Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു കിലോ മത്സ്യത്തിൽ 60 മില്ലിഗ്രാം ഫോർമാലിൻ; ഒറ്റപരിശോധനയിൽ കണ്ടെത്തിയത് മാരക മരുന്ന് തളിച്ച 12,000 കിലോ മത്സ്യം; കണ്ടെത്തിയത് മൃതദേഹങ്ങൾ പോലും അഴുകാതെ സൂക്ഷിക്കുന്ന മാരക രാസവസ്തു; അമരവിള ചെക് പോസ്റ്റിൽ ഇന്നലെ വ്യക്തമായത് എന്തുകൊണ്ടാണ് വൃക്കരോഗവും കാൻസർ രോഗങ്ങളും പെരുകുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം; പിടികൂടിയത് ഇത്രയെങ്കിൽ മലയാളി കഴിച്ചു തീർത്തത് എത്രയാവും?

ഒരു കിലോ മത്സ്യത്തിൽ 60 മില്ലിഗ്രാം ഫോർമാലിൻ; ഒറ്റപരിശോധനയിൽ കണ്ടെത്തിയത് മാരക മരുന്ന് തളിച്ച 12,000 കിലോ മത്സ്യം; കണ്ടെത്തിയത് മൃതദേഹങ്ങൾ പോലും അഴുകാതെ സൂക്ഷിക്കുന്ന മാരക രാസവസ്തു; അമരവിള ചെക് പോസ്റ്റിൽ ഇന്നലെ വ്യക്തമായത് എന്തുകൊണ്ടാണ് വൃക്കരോഗവും കാൻസർ രോഗങ്ങളും പെരുകുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം; പിടികൂടിയത് ഇത്രയെങ്കിൽ മലയാളി കഴിച്ചു തീർത്തത് എത്രയാവും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രോളിങ് കാലത്ത് മീൻ പിടിത്തം കുറവാണ്. ചെറുവള്ളങ്ങളിലെ മത്സ്യബന്ധനത്തിന് മാത്രമേ അനുമതിയുള്ളൂ. ഇത് തിരിച്ചറിഞ്ഞ് ചില കള്ളക്കളികൾ നടക്കുന്നുണ്ട്. അതായത് മീൻ കേട് കൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിച്ച് മീൻ സൂക്ഷിക്കുന്ന രീതി. അത് മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതായത് ഇ്പ്പോൾ, ഈ ട്രോളിങ് കാലത്ത് വിപണയിലുള്ള മത്സ്യങ്ങൾ ഏറെയും കീടനാശിനി തളിച്ചതാണെന്ന ആശങ്കയാണുള്ളത്. ഇതുകൊണ്ടാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ സാഗർ റാണിയുമായി മുന്നോട്ട് പോകുന്നത്. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ പിടിച്ചെടുത്തത് പന്ത്രണ്ടായിരം കിലോഗ്രാം മത്സ്യമാണ്.

അതായത് കാൻസറും വൃക്ക രോഗവും ഉണ്ടാക്കുന്ന മാരക കീടനാശിനി മീനിലൂടെ നമ്മുടെ ശരീരത്തിലേക്ക് പോകുന്നു. എല്ലാ ദിവസവും കേരളത്തിലേക്ക് പുറത്തു നിന്ന് മീനെത്തുന്നു. ഇതിൽ നാമമാത്രമായ 12,000 കിലോയാണ് പിടിച്ചെടുത്തത്. പടിക്കാൻ പറ്റാതെ എത്രയധികം കേരളത്തിലെത്തിക്കാണം. അത് വാങ്ങി മലയാളി കഴിച്ചു കാണും? ഓപ്പറേഷൻ സാഗർ റാണ കൂടുതൽ സജീവമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കേരളത്തിലെ മീൻ ചന്തകളിലേക്ക് പരിശോധന എത്തണം. മൊത്ത വിതരണക്കാരുടെ ഗോഡൗണുകളിലെ പരിശോധനയും അനിവാര്യം. എന്നാൽ ഇതൊന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചെയ്യുന്നില്ല. ഇതു ചെയ്താൽ വിഷം മലയാളികൾ കഴിക്കുന്നത് കുറയും.

മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ് സർക്കാരിന്റെ ഓപ്പറേഷൻ സാഗർറാണി. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറായിരം കിലോ മൽസ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറിൽ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗശൂന്യവുമാണെന്ന് കണ്ടെത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടർന്ന് ലാബിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു കിലോ മത്സ്യത്തിൽ 63 മില്ലിഗ്രാം ഫോർമാലിൻ കണ്ടെത്തിയിരുന്നു.

അമരവിളയിൽ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതൽ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും. പാലക്കാട് വാളയാറിൽ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഇവ എത്തിച്ചവർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേടായ മീൻ തിരിച്ചറിയാൻ ചില വഴികളും ഉണ്ട്. ദുർഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീൻ വാങ്ങരുത്. എന്നാൽ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ലെന്നും വിശദീകരിക്കുന്നു. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കിൽ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീൻ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമർത്തി നോക്കുക, ആ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളിൽ അമോണിയയും ഫോർമാലിനുമൊക്കെ കാണും.

വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക. വീട്ടിലെ ഫ്രിജിൽ മത്സ്യം സൂക്ഷിക്കുമ്പോൾ ഐസ് കട്ടകൾ വിതറിയിടണം. ചെകിളയും തലയും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മീൻ എത്ര കഴുകിയാലും കീടനാശിനി പോകില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാൻ ഉപയോഗിക്കുന്ന കീടനാശിനി മാരക വിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളിൽ എത്തിയാൽ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുൻപു നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂർണമായി നഷ്ടപ്പെടില്ല.

ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ കെൽപ്പള്ള രാസവസ്തുവാണ് ഇത്. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്. ഫോർമാലിൻ ദിവസവും ചേർത്താൽ മത്സ്യം 18 ദിവസം വരെ ഫ്‌റഷായി ഇരിക്കും. മുൻകാലങ്ങളിൽ അമോണിയ ചേർത്തായിരുന്നു മത്സ്യവില്പന. അതിലൂടെ മത്സ്യം 4 ദിവസം വരെ ഫ്‌റഷായി ഇരിക്കും. അതുകഴിഞ്ഞാൽ ഉപയോഗ ശൂന്യ മാകും. ഇത് തടയാൻ വൻകിട മത്സ്യ വ്യാപാരികൾ കണ്ടെത്തിയ മാർഗമാണ് മാംസള ഭാഗങ്ങളിൽ ഫോർമാലിൻ ചേർക്കൽ. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമാലിൻ എന്ന രാസ വസ്തു ജീവനുള്ള ശരീരത്തിൽ പ്രതികൂലമായാണ് പ്രവർത്തിക്കുന്നത്.

ഇത് സ്ഥിരമായി ഒരാഴ്ച കഴിക്കുന്ന ആളിന് ക്യാൻസർ പിടിപെടും. ഇതിന്റെ ആളവനുസരിച്ച് രോഗം വരാനുള്ള കാലയളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. മാംസളമായ മത്സ്യങ്ങളിലാണ് കൂടുതലായി ഫോർമാലിൻ ചേർക്കുന്നത്. ഇത് ഉള്ളിൽ ചെന്നാൽ കാൻസർ കൂടാതെ ബുദ്ധിയെയും നെർവസ് സിസ്റ്റത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

എന്താണ് ഫോർമാലിൻ?

ഫോർമിക് ആസിഡ് ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണു ഫോർമാലിൻ. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണു പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമാലിൻ ലായനിയിലാണ്. ഇത്ര അളവാണെങ്കിൽ പോലും ഇതു കുറേക്കാലം കേടുകൂടാതെയിരിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്കു പഠിക്കുവാൻ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നതു ഫോർമാലിൻ ലായനിയിലാണ്. ഈ ലായനിയിൽ ആറുമാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേടുകൂടാകാതെ സൂക്ഷിക്കാൻ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമാലിനാണ്.

കഴിക്കുന്ന മീനിനൊപ്പം ഫോർമാലിൻ കൂടി ശരീരത്തിനുള്ളിലെത്തിയാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഫോർമാലിൻ കഴിക്കാൻ പാടില്ല. ചെറിയ അളവിലാണെങ്കിൽ കൂടി ശരീരത്തിനുള്ളിലെത്തിയാൽ വിഷമായി പ്രവർത്തിക്കും. തുടർച്ചയായി ഇത്തരത്തിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ഉള്ളിൽ ചെന്നാൽ പലതരം അവയവങ്ങളേയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP