Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാർ കാൻസർ സെന്ററിന്റെ പേരിൽ ലാവലിൻ കേരളത്തെ പറ്റിച്ചതിൽ നിന്നും പിണറായി ഒന്നും പഠിച്ചില്ലേ? കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൺസൽട്ടൻസി സേവനം ഏൽപ്പിച്ചിരിക്കുന്നത് നെതർലാൻഡ് ആസ്ഥാനമായ വിവാദ കമ്പനിയെ; ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും കെപിഎംജി കമ്പനിയുടെ പ്രോജക്ടുകളിൽ അഴിമതി ആരോപണങ്ങൾ അനവധി;  സൗജന്യ സേവനത്തിനായി രംഗത്തെത്തുമ്പോഴും സംശയങ്ങൾ ഒട്ടേറെ ബാക്കി

മലബാർ കാൻസർ സെന്ററിന്റെ പേരിൽ ലാവലിൻ കേരളത്തെ പറ്റിച്ചതിൽ നിന്നും പിണറായി ഒന്നും പഠിച്ചില്ലേ? കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൺസൽട്ടൻസി സേവനം ഏൽപ്പിച്ചിരിക്കുന്നത് നെതർലാൻഡ് ആസ്ഥാനമായ വിവാദ കമ്പനിയെ; ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും കെപിഎംജി കമ്പനിയുടെ പ്രോജക്ടുകളിൽ അഴിമതി ആരോപണങ്ങൾ അനവധി;  സൗജന്യ സേവനത്തിനായി രംഗത്തെത്തുമ്പോഴും സംശയങ്ങൾ ഒട്ടേറെ ബാക്കി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പന്നിയാർ- ചെങ്കുളം പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി കനഡയിൽപോയി എസ്എൻസി ലാവലിൽ കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ പൊല്ലാപ്പുകളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും പഠിച്ചില്ലേ? പിണറായി യാതൊരു സാമ്പത്തിക നേട്ടവും ഈ കരാറിൽ ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ തന്നെ കണ്ടെത്തുമ്പോളും ലോകത്തിലെ പലരാജ്യങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ലാവലിനെ കേരളത്തിൽ കൊണ്ടുവന്നത് ഒരു വീഴ്‌ച്ചയായി പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി കൂടിയായി ഈ കേസ്. ലാവലിനുമായി കരാർ ഒപ്പിട്ടത് കാർത്തികേയൻ മന്ത്രിയായ കാലത്ത് ആണെങ്കിലും സിഐജി റിപ്പോർട്ട് വന്നതോടെ ക്രൂശിക്കപ്പെട്ടത് സപ്ലൈ കരാർ ഒപ്പിട്ട അന്നത്തെ വൈദ്യുതി മന്ത്രിയായ പിണറായി വിജയനാണ്.

374 കോടി രൂപയുടെ നഷ്ടം ലാവലിൻ ഇടപാടുവഴി കേരളത്തിന് ഉണ്ടായെന്നും കരാറിന്റെ അനുബന്ധമായി ഉണ്ടാക്കിയ മലബാർ കാൻസർ സെന്റിനുള്ള ധനസഹായം കിട്ടിയിട്ടില്ലെന്നതും സിഐജി കണ്ടെത്തിയിരുന്നു. സിഐജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പലതും പെരുപ്പിച്ചതും പൊള്ളയാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ അപ്പോഴും മലബാർ കാൻസർ സെന്ററിന് ലാവലിന് ഗ്രാന്റായി കിട്ടേണ്ട 98.30 കോടിയിൽ 12 കോടിയോളം കിട്ടിയിരുന്നില്ല എന്നത് വസ്തുതായിരുന്നു. എന്നാൽ കൺസൾട്ടൻസി ഫീസായി 21.26 കോടിയും സാധനങ്ങളുടെ വിലയായി 163.84 കോടിയും ലാവലിന് നൽകിയിട്ടുമുണ്ട്. ലാവലിൻ കേരളത്തെ ചതിച്ചുവെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്.

ചതിച്ചത് ലാവലിനാണെങ്കിലും അടികിട്ടിയത് പിണറായി വിജയനായിരുന്നു. പിണറായി 374 കോടിയുടെ അഴിമതി നടത്തി എന്നൊക്കെയായിരുന്നു അന്ന് ഉയർന്ന വാദം. വിദേശ കമ്പനികളെ കൺസൾട്ടൻസിയായി കൊണ്ടുവരുന്നതിൽ ബാലാനന്ദനടക്കമുള്ള സിപിഎം നേതക്കളുടെ വിമർനെവും ഉണ്ടായിരുന്നു. ഈ ലാവലിൻ ഇടപാട് അഴിമതി കേസായി സുപ്രീംകോടതിയിൽ നിൽക്കുന്നുണ്ട്. ഇത്തരത്തിൽ സമാനമായ ഒരു കുരുക്കിലേക്കാണോ പിണറായി വിജയൻ വീണ്ടും നീങ്ങുന്നത്? അത്തരം സൂചനകളാണ് പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വിദേശ രാജ്യങ്ങളിൽ നിരവധി തവണ വിമർശിക്കപ്പെട്ട കെപിഎംജി എന്ന നെതർലാൻഡ് കമ്പനിയാണ് കേരള പുനർനിർമ്മാണത്തിന് കൺസൾട്ടെന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ സൗജന്യമായാണ് സേവനം നടത്തുന്നതെന്നാണ് പറയുന്നത്. എന്നാൽ കെപിഎംജി എന്ന കമ്പനിയെ കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുമ്പോൾ ഇതേതാണ് കമ്പനി എന്ന ചോദ്യം പലരും ഉയർത്തിരുന്നു.

പക്ഷേ, ലാവലിൽ മലബാർ കാൻസർ സെന്ററിന് സഹായം താരമെന്ന് പറഞ്ഞ് പറ്റിച്ചതു പോലുള്ള ഒരു പദ്ധതിയായി ഇത് മാറുമെന്നാണ് ഇടതു വിമർശകർ പറയുന്നത്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്ൾ ഈ വിഷയം സോഷ്യൽ മീഡിയയിൽ സജീവമായി ഉയർത്തുന്നുണ്ട്. അവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം, ലാവലിനെപ്പോലെ തന്നെയാണ് ഈ കമ്പനിയും പ്രവർത്തിക്കുന്നത് എന്നാണ്. കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളിൽ മൂന്നാം ലോകരാജ്യങ്ങളെ സഹായിച്ചാൽ വൻ നികുതി ഇളവുണ്ട്. ഇതിന്റെ മറവിലാണ് ലാവലിൻ കമ്പനി പണം സമാഹരിച്ച് തരാമെന്ന് ഏറ്റത്. അതുപോലെ തന്നെ കെപിഎംജിയും നെതർലാൻഡിൽനിന്ന് വ്യാപകമായ ധനസമാഹരം നടത്താൻ ഇടയുണ്ടെന്നും അവസാനം കേരള സർക്കാർ പ്രതിക്കൂട്ടിലാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചർച്ചകൾ കാര്യമായി തന്നെ സൈബർ ലോകത്തു നടക്കുന്നുണ്ട്. സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നവരുടെ ലക്ഷ്യം എന്താകും എന്ന ചോദ്യമാണ് ഇതിൽ പ്രസക്തം.

ലോകത്തിലെ നാല് പ്രധാന ഓഡിറ്റർ കമ്പനികളിലൊന്നായാണ് കെപിഎംജി അറിയപ്പെടുന്നത്. ഓഡിറ്റിങ്ങിനോടൊപ്പം കൺസൽട്ടൻസി സേവനങ്ങളും ഈ കമ്പനി നൽകുന്നു. 1987ൽ നിലവിൽവന്ന കെപിഎംജിയിൽ 1,89,000 ജീവനക്കാർ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഓഡിറ്റിങ് ആണ് കെപിഎംജി പ്രധാനമായും നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് കെപിഎംജിയുടെ പ്രവർത്തനങ്ങൾക്കെതിരെ ആരോപണമുണ്ടായിട്ടുണ്ട്.  ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്.

ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോർട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതുമൂലം പല രീതിയിലുള്ള അന്വേഷണങ്ങൾ നേരിടുന്ന കമ്പനിയാണ് കെ പി എം ജി. ഓഡിറ്റിങിൽ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളിൽ പ്രതിസ്ഥാനത്ത് നിർത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവർത്തനങ്ങൾ അന്വേഷണങ്ങളിലേക്ക് നയിച്ചത്.

ബ്രിട്ടനിലെ കാരിലിയോൺ എന്ന പിന്നീട് ഇല്ലാതായ നിർമ്മാണ കമ്പനിക്ക് അനുകൂലമായ ഓഡിറ്റ് റിപ്പോർട്ട് നൽകിയതാണ് കെ പി എം ജിയെ വിവാദത്തിലാക്കിയത്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറച്ചുവെച്ചുകൊണ്ട് ആ സ്ഥാപനത്തിന് അനുകൂലമായ ഓഡിറ്റ് റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നടന്ന പാർലമെന്ററി അന്വേഷണറിപ്പോർട്ടിൽ നിശിതമായ വിമർശനമാണ് കെ പി എം ജിക്കെതിരെ ഉന്നയിച്ചത്. 19 വർഷമാണ് കെ പി എം ജി ഈ കമ്പനിയുടെ ഓഡിറ്റിങ് നടത്തിയത്. കമ്പനിയുടെ സാമ്പത്തികാവസ്ഥ ബോധപൂർവം മറച്ചുവെച്ചു എന്നാണ് ആരോപണം.

ദക്ഷിണാഫ്രിക്കയിലെ ബിസിനസ് സമ്രാട്ടായ ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടാണ് കെ പി എം ജി അന്വേഷണം നേരിടുന്നത്. 2003ൽ കെപിഎംജിയുടെ അമേരിക്കൻ സ്ഥാപനമായ കെപിഎംജി എൽഎൽപിയെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരിൽ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കൾക്ക് നികുതി വെട്ടിപ്പിന് അവസരം നൽകിയെന്നായിരുന്നു കേസ്. ഇതേതുടർന്ന് 456 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കെ പി എം ജി അവസാനിപ്പിക്കുകയായിരുന്നു.

ഇത്തരം ഒരു കമ്പനി കൺസൾട്ടൻസിയായി കേരളത്തിൽ ഒന്നും കാണാതെ സൗജന്യമായി വരുമോയെന്നാണ് പ്രധാധമായും ഉയരുന്ന ചോദ്യം. അതേസമയം ലോബീയിങ്ങ് നിമയപരമായി അനുവദിക്കപ്പെട്ട രാജ്യങ്ങളിലുണ്ടായ ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടുകയാണെന്നും സൗജന്യമായി സഹായിക്കാൻ ഒരു ടീം വരുമ്പോൾ തട്ടിമാറ്റരുതെന്നും അഭിപ്രായമുള്ളവർ ഉണ്ട്.ഇടത് സർക്കിളിൽ ഇക്കാര്യവും സജീവ ചർച്ചയാണ്. എന്തായാലും വരും ദിവസങ്ങളിൽ ഈ വിവാദം കത്തുമെന്ന് ഉറപ്പാണ്.

കേരളത്തെ പുനരുദ്ധരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ദേശശുദ്ധിയിൽ അധികമാർക്കും സംശയമില്ല. എന്നാൽ, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെയും ഉപദേശകരെയും വിശ്വാസമില്ലെന്നാണ് പരലും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും മോശം ട്രാക് റെക്കോർഡ് ഉള്ള ഒരു കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചതിന്റെ സാഹചര്യമെന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഭാവിയിൽ പിണറായിക്കെതിരായ ആരോപണമായി ഇത് മാറുമെന്ന സംശയങ്ങളാണ് എങ്ങും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP