Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മമ്മൂട്ടിയും മോഹൻലാലും അടക്കം സർവ്വ താരങ്ങളേയും ഒരു കൂടക്കീഴിലാക്കി അധിപത്യത്തിന് മഴവിൽ മനോരമ ശ്രമിച്ചു; സാക്ഷാൽ എ ആർ റഹ്മാനെ തന്നെ രംഗത്തിറക്കി മനോരമയുടെ മികവ് മറികടക്കാൻ ശ്രമിച്ച് ഫ്‌ളവേഴ്‌സും; റേറ്റിങ് മികവിൽ മുന്നിലെത്തിയതിന് പിന്നാലെ താര പരിപാടിയിലും മുന്നേറി ഫ്‌ളവേഴ്‌സ് ചാനൽ; മനോരമ കടുംബത്തിന്റെ നൂറ്റാണ്ടിന്റെ പാരമ്പര്യങ്ങളെ ഒരു മുൻ ജീവനക്കാരൻ അട്ടിമറിക്കുന്നത് ഇങ്ങനെ

മമ്മൂട്ടിയും മോഹൻലാലും അടക്കം സർവ്വ താരങ്ങളേയും ഒരു കൂടക്കീഴിലാക്കി അധിപത്യത്തിന് മഴവിൽ മനോരമ ശ്രമിച്ചു; സാക്ഷാൽ എ ആർ റഹ്മാനെ തന്നെ രംഗത്തിറക്കി മനോരമയുടെ മികവ് മറികടക്കാൻ ശ്രമിച്ച് ഫ്‌ളവേഴ്‌സും; റേറ്റിങ് മികവിൽ മുന്നിലെത്തിയതിന് പിന്നാലെ താര പരിപാടിയിലും മുന്നേറി ഫ്‌ളവേഴ്‌സ് ചാനൽ; മനോരമ കടുംബത്തിന്റെ നൂറ്റാണ്ടിന്റെ പാരമ്പര്യങ്ങളെ ഒരു മുൻ ജീവനക്കാരൻ അട്ടിമറിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആകാശവാണിയിലായിരുന്നു തുടക്കം. ദൂരദർശനിലൂടെ ഏഷ്യാനെറ്റിലെത്തി. നമ്മൾ തമ്മിലുമായി മലയാളി കുടുംബങ്ങളിലെ സജീവ സാന്നിധ്യമായി. ഏഷ്യാനെറ്റിൽ നിന്ന് മഴവിൽ മനോരമയിലേക്കായിരുന്നു കൂടുമാറ്റം. മഴവില്ലിന് പുതയ തലം നൽകി പരിപാടികൾ ചർച്ചയാക്കിയത് ശ്രീകണ്ഠൻ നായരുടെ മികവിലായിരുന്നു. അവിടെ നിന്ന് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി. അതിന് ശേഷം സ്വന്തമായൊരു ചാനൽ. അങ്ങനെയാണ് മലയാളിയുടെ മനസ്സിലേക്ക് ഫ്‌ളവേഴ്‌സ് ചാനൽ എത്തുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമ്പർ ത്രിയായി ഫ്‌ളവേഴ്‌സ് മാറി. ഏഷ്യാനെറ്റും സൂര്യയുമാണ് മുന്നിലുള്ളത്. മനോരമ നാലാം സ്ഥാനത്തും. ഇതിനൊപ്പമാണ് സ്റ്റേജ് ഷോകളിലും മനോരമയെ വെട്ടുന്ന എ ആർ റഹ്മാൻ നമ്പറുമായി ശ്രീകണ്ഠൻ നായരെത്തുന്നത്. ഇതോടെ ചാനൽ പോരും പുതിയ തലത്തിലെത്തുകയാണ്.

മലയാളികളുടെ മനസിൽ വർണ്ണ വസന്തങ്ങൾ വിരിയിച്ച ഫ്ളവേഴ്സ് ചാനൽ നടത്തുന്ന 'എ ആർ റഹ്മാൻ ഷോ' യിലൂടെ ലൈവ് റഹ്മാൻ സംഗീതം കൊച്ചിയിൽ എത്തുകയാണ്. ആ സംഗീത ലഹരിക്കായി കൊച്ചി കാത്തിരിക്കുകയാണ് കൊച്ചി. വലിയ പിന്തുണയാണ് ഫ്‌ളവേഴ്‌സിന്റെ ഈ പരിപാടിക്ക് ലഭിക്കുന്നത്. ഇതിലൂടെ കേരളത്തിന് പുറത്തേക്കും ഫ്‌ളവേഴ്‌സ് ചാനൽ ചർച്ചയാവുകായണ്. മത്സരാധിഷ്ഠിത ചാനൽ ലോകത്ത് ഏറെ മുന്നിലേക്ക് പോകാനുള്ള ശ്രീകണ്ഠൻ നായരുടെ മറ്റൊരു തന്ത്രമാണ് ഇത്. അതുകൊണ്ട് കൂടിയാണ് മഴവിൽ മനോരമയുടെ അമ്മയുമായി ചേർന്നുള്ള സ്‌റ്റേജ് ഷോയുടെ വിജയവുമായി റഹ്മാൻ ഷോയും താരതമ്യത്തിന് വിധേയമാകുന്നത്. കേരളത്തിലെ ചാനലുകളിൽ പ്രധാനിയാകാനുള്ള തന്ത്രപരമായ ഫ്‌ളവേഴ്‌സിന്റെ നീക്കം തന്നെയാണ് എ ആർ റഹ്മാൻ ഷോയും.

മൂന്ന് മാസമായി ബാർക് റേറ്റിംഗിൽ ഏറെ മുന്നോട്ട് പോകാൻ ഫ്‌ളവേഴ്‌സിന് കഴിയുന്നു. 2017ലെ 17-ാം ആഴ്ചയിലും മനോരമയേക്കാൾ ഏറെ മുന്നിൽ ഫ്‌ളവേഴ്‌സുണ്ട്. പാമ്പര്യത്തിന്റെ കുരുത്തുമായി ഏഷ്യാനെറ്റ് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി നേരിയ പോയിന്റെ വ്യത്യാസം മാത്രമാണ് ഫ്‌ളവേഴ്‌സിനുള്ളത്. സിനിമകളുടെ കരുത്തില്ലാതെ കുടുംബ പരിപാടികളിലൂടെയാണ് ഫ്‌ളവേഴ്‌സ് ഏവരേയും തോൽപ്പിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് താര രാജക്കന്മാരെ മുൻനിർത്തി 'മഴവിൽ അമ്മ'യുമായി മനോരമ എത്തിയത്. ഏഷ്യാനെറ്റിന്റെ ജനവുരിയിലെ താര നിശപോലും അട്ടിമറിക്കാനുള്ള നീക്കം നടന്നു. അതിൽ മനോരമ വിജയിച്ചു. എന്നാൽ തിരുവനന്തപുരത്ത് മോഹൻലാലും മമ്മൂട്ടിയും എല്ലാം അണിനിരന്ന മഴവിൽ അമ്മ വേണ്ടത്ര വിജയമായില്ല. മഴയും മറ്റും വില്ലനായി എത്തുകയും ചെയ്തു. തമിഴക സൂപ്പർ താരം സൂര്യയെ എത്തിച്ചതുമെല്ലാം ഷോയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ തന്ത്രത്തെയാണ് എ ആർ റഹ്മാനെ ഇറക്കി ഫ്‌ളവേഴ്‌സ് പൊളിക്കുന്നത്.

ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന കലാകാരനാണ് എ ആർ റഹ്മാൻ. വളരെ അപൂർവ്വമായേ സ്റ്റേജ് ഷോകൾ നടത്താറുള്ളൂ. അതും കോടികൾ പ്രതിഫലം വാങ്ങി. എ ആർ റഹ്മാന് മാത്രം ഏഴ് കോടിയിലധികം കൊടുക്കേണ്ടി വരും. ഇതിനൊപ്പം മറ്റ് സൗകര്യങ്ങളും നൽകണം. അങ്ങനെ ചെലവേറിയ പരിപാടി. പക്ഷേ എ ആർ റഹ്മാൻ എന്ന പേരിന് തന്നെ ആവേശം കൂടുതലാണ്. ആരാധകർ ഇടിച്ചു കയറും. വിദേശത്ത് നിന്ന് പോലും സംഗീത പ്രേമികൾ എത്തും. അങ്ങനെ റഹ്മാൻ ഷോയെ സംഭവമാക്കി മാറ്റി മഴവിൽ മനോരമയുടെ താര സംഘടനകളുടെ ഷോയെ പിന്നിലാക്കുകയാണ് ഫ്‌ളവേഴ്‌സ്. ചാനൽ റേറ്റിംഗിൽ പിന്നിൽ പോയ മനോരമയ്ക്ക് കിട്ടിയെ മറ്റൊരു തിരിച്ചടി. റഹ്മാൻ ഷോയ്ക്ക് ടെലിവിഷൻ റേറ്റിംഗും കൂടുതലായി കിട്ടും. ഇതും ഫ്‌ളവേഴ്‌സിന് മുന്നേറാൻ അവസരമൊരുക്കും.

ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻഷോ മെയ് 12നാണ് നടക്കുക. തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ് ഷോ അരങ്ങേറുക. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനാണ് ഇരുമ്പനം സാക്ഷിയാവുക. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകർ. ടിക്കറ്റ് വിൽപ്പന ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റ് വിൽപന. ഇരുപത്തിയയ്യായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റു പോകുന്നതു കൊണ്ട് തന്നെ വലിയ വിജയമായി പരിപാടി മാറുമെന്ന് പ്രതീക്ഷയാണുള്ളത്.

സപ്തസ്വരങ്ങൾ കൊണ്ട് സാഗരങ്ങൾ തീർത്ത സംഗീത മാന്ത്രികനാണ് റഹ്മാൻ. 'മൊസാർട്ട് ഓഫ് മദ്രാസ്' എന്നും, 'ഇസൈപുയൽ' എന്നും വിളിപ്പേരുള്ള ഇന്ത്യൻ സംഗീത സംവിധായകൻ. 1992 ൽ മണിരത്നത്തിന്റെ റോജ എന്ന ചലച്ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ, നിലവിൽ ഉണ്ടായിരുന്ന സാമ്പ്രദായിക സംഗീതത്തിൽ നിന്നു അകലം പാലിച്ചു റഹ്മാൻ. പോപ്പ് സംഗീതവും ഹിന്ദുസ്ഥാനിയും കർണ്ണാട്ടിക്കും സൂഫിയും ലോക സംഗീതവും റഹ്മാന്റെ താളവിരലുകൾക്ക് ഒരുപോലെ വഴങ്ങി. റോജ എന്ന ആദ്യ ചിത്രത്തിലെ ഗാനങ്ങൾ മതി റഹ്മാൻ സംഗീതത്തിന്റെ കടലാഴം വ്യക്തമാകാൻ. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്ര പിന്നണി ഗാനങ്ങളിൽ ഒന്നായി റോജയിലെ ഗാനത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഗീത യാത്ര തുടങ്ങിയിട്ട് നീണ്ട 26 വർഷങ്ങൾ പിന്നിടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിരവധി മുഹൂർത്തങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. 140 സിനിമകൾക്ക് സംഗീതമൊരുക്കിയ റഹ്മാൻ 81 ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളിയായ ശേഖറെന്ന സംഗീത സംവിധായകന്റെ മകനാണ് റഹ്മാൻ. മലയാളി ബന്ധമുള്ള റഹ്മാൻ ഇന്ന് ചെന്നൈയിലാണ് സ്ഥിര താമസം. 1997 ഡിസംബർ 9 ന് ആണ് ഭാരതിബാല സംവിധാനം ചെയ്ത 'വന്ദേമാതരം' എന്ന ആൽബം റിലീസ് ചെയ്യുന്നത്. അതിലെ എല്ലാ പാട്ടുകൾക്കും ഈണമിട്ടത് എ.ആർ റഹ്മാനായിരുന്നു. സോണി മ്യൂസിക്ക് പുറത്തിറക്കിയ ഈ ആൽബമാണ് ഇന്ത്യയിൽ ഇതുവരെ ഏറ്റവുമധികം വിറ്റഴിഞ്ഞ മ്യൂസിക്ക് ആൽബം. ആ റെക്കോർഡ് ഇതു വരെയും തകർന്നിട്ടില്ല. ലോക സംഗീതത്തെ ഇന്ത്യൻ ചലച്ചിത്രങ്ങളിൽ സന്നിവേശിപ്പിച്ച് സിനിമ പ്രേമികളേയും ആരാധകരേയും ഒരുപോലെ സംഗീത ലഹരിയിൽ ആറാടിക്കാൻ കഴിഞ്ഞു എന്നതാണ് റഹ്മാൻ എന്ന സംഗീതസംവിധായകന്റെ മാജിക്.

ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന സംഗീത സംവിധായകരിൽ ലെജന്റ് എന്ന വിശേഷണത്തിന് എന്ത്കൊണ്ടും അർഹനാണ് റഹ്മാൻ. 2009ൽ സ്ലം ഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഓസ്‌കാർ പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും റഹ്മാന് ലഭിച്ചു. അത്തരമൊരു താരത്തിനെയാണ് ഫ്‌ളവേഴ്‌സ് കൊച്ചിയിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP