളിലെ വിജയികൾ. ഇപ്പോൾ യുകെ റീജിയൺ ഒന്നാം സ്ഥാനത്തുള്ള അജീഷും കൊല്ലം സ്വദേശി തന്നെ ആയതു യാദൃശ്ചികമായി മാറുകയാണ്. ഈ വർഷം ആലുവ മുപ്പത്തടം സ്വദേശിയായ ഗീതു മോഹൻദാസ് എന്ന യുവതിയും ആദ്യ ഘട്ടത്തിൽ മുന്നിൽ ഉണ്ടായിരുന്നെങ്കിലും അവസാന കടമ്പയിൽ ഗീതു പിന്നിലാകുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP