Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കനൽ പോലെ ജ്വലിച്ച 'സിനിമാപ്രണയം' മൂലം വീടും പറമ്പും പണയം വെച്ചും ഭാര്യയുടെ സ്വർണം വിറ്റും ഒരുക്കിയ ചിത്രത്തെ തേടിയെത്തിയത് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ്; ബാങ്ക് വായ്പയും സുഹൃത്തുക്കൾ തന്നതുമടക്കം 20 ലക്ഷം കൊണ്ട് 'കാന്തൻ-ദ ലവർ ഓഫ് കളർ' സിനിമയൊരുക്കിയ സംവിധായകൻ ഷെരീഫ് ഈസ കുടുംബം പോറ്റുന്നത് റബർ ടാപ്പിങ് നടത്തിക്കൊണ്ട്

കനൽ പോലെ ജ്വലിച്ച 'സിനിമാപ്രണയം' മൂലം വീടും പറമ്പും പണയം വെച്ചും ഭാര്യയുടെ സ്വർണം വിറ്റും ഒരുക്കിയ ചിത്രത്തെ തേടിയെത്തിയത് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ്; ബാങ്ക് വായ്പയും സുഹൃത്തുക്കൾ തന്നതുമടക്കം 20 ലക്ഷം കൊണ്ട് 'കാന്തൻ-ദ ലവർ ഓഫ് കളർ' സിനിമയൊരുക്കിയ സംവിധായകൻ ഷെരീഫ് ഈസ കുടുംബം പോറ്റുന്നത് റബർ ടാപ്പിങ് നടത്തിക്കൊണ്ട്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് 'കാന്തൻ-ദ ലവർ ഓഫ് കളർ'. മികച്ച സിനിമയായി തിരഞ്ഞെടുത്ത ചിത്രത്തിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടിന്റെ കഥയുണ്ട്. എന്നാൽ ജീവിക്കാനായി റബർ ടാപ്പിങ് തൊഴിലെടുക്കുന്നയാളാണ് ചിത്രത്തിന്റെ സംവിധായകൻ എന്ന വാർത്ത കൂടി കേട്ടാൽ ചലച്ചിത്രത്തോട് ഇദ്ദേഹത്തിനുള്ള 'അടങ്ങാത്ത പ്രണയം' എന്തെന്ന് ഏവർക്കും പെട്ടന്ന് പിടികിട്ടും.

തന്റെ ആകെയുള്ള ചെറിയ വീട് പണയം വെച്ചും ഭാര്യയുടെ ആഭരണങ്ങൾ വിറ്റുമാണ് ഷെരീഫ് ഈസയെന്ന പ്രതിഭ ഈ ചിത്രം പൂർത്തിയാക്കിയത്. സിനിമയെന്ന ഷെരിഫിന്റെ സ്വപ്‌നം പൂർത്തിയാക്കാൻ തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലുമുള്ള ഒരുപറ്റം യുവാക്കൾ അദ്ദേഹത്തോടൊപ്പം അണിനിരക്കുകയും ചെയ്തു. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുമ്പോൾ മാത്രമല്ല ജീവിതം എന്ന ചക്രം ഉരുട്ടാനും ഏറെ കഷ്ടപ്പാടാണ് ഷെരീഫ് സഹിക്കുന്നത്.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ നാടകം എഴുതിയും സംവിധാനം ചെയ്തും പ്രതിഭ തെളിയിച്ചയാളാണ് ഷെരീഫ്. ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി എന്ന ഗ്രാമ നിവാസിയാണ് ഷെരീഫ്. ഉപജീവനത്തിനായി റബർ ടാപ്പിങ് നടത്തുമ്പോഴും സിനിമ മാത്രമാണ് ഷെരീഫിന്റെ മനസിലുള്ളത്. 20 ലക്ഷം രൂപ മുതൽ മുടക്കിലാണ് കാന്തൻ-ദ ലവർ ഓഫ് കളർ എന്ന സിനിമ പൂർത്തിയാക്കിയത്.

ബാങ്ക് വായ്പ സിനിമ പൂർത്തിയാക്കാൻ മതിയാകില്ലെന്ന് മനസിലായതോടെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങുകയും ഭാര്യയുടെ സ്വർണം വിറ്റും ഷെരീഫ് പണം കണ്ടെത്തി. ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തന്നെ പെടാപ്പാട് പെടുമ്പോൾ സിനിമയ്ക്കായി എടുത്ത കടം എങ്ങനെ വീട്ടുമെന്ന ആശങ്ക മനസിൽ മുളച്ചെങ്കിലും സിനിമയോടുള്ള അടങ്ങാത്ത കനലിനെ അണയ്ക്കാൻ അതിന് സാധിച്ചില്ല.

കാടിന്റെ മക്കളെപറ്റിയുള്ള ഓർമ്മപ്പെടുത്തലുമായി കാന്തൻ-ദ ലവർ ഓഫ് കളർ

കാന്തൻ- ദ ലവർ ഓഫ് കളറിലൂടെ വയനാട് തിരുനെല്ലി നെങ്ങന കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് വരച്ചു കാട്ടുന്നത്. ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. കൂവേരി സ്വദേശികളായ സംവിധായകന്റെയും രചയിതാവിന്റെയും നേട്ടം ഒരു ഗ്രാമം ഒന്നാകെ ആഘോഷിക്കുകയാണ്. കൂവേരി പാലയാട്ടെ റബ്ബർ ടാപ്പിങ് തൊഴിലാളി പി.പി. ഈസാന്റെയും ആസ്യയുടെയും മകനാണ് ഷെരീഫ്. ഭാര്യ ഷബ്‌ന. മകൻ ആദിൽ ഈസ.

മനുഷ്യരുടെ പുറംമോടി കണ്ട് അവരുടെ സംസ്‌കാരം വിലയിരുത്തപ്പെടുകയും ഇന്നത്തെ സമൂഹത്തിൽ അവർക്ക് സഹവസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെ കഥയാണ് കാന്തൻ ദ ലവർ ഓഫ് കളർ പറയുന്നത്. മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികൾ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാർ എന്നുവിളിക്കപ്പെടുന്ന ആദിവാസി-ദളിത് വിഭാഗങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായി മാത്രമാണ് താൻ ഈ സിനിമയെ നോക്കിക്കാണുന്നത് എന്നു ദയാബായി പറയുന്നു.

ഏതുകാലഘട്ടത്തിലും അരികുവൽക്കരിക്കപ്പെടുന്ന ജനതയുടെ ജീവിതവും പോരാട്ടവും കലാപരവും സൂഷ്മവുമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അതേപ്രാധാന്യം തന്നെയുണ്ട് ഈ ദളിത്-ആദിവാസി അതിജീവനകഥക്കും. അവർ അനുഭവിക്കുന്ന അവഹേളനം, അവകാശധ്വസംനം, ജനാധിപത്യസ്വത്വം എല്ലാം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കാന്തൻ. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. കർഷക ആത്മഹത്യകൾ, കപട പരിസ്ഥിതിവാദങ്ങൾ പ്രകൃതി ചൂഷണം, വരൾച്ച, ദാരിദ്രം, നാട്ടുഗദ്ദിക, കാക്കപ്പെലെ, തീണ്ടാരിക്കല്യാണം തുടങ്ങിയ ആചാരങ്ങൾ, പ്രണയം, പ്രതിരോധം, നിലനിൽപ്പിന്റെ രാഷ്ട്രീയം തുടങ്ങിയ ജീവിത സന്ധികളോടു സമരസപ്പെടുകയാണ് സിനിമ.

പ്രകൃതിയെ സ്‌നേഹിക്കുന്നവരെ പ്രകൃതി തിരിച്ചു സ്‌നേഹിക്കുന്നു എന്ന ആത്മബന്ധം നിറഞ്ഞുനിൽക്കുന്ന സിനിമയിൽ മനുഷ്യൻ പ്രകൃതിയോടുകാട്ടുന്ന ക്രൂരതകൾ കണ്ട് നെഞ്ചുപൊട്ടിപ്പോകുന്ന കാടിന്റെ മക്കൾക്ക് പ്രതിരോധത്തിന്റെ പുതിയൊരു മാർഗ്ഗം അന്വേഷിക്കുന്നു. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെടുന്ന കാന്തൻ എന്ന പത്തു വയസ്സുകാരൻ, അവനെ ആർജ്ജവമുള്ള ഒരു മനുഷ്യനായി വളർത്തിയെടുക്കുന്ന ഇത്ത്യാമ്മ, മറ്റു നിറങ്ങളോടുള്ള അവന്റെ പ്രണയവും കറുപ്പിനോടുള്ള അപകർഷതയും തിരിച്ചറിയുന്ന അവർ പ്രകൃതിയിൽ ലയിച്ചു ചേർന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിയെടുക്കുന്നു. വർഷാവർഷം കാളിന്ദി നദി കരകവിഞ്ഞ് അവരുടെ കുടിൽ നഷ്ടമാകുന്ന അവരുടെ അതിജീവനത്തിന്റെയും സിനിമ നമ്മെ യാഥാർത്ഥ്യത്തിലേക്കും എത്തിക്കുന്നു.

ഈ സിനിമ വരേണ്യ വർഗ്ഗവും ഭരണകൂടവും വലിച്ചെറിഞ്ഞ സാധാരണ മനുഷ്യരുടെ അസ്തിത്വങ്ങൾ കാലഹരണപ്പെടില്ല; അതുയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും ഇന്നല്ലെങ്കിൽ നാളെ എന്ന സന്ദേശമാണ് കാന്തൻ എന്ന സിനിമ. ഛായാഗ്രഹണം പ്രിയൻ, എഡിറ്റിങ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിൻ ബാലു, സൗണ്ട് എഫക്ട്‌സ് ഷിജു ബാലഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ അശോകൻ. കെ വി, അസിസ്റ്റന്റ്‌സ് മുരളീധരൻ ചവനപ്പുഴ, പ്രദീഷ് വരഡൂർ, അമൽ. വി എഫ് എക്‌സ് വിപിൻരാജ്. നെങ്ങറകോളനിയിലെ അടിയ വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം ചിന്നൻ, കുറുമാട്ടി, സുജയൻ, ആകാശ്, കരിയൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP