Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊരങ്ങിണി വനത്തിൽ മനുഷ്യജീവനുകൾ കത്തിയമരുമ്പോൾ മകന്റെ വാഴിക്കൽ ചടങ്ങുമായി പനീർശെൽവം; ദുരന്ത വ്യാപ്തി കൂടിയത് വിവരം അറിഞ്ഞിട്ടും ഉപമുഖ്യമന്ത്രിയെ താണുവണങ്ങി നിന്ന ഉദ്യോഗസ്ഥർ അനങ്ങിയില്ല; ഉണങ്ങിയ പുൽമേടുകളിൽ തീ അതിവേഗം പടർന്നപ്പോൾ കൊക്ക നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നത് ജീവൻ പണയംവച്ച്; വിവേകിനെ മരണം കൊണ്ടുപോയത് അറിയാതെ ആ ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കിയ ദിവ്യ; മീശപ്പുലിമലയിലെ ദുരന്തം അവശേഷിപ്പിക്കുന്ന കാഴ്ചകൾ

കൊരങ്ങിണി വനത്തിൽ മനുഷ്യജീവനുകൾ കത്തിയമരുമ്പോൾ മകന്റെ വാഴിക്കൽ ചടങ്ങുമായി പനീർശെൽവം; ദുരന്ത വ്യാപ്തി കൂടിയത് വിവരം അറിഞ്ഞിട്ടും ഉപമുഖ്യമന്ത്രിയെ താണുവണങ്ങി നിന്ന ഉദ്യോഗസ്ഥർ അനങ്ങിയില്ല; ഉണങ്ങിയ പുൽമേടുകളിൽ തീ അതിവേഗം പടർന്നപ്പോൾ കൊക്ക നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നത് ജീവൻ പണയംവച്ച്; വിവേകിനെ മരണം കൊണ്ടുപോയത് അറിയാതെ ആ ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കിയ ദിവ്യ; മീശപ്പുലിമലയിലെ ദുരന്തം അവശേഷിപ്പിക്കുന്ന കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തേനി: മീശപ്പുലിമലയുടെ താഴ്‌വരയിലുള്ള കൊരങ്ങിണി വനത്തിൽ കഴിഞ്ഞദിവസം ഉണ്ടായത് വൻ ദുരന്തമാണ്. ഏക്കറുകളോളം വനത്തിനും പുൽക്കാടിനും തീപിടിച്ചതോടെ അവിടെ ട്രക്കിംഗിന് ഇറങ്ങിയ വനിതകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം ആപത്തിൽപ്പെട്ടു. പ്രാണരക്ഷാർത്ഥം അവർ രക്ഷപ്പെട്ടോടി. ഇതിനിടെ വിവരം പുറംലോകത്ത് എത്തിക്കാനും സഹായം തേടാനും അവരിൽ ചിലർക്ക് കഴിഞ്ഞു. എന്നാൽ ഇതറിഞ്ഞിട്ടും തേനി ജില്ലയിലെ അധികാരികൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കുറേപ്പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനേ. ഇതുണ്ടായില്ല.

ദുരന്തമുണ്ടായതിന് വിളിപ്പാടകലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഓ പനീർ ശെൽവത്തിന്റെ മകനെ രാഷ്ട്രീയത്തിൽ വാഴിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോൾ. അതിനിടെ മന്ത്രിയുടെ ആജ്ഞകൾക്ക് കാതോർത്ത് താണുവണങ്ങി നിന്ന ഉദ്യോഗസ്ഥർ ഈ ദുരന്ത വിവരം അറിഞ്ഞിട്ടും ഉണർന്ന് പ്രവർത്തിച്ചില്ല. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും അവർക്ക് പരിമിതികൾ ഏറെയുണ്ടായിരുന്നു.

വെളിച്ചത്തിന്റെ ഉൾപ്പെടെ കുറവുണ്ടായതോടെ ആപത്തിൽ പെട്ടവരെ കണ്ടെത്തുന്നത് ദുഷ്‌കരമായി. എന്നാൽ ആസമയം അധികാരികൾ ഉണരുകയും പൊലീസും ഫയർഫോഴ്‌സും സേനാവിഭാഗവുമെല്ലാം ദുരന്ത ഭൂമിയിൽ എത്തുകയും ചെയ്തിരുന്നെങ്കിൽ അത് രക്ഷാപ്രവർത്തനത്തിന് വലിയ സഹായമാകുമായിരുന്നു. ഇപ്പോൾ പതിനൊന്നോളം മരണം രേഖപ്പെടുത്തിക്കഴിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ് നിരവധിപേർ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്.

തേനി ടൗണിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥിനെ രാഷ്ട്രീയ നേതാവായി വാഴിക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയാണ് ദുരന്ത വിവരം അവിടെ എത്തിയത്. ഈ വിവരം അറിഞ്ഞിട്ടും വാർത്ത ഭരണകൂടം കാര്യമാക്കാഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. 7,070 പാവപ്പെട്ടവർക്ക് ആട്, മാട്, കോഴി ഉൾപ്പെടെ ഉപഹാരങ്ങൾ നൽകുന്ന ചടങ്ങിൽ ആയിരങ്ങൾ തടിച്ചുകൂടിയതോടെ ക്രമസമാധാന നില തകരാതെ കാക്കാൻ ജില്ലാ പൊലീസ് മേധാവിയും കളക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും തേനിയിലെത്തിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം ജന്മദിനാചരണത്തോടനുബന്ധിച്ചാണ് 70 ന് പ്രാധാന്യം നൽകി 7,070 പേരെ ആനുകൂല്യത്തിന് തിരഞ്ഞെടുത്തത്.

വൈകിട്ട് അഞ്ച് മുതലായിരുന്നു മന്ത്രി പുത്രന്റെ 'കിരീടധാരണ' ചടങ്ങ്. ജയലളിത ജീവിച്ചിരുന്ന കാലത്ത് യുവജനവിഭാഗം നേതാവായിരുന്ന രവീന്ദ്രനാഥിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു. മന്ത്രിമാരായ ആർ.ബി. ഉദയകുമാർ, ദിണ്ഡുക്കൽ സി. ശ്രീനിവാസൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കൊരങ്ങിണി മലയിൽ ദുരന്തമുണ്ടായത്. ദുരന്തവാർത്ത താഴ്‌വരയിൽ എത്തിയതാകട്ടെ തേനിയിലെ ചടങ്ങ് നടക്കുന്ന അതേ സമയത്തും. എന്നാൽ ഈ സമയത്ത് ഉണർന്ന് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

പാതിവെന്ത ശരീരവുമായി ജീവനുവേണ്ടി പിടയുന്ന യുവതീ യുവാക്കൾ രക്ഷകർ എത്തിയപ്പോൾ ആദ്യം ചോദിച്ചത് കുടിവെള്ളമാണ്. എന്നാൽ മലമുകളിലേക്ക് പാഞ്ഞവർ കുടിവെള്ളമുൾപ്പെടെ ഒന്നും കരുതിയിരുന്നില്ല. വിവരം അറിഞ്ഞ് ആദ്യം രക്ഷാപ്രവർത്തകരായി എത്തിയതുകൊളുക്കുമലയിലെ തൊഴിലാളികളും സ്ഥലവാസിയായ കരസേന ഉദ്യോഗസ്ഥനുമായിരുന്നു. ഇവർ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. അത് ഇവരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് സംഭവത്തിന്റെ ഭീകരത ലോകം അറിഞ്ഞത്.

ഇതോടെ കൊരങ്ങിണിയുടെ താഴ്‌വരയിൽ നിന്ന് കൂടുതൽ ആളുകൾ കുടിവെള്ളവുമായി രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. 10 പേരെ ജീവനോടെ രക്ഷിച്ച് ആശുപത്രികളിൽ എത്തിച്ചത് നാട്ടുകാരാണ്. സ്ഥിതി ഇത്രയേറെ ഗുരുതരമാണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് കളക്ടർ, ജില്ല പൊലീസ് മേധാവി, ഡി.എഫ്.ഒ എന്നിവർ ഉണർന്നത്. എന്നിട്ടും രാത്രി 10ന് തേനിയിലെ ചടങ്ങ് അവസാനിക്കുന്നതുവരെ മന്ത്രിമാരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്താനോ കുടിവെള്ളം എത്തിക്കാനോ ആയിരുന്നെങ്കിൽ ഒരുപക്ഷേ, കൊരങ്ങിണിയിലെ ദുരന്തം ഇത്ര ഭീകരമാകുമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഉണങ്ങിയ പുൽമേടുകളും കൊക്കകളും ദുരന്ത വ്യാപ്തി കൂട്ടി

അപകടത്തിന് തീവ്രത കൂടാൻ കാരണം ഉണങ്ങിയ പുൽമേടും അതിനിടയിലെ കൊക്കയുമാണ് കൊളുക്കുമലയിൽനിന്ന് കുരങ്ങണിയിലേക്ക് കാൽനടയായിപ്പോയ 39 അംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽപ്പെട്ടത്. ശനിയാഴ്ച കൊളുക്കുമലയിലെത്തി താമസിച്ച ഇവർ ഞായറാഴ്ചയാണ് കുരങ്ങണിയിലേക്കു യാത്രതിരിച്ചു. വൈകീട്ട് മൂന്നിന് ട്രെക്കിങ് പാതയിലെ അടയാളസ്ഥലമായ ഒറ്റമരത്തിലെത്തി വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുതീയുണ്ടായത്. ഇതോടെ പരിഭ്രാന്തരായി ഓടിയ പലരും പുൽമേടിനിടയിലെ കുത്തനെയുള്ള കൊക്കയിലേക്ക് തലയിടിച്ചുവീണു. ചിലർ പാറയിടുക്കുകളിൽ കുടുങ്ങി. ഉണങ്ങിനിന്ന പുല്ലിൽ കാറ്റുവീശിയതോടെ വേഗത്തിൽ തീയാളി ഇവരുടെ ദേഹത്തേക്കു പടർന്നു. പലരും പൊള്ളലേറ്റ് വീണു.

ഇതിനിടെ സംഘത്തിലെതന്നെ ഒരാൾ വീട്ടിലേക്കു വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വൈകീട്ട് ആറരയോടെയാണ് രക്ഷാപ്രവർത്തനത്തിനുള്ള ആദ്യസംഘം സ്ഥലത്തെത്തിയത്. രാത്രി വ്യോമസേനയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ കമാൻഡോ ടീമിന്റെ രണ്ട് ഹെലികോപ്ടർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി. പുലർച്ചെ രണ്ട് ഹെലികോപ്ടറുകൾ കൂടിയെത്തിച്ച് തീ അണയ്ക്കാൻ വെള്ളമടിച്ചു. ഇതിനിടെ മരിച്ച എട്ടുപേരുടെ മൃതദേഹവും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ട്രോളിയിൽ ചുമന്ന് കുരങ്ങണിയിലെത്തിച്ചാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.

വനിതാദിനത്തിന് ആഘോഷത്തിന് ക്ഷണിച്ച് ട്രക്കിങ് ക്‌ളബ്

'വനിതാദിനാഘോഷം'. കൊളുക്കുമലയിലെ ഉയരത്തിലേക്കു കയറുമ്പോൾ ചെന്നൈ ട്രക്കിങ് ക്ലബ് അത്തരമൊരു ആഹ്വാനമാണ് നടത്തിയത്. എന്നാൽ അത്തരത്തിൽ പ്രകൃതിയുടെ നല്ല കാഴ്ചകൾ കാണാൻ കാടിന്റെ ഭംഗി ആസ്വദിച്ചുനടന്ന അവർക്ക് കൊളുക്കുമല കരുതിവെച്ചത് ഒരിക്കലും മറക്കാനാകാത്ത വേദന. ഫെബ്രുവരി ഏഴിനാണ് ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വെബ്സൈറ്റിലും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കൊളുക്കുമലയിലേക്ക് ട്രക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ വന്നത്. വനിതാദിനം സാഹസികമാക്കുക എന്നതായിരുന്നു ലക്ഷ്യം. പരമാവധി 20 പേർക്കായിരുന്നു രജിസ്ട്രേഷൻ സൗകര്യം; 1500 രൂപാ രജിസ്ട്രേഷൻ ഫീസും. ഇതോടെ കാടുകാണാനും നല്ലൊരു യാത്രയ്ക്കുമായി 39 പേർ ആണ് സന്നദ്ധരായി എത്തിയത്. 25 വനിതകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളും. ശനിയാഴ്ച തമിഴ്‌നാട്ടിലെ കൊരങ്ങിണിയിൽനിന്നു ചെങ്കുത്തായ മലമ്പാതകളിലൂടെ കൊളുക്കുമല വഴി സെൻട്രൽ സ്റ്റേഷനിലേക്ക്. മൂന്നുപേർ നടക്കാനാകാത്തതിനാൽ സൂര്യനെല്ലിയിലേക്കു തിരികെപ്പോയി.

കൊരങ്ങിണിയിൽനിന്നു വളഞ്ഞുപുളഞ്ഞുള്ള വഴികളിലൂടെയാണ് മുകളിലേക്കു കയറുന്നത്. എങ്ങോട്ടുതിരിഞ്ഞു നോക്കിയാലും അതിമനോഹരമായ കാഴ്ചകൾ. കാട്ടാനയും കാട്ടുപോത്തും മറ്റു വന്യമൃഗങ്ങളും ഉള്ളയിടം. സാഹസിക ട്രക്കിങ് നടത്തുന്നവർക്ക് ഏറെ പ്രിയപ്പെട്ടിടം. കുത്തനെയുള്ള ഇറക്കം, ചരൽപ്പാതകൾ. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാർ ടോപ് സ്റ്റേഷനിൽനിന്ന് റോപ്പ് വേ ലാൻഡ് ചെയ്തിരുന്നിടമാണ് സെൻട്രൽ സ്റ്റേഷൻ. കൊളുക്കുമല തേയില ഫാക്ടറിയുടെ സമീപം ശനിയാഴ്ച രാത്രി ടെന്റടിച്ചു കിടന്നെന്നാണു കരുതുന്നതെന്ന്, തിരച്ചിലിനു മേൽനോട്ടം വഹിച്ച മൂന്നാർ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്നു ട്രക്കിങ്ങിനെത്തിയ സഞ്ചാരികൾ ഞായറാഴ്ച നടന്നിറങ്ങി.

തീയിൽ കത്തിയമർന്ന് ഒറ്റമരം; ചിതറിയോടിവരെ വാരിപ്പുണർന്ന് കാട്ടുതീ

കൊരങ്ങിണി മലയിൽ സാഹസിക സഞ്ചാരത്തിനെത്തുന്നവർക്കു പ്രിയപ്പെട്ടതാണ് വലിയ കാട്ടുമരം നിൽക്കുന്നിടം. നിറയെ കുറ്റിക്കാടുകൾ മാത്രമുള്ള ഈ ഒറ്റമരത്തിനടുത്താണ് കൂടെയുള്ളവർക്കായി കാത്തുനിൽക്കുന്നത്. തിരികെയിറങ്ങുമ്പോൾ ഒറ്റമരത്തിനു സമീപം കാട്ടുതീ പടരുന്നതുകണ്ട് സഞ്ചാരികൾ പരിഭ്രാന്തരായി. അങ്ങോട്ടുമിങ്ങോട്ടും ഓടിയവർ രണ്ടായിപ്പിരിഞ്ഞു. അവിടെയുണ്ടായിരുന്ന ഗൈഡ് ചിലർക്കു വഴികാട്ടിയായി. തീക്കാറ്റിൽനിന്ന് ഓടിരക്ഷപ്പെട്ടവർ ചെന്നുവീണത് ചെങ്കുത്തായ പാറക്കൂട്ടത്തിലേക്ക്. കണ്ണിലേക്കുംമറ്റും കാറ്റടിച്ചു പുക കയറിയപ്പോൾ കാഴ്ചയില്ലാതെപോയതാകാം വീഴ്ചയ്ക്കു കാരണമെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു.

ഇതോടെ പലരേയും കാട്ടുതീ വിഴുങ്ങി. പരിക്കേറ്റ ചിലർ പാറക്കൂട്ടത്തിൽ പ്രാണരക്ഷാർഥം അഭയം തേടി. എന്നാൽ, ഇവിടേക്കടിച്ചുകയറിയ കാറ്റിൽ പുക നിറഞ്ഞതും തിരിച്ചടിയായി. രാവിലെ കണ്ടെത്തുമ്പോൾ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻപോലു മാകാത്തവിധം വികൃതമായി രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മലഞ്ചെരിവായതിനാൽ വാഹനങ്ങളെത്താത്തതും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. എന്നാൽ, അപകടത്തിൽപ്പെട്ടവരിൽ മിക്കവരും എൽ.ഇ.ഡി. ടോർച്ച് തെളിച്ചുനിന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായി. ഇവിടെ പലപ്പോഴും കാട്ടുതീ ഉണ്ടാകാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പരിചയസമ്പന്നരായ ഗൈഡുകൾ ഇവരെ പുറത്തെത്തിക്കുകയാണു പതിവെന്നും ഇവർ പറയുന്നു.

ജീവിതസഖാവായ കളിക്കൂട്ടുകാരൻ പോയതറിയാതെ ദിവ്യ

സ്‌കൂൾ കാലം മുതൽ കളിക്കൂട്ടുകാരായിരുന്ന വിവേകിനെ ദിവ്യ സ്വന്തമാക്കിയത് മൂന്നുമാസം മുമ്പാണ്. ഇത്തരമൊരു യാത്രയെപ്പറ്റി കേട്ടതോടെ ഇവരും ഇതിന് തയ്യാറായി. കൂട്ടുകാരോടൊപ്പം കൊളുക്കുമലയിലേക്ക് നടത്തിയ യാത്ര പക്ഷേ, വിവേകിന്റെ അന്ത്യയാത്രയായി. ദിവ്യയാകട്ടെ ശരീരത്തൽ 90 ശതമാനത്തോളം പൊള്ളലേറ്റ് പ്രാണനായി പിടയുന്നു.

ഈറോഡ് കവുണ്ടപ്പടി സ്വദേശികളും അയൽക്കാരുമായ വിവേകും ദിവ്യയും സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ട് സമുദായങ്ങളിൽ പെട്ടവരായിരുന്നതിനാൽ ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും എതിർത്തു. കടുത്ത പ്രണയത്തിനിടയിലും ഇരുവരും വിദ്യാഭ്യാസം മറന്നില്ല. നന്നായി പഠിച്ച് വിവേക് ദുബായിൽ ഓട്ടോമൊബൈൽ എൻജിനീയറായി. ദിവ്യ ബോഡിചെട്ടിപാളയം പി.കെ.ആർ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലക്ചററും. ഇരുവരും നല്ല നിലയിലെത്തിയതോടെ വീട്ടുകാരും അയഞ്ഞു. പ്രണയത്തിന് സന്തോഷത്തോടെ പച്ചക്കൊടി കാട്ടി. കഴിഞ്ഞ നവംബറിൽ ആർഭാടത്തോടെ വിവാഹവും നടന്നു.

മധുവിധുവിനിടയിൽ വിവേകാണ് സുഹൃത്തുക്കളുമൊത്ത് യാത്ര പ്ലാൻ ചെയ്തത്. കൊളുക്കുമലയിലേക്ക് ട്രെക്കിങ്ങിനാണ് പോയതെന്ന് വീട്ടുകാർക്കറിയില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ കൂട്ടുകാരുമൊത്തുള്ള യാത്രാ മുഹൂർത്തങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കളുമായി പങ്കുവെച്ചു. ഞായറാഴ്ച രാത്രി ബന്ധുവിന് കിട്ടിയ വാട്സാപ്പ് സന്ദേശത്തിൽ നിന്നാണ് ഇരുവരും അപകടത്തിൽപെട്ട വിവരം വീട്ടുകാർക്ക് ലഭിച്ചത്. കൂട്ടുകാരിയുടെ കൈപിടിച്ച് മല കയറിയ വിവേകിനെ ആർത്തിരമ്പി വന്ന തീനാളങ്ങൾ വിഴുങ്ങി.

എപ്പഴോ കൈവിട്ടുപോയ ദിവ്യ തീപ്പൊള്ളലേറ്റ് മണ്ണിൽ കിടന്നു. വിവേക് കൊളുക്കുമലയിൽ വച്ചുതന്നെ മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ദിവ്യ മധുര രാജാജി ഗവ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. എപ്പോഴെങ്കിലും ബോധം വരുമ്പോൾ അവൾ പ്രതീക്ഷയോടെ വിവേകിനെക്കുറിച്ച് ചോദിക്കുന്നു ഈറോഡ് സ്വദേശി രാജേന്ദ്രന്റെ മകളാണ് ഇവർ. ആശുപത്രി വരാന്തയിൽ മകൾ രക്ഷപ്പെടാൻ പ്രാർത്ഥിച്ച് അമ്മ ദവമണിയും. 'വിവേകിന്റെ ശവസംസ്‌കാരം നാളെ രാവിലെയാണ്. മോളെയത് അറിയിച്ചിട്ടില്ല. - വേദനയോടെ അവർ പറയുന്നത് ഇത്രമാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP