Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറപറയെ തൊട്ട അനുപമ എഫക്ട് ഉദ്യോഗസ്ഥർക്ക് ധൈര്യം പകർന്നു; പഴകിയ ഭക്ഷ്യ വസ്തുക്കൾ വിറ്റ കോഴിക്കോട്ടെ റിലയൻസ് സൂപ്പർമാർക്കറ്റ് ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു; പിഴ ഈടാക്കി, നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥർ

നിറപറയെ തൊട്ട അനുപമ എഫക്ട് ഉദ്യോഗസ്ഥർക്ക് ധൈര്യം പകർന്നു; പഴകിയ ഭക്ഷ്യ വസ്തുക്കൾ വിറ്റ കോഴിക്കോട്ടെ റിലയൻസ് സൂപ്പർമാർക്കറ്റ് ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു; പിഴ ഈടാക്കി, നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥർ

എം പി റാഫി

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി യുവത്വത്തിന്റെ പ്രതീകം ടി വി അനുപമ ഐഎഎസ് എത്തിയതോടെ ആരും തൊടാൻ മടിക്കുന്ന വമ്പന്മാർക്കെതിരെ വരെ നടപടി കൈക്കൊണ്ട് വകുപ്പിനൊരു നാഥയുണ്ട് എന്ന് വ്യക്തമാക്കുകയാണ്. മലയാളികളെ വിഷം തീറ്റിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുമായാണ് അനുപമ ഐഎഎസ് രംഗത്തെത്തിയത്. നിറപറയെന്ന വമ്പൻ ബ്രാൻഡിനെതിരെ പോലും ശക്തമായ നടപടി സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥ പകർന്ന ധൈര്യം ഇപ്പോൾ വകുപ്പിലെ കീഴ് ഉദ്യോഗസ്ഥരിലേക്കും പടർന്നിരിക്കയാണ്. പഴക്കം ചെന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പതിവാക്കിയ കോഴിക്കോട് പൊറ്റമ്മലിലെ റിലയൻസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി സ്വീകരിച്ചിരിക്കയാണ് ഇപ്പോൾ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ.

മാസങ്ങൾ പഴക്കമുള്ള ഭക്ഷണ പാനീയങ്ങൾ വിറ്റ കോഴിക്കോട് പൊറ്റമ്മലിലെ റിലയൻസ് സൂപ്പർമാർക്കറ്റ് ഫുഡ് സേഫ്റ്റി വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. നിരവധി തവണ പരാതി ലഭിച്ചിരുന്നെങ്കിലും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ റിലയൻസ് ഫ്രഷിനെതിരെ നടപടിയെടുത്തിരുന്നില്ല. നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും സൂപ്പർമാർക്കറ്റിനു മുന്നിൽ തടിച്ചുകൂടി ഉപരോധം സൃഷ്ടിച്ചതോടെയാണ് വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതും ഉടൻ തന്നെ നടപടി സ്വീകരിച്ചതും.

മെഡിക്കൽ കോളേജ് റോഡിലെ പൊറ്റമ്മൽ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന റിലയൻസ് ഫ്രഷ് സൂപ്പർമാർ്ക്കറ്റാണ് ഉദ്യോഗസ്ഥർ അടപ്പിച്ചത്. റിലയൻസ് ഫ്രഷിന് കേരളത്തിലും പുറത്തുമായി നിരവധി ശാഖകളുണ്ട്. രണ്ടുദിവസം മുമ്പ് ഇവിടെ നിന്നും അമൂലിന്റെ പാക്കറ്റ് ജ്യൂസ് വാങ്ങി കഴിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് പഴകിയ പാനീയമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് തെളിഞ്ഞത്.

ഇതോടെ ഫൂഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ തൃശൂർ സ്വദേശിയും സൂപ്പർമാർക്കറ്റിന് അടുത്ത് ജോലിക്കാരനുമായ യുവാവ് നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ഫുഡ് സേഫ്റ്റി ഓഫീസർ പി.കെ ഏലിയാമ്മയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ നേരം പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സൂപ്പർമാർക്കറ്റിന്റെ ഷട്ടറുകൾ അടച്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടക്കുന്നതിനിടെ പുറത്ത് നൂറുകണക്കിന് സമരക്കാരും നാട്ടുകാരും തടിച്ചുകൂടി.

ഉപരോധം ദേശീയ പാതയിലേക്കും വ്യാപിച്ചതോടെ മെഡിക്കൽ കോളേജ് എസ്.ഐ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയതോടെ കാലാവധി കഴിഞ്ഞ നിരവധി ഭക്ഷണ-പാനീയങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വിറ്റു കൊണ്ടിരുന്ന ഭക്ഷ്യോൽപന്നങ്ങളായിരുന്നു പിടിച്ചവയിൽ കൂടുതലും. പുറംമോടി ഒഴിച്ചാൽ സ്‌റ്റോർ റൂം ഉൾപ്പടെയുള്ള സൂപ്പർ മാർക്കറ്റിന്റെ ഉൾഭാഗങ്ങൾ വൃത്തിഹീനമാണെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.

വിദഗ്ധ പരിശോധനക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനാസംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റ് ശാഖാ മാനേജർ ഉൾപ്പടെയുള്ള ജീവനക്കാരെ സംഘം ചോദ്യം ചെ്തിട്ടുണ്ട്. തൃശൂർ സ്വദേശിയായ യുവാവ് നൽകിയ പരാതി തീർപ്പാക്കുന്നതിനു പുറമെ ഫുഡ് സേഫ്റ്റി വിഭാഗം നൽകിയ പത്ത് നിർദ്ദേശങ്ങൾ കൂടി പാലിച്ചാൽ മാത്രമെ ഇനി റിലയൻസ് സൂപ്പർമാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അടിക്കടിയായുള്ള പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്.

എന്നാൽ മുൻകാലങ്ങളിൽ പരാതി ഉണ്ടായിരുന്നെങ്കിലും രേഖാമൂലം പരാതിപ്പെടാത്തതാണ് നടപടി എടുക്കുന്നതിന് തടസമായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വൃത്തിഹീനമായ മുറികളും കാലാവധികഴിഞ്ഞ ഭക്ഷണ-പാനീയങ്ങളും നീക്കം ചെയ്താൽ മാത്രമെ ഇനി തുറന്നു പ്രവർത്തിക്കാനാകൂ. പരാതികളെല്ലാം പരിഹരിച്ച ശേഷം ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ സാന്നിധ്യത്തിൽ മാത്രമെ മാർക്കറ്റ് തുറക്കാൻ അനുവദിക്കൂ എന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഡിവൈഎഫ്ഐ ഉപരോധസമരം അവസാനിപ്പിച്ചത്.

സൂപ്പർമാർക്കറ്റ് പൂട്ടിക്കുന്നത് ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും സംഭവം പുറത്തായതോടെ പിഴ അടച്ച് തല ഊരാൻ അധികൃതർ തയ്യാറാവുകയായിരുന്നു. മുഖ്യധാരാപത്രങ്ങൾ മിക്കതും അടച്ചു പൂട്ടിയ വാർത്ത മുക്കുകയും ചെയ്തു. പിടിച്ചെടുത്ത ഭക്ഷ്യോൽപന്നങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ശേഷം വേണ്ടിവന്നാൽ കോടതിയിൽ ഹാജരാക്കുമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ നിർണയിക്കുന്ന പിഴ ഈടാക്കി നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഫുഡ് സേഫ്റ്റി ഓഫീസർ പി.കെ ഏലിയാമ്മ മറുനാടൻ മലയാളിയോടു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP