Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കള്ളൻ മധുവാണ്.. ഞങ്ങളാണ് കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നതെന്ന്' പറഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു; നാട്ടുകാരായ ഏഴു പേർ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് പൊലീസ് വാഹനത്തിൽ വെച്ച് മധുവിന്റെ മൊഴി; മൊഴി നൽകി അൽപ്പ സമയത്തിനകം കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ച് ഡോക്ടർ; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകത്തിലെ എഫ്‌ഐആറിന്റെ പകർപ്പ് മറുനാടന്

'കള്ളൻ മധുവാണ്.. ഞങ്ങളാണ് കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നതെന്ന്' പറഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു; നാട്ടുകാരായ ഏഴു പേർ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് പൊലീസ് വാഹനത്തിൽ വെച്ച് മധുവിന്റെ മൊഴി; മൊഴി നൽകി അൽപ്പ സമയത്തിനകം കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ച് ഡോക്ടർ; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകത്തിലെ എഫ്‌ഐആറിന്റെ പകർപ്പ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മധുവിനെ മർദ്ദിച്ചെന്ന വാർത്ത സ്ഥിരീകരിച്ച് മധുവിന്റെ മൊഴി പുറത്ത് വന്നു. പൊലീസ് എഫ്‌ഐആറിലാണ് നാട്ടുകാർക്കെതിരെ മധു മൊഴി നൽകിയിരിക്കുന്നത്. മരണത്തിന് തൊട്ടു മുൻപാണ് മൊഴി നൽകിയത്. തന്നെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാർ അടിക്കുകയും ചവിട്ടുകയും ചെയ്തു. കാട്ടിലായിരുന്ന തന്നെ നാട്ടുകാർ പിടിച്ച് കൊണ്ട് വരികയായിരുന്നു. മൊഴി പുറത്ത് വന്നതോടെ മധുവിനെ മർദ്ദിച്ച നാട്ടുകാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. തന്നെ ജീപ്പിൽ കയറ്റിയവരാണ് അടിക്കുകയും ചവിട്ടുകയും ചെയ്തതെന്ന മധു പൊലീസിന് മൊഴി നൽകിയിരുന്നു. മൊഴി നൽകി ഏറെക്കഴിയാതെയാണ് മധുവിന്റെ മരണം. അതേസമയം, മധുവിന്റെ പോസ്റ്റ്‌മോർട്ടം നാളത്തേക്കു മാറ്റി.

നാട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന് അട്ടപ്പാടിയിൽ മരിച്ച മധു മരിക്കുന്നതിന് മുൻപ് പൊലീസിന് മൊഴി നൽകി. ഏഴ് പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നും മധു മൊഴി നൽകിയിരുന്നു. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, ഉമ്മർ എന്നീ പേരുകളാണ് മധു പറഞ്ഞത്. ഇതിൽ ഹുസൈനും അബ്ദുൾ കരീമും പൊലീസിന്റെ കസ്റ്റഡിയിലാണ്. മരിക്കുന്നതിന് മുൻപ്തന്നെ എന്താണ് സംഭവിച്ചതെന്ന് മധു കൃത്യമായി പൊലീസിനോട് പറഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള എഫ്‌ഐആർ റിപ്പോർട്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊലപാതകം നടന്ന ദിവസം അഗളി സ്റ്റേഷനിലെ എഎസ്‌ഐ പ്രസാദ് വർക്കി തയ്യാറാക്കിയ റിപോർട്ടിലാണ് സിആർപിസി 174ാം വകുപ്പനുസരിച്ച് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അഗളി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിലെ പ്രധാന വിവരങ്ങൾ ഇങ്ങനെയാണ്. '3.30ഓടെ അവശനായ മധുവിനെ പൊലീസ് ജീപ്പിൽ കയറ്റി വൈദ്യപരിശോധനയ്ക്കായി അഗളി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ജീപ്പിൽ വച്ച് മധുവിനോട് ചോദിച്ചപ്പോൾ ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ കാട്ടിൽ നിന്നും തന്നെ പിടിച്ചതെന്നും കള്ളനെന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തതായി പറഞ്ഞു. എന്നെ ജീപ്പിൽ കയറ്റിയവരാണ് അടിക്കുകയും ചവിട്ടുകയും ചെയ്തതെന്നും പറഞ്ഞു. താവളം എന്ന സ്ഥലത്തെത്തിയപ്പോൾ മധു ഛർദ്ദിക്കണമെന്ന് പറയുകയും ജീപ്പ് നിർത്തുകയും ചെയ്തു. തുടർന്ന് ജീപ്പിൽ കയറി തളർന്ന് കിടന്ന മധുവുമായി 4.15ഓടെ അഗളി ഹെൽത്ത് സെന്ററിലെത്തി.

എന്നാൽ വണ്ടിയിൽ നിന്നും ഇറക്കുമ്പോൾ മധുവിന് ബോധമില്ലാതിരുന്നു. തുടർന്ന് മധുവിനെ താങ്ങിയെടുത്ത് ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചെന്നും അഗളി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ പറയുന്നു. ഇതേതുടർന്നാണ് അസ്വാഭാവിക മരണത്തിന് സിആർപിസി 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

എട്ടു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ ശനിയാഴ്ച ബിജെപിയും താലൂക്കിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനംചെയ്തു. മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി പട്ടികവർഗ കമ്മിഷനും സ്വമേധയാ കേസെടുത്തു. കല്കടറോടും എസ്‌പിയോടും റിപ്പോർട്ട് തേടി. അട്ടപ്പാടി കടുകമണ്ണ ഊരിലെ മധു പൊലീസ് വാഹനത്തിൽവച്ചാണ് മരിച്ചത്. ഹോട്ടലിൽ നിന്നു ഭക്ഷണം മോഷ്ടിച്ചുവന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മധുവിനെ മർദ്ദിച്ചശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു.

വധശ്രമത്തിനാണ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പോസ്റ്റിമോർട്ടം നാളത്തേക്ക് മാറ്റിയതായാണ് പുതിയ വിവരം. ഇന്നലെയാണ് അട്ടപ്പാടി മുക്കാളിയിൽ 27കാരനായ മധുവിനെ നാട്ടുകാർ അരി മോഷ്ടിച്ചുവെന്നാരോപിച്ച് മർദ്ദിച്ചത്. മധുവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മർദ്ദനത്തിൽ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അവശനായ മധുവിനെ പശ്ചാത്തലത്തിൽ നിർത്തി എടുത്ത സെൽഫികളും ഇക്കൂട്ടത്തിലുണ്ട്. ക്രൂര മർദ്ദനത്തിന് ശേഷം നാട്ടുകാർ മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലീസ് വാഹനത്തിൽ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേരളം ആകെ പ്രതിഷേധിക്കുകയാണ്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജീപ്പ് ഡ്രൈവർമാരും മർദ്ദനത്തിന് കൂട്ടുനിന്നു. ഇവരെല്ലാം കേസിൽ പ്രതികളാണ്.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മകൻ അനുഭവിച്ച വേദന കൊലപാതകികളും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസു ആവശ്യപ്പെട്ടു. അടുത്തിടെയാണ് സ്ഥലത്ത് നടന്ന ഒരു മോഷണത്തിൽ മധുവിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആൾകൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം.

കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിഞ്ഞിരുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മോഷണം തൊഴിലാക്കിയ ആളായിരുന്നില്ല മധു. നാട്ടിലെ മോഷണങ്ങൾ എല്ലാം ആരുടേയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചവരാണ് മധുവിനെ കുറ്റക്കാരനായി കാണാൻ ആഗ്രഹിച്ചതെന്നാണ് സൂചന.

അട്ടപ്പാടിയിലെ കുടിയേറ്റക്കാരാണ് ആക്രമത്തിന് നേതൃത്വം കൊടുത്തത്. ഇതിൽ പലരും മദ്യലഹരിയിലായിരുന്നു. കാട്ടിനുള്ളിൽ നിന്ന് പിടിച്ച മധുവിനെ അവിടെ വച്ചു തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കി. അതിന് ശേഷം സെൽഫി എടുക്കൽ. പിന്നെ കള്ളനെന്ന് പറഞ്ഞ് പൊലീസിന് കൈമാറൽ. ഇവിടെ സെൽഫിയെടുത്തയാണ് സംഭവത്തിലെ സത്യം പുറം ലോകത്ത് എത്തിച്ചത്. നാട്ടുകാരാണ് തല്ലിയതെന്നാണ് ആരോപണം. എന്നാൽ മൂന്നോ നാലോ പേർ മാത്രമാണ് കാടു കയറി മധുവിനെ പിടിച്ചതെന്നതാണ് വസ്തുത. സദാചാര കൊലയുടെ പുതിയ മോഡലാണ് അട്ടപ്പാടിയിലെ പുതിയ സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP