Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുര കത്തുമ്പോൾ വീണ വായിക്കുന്ന മന്ത്രി രാജു ഇത് നാണക്കേട്! കേരളം വെള്ളപ്പൊക്കത്തിൽ നട്ടം തിരിയുമ്പോൾ ഒരു മന്ത്രി ടൂറിന് പോയി; വനംമന്ത്രി കെ രാജു കോട്ടും സൂട്ടുമായി ജർമനിയിൽ സ്വീകരണം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഷെയർ ചെയ്ത് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ; ദുരിതാശ്വാസത്തിന്റെ കോട്ടയം ചുമതലക്കാരൻ പിണറായി സർക്കാരിനെ നാണംകെടുത്തിയത് ഇങ്ങനെ

പുര കത്തുമ്പോൾ വീണ വായിക്കുന്ന മന്ത്രി രാജു ഇത് നാണക്കേട്! കേരളം വെള്ളപ്പൊക്കത്തിൽ നട്ടം തിരിയുമ്പോൾ ഒരു മന്ത്രി ടൂറിന് പോയി; വനംമന്ത്രി കെ രാജു കോട്ടും സൂട്ടുമായി ജർമനിയിൽ സ്വീകരണം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഷെയർ ചെയ്ത് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ; ദുരിതാശ്വാസത്തിന്റെ കോട്ടയം ചുമതലക്കാരൻ പിണറായി സർക്കാരിനെ നാണംകെടുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുനലൂരിന്റെ എംഎൽഎയാണ് വനംമന്ത്രി കെ. രാജു. കാലവർഷക്കെടുതിയിൽ വിറയ്ക്കുന്ന മണ്ഡലം. ജനപ്രതിനിധിയുടെ സാന്നിധ്യം ഏറ്റവും വേണ്ട പ്രദേശം. ഇതിനൊപ്പം കേരളത്തിലെ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതിൽ വനംവകുപ്പിനും ഏറെ പങ്കുണ്ട്. റവന്യൂ-വനം വകുപ്പുകൾക്കാണ് ദുരിതാശ്വാസത്തിൽ പ്രധാന ഇടപെടൽ നടത്താനുള്ളത്. എന്നാൽ ഇതൊന്നും സിപിഐക്കാരനായ രാജുവിന് മാത്രം അറിയില്ല. നാട് വിറയ്ക്കുമ്പോൾ കോട്ടും സ്യൂട്ടുമിട്ട് മന്ത്രി വിമാനത്തിൽ കയറി. ജർമനിയിലെത്തിയ മന്ത്രിക്ക് സ്വീകരണവും കിട്ടി. ഈ സമയം പുനലൂരിലും പരിസര പ്രദേശത്തും വൻ കാറ്റ് വീശുകയായിരുന്നു. എംഎൽഎയെ തേടി നടന്നവർക്ക് സിപിഐക്കാർ നൽകിയത് വിദേശത്തുള്ള മന്ത്രിയുടെ ചിത്രമാണ്.

വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ജർമ്മനിയിലേക്കു പുറപ്പെട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കൻ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപ്പോഴാണ് രാജു വെറുമൊരു തട്ടിക്കൂട്ട് പരിപാടിക്കായി യാത്ര പോയത്. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. തന്റെ മണ്ഡലമായ പുനലൂരും ഭീതിയിൽ. എന്നിട്ടും വിദേശയാത്ര മുടക്കാൻ മന്ത്രി തയ്യാറായില്ല. പിണറായി മന്ത്രിസഭയിൽ തീരെ ഇമേജ് കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ് രാജു. അതുകൊണ്ട് തന്നെ വിദേശത്തെ മലയാളി സംഘടനാ പരിപാടികൾക്ക് ആരും ക്ഷണിക്കാറുമില്ല. വീണു കിട്ടിയ അവസരമായിരുന്നു ജർമ്മനിയിലേത്. അതുകൊണ്ട് തന്നെ വിട്ടുകളയാൻ മന്ത്രിയുടെ മനസ്സ് അനുവദിച്ചില്ല.

കോട്ടയം ജില്ലയിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജുവിന്റെ പോക്ക്. ഇക്കാര്യത്തിൽ സിപിഐ മന്ത്രിയോട് വിശദീകരണം തേടും. സോഷ്യൽ മീഡിയയിലെ ഫോട്ടോ കണ്ടാണ് സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രൻ പോലും സംഭവം അറിഞ്ഞത്. വേൾഡ് മലയാളി കൗൺസിലിന്റെ പതിനൊന്നാമത് ഗ്‌ളോബൽ കോൺഫറൻസ് ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് നടക്കുന്നത്.

മന്ത്രിമാരയ വി എസ്.സുനിൽകുമാർ, കെ. രാജു, എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാൽ ഇതിൽ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീർ എംപിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച് ജർമ്മനിയിലേക്കു പറന്നത്. മന്ത്രി വി എസ് സുനിൽകുമാർ പോയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു ജനപ്രതിനിധികൾ ജർമ്മനിയിലേക്ക് പോയത്. മലപ്പുറത്തും തീരാ ദുരിതമാണ്. ഇതൊന്നും മുഹമ്മദ് ബഷീറിനേയും ബാധിക്കുന്നില്ല. ശശി തരൂർ തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ സജീവ സാന്നിധ്യമാണ്. മുനീർ ജർമനിയിലേക്ക് പോകുന്നില്ല. അങ്ങനെ സർക്കാരിന് തീരാകളങ്കമായി മാറുകയാണ് കെ രാജു.

പിണറായി മന്ത്രിസഭയിൽ രണ്ട് കൊല്ലത്തുകാരാണുള്ളത്. സിപിഎം കുണ്ടറ എംഎ‍ൽഎ ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അവസരം കൊടുത്തപ്പോൾ.സിപിഐ പുനലൂർ എംഎ‍ൽഎയായ അഡ്വ.രാജുവിനെയാണ് പരിഗണിച്ചത്. കൊല്ലം ജില്ലയിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ച മുതിർന്ന നേതാവ് മുല്ലക്കര രത്‌നാകരനെ മറികടന്നാണ് രാജുവിന് സിപിഐ നേതൃത്വം മന്ത്രിപദം നൽകിയിട്ടുള്ളത്. സി ദിവാകരനേയും തഴഞ്ഞു. കൊല്ലം അഞ്ചലിലെ നെടിയറ നെട്ടം സ്വദേശിയാണ് പുത്തൻപുരയിൽ രാജുവെന്ന നിയുക്ത മന്ത്രി അഡ്വ.കെ രാജു. സിപിഐ. സംസ്ഥാന കൗൺസിൽ അംഗമായ രാജു പുനലൂർ മണ്ഡലത്തിൽ നിന്നും 33582 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. വളരെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത്. ഇത്തരത്തിലൊരു നേതാവ് മഴക്കെടുതിയിൽ നാട് ബുദ്ധിമുട്ടുമ്പോൾ ജർമനിയിലേക്ക് പോയത് പാർട്ടിക്കാരേയും ഞെട്ടിച്ചു.

മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാജുവിന്റെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന്ന് തെളിവായി ഇത്തവണ കിട്ടിയ ഭൂരിപക്ഷത്തെ വിലയിരുത്തിയിരുന്നു. ഓരോ തവണയും പുനലൂരിൽ നിന്നും ഇരട്ടിയിലധികം വർധിച്ച് കിട്ടുന്ന ഭൂരിപക്ഷം. 2006ലെ തിരഞ്ഞെടുപ്പിൽ സി.എംപി. നേതാവായിരുന്ന എം വിരാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയിലധികം വർധിപ്പിച്ച് കോൺഗ്രസ്സിലെ അഡ്വ. ജോൺസൺ എബ്രഹാമിനെ 18,005 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയത് വീണ്ടും വർധിപ്പിച്ച് 33582 വോട്ടിന്റെ ഭൂരിപക്ഷം നേടി. എ.ഐ.വൈ.എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വർഷം പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.

25-ാമത്തെ വയസ്സിൽ ഏരൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. ഇങ്ങനെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയും മന്ത്രിയുമായ നേതാവാണ് രാജു. അതുകൊണ്ട് കൂടിയാണ് രാജുവിന്റെ വിദേശ യാത്ര വിവാദമാക്കി സോഷ്യൽ മീഡിയ ചർച്ച കൊഴുപ്പിക്കുന്നത്. മന്ത്രിയുടെ യാത്രിയിൽ ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP