Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാവയെ വരെ അസഭ്യം പറഞ്ഞ് മൂലയ്ക്കിരുത്തുന്ന തട്ടിപ്പ് കേസ് പ്രതി വധഭീഷണിയും മുഴക്കുന്നു; തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ഓർത്തഡോക്‌സ് സഭാ വൈദികന്റെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; വധ ഭീഷണി മുഴക്കുന്നത് ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ പ്രതിയായ ബാബുപാറയിലെന്ന് ഫാ.കെ.കെ.തോമസ്; വൈദികവൃത്തി തുടരാൻ വേണ്ടി വൈദികൻ പൊലീസ് സംരക്ഷണം തേടുന്നത് കേരളത്തിൽ ഇതാദ്യം

ബാവയെ വരെ അസഭ്യം പറഞ്ഞ് മൂലയ്ക്കിരുത്തുന്ന തട്ടിപ്പ് കേസ് പ്രതി വധഭീഷണിയും മുഴക്കുന്നു; തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ഓർത്തഡോക്‌സ് സഭാ വൈദികന്റെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; വധ ഭീഷണി മുഴക്കുന്നത് ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ പ്രതിയായ ബാബുപാറയിലെന്ന് ഫാ.കെ.കെ.തോമസ്; വൈദികവൃത്തി തുടരാൻ വേണ്ടി വൈദികൻ പൊലീസ് സംരക്ഷണം തേടുന്നത് കേരളത്തിൽ ഇതാദ്യം

തിരുവനന്തപുരം: ബെംഗളൂരുവിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ബാബു പാറയിൽ എന്ന ജോസഫ് സാമിൽ നിന്ന് തനിക്ക് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി വൈദികന്റെ പരാതി. കേരളത്തിൽ ആദ്യമായിട്ടാണ് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് വൈദികൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ വൈദികനും കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിൽ ഉളിയനാട് ബദേൽ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരിയുമായ ഫാ.കെ.കെ.തോമസാണ് ഇരുവർക്കും പരാതി നൽകിയത്

1999 ജൂലൈ 23 വരെ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന ഗീവർഗീസ് മാർദിയസ് കോറസ് തിരുമേനിയുടെ പേരിൽ തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിൽ മൺവിളയിലുള്ള 50 സെന്റ് ഭൂമി അദ്ദേഹത്തിന്റെ മരണശേഷം വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടം നടത്തി കച്ചവടം നടത്തിയിരുന്നു. ഈ തട്ടിപ്പിന് പിന്നിൽ ബാബു പാറയിലാണെന്ന് കാട്ടി 2010 ഡിസംബർ 14 ന് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിരുന്നു. കഴക്കൂട്ടം പൊലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ വർഷം ജൂൺ 24 മുതൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് അന്വേഷിച്ചുവരുന്നത്.

ഈ കേസിലേക്ക് ആവശ്യമായ തെളിവുകളും മറ്റും നൽകിയത് ഫാ.കെ.കെ.തോമസ് ആയതുകൊണ്ട് തന്നെ ബാബുപാറയിൽ അദ്ദേഹത്തോട് വൈരാഗ്യം വച്ചുപുലർത്തുന്നതായാണ് ആരോപണം.വസ്തുസംബന്ധമായ രണ്ടുപ്രമാണങ്ങൾ ഇയാൾ അരമനയിൽ നിന്ന് മുക്കിയെന്നും ആരോപണമുണ്ട്.പൊലീസിനെ സ്വാധീനിച്ച് കേസ് മുക്കാൻ നോക്കിയെങ്കിലും, വാദിയായ പുന്നൂസ് കുര്യൻ അടക്കമുള്ളവരുടെ ശ്രമഫലമായി അന്വേഷണം ബാബു പാറയിലിലേക്കും നീണ്ടു.കേസിലെ വാദിയായ പുന്നൂസ് കുര്യൻ തിരുവനന്തപുരത്ത് എംജി കോളേജിന് മുന്നിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ആരോപണങ്ങളുടെ മൂർച്ച കൂട്ടി.

ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി പൊതുയോഗത്തിൽ വച്ച് പുന്നൂസിനെതിരെ ബാബു പാറയിൽ ഭീഷണി ഉയർത്തിയതായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണിത്.'അടുത്ത പൊതുയോഗത്തിൽ നീ കാണില്ല എന്നായിരുന്നു ബാബുവിന്റെ ഭീഷണി' എംജി കോളേജിന് മുന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുന്നൂസ് കുര്യനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ബാബു പാറയിൽ അറസ്റ്റിലായതോടെ വീണ്ടും സജീവമായി.

കിഡ്‌നാപ്പിങ് കേസിൽ കർണാടക ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രകാരം പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രതി ബാബുപാറയിൽ തന്റെ ജീവനും സ്വത്തിനും നേരേ ഭീഷണി മുഴക്കിയെന്നാണ് ഫാ.കെ.കെ.തോമസിന്റെ പരാതി. ഈ വ്യക്തിയുടെ സ്വഭാവരീതികളും, കൂട്ടുകെട്ടുകളും വച്ചുനോക്കിയാൽ തനിക്ക് പ്രാണഭയമുണ്ടെന്നും, വൈദികവൃത്തി തടസ്സം കൂടാതെ ചെയ്യുന്നതിന് വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിക്കും, ഡിജിപിക്കും നൽകിയ പരാതിയിൽ ഫാ.കെ.കെ.തോമസ് പറയുന്നത്.


2017 ലെ സഭാ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാബു പാറയിൽ ജയിച്ചു കയറിയത് അംഗങ്ങളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയാണ്. അനുസരിക്കാത്ത വൈദികരെ സ്ഥലം മാറ്റുമെന്ന് ഭീഷണി മുഴക്കും. ബാലറ്റ് പേപ്പർ തുറന്ന് ആർക്കാണ് വോട്ട് ചെയ്തതെന്ന് നോക്കിയായിരുന്നു ഭീഷണി. സഭ വർക്കിങ് കമ്മിറ്റിയിലേക്ക് വരാൻ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ ഒത്താശയോടെ ശ്രമിച്ചെങ്കിലും പരമാധ്യക്ഷനായ കാതോലിക്ക ബാവ വിലക്കിയതോടെ അത് നടന്നില്ല. അതിന്റെ നിരാശയിൽ സഭയുടെ കീഴിലുള്ള സ്‌കൂൾ ബോർഡുകളിലേക്കുള്ള നിയമനം കയ്യടക്കി.75 ഓളം സ്‌കൂളുകളിലായി 670 പേരെ നിയമിച്ചതിൽ ഏറിയപങ്കും സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള തരികിടയായിരുന്നുവെന്നും ആരോപണമുണ്ട്.

പത്തനംതിട്ട തുമ്പമൺ സ്വദേശി ബാബു പാറയിൽ എന്ന ജോസഫ് സാം തന്റെ ബിസിനസ് കാര്യസാധ്യത്തിനായി നിരന്തരം ഉപയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരാണ്. പിണറായിയുടെ പേര് ആവശ്യത്തിനും,അനാവശ്യത്തിനും ഇയാൾ പ്രയോഗിക്കുമായിരുന്നുവെന്ന് ബാബുപാറയിൽ കിഡ്നാപ്പ് ചെയ്ത ബിസിനസ് പങ്കാളി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ, പിണറായി വിജയൻ, തന്റെ പേര് പറഞ്ഞ് മുതലെടുപ്പിന് വരുന്ന അവതാരങ്ങളെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ബെംഗളൂരുവിൽ നിന്ന് എൻ.എസ്.ഗണേശിന്റെ വാക്കുകളിലൂടെ തെളിയുന്നതും അത്തരമൊരു അവതാരത്തിന്റെ കഥയാണ്.

സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ബാബു പാറയിലിന് ഹരമാണെന്ന് ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനമാണിത്. ഞാൻ അപ്പോൾ ബാബുവിനോട് പറയും:'നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞ് നടന്നാൽ പിടിച്ച് അകത്തിടും എന്ന്. അപ്പോൾ ബാബു നൽകിയ മറുപടി ഞങ്ങളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നായിരുന്നു. പലപ്പോഴും പല രാഷ്ട്രീയക്കാരെയാണ് ഇയാൾ വിവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്.'

ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക. അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് സ്ഥലം കേരള മുഖ്യമന്ത്രിയുടേതാണെന്നും പറയും. വിളവെടുപ്പാകുമ്പോൾ മുഖ്യമന്ത്രിക്ക് സമ്മാനമായി മാതളം അയയ്ക്കുന്ന പതിവും ഇയാൾക്കുണ്ടെന്ന് എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.നാട്ടിൽ ചെല്ലുമ്പോൾ വിജയേട്ടന് കൊടുക്കാൻ കുറച്ച് മാതളം കൂടി കൊണ്ട് പോകണം എന്ന് പറഞ്ഞ് ഫാമിൽ നിന്നും മാസവും 30 കിലോയൊക്കെ കൊണ്ട് പോകുമായിരുന്നു. ഇനി ഫാമിൽ ഇല്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിയിട്ട് അത് ഫാമിലേതാണെന്ന് പറഞ്ഞ് കൊണ്ട് പോകുമായിരുന്നു

ഏറ്റവുമൊടുവിൽ 30 വർഷമായി ബെംഗളൂരുവിൽ ഖനന വ്യവസായം നടത്തുന്ന എൻ.എസ്.ഗണേശുമായി ചേർന്ന് പങ്കാളിത്തകൃഷി തുടങ്ങുകയും തമ്മിൽ തെറ്റുകയും ചെയ്തു. ബാബുപാറയിലും കൂട്ടരും, ഗൂണ്ടകളെ ഉപയോഗിച്ച് ഗണേശിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് പിടിയിലായപ്പോഴും ഇവർ കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞ് ഉന്നതരുടെ പേരുപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾ ചെവിക്കൊള്ളാതെ പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP