Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഡിന്റെ വീതിക്കുറവും അമിത വേഗതയും അപകടകാരണമായി; ഭാര്യയും മകനും മകളും കൊച്ചുമകനും നഷ്ടപ്പെട്ട മാത്തുകുട്ടിയെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാർ; കൂട്ടപ്പായിയുടെ ജീവൻ കവർന്നത് ഓട്ടോ ഓടിച്ച് സമ്പാദിച്ച ടവേര; എലൈറ്റ് ഉണ്ടാക്കുന്ന മൂന്നാമത്തെ ദുരന്തം

റോഡിന്റെ വീതിക്കുറവും അമിത വേഗതയും അപകടകാരണമായി; ഭാര്യയും മകനും മകളും കൊച്ചുമകനും നഷ്ടപ്പെട്ട മാത്തുകുട്ടിയെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാർ; കൂട്ടപ്പായിയുടെ ജീവൻ കവർന്നത് ഓട്ടോ ഓടിച്ച് സമ്പാദിച്ച ടവേര; എലൈറ്റ് ഉണ്ടാക്കുന്ന മൂന്നാമത്തെ ദുരന്തം

കട്ടപ്പന: കട്ടപ്പന-തോപ്രാംകുടി സംസ്ഥാന പാതയിൽ ചെമ്പകപ്പാറയ്ക്കു സമീപം പുഷ്പഗിരിയിൽ ടവേരയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു വീട്ടിലെ നാലു പേരുൾപ്പെടെ അഞ്ചു പേർ മരിച്ചതിന് കാരണം റോഡിന്റെ വീതിക്കുറവും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഗർഭിണിയും ഒന്നരവയസുള്ള കുട്ടിയുമുണ്ട്. ആറുപേർക്കു പരിക്കേറ്റു. 11 പേരാണ് ടവേരയിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പിൽ മാത്യുവിന്റെ (റേഷൻ വ്യാപാരി) ഭാര്യ അച്ചാമ്മ (70), മകൻ ഷാജു (46), മകൾ ജയിൻ (34), ഷാജുവിന്റെ മകൻ ഇവാൻ (ഒന്നര), ഡ്രൈവർ മണ്ണാറക്കയം നെടുംപ്ലാക്കൽ കുഞ്ഞുമോന്റെ മകൻ ടിജോ (26) എന്നിവരാണു മരിച്ചത്. നാലു പേർ സംഭവസ്ഥലത്തും ഒന്നര വയസുള്ള ഇവാൻ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയുമാണു മരിച്ചത്. ജയിൻ ഗർഭിണിയാണ്. ഷാജുവിന്റെ ഭാര്യ റിൻസി (37), ഇവരുടെ മക്കളായ കെവിൻ (ഏഴ്), കെൽവിൻ (മൂന്നര), ക്രിസ്റ്റോ (10), ജയിനിന്റെ മകൾ സെറാ (ഏഴ്), ഷാജുവിന്റെ സഹോദരൻ ബിജു മാത്യു (40) എന്നിവർക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ നമ്പ്യാംപറമ്പിൽ അഡ്വ. മനോജാണ് ജയിനിന്റെ ഭർത്താവ്. കെൽവിന്റെ കൈക്കും കെവിന്റെ തലയ്ക്കുമാണു പരിക്ക്.

പുഷ്പഗിരി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. കട്ടപ്പനയിൽനിന്നും 2.20നു തോപ്രാംകുടിക്കു പുറപ്പെട്ട സ്വകാര്യബസും മുരിക്കാശേരിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ടവേരയും തമ്മിലാണ് ഇടിച്ചത്. ബസ് ഓട്ടോറിക്ഷയെ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നു പറയുന്നു. ഇടിയുടെ ആഘാതത്തിൽ ടവേര പുർണമായും തകർന്നു. നാട്ടുകാരും ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്നാണ് ടവേരയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഡ്രൈവർ ടിജോയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മാത്തുക്കുട്ടിയെ സമാധാനിക്കാനാവാതെ നാട്ടുകാർ

ഭാര്യയും മകനും മകളും കൊച്ചുമകനും നഷ്ടപ്പെട്ട കൊച്ചുപറമ്പിൽ മാത്തുക്കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു നാട്ടുകാർക്ക്. എല്ലാം നഷ്ടപ്പെട്ട ദുഃഖത്തിലാണ് മാത്തുക്കുട്ടി.

മരിച്ച ഷാജു ഹൈറേഞ്ചിൽ ഉൾപ്പെടെ കൃഷിയുമായി കഴിയുകയായിരുന്നു. ആഴ്ചയിലൊരിക്കൽ മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂ. എത്തുമ്പോഴെല്ലാം സൗഹൃദകൂട്ടായ്മകളിലെല്ലാം സജീവമായിട്ടുണ്ടായിരുന്നു. എപ്പോഴും കളിചിരികളും കുസൃതികളുമായി അയൽവാസികൾക്കും പ്രിയങ്കരനായിരുന്ന ഒന്നരവയസ്സുകാരൻ ഇവാൻ ഇനി മടങ്ങിയെത്തില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല. സ്‌നേഹവും സന്തോഷവും കളിചിരികളും നിറഞ്ഞുനിന്ന കൊച്ചുപറമ്പിൽ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ഉള്ളുലഞ്ഞ മുഖങ്ങൾ മാത്രമാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ. മരിച്ച ഷൈജുവിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം റേഷൻ കടയുണ്ട്.

ഞെട്ടൽ മാറാതെ സജി

മുന്നിൽക്കണ്ട അപകടത്തിന്റെ ഞെട്ടലിൽനിന്നു സജി ഇനിയും മുക്തനായിട്ടില്ല. അമിതവേഗത്തിൽവന്ന ബസ് സജിയുടെ ഓട്ടോയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എതിർവശത്തുകൂടി വന്ന ബസ് കണ്ടതും വാൻഡ്രൈവർ ടിജോ വാഹനം ഒതുക്കിനിർത്തി. ലൈറ്റ് ഓൺചെയ്ത് അപകടമുന്നറിയിപ്പ് നൽകുകയുംചെയ്തു. എങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽപ്പെട്ട എലൈറ്റ് ബസ് അടുകാലത്തുണ്ടാക്കുന്ന മൂന്നാമത്തെ അപകടമാണിത്. കട്ടപ്പന നരിയംപാറയിൽ സ്‌കൂട്ടർയാത്രക്കാരനും വെള്ളയാംകുടിയിൽ ബൈക്ക് യാത്രികനായ സ്‌കൂൾവിദ്യാർത്ഥിയും ഇതേബസ്സിടിച്ചു മരിച്ചിരുന്നു.

നാട്ടുകാരുടെ പ്രിയങ്കരൻ ടിജോ

അപകടത്തിൽ മരിച്ച കുഞ്ഞുമോന്മോളി ദമ്പതിമാരുടെ മകൻ ടിജോയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ടിജോ, നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടാപ്പിയായിരുന്നു. ചെറുപ്പംമുതലേ വാഹനങ്ങളോട് വല്ലാത്ത പ്രിയമായിരുന്നു ടിജോയ്ക്ക്. അതുകൊണ്ടുതന്നെ പഠനത്തിന് ശേഷം മണ്ണാർക്കയം ബ്ലോക്ക് പടിയിൽ ഓട്ടോറിക്ഷ ഓടിച്ച് തുടങ്ങി. പിന്നീട് വലിയ വാഹനങ്ങളോടായി പ്രിയം. സ്വന്തമായിട്ടൊരു വാഹനമെന്നത് സ്വപനമായിരുന്നു.

മൂന്ന് മാസം മുമ്പാണ് ടിജോ അപകടത്തിൽപ്പെട്ട വാഹനം എടുക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് വാൻ വാങ്ങിയത്. വാൻ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കുടുംബത്തിന്റെ പ്രധാന വരുമാനവുമായിരുന്നു. അച്ഛൻ കുഞ്ഞുമോൻ ബേക്കറി ജീവനക്കാരനാണ്. നാട്ടുകാരുടെ ഏതാവശ്യത്തിനും കുട്ടാപ്പി ഓടിയെത്തുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP