Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈപ്പ് വെള്ളത്തിൽ സൂചി കഴുകി വീണ്ടും കുത്തിവച്ചു; ദാരിദ്ര്യത്തെ മഹത്വവൽക്കരിച്ച് താരമായി; മദർ തെരേസയെ വിശുദ്ധയാക്കുന്നതിനെതിരെ വിമർശനങ്ങളുമായി വിദേശ മാദ്ധ്യമങ്ങൾ

പൈപ്പ് വെള്ളത്തിൽ സൂചി കഴുകി വീണ്ടും കുത്തിവച്ചു; ദാരിദ്ര്യത്തെ മഹത്വവൽക്കരിച്ച് താരമായി; മദർ തെരേസയെ വിശുദ്ധയാക്കുന്നതിനെതിരെ വിമർശനങ്ങളുമായി വിദേശ മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികൾ വത്തിക്കാനിൽ അവസാന ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് മദറിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ദാരിദ്ര്യത്തെ മഹത്വവൽക്കരിച്ചാണ് മദർ പേരെടുത്തതെന്നുള്ള വിമർശനങ്ങളോടെ വിശുദ്ധയാക്കലിനെതിരെ വിദേശമാദ്ധ്യമങ്ങളടക്കം രംഗത്തെത്തി.

കൊൽക്കത്തിലെ ദരിദ്രരുടെയും നിരാലംബരുടെയും ആശ്രമയായിരുന്ന മദർ തെരേസ, ഈ ദാരിദ്ര്യത്തെ മുതലെടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. മദറിന്റെ ജീവകാരുണ്യ സംഘടനയ്ക്ക് ലഭിച്ചിരുന്ന ഫണ്ടുകൾ മറച്ചുവെക്കുന്നതിനുള്ള മറയായിരുന്നു ഈ ശ്രമങ്ങളെല്ലാം എന്നും വിമർശകർ പറയുന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുകയാണ് മദർ ചെയ്തതെന്നും ഇവർ ആരോപിക്കുന്നു.

ഇന്ത്യയിൽ മതപരിവർത്തനത്തിന് വേണ്ടിയാണ് മദർ തെരേസ വന്നതെന്നും അതിലാണ് ശ്രദ്ധിച്ചിരുന്നതെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ, മദറിന്റെ അനുയായികൾ എക്കാലത്തും ഇത് നിരാകരിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ, മദറിനൊപ്പം വളണ്ടിയർമാരായി പ്രവർത്തിച്ചിവരുന്ന വിദേശികളടക്കമുള്ളവർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തുന്നു.

മദറിനൊപ്പം വളണ്ടിയറായി പ്രവർത്തിച്ചിരുന്ന ഹെംലി ഗോൺസാലസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ദരിദ്രർക്കും രോഗികൾക്കും മരുന്നും മറ്റും സഹായവും എത്തിച്ചിരുന്നെങ്കിലും അതൊന്നും ശരിയായ രീതിയിലായിരുന്നില്ല എന്ന് ഗോൺസാലസ് ആരോപിക്കുന്നു. ഒരാളെ കുത്തിവച്ച സൂചി പൈപ്പുവെള്ളത്തിൽ കഴുകി അടുത്തയാളെയും കുത്തിവെക്കാൻ പോലും ഉപയോഗിച്ചിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.

ആസന്നമരണരായ നിരാലംബർക്കായി മദർ സ്ഥാപിച്ച നിർമല ഹൃദയ എന്ന സ്ഥാപനത്തിൽ രണ്ടുമാസത്തോളം ഗോൺസാലസ് വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ സ്ഥാപനത്തിൽ ഒരു ഡോക്ടർ പോലുമുണ്ടായിരുന്നില്ലെന്ന് ഇയാൾ ആരോപിക്കുന്നു. എന്തിന് പരിശീലനം സിദ്ധിച്ച ഒരു നഴ്‌സുപോലും അവിടെയുണ്ടായിരുന്നില്ലെന്നും ഗോൺസാലസ് പറയുന്നു.

കോൺസൻട്രേഷൻ ക്യാമ്പിനെക്കാളും ദൈന്യതയാർന്ന കാഴ്ചകളായിരുന്നു അവിടെയുണ്ടായിരുന്നത്. ഈ സ്ഥാപനത്തിൽ വാട്ടർ ഹീറ്ററെങ്കിലും സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ അത് അധികൃതർ പുച്ഛിച്ചുതള്ളിയതായും ഗോൺസാലസ് പറയുന്നു. ഇവിടെ അതൊന്നും പാടില്ല, യേശുവിന് അത് ഇഷ്ടമാകില്ല എന്നായിരുന്നുവത്രെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ അഭിപ്രായം.

നേരത്തെ മദറിനെ വിശുദ്ധയാക്കാൻ തീരുമാനിച്ച വത്തിക്കാൻ കണ്ടെത്തിയ അത്ഭുതങ്ങളും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള വഴിയൊരുക്കിയത് മദറിന്റെ പേരിലുള്ള അദ്ഭുതമായിരുന്നു. ഇത് ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു. ഒരു ബ്രസീലിയൻ പൗരന്റെ തലച്ചോറിലെ ട്യൂമർ മദറിന്റെ മധ്യസ്ഥതയിൽ ഭേദപ്പെട്ടതാണ് രണ്ടാമത്തെ അദ്ഭുതമായി അംഗീകരിച്ചത്. ഇതോടെയാണ് സെപ്റ്റംബർ നാലിനു മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച്ത.

നാലു ദിവസം മുമ്പാണ് വത്തിക്കാന്റെ വിദഗ്ധസമിതി അദ്ഭുതസംഭവം ശരിവച്ചത്. ഇതോടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക നടപടി വത്തിക്കാൻ പൂർത്തിയാക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിശുദ്ധപദവി പ്രഖ്യാപനങ്ങളിലൊന്നാണിത്. 1999 ൽ മദറിനെ ദൈവദാസിയായും 2003 ൽ വാഴ്‌ത്തപ്പെട്ടവളായും പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ദിനാജ്പൂർ ജില്ലയിൽ ഒരു ആദിവാസി വനിതയുടെ ട്യൂമർ ഭേദപ്പെട്ടതാണ് അംഗീകരിക്കപ്പെട്ട ആദ്യ അദ്ഭുതം. 2002 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇത് അംഗീകരിച്ചത്.

മദർ മരിച്ചതിന് ശേഷം ഇവരുടെ പേരിലുള്ള രോഗവിമുക്തി ആദ്യമായുണ്ടായത് 2003ലായിരുന്നു. ഇന്ത്യൻ സ്ത്രീയായ മോണിക ബെസ്രയുടെ ഉദര കാൻസർ പെട്ടെന്ന് മാറിയ സംഭവമായിരുന്നു അന്നുണ്ടായത്. തുടർന്ന് അന്നത്തെ പോപ്പായ ജോൺ പോൾ രണ്ടാമൻ മദറിന് മുക്തിയരുളുകയും ചെയ്തിരുന്നു. ഇവരെ വിശുദ്ധമായി പ്രഖ്യാപിക്കണമെങ്കിൽ രണ്ടാമതൊരു രോഗശാന്തി കൂടി തെളിയിക്കപ്പെടേണ്ടിയിരുന്നു. ഇതിനിടെയാണ് തന്റെ ഇടവകയിലെ ഒരാൾക്ക് ബ്രെയിൻ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സാവോപോളോയിലെ ഫാദർ എൽമിറാൻ ഈ വർഷം ആദ്യം രംഗത്തെത്തിയത്. രോഗിയുടെ ഭാര്യ രോഗം ഭേദമാകുന്നതിന് മദർ തെരേസയുടെ ഇടപെടലിനായി പ്രാർത്ഥിച്ചതിലൂടെയാണ് ബ്രെയിൻ ട്യൂമർ ഇല്ലാതായതെന്നാണ് പ്രചരിക്കപ്പെട്ടത്.

പ്രാർത്ഥനയ്ക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷം രോഗി ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വാർത്ത. ഇയാളുടെ പെട്ടെന്നുള്ള രോഗവിമുക്തി കണ്ട് ഡോക്ടർമാർ ഞെട്ടിത്തിരിച്ച് നിൽക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെടാനാണ് വത്തിക്കാൻ രണ്ട് ഒഫീഷ്യലുകളെ ബ്രസീലിലേക്ക് അയക്കുകയും ചെയതു. ഇതിനൊക്കെ ഒടുവിലാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ, മദറിന്റെ കാലത്തുകൊൽക്കത്തയിൽ നടന്ന കാരുണ്യ പ്രവർത്തനങ്ങളെ നിരാകരിക്കുന്ന വിധത്തിലാണ് വിദേശ മാദ്ധ്യമങ്ങളുടെ വാർത്തകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP