Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളൊഴിഞ്ഞ മൂലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യപാനം; ഡ്രൈവർക്ക് സസ്പെൻഷൻ നൽകി മേലുദ്യോഗസ്ഥർ തടിതപ്പി; നടപടി തെളിവുകൾ സഹിതം സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ

ആളൊഴിഞ്ഞ മൂലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യപാനം; ഡ്രൈവർക്ക് സസ്പെൻഷൻ നൽകി മേലുദ്യോഗസ്ഥർ തടിതപ്പി; നടപടി തെളിവുകൾ സഹിതം സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ

ആർ പീയൂഷ്

ഇടുക്കി: ആളൊഴിഞ്ഞ പറമ്പിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവർക്ക് സസ്പെൻഷൻ നൽകി മേലുദ്യോഗസ്ഥർ സേയ്ഫ് ആയി. പമ്പ റേഞ്ച് ഓഫീസിലെ ഡ്രൈവർ സുരേന്ദ്രനാണ് സസ്പെൻഷനിലായത്. മംഗളാ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഉദ്യോഗസ്ഥരുമായി പോയ വാഹനം വഴിയിൽ തകരാറിലായതോടെ വർക്ക് ഷോപ്പിലേക്ക് സുരേന്ദ്രൻ കൊണ്ടുപോയതാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പമ്പ റേഞ്ച് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരിയാർ കടപവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡയറക്ടറാണ് നടപടി എടുത്തത്.

അതേ സമയം ഈ നടപടിക്കെതിരെ നാട്ടുകാർ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരുമിച്ച് ജീപ്പിലെത്തി മദ്യപിച്ച സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് രക്ഷപെടാനായി ജീപ്പ് ഡ്രൈവറെ കരുവാക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണ് ഡ്രൈവറെ സസ്പെന്റ് ചെയ്തത്. കുമളി ഒട്ടകത്തലമേട്ടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡ്ഡിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായെത്തി മദ്യപാനവും വേട്ടയാടലും പതിവാണെന്ന് മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയതിരുന്നു.

മദ്യപിച്ച് ലക്ക് കെട്ടുകഴിഞ്ഞാൽ പാട്ടും മേളവുമൊക്കെയായി നാട്ടുകാർക്ക് ഇവർ സ്ഥിരം തലവേദനയാണ്. ഇതിനിടയിലാണ് നാട്ടുകാർ കെ.എൽ.എ.യു.4239 എന്ന വാഹനത്തിൽ ഉദ്യോഗസ്ഥരെത്തിയ വിവരം അറിഞ്ഞ് സംഘടിക്കുന്നത്. പൊലീസിനെ വിവരം അറിയിച്ചിട്ടും എത്താതിരുന്നതോടെ മദ്യം കുപ്പിയും ടച്ചിങ്ങ്സും വാഹനത്തിന്റെ ബോണറ്റിൽ വച്ചിരിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും പെരിയാർ കടുവ സംരക്ഷണ ഡയറക്ടറെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് പമ്പ റേഞ്ച് ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടത്.

രണ്ട് ദിവസം മുൻപാണ് വനം വകുപ്പ് ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥർ ആളൊഴിഞ്ഞ പറമ്പിൽ മദ്യപിക്കുന്ന വിവരം സ്ഥലത്തെ വീക്ഷണം പത്ര ലേഖകനും യൂത്ത് കോൺഗ്രസ് നേതാവുമായ സനൂപ് സ്‌കറിയയെ അറിയിച്ചത്. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ സനൂപ് നാട്ടുകാരുമായി നടത്തിയ പരിശോദനയിലാണ് സർക്കാർ വാഹനത്തിന്റെ ബോണറ്റിൽ ഒരു മദ്യകുപ്പിയും മൂന്ന് ഗ്ലാസ്സും, കറിചട്ടിയും കണ്ടത്. ചട്ടിയിൽ മാംസം കറി വെച്ച് കഴിച്ച നിലയിലായിരുന്നു.

തൊട്ടടുത്തുള്ള ഷെഡ്ഡിൽ ഉദ്യോഗസ്ഥർ ഉറങ്ങുന്നു. രാത്രിയിൽ പതിനൊന്ന് മണിയോടെയായിരുന്നു സനൂപിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇവിടെ പരിശോദന നടത്തിയത്. ഏഴു മണിക്കെത്തിയ ഉദ്യോഗസ്ഥരെല്ലാം അടിച്ചു പാമ്പായി ഉറങ്ങുകയായിരുന്നു. ആരും എത്തി നോക്കാത്ത പറമ്പിൽ രാത്രി കാലങ്ങളിൽ മുമ്പും പല, ഉദ്യോഗസ്ഥന്മാരും ഈ വഴി വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മദ്യവും, കഞ്ചാവും, ഉപയോഗിച്ച ശേഷം രാത്രിയിൽ, ആട്ടവും പാട്ടും നടത്തുന്നത് പതിവാണ്. പിന്നീട് സമീപത്തെ ഏലത്തോട്ടങ്ങളിൽ നായാട്ടിന് പോകുകയും ചെയ്യുമെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. രാത്രി കാലങ്ങളിൽ സ്ഥിരമായി വെടിയെച്ചകൾ കേൾക്കാറുള്ളതായും അറിയാൻ കഴിഞ്ഞു.

വാഹനത്തിന്റെയും മദ്യക്കുപ്പിയുടെയും മറ്റും ദൃശ്യങ്ങൾ സനൂപ് പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP