Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ്19 തകർത്തെറിഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ; സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കണം എന്നറിയാതെ സംസ്ഥാനങ്ങൾ; ദൈനംദിന ചെലവിന്പോലും പണം കണ്ടെത്താനാകുന്നില്ല; ശമ്പളം കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ മാത്രം; ജീവനക്കാരുടെ ശമ്പളത്തിൽ കൈ വെക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും ഭയം

കൊവിഡ്19 തകർത്തെറിഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ; സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കണം എന്നറിയാതെ സംസ്ഥാനങ്ങൾ; ദൈനംദിന ചെലവിന്പോലും പണം കണ്ടെത്താനാകുന്നില്ല; ശമ്പളം കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ മാത്രം; ജീവനക്കാരുടെ ശമ്പളത്തിൽ കൈ വെക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും ഭയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ്19നെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കണം എന്നറിയാതെ ഇന്ത്യൻ സംസ്ഥാനങ്ങൾ. ദീർഘകാല പദ്ധതികൾ പോയിട്ട് നിലവിലെ ദൈനംദിന ചെലവ്ക്കുള്ള പണം കണ്ടെത്തുന്ന കാര്യത്തിൽ പോലും പല സംസ്ഥാനങ്ങൾക്കും കൃത്യമായ പദ്ധതിയില്ല. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തീരുമാനിച്ചെങ്കിലും അതിലും പ്രതിഷേധം ശക്തമാകുകയാണ്. ജനങ്ങളെ പിണക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത് രാഷ്ട്രീയമായി തങ്ങൾക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ജീവനക്കാരുടെ ശമ്പളത്തിൽ കൈ വെക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.

കേരളമടക്കം 5 സംസ്ഥാനങ്ങൾ മാത്രമാണ് കോവിഡ് പശ്ചാത്തലത്തിൽ ശമ്പളം കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. കേരളത്തെക്കാൾ മുൻപു പ്രഖ്യാപനം നടത്തിയ പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഇളവുകൾ വരുത്തുകയും ചെയ്തു. ആന്ധ്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ നിയമനം ലഭിച്ചവർ എന്നിവരുടെ ശമ്പളം 100 ശതമാനവും ഉദ്യോഗസ്ഥരുടേതു റാങ്ക് പ്രകാരം 10 – 70 ശതമാനവും കുറയ്ക്കാൻ തീരുമാനമെടുത്തിരുന്നു.

ആന്ധ്രയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60 % കുറച്ചു. മറ്റുള്ളവർക്ക് 50%. ക്ലാസ് ഫോറിന് 10 % കുറവു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ വിഭാഗത്തിലെ കരാർ ജീവനക്കാർക്കു മാത്രമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നൽകി. തെലങ്കാനയിൽ മന്ത്രിമാരും പഞ്ചായത്ത് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും 75 % ശമ്പളം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ 60 % ശമ്പളം സംഭാവന നൽകണം. പെൻഷൻകാർ ഉൾപ്പെടെ ബാക്കിയുള്ളവർ 50 ശതമാനവും. എന്നാൽ പ്രതിഷേധം ശക്തമായതോടെ തൽക്കാലം ഈ മാസത്തെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം വൈകിക്കുന്നതായി സർക്കാർ വിശദീകരണമിറക്കി. കുറയ്ക്കുന്ന ശമ്പളം ആരോഗ്യമേഖലയിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുമെന്നും പറഞ്ഞു.

ഒഡീഷയിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, കോർപറേഷൻ ചെയർമാന്മാർ, തദ്ദേശഭരണ പ്രതിനിധികൾ എന്നിവരുടെ ശമ്പളം 70% കുറയ്ക്കും. ബാക്കിയുള്ളവരുടെ ശമ്പളത്തിൽ ഗ്രേഡ് അനുസരിച്ച് 30 – 50 % കുറവുണ്ട്. പ്രതിഷേധമുയർന്നതോടെ, വെട്ടിക്കുറയ്ക്കലല്ല വൈകിക്കൽ മാത്രമാണെന്നും അടുത്ത മാസം മുതൽ ഗഡുക്കളായി നൽകുമെന്നുമാണു പ്രഖ്യാപനം. രാജസ്ഥാനിൽ നഴ്സുമാർ, പൊലീസ്, പാരാമെഡിക്കൽ വിഭാഗം എന്നിവർ ഒഴികെയുള്ളവരുടെ ശമ്പളം 30 % കുറച്ചു. ഗവ. ഡോക്ടർമാരുടെ ശമ്പളം 50 % കുറയ്ക്കും.

മഹാരാഷ്ട്രയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മാർച്ച് 31നു ധനമന്ത്രി അജിത് പവാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു തീരുമാനം മാറ്റി. ശമ്പളം 2 ഗഡുക്കളായി നൽകുമെന്നു പുതിയ ഉത്തരവും ഇറക്കി. മുഖ്യമന്ത്രിയടക്കം എല്ലാ ജനപ്രതിനിധികളുടെയും ശമ്പളം 60 % ശമ്പളം കുറയ്ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഗ്രേഡ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും ഗ്രേഡ് സിയിൽ 25 ശതമാനവും കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഹിമാചൽപ്രദേശിലെ മന്ത്രിമാർ, എംഎൽഎമാർ, ബോർഡ് ചെയർമാന്മാർ, വൈസ് ചെയർമാന്മാർ എന്നിവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു മാറ്റി. അതേസമയം, ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമായില്ല.

പഞ്ചാബിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ മാത്രമാണ് 30 % ശമ്പളം കുറയ്ക്കാൻ സമ്മതിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ഗവർണറും 30 % ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകി. കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഒരു വർഷത്തെ ശമ്പളം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചില മന്ത്രിമാരും എംഎൽഎമാരും ഒരു വർഷത്തേക്ക് 30 % ശമ്പളം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് തമിഴ്‌നാട് ഒരുമാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിഹാർ, യുപി എന്നീ സംസ്ഥാനങ്ങൾ ശമ്പളമോ പെൻഷനോ വെട്ടിക്കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പളം പിടിക്കുന്നതും വെട്ടിക്കുറയ്ക്കുന്നതും തത്കാല പരിഹാരം മാത്രമാണ് എന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രാജ്യത്തെ സാമ്പത്തിക രം​ഗത്ത് ഏൽപ്പിച്ച ആഘാതം പരിഹരിക്കുന്നതിന് സമ​ഗ്രമായ പദ്ധതികൾ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങണം എന്നാണ് വിദ​ഗ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP