Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയക്കാർ ചെക്കു കേസുകളിൽ കുടുങ്ങുന്ന കാലത്ത് മാണി സി കാപ്പനെതിരെ ഉള്ളത് അഞ്ച് വണ്ടിചെക്ക് കേസുകൾ; നാല് കേസുകൾ നൽകിയത് ദിനേശ് മേനോൻ എന്നയാൾ; ആകെ ആസ്തി 16.70 കോടി രൂപയുടേത്; നാല് കോടി രൂപയുടെ കടബാധ്യതയും; 2016 മോഡൽ സ്വിഫ്റ്റ് കാറും 2019 മോഡൽ പുതിയ ഇന്നോവ ക്രിസ്റ്റയും അടക്കം രണ്ട് വാഹനങ്ങളും; ഭാര്യയുടെ ആസ്തി പത്തര കോടി രൂപ; പാലായിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ചില്ലറക്കാരനല്ല!

രാഷ്ട്രീയക്കാർ ചെക്കു കേസുകളിൽ കുടുങ്ങുന്ന കാലത്ത് മാണി സി കാപ്പനെതിരെ ഉള്ളത് അഞ്ച് വണ്ടിചെക്ക് കേസുകൾ; നാല് കേസുകൾ നൽകിയത് ദിനേശ് മേനോൻ എന്നയാൾ; ആകെ ആസ്തി 16.70 കോടി രൂപയുടേത്; നാല് കോടി രൂപയുടെ കടബാധ്യതയും; 2016 മോഡൽ സ്വിഫ്റ്റ് കാറും 2019 മോഡൽ പുതിയ ഇന്നോവ ക്രിസ്റ്റയും അടക്കം രണ്ട് വാഹനങ്ങളും; ഭാര്യയുടെ ആസ്തി പത്തര കോടി രൂപ; പാലായിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ചില്ലറക്കാരനല്ല!

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയായി വ്യവസായിയും എൻസിപി നേതാവുമായ മാണി സി കാപ്പനെയാണ് തെരഞ്ഞെടുത്തത്. ഇന്നലെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ വണ്ടിച്ചെക്കു കേസുകൾ ചർച്ചയാകുന്ന കാലത്ത് മാണി സി കാപ്പനെതിരെ ഉള്ളത് അഞ്ച് വണ്ടി ചെക്കു കേസുകളാണെന്നതും ശ്രദ്ധേയമായ കാര്യമായി. സത്യവാങ്മൂലത്തിലാണ് തനിക്കെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുകൾ ഉണ്ടെന്ന വിവരം കാപ്പൻ വെളിപ്പെടുത്തിയത്. അതേസമയം അദ്ദേഹത്തിന്റെ പേരിൽ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നതും ശ്രദ്ധേയമായി.

ഇതിൽ നാലുകേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ദിനേശ് മേനോൻ എന്നയാളാണ് നാല് കേസുകൾ നൽകിയിത്. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമുണ്ട്. ചെക്കു കേസുകൾ ഉണ്ടെങ്കിലും കോടീശ്വരനാണ് പാലയിലെ ഇടതു മുന്നണി സ്ഥാനാർത്ഥി. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നത്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകളും മറ്റുമായി 4.30 കോടി രൂപ മാണി സി കാപ്പനും ഭാര്യയ്ക്ക് 1.31 കോടി രൂപയും കടബാധ്യതയുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. മാണി സി കാപ്പന്റെ പേരിൽ രണ്ട് വാഹനങ്ങൾ സ്വന്തമായുണ്ട്. 2016 മോഡൽ സ്വിഫ്റ്റ് കാറിന് 6.1 ലക്ഷവും 2019 മോഡൽ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 22 ലക്ഷവും വിലമതിക്കുന്നു.

പ്രീഡിഗ്രിയാണ് സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത. സ്ഥാനാർത്ഥിയുടെ പേരിൽ വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ ഇപ്രകാരമാണ്; ആക്സിസ് ബാങ്ക് പാല -102791, ഫെഡറൽ ബാങ്ക് 173860, ഐ ഡി ബി ഐ കോട്ടയം 51821, സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ 50452, കിസ്‌കോ ബാങ്കിന്റെ പാലായിലെ മൂന്ന് അക്കൗണ്ടുകളിലായി 2413 രൂപ, 321രൂപ, 4361 രൂപയും നിക്ഷേപമുണ്ട്. ഫെഡറൽ ബാങ്കിന്റെ ഇലക്ഷൻ അക്കൗണ്ടിൽ 10000 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ 59436, കാനറ ബാങ്ക് ഉഴവൂർ ശാഖയിൽ 17920, കിസ്‌കോ ബാങ്ക് പാലായിൽ 1736. മാണി സി കാപ്പന്റെ കൈവശം 4.33 ലക്ഷം വിലമതിക്കുന്ന 120 ഗ്രാം സ്വർണ്ണവും ഭാര്യയുടെ കൈവശം 28.8 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വർണ്ണവുമുണ്ട്.

യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥി നിർണ്ണയം വൈകുമ്പോൾ പത്രിക നൽകി പ്രചാരണത്തിൽ മേൽകൈ നേടുകയാണ് ഇടതു മുന്നണി. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ മുതിർന്ന എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമെത്തിയാണ് മാണി സി കാപ്പൻ പത്രിക നൽകിയത്. ഓട്ടോ തൊഴിലാളികൾ പിരിച്ചു നൽകിയ തുകയാണ് കെട്ടിവെച്ചത്. നാലാംതവണയാണ് മാണി സി. കാപ്പൻ ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുന്നത്. ളാലം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഇ. ദിൽഷാദ് മുമ്പാകെ ശനിയാഴ്ച രാവിലെ 11-ന് രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

പാലയിൽ കെ എം മാണിയുടെ മുഖ്യരാഷ്ട്രീയ എതിരാളികളായിരുന്നു കാപ്പൻ കുടുംബം. എന്നാൽ, മാണിയില്ലാത്ത തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് കാപ്പൻ കുടുംബത്തിലെ മാണി സി കാപ്പന്റെ പ്രതീക്ഷ. കാപ്പൻ കുടുംബത്തിൽ നിന്ന് മാണിയുടെ ആദ്യ എതിരാളിയാകുന്നത് മാണി സി കാപ്പനല്ല, സഹോദരൻ ജോർജ് സി കാപ്പനാണ്.]

മാണിയും കാപ്പൻ കുടുംബവും ആദ്യം എതിർചേരിയിലായിരുന്നില്ല. മാണി സി കാപ്പന്റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെ ജൂനിയറായാണ് കെ എം മാണി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് കേസിൽ കെ എം മാണിയ്‌ക്കെതിരെ ചെറിയാൻ കാപ്പൻ സാക്ഷി പറഞ്ഞതോടെ ഇരുവരും തമ്മിൽ തെറ്റി. കാപ്പൻ കുടുംബവും മാണിയും രാഷ്ട്രീയമായി എതിർചേരിയിലായി. 1991ലാണ് ജോർജ് സി കാപ്പൻ മാണിയുടെ എതിർ സ്ഥാനാർത്ഥിയാകുന്നത്.

പാലായിൽ മാണിയെ തറപറ്റിക്കാമെന്ന ഉറച്ച പ്രതീക്ഷയോടെയായിരുന്നു ജോർജ് സി കാപ്പന്റെ കന്നിയങ്കം. രാജീവ് ഗാന്ധി വധത്തെ തുടർന്ന് അന്ന് രണ്ട് തവണയാണ് പോളിങ് നടന്നത്. രണ്ടാം തവണ വൻ തിരിച്ചടി ഉണ്ടായതെന്നും പതിനേഴായിരം വോട്ടുകൾക്കാണ് അന്ന് തോറ്റതെന്നും ജോർജ് സി കാപ്പൻ പറയുന്നു. കെ എം മാണിയില്ലാത്ത തെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി വോട്ട് ചോദിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP