Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയുടെ വരുതിക്ക് നിൽക്കാത്ത രേണു രാജിനെ ദേവികുളത്ത് നിന്ന് കെട്ടുകെട്ടിക്കാൻ വ്രതം നോറ്റവർ ഏറെ; ആരുടെയും തിട്ടൂരങ്ങൾക്ക് ചെവികൊടുക്കാതെ പണിയെടുത്ത സബ് കളക്ടർ പദവി ഒഴിയും മുമ്പേ റദ്ദാക്കിയത് നാല് വ്യാജ പട്ടയങ്ങൾ; ഇക്കാനഗറിൽ രണ്ടര ഏക്കർ സർക്കാർ ഭൂമി കൈയേറിയത് വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച്; റദ്ദാക്കിയത് 1999 ലെ രവീന്ദ്രൻ പട്ടയങ്ങൾ

പാർട്ടിയുടെ വരുതിക്ക് നിൽക്കാത്ത രേണു രാജിനെ ദേവികുളത്ത് നിന്ന് കെട്ടുകെട്ടിക്കാൻ വ്രതം നോറ്റവർ ഏറെ; ആരുടെയും തിട്ടൂരങ്ങൾക്ക് ചെവികൊടുക്കാതെ പണിയെടുത്ത സബ് കളക്ടർ പദവി ഒഴിയും മുമ്പേ റദ്ദാക്കിയത് നാല് വ്യാജ പട്ടയങ്ങൾ; ഇക്കാനഗറിൽ രണ്ടര ഏക്കർ സർക്കാർ ഭൂമി കൈയേറിയത് വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച്; റദ്ദാക്കിയത് 1999 ലെ രവീന്ദ്രൻ പട്ടയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ദേവികുളം സബ്കളക്ടർ സ്ഥാനം ഒഴിയുന്നതിന് മുമ്പായി രേണുരാജ് റദ്ദാക്കിയത് നാല് പട്ടയങ്ങൾ. മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി വ്യാജമായി നിർമ്മിച്ച പട്ടയങ്ങളാണ് രേണുരാജ് റദ്ദാക്കിയത്. ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബർ 24-ന് റദ്ദാക്കിയത്. നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശവും രേണുരാജ് നൽകിയിട്ടുണ്ട്.

ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട എൽ.എ 96/99, 94/99,97/99,54/99 എന്നീ പട്ടയങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധനകൾ പൂർത്തിയാക്കി 24ന് റദ്ദ് ചെയ്തിരിക്കുന്നത്. 1955 മുതൽ സ്ഥിരം താമസക്കാരായിരുന്ന പി എം മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവനവത്കരണത്തിന്റെ പേരിൽ 1965 ൽ സർക്കാർ ഇറക്കിവിട്ടിരുന്നു. തുടർന്ന് ഭൂമി തവർണ്ണ(തൈകൾ ഉത്പാദിപ്പിക്കുന്ന ജോലി) നിർമ്മിക്കുന്നതിനായി വനംവകുപ്പിന് കൈമാറി. എന്നാൽ തവർണ്ണ ജോലിക്കെത്തിയ മരിയദാസ് എന്നയാൾ ഭൂമി കൈയേറി അയാളുടെ പേരിലും ബന്ധുക്കളുടെയും വ്യാജപട്ടയങ്ങൾ നിർമ്മിച്ചു.

സംഭവത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി എം മാത്യുവിന്റെ ബന്ധുക്കൾ 2014 ൽ ഹൈക്കോടതിയെ സമീപിച്ചു. 2018ൽ പുത്തൻ വീട്ടിൽ ബിനുപാപ്പച്ചൻ നൽകിയ പരാതിയിൽ പട്ടയങ്ങൾ പരിശോധിക്കാൻ ദേവികുളം സബ് കളക്ടറെ നിയോഗിച്ചു. 2019 ജൂൺമാസം മുന്നുദിവസം നീണ്ടുനിന്ന പരിശോധനയിൽ ബന്ധുക്കളായ അളകർസ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവർ സബ് കളക്ടർ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങളുടെ പട്ടയത്തിനായി അപേക്ഷ സമർപ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവർ ബോധിപ്പിച്ചതെന്ന് സബ് കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നടപടി. പരിശോധനയിൽ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാൽ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരിൽ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉൾപ്പെടുന്ന വസ്തുക്കളും സർക്കാർ അധീനതയിൽ ഏറ്റെടുക്കുന്നതിന് തഹസിൽദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയ ദാസ് കയ്യടക്കിയെന്ന് കാട്ടി ബിനു പാപ്പച്ചൻ എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ദേവികുളം സബ് കളക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ രേണു രാജിനെ പകരം പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്തതിനാണ് രേണു രാജിനെ സ്ഥലം മാറ്റിയതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. പാർട്ടിയുടെ വരുതിക്ക് നിന്നില്ലെന്ന പരാതി സി പി എം നേതാക്കളിൽ വ്യാപകമായി ഉണ്ടായിരുന്നു.

ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപത്തുള്ള ശ്രീശൈലത്തിൽ M.K രാജശേഖരൻ നായരുടെയും V.N ലതയുടെയും മൂത്തമകളാണ് രേണുരാജ്. KSRTC ജീവനക്കാരനായിരുന്നു രാജശേഖരൻ നായർ. സ്‌കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ എല്ലാത്തിലും ഒന്നാമതായിരുന്നു രേണുരാജ്. ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്ന് പതിനൊന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസായത്. ആദ്യം ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച രേണുരാജ് പിന്നീട് സിവിൽ സർവീസിൽ ആകൃഷ്ടയായി. തൃശ്ശൂരിലും ദേവികുളത്തും സബ്കളക്ടറായി സേവനം അനുഷ്ടിക്കുമ്പോഴും രാഷ്ട്രീയ മേലാളന്മാരുടെ തിട്ടൂരത്തിന് വഴങ്ങാതെ നിലപാടുകളും തീരുമാനങ്ങളും എടുത്തതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച ഉദ്യോഗസ്ഥയായിരുന്നു രേണുരാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP