Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ മഹാസമുദ്രവും വിൽപ്പനയ്ക്ക്; കേരളത്തിലെ മൂന്നുലക്ഷം മൽസ്യത്തൊഴിലാളികൾ പട്ടിണിയിലാകും; വിദേശക്കപ്പലുകൾക്ക് ചാകര. പ്രതിവർഷം 30,213 കോടിയുടെ വിദേശനാണ്യം സർക്കാരിന് വേണ്ട

ആലപ്പുഴ : ഇന്ത്യയുടെ 5900 കിലോമീറ്റർ ദൈർഘ്യമുള്ള തീരവും 10 കോടിയോളം വരുന്ന കടലോര - ഉൾനാടൻ മൽസ്യത്തൊഴിലാളികളും വിൽപ്പനയ്ക്ക്. കച്ചവടം ഉറപ്പിക്കുന്നവർക്ക് 30,213 കോടി വിദേശനാണ്യം സൗജന്യം. വിഴിഞ്ഞം തുറമുഖത്തിനു പുറമേ ഇന്ത്യൻ സമുദ്രവും കുത്തകകൾക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കേരളത്തിലെ ട്രോളിങ് കാലാവധി ദീർഘിപ്പിച്ചും അമിതമായ നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചും മത്സ്യത്തൊഴിലാളികളെ കടലിൽനിന്നകറ്റിനിർത്തുമ്പോൾ ഇവയൊന്നും ബാധകമല്ലാത്ത വിദേശകപ്പലുകൾ നമ്മുടെ മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോകുന്ന അവസ്ഥയാണ്.

കേന്ദ്രസർക്കാർ മൂന്നുകമ്മീഷനുകളെയാണ് ഇന്ത്യൻ മൽസ്യമേഖല കുത്തകകൾക്ക് തീറെഴുതുന്ന നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ചത്. ഇതിൽ ആദ്യഘട്ടം യു പി എ സർക്കാർ 2013 -ൽ നിയോഗിച്ച ജ. മുരാരി കമ്മീഷൻ മൽസ്യമേഖലയെ പുനരുദ്ധരിക്കാൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പ്രതീക്ഷിച്ചതു കിട്ടാത്ത സർക്കാർ മുരാരിയെ തള്ളി ഡോ. മീനാകുമാരിയെ നിയോഗിച്ചു. എന്നാൽ മീനാകുമാരിയുടെ റിപ്പോർട്ട് ലക്ഷ്യത്തിലെത്തിയെങ്കിലും കൂടുതൽ കടുത്ത തീരുമാനങ്ങൾ ആവശ്യമായിരുന്ന സർക്കാർ വീണ്ടും സെയ്താറാവുവിനെ നിയോഗിച്ച് കടലിനെ പൂർണമായും വിദേശകുത്തകൾക്ക് വിൽക്കുകയാണ്.

മൽസ്യമേഖലയിലുള്ള സംഘടനകളുമായോ തൊഴിലാളികളുമായോ ചർച്ച ചെയ്യാതെ രൂപപ്പെടുത്തിയ അവസാനത്തെ രണ്ടു റിപ്പോർട്ടുകളും ഈ മേഖലയെ തീറെഴുതുകയായിരുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും മൽസ്യവിഭാഗം ഡപ്യൂട്ടി ഡയറക്ടറും ചേർന്നു തയ്യാറാക്കിയ റിപ്പോർട്ടിൽ മിഡ് വാട്ടർ പെലാജിക്് ട്രോളർ, ടൂണാ പെഴ്‌സൂണിങ്ങ്, സ്‌ക്യൂഡ് ജിഗ്ഗിംങ്ങ് അടക്കം ഏഴുതരം മൽസ്യബന്ധനം നടത്തുന്നതിന് ഉത്തരവ് നൽകാമെന്നാണ്. ഇതിനായി 2010 കപ്പലുകൾക്കും ട്രോളറുകൾക്കും അധികമായി അനുമതി നൽകാം. എന്നാൽ ഇന്ത്യൻ മൽസ്യ സമ്പത്ത് ചൂഷണം ചെയ്യാൻ പരമാവധി 270 യാനങ്ങൾക്കുകൂടി മാത്രമേ അനുവാദം നൽകാൻ പാടുള്ളുവെന്നാണ് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 910 യാനങ്ങൾക്ക് പുറമെയാണിത്. റിപ്പോർട്ടിൽ 12 നോട്ടിക്കൽ (22 കിലോമീറ്റർ ) മൈൽ ദൂരം വരെയുള്ള മൽസ്യബന്ധനം ആഴക്കടൽ മൽസ്യബന്ധനമായി പരിഗണിക്കപ്പെടും.

ഇതുപ്രകാരം വിദേശ കപ്പലുകൾക്കും ട്രോളറുകൾക്കും ഇന്ത്യൻ തീരമേഖലയിലെത്തി മൽസ്യബന്ധനം നടത്താമെന്നാണ്. ഇതു നടപ്പായാൽ ഇന്ത്യൻ തീരത്ത് പൊടിമീൻ പോലും ഉണ്ടാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല കാലാവധി തീർന്ന യാനങ്ങൾക്ക് മൽസ്യബന്ധനത്തിന് അഞ്ചുവർഷം കൂടി കരാർ പുതിക്കി നൽകുകയും വേണം. എന്നാൽ ഇന്ത്യൻ യാനങ്ങൾക്ക് 15 മീറ്റർ നീളത്തിലധികം ഉണ്ടെങ്കിൽ മാത്രമെ ആഴക്കടൽ മൽസ്യബന്ധനം പാടുള്ളു. മാത്രമല്ല മൽസ്യബന്ധനത്തിനുശേഷം യാനങ്ങൾ പരിശോധിക്കാൻ കോസ്റ്റ് ഗാർഡിനെ അനുവദിക്കുകയും വേണം.

എന്നാൽ ഈ നിബന്ധനകൾ വിദേശയാനങ്ങൾക്കില്ലെന്നുള്ളതാണ് റിപ്പോർട്ടിലെ കളി. മാത്രമല്ല രണ്ടാമതായി ഡോ. സെയ്താറാവു സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺ മുതൽ ജൂലൈ 31 വരെ മൽസ്യ ബന്ധനം പാടില്ലെന്നുള്ളതാണ്. മൽസ്യങ്ങളുടെ പ്രജനനകാലത്തുള്ള മീൻപിടുത്തം നേരത്തെ നിരോധിച്ച് ഉത്തരവായിരുന്നു. ഇത് 47 ദിവസമായിരുന്നു. എന്നാൽ സെയ്താ റാവു ട്രോളിങ് കാലാവധി 61 ദിവസമായി വർദ്ധിപ്പിക്കാനാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. ഇത് വിദേശയാനങ്ങൾക്ക് ബാധകമല്ലെന്നുള്ളതാണ് ഏറെ വിചിത്രമാകുന്നത്. കേരളത്തിലെ മൂന്നു ലക്ഷം മത്സ്യത്തൊഴിലാളികളാണ് ഇതുമൂലം പട്ടിണിയിലാകുന്നത്.

ഏതായാലും മലയോര മേഖലയെ തകർക്കുന്ന കസ്തൂരി രംഗനും ഗാഡ്ഗിലും നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയപ്പോൾ പടപ്പുറപ്പാട് നടത്തിയ രാഷ്ട്രീയക്കാരോ സംഘടനകളോ കടലിനെ തീറെഴുതുന്ന ഈ റിപ്പോർട്ടുകളെ എതിർക്കാതിരുന്നത് മൽസ്യമേഖലയോടുള്ള അവഗണനതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP