Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രോളിങ് നിരോധനത്തോടെ കേരളത്തിലേക്ക് ഗോവയിൽ നിന്നും മത്സ്യമെത്തുന്നു; ദിനംപ്രതി ഗോവയിൽ നൂറ് കണക്കിന് ലോറികളിൽ മത്സ്യം അതിർത്തി കടന്നെത്തുന്നു; ഫോർമാലിൻ തളിച്ച മത്സ്യങ്ങൾ മലബാറിലെ വിപണിയും കീഴടക്കുന്നു; നാടൻ മത്സ്യങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ വിലക്കുറവാണെങ്കിലും ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാർത്ഥങ്ങൾ ഭീഷണി

ട്രോളിങ് നിരോധനത്തോടെ കേരളത്തിലേക്ക് ഗോവയിൽ നിന്നും മത്സ്യമെത്തുന്നു; ദിനംപ്രതി ഗോവയിൽ നൂറ് കണക്കിന് ലോറികളിൽ മത്സ്യം അതിർത്തി കടന്നെത്തുന്നു; ഫോർമാലിൻ തളിച്ച മത്സ്യങ്ങൾ മലബാറിലെ വിപണിയും കീഴടക്കുന്നു; നാടൻ മത്സ്യങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ വിലക്കുറവാണെങ്കിലും ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാർത്ഥങ്ങൾ ഭീഷണി

രഞ്ജിത്ത് ബാബു

കണ്ണൂർ: ട്രോളിങ് നിരോധനം ഉപയോഗപ്പെടുത്തി ഗോവയിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ മത്സ്യം കടത്തുന്നു. കേരള-കർണാടക അതിർത്തിയായ മഞ്ചേശ്വരം, തലപ്പാടി ചെക്കു പോസ്റ്റുകൾ വഴി കടത്തുന്ന മത്സ്യത്തിൽ രാസപദാർത്ഥം അടങ്ങിയിട്ടുണ്ടൊ എന്ന പരിശോധന പോലും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ നടത്തുന്നുമില്ല. മത്സ്യത്തിൽ ചേർക്കുന്ന ഫോർമാലിന്റെ അളവ് സംബന്ധിച്ച് നിജസ്ഥിതി വ്യക്തമാക്കണമെന്ന് ഗോവ ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മത്സ്യം അതിർത്തി കടന്ന് കേരളത്തിലെത്തുന്നത്.

മത്സ്യത്തിനുള്ളിൽ സ്വാഭാവികമായി ഫോർമാലിൻ ഉത്പ്പാദിപ്പിക്കപ്പെടാറുണ്ട്. ഇത് കടൽ മീനിൽ ഒരു കിലോഗ്രാം തൂക്കമുള്ളവയിൽ 100 ഗ്രാമും ശുദ്ധജല മത്സ്യത്തിൽ നാല് മില്ലീ ഗ്രാമും ആകാമെന്നാണ് ഗോവ സംസ്ഥാനത്തിന്റെ വാദം. ഇതോടെ മീനിൽ ഫോർമാലിൻ കണ്ടെത്തിയാലും സ്വാഭാവികമെന്നോ കൃത്രിമമായി ചേർത്തതെന്നോ കണ്ടു പിടിച്ചു തെളിയിക്കുന്നത് ശ്രമകരമായിരിക്കും. ഇതിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഗോവൻ മത്സ്യം സ്ഥാനം പിടിച്ചിരിക്കയാണ്. ദിനം പ്രതി ഗോവയിൽ നിന്നും നൂറുക്കണിക്കിന് ലോറികളിൽ കേരളാ അതിർത്തി കടന്ന് മത്സ്യമെത്തുന്നു.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ മാർക്കറ്റുകളിൽ് അതിരാവിലെ തന്നെ മത്സ്യം എത്തുകയും വിതരണം നടത്തുകയും ചെയ്യുന്നു. ട്രോളിങ് നിരോധനത്തിന്റെ മറവിൽ ഗോവൻ മത്സ്യം വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. കാർഡ് ബോർഡ് പേക്കുകളിൽ ക്വാളിറ്റി എസ്പോർട്ട് എന്ന് രേഖപ്പെടുത്തി പത്ത് കിലോ ഗ്രാം മത്സ്യങ്ങളടങ്ങുന്നതാണ് ഗോവയിൽ നിന്നും എത്തുന്നത്. മികച്ച രീതിയിലുള്ള പാക്കിങ് കണ്ടാൽ മത്സ്യം ഗുണമുള്ളതാണെന്ന് കാഴ്ചയിൽ തോന്നും. എന്നാൽ ഇതിൽ എത്രമാത്രം രാസപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ നിലവിൽ മാർഗ്ഗമില്ല. ആവോലി, അയല, കൂന്തൽ , മത്തി, ചെമ്മീൻ, വിവിധയിനം പരൽ മീനുകൾ ഇങ്ങനെ ഒരു ഡസനോളം മത്സ്യ ഇനങ്ങൾ ഗോവയിൽ നിന്നും എത്തുന്നുണ്ട്.

കഴിഞ്ഞ വർഷം വരെ ഉത്തര കേരളത്തിലെ മാർക്കറ്റുകളിൽ ഗോവൻ മത്സ്യം വിതരണത്തിനെത്തിയപ്പോൾ പരിശോധന നടത്തിയിരുന്നു. രാസപദാർത്ഥങ്ങൾ കലർന്നതിന്റെ പേരിൽ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മാർക്കറ്റിലെത്തുന്ന ഗോവൻ മത്സ്യം കാർഡ്ബോർഡ് പാക്കിനകത്ത് പ്ലാസ്റ്റിക് കവറിലാണ് അടക്കം ചെയ്തിട്ടുള്ളത്. അതാത് മാർക്കറ്റിലെത്തിയാൽ പാക്ക് പൊളിച്ച് പ്ലാസ്റ്റിക് കവറിനുള്ളിൽ ഐസ് കട്ട നിക്ഷേപിക്കുകയും ചെയ്യുന്നു. ഗോവൻ മത്സ്യം കഴിക്കുന്നവർ ഉറപ്പും രുചിക്കുറവും ഉണ്ടാവുമെന്നും അഭിപ്രായപ്പെടുന്നു.

180 രൂപ മുതൽ 1000 രൂപ വരെയാണ് ഗോവൻ മത്സ്യങ്ങളുടെ കിലോഗ്രാമിന്റെ വില. നാടൻ മത്സ്യങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ വിലക്കുറവാണെങ്കിലും കേരളത്തിലെ ട്രോളിങ് നിരോധന കാലം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഗോവ. പരൽ മീനുകളും ചെറുമീനുകളും ഗോവയിൽ നിന്നും വ്യാപകമായി എത്തുന്നുമുണ്ട്. ഫ്രീസർ അടക്കമുള്ള ലോറികളിലാണ് മീൻ എത്തുന്നത്. എന്നാൽ എത്ര ദിവസം മുമ്പ് പിടിച്ചതാണെന്നോ മറ്റോ ഉള്ള വിവരങ്ങളൊന്നും കാർഡ് ബോർഡ് പാക്കിൽ വ്യക്തമല്ല.

മത്സ്യങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന ഫോർമാലിനോ കൃത്രിമമായി ചേർക്കുന്ന ഫോർമാലിനോ എന്നത് തെളിയിക്കാൻ കേരളത്തിലെ ലാബുകളിൽ സംവിധാനമില്ല. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് ഏക ആശ്രയം. എന്നാൽ ഇവിടെനിന്നും പരിശോധനാ ഫലം അറിയാൻ പത്ത് ദിവസമെങ്കിലും എടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP