Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റ ഫാദർ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച അണ്ടർ സെക്രട്ടറി; ബോധ രഹിതനായി മെഡിക്കൽ കോളേജിൽ കൊണ്ടു വന്നപ്പോൾ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ്; പേരൂർക്കട ആശുപത്രിയിലെ ചികിൽസയ്ക്കിടെ പനിയും ശ്വാസ തടസ്സവും; ന്യുമോണിയ ബാധിച്ച് മെഡിക്കൽ കോളേജിൽ മരിക്കുമ്പോൾ തെളിഞ്ഞതു കൊറോണ പോസിറ്റീവ്; സമൂഹ വ്യാപന സാധ്യത ചർച്ചയാക്കി റവ. ഫാ കെ ജി വർഗീസിന്റെ മരണം; ആശങ്കയിൽ ആരോഗ്യ കേരളം

ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റ ഫാദർ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച അണ്ടർ സെക്രട്ടറി; ബോധ രഹിതനായി മെഡിക്കൽ കോളേജിൽ കൊണ്ടു വന്നപ്പോൾ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ്; പേരൂർക്കട ആശുപത്രിയിലെ ചികിൽസയ്ക്കിടെ പനിയും ശ്വാസ തടസ്സവും; ന്യുമോണിയ ബാധിച്ച് മെഡിക്കൽ കോളേജിൽ മരിക്കുമ്പോൾ തെളിഞ്ഞതു കൊറോണ പോസിറ്റീവ്; സമൂഹ വ്യാപന സാധ്യത ചർച്ചയാക്കി റവ. ഫാ കെ ജി വർഗീസിന്റെ മരണം; ആശങ്കയിൽ ആരോഗ്യ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചുവെന്ന സംശയം ശക്തമാകുന്നു. സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണൂരിലാണ് സമൂഹ വ്യാപന സാധ്യത ആദ്യം ഉയർന്നത്. ചക്ക വീണു പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതായിരുന്നു ഇതിൽ പ്രധാനം. ഇതിനൊപ്പം അപകടത്തിൽ പരിക്കേറ്റ ചിലരിലും വൈറസ് ബാധ കണ്ടെത്തി. ഇതിന് പിന്നാലെ ആശങ്ക തിരുവനന്തപുരത്ത് എത്തുകയാണ്.

സമ്പർക്കം വഴിയും ഉറവിടം കണ്ടെത്താൻ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയോടെ സർക്കാർ കരുതലുകൾ എഠുക്കുന്നുണ്ട്. ഇന്നലെ മാത്രം 12 പേർക്കാണു സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മരിച്ച വൈദികനു രോഗം പകർന്നത് എങ്ങനെയെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മാസം 20ന് അപകടത്തെ തുടർന്നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിനെ (77) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഏപ്രിൽ 20 മുതൽ മെയ്‌ 20 വരെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

തുടർ ചികിത്സയ്ക്കായി രോഗിയെ പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടർന്നും ശ്വാസ തടസം ഉണ്ടായതുകൊണ്ടും രക്ത സമ്മർദം കുറഞ്ഞതിനാലും മെയ്‌ 31നാണ് വീണ്ടും ഫാ. കെ.ജി. വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗനില മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നൽകി. തലച്ചോറിലെ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനം, ന്യൂമോണിയ, രക്തത്തിലെ അണുബാധ, വൃക്കകളുടെ തകരാർ എന്നിവയും ഉണ്ടായിരുന്നു. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇന്നലെ രാവിലെ 5.20ന് മരണമടയുകയായിരുന്നു. ന്യുമോണിയ സ്ഥിരീകരിച്ചതിനാൽ സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്കായും അയച്ചിരുന്നു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വൈദികൻ വിദേശത്ത് യാത്ര ചെയ്തിട്ടില്ല. കോവിഡ് എങ്ങനെ വന്നു എന്നതിൽ ആർക്കും പിടിയുമില്ല.

ഏപ്രിൽ മുതൽ ചികിൽസയിലാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്ന് രോഗം വരാനുള്ള സാധ്യതയുമുണ്ട്. ഇതിനൊപ്പമാണ് നെടുമങ്ങാട് ആനാട്ടെ ഒരാൾ മദ്യപിച്ച് കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചതും. ഇതും സമൂഹ വ്യാപനത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മെയ്‌ 10നു ശേഷം കണ്ടെത്തിയ 906 രോഗികളിൽ 83 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിനു പുറമേ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ ഒട്ടേറെപ്പേർക്ക് അവിടെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ മരിച്ച വൈദികൻ 43 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല. മറ്റുള്ളവരുമായി അടുത്ത സമ്പർക്കവുമുണ്ടായിട്ടില്ല. ആശുപത്രിയിൽ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടർന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. ഇതാണ് ആശങ്ക കൂട്ടുന്നത്. എങ്കിലും സമൂഹ വ്യാപനമില്ലെന്ന നിലപാടിൽ തന്നെയാണ് സംസ്ഥാന സർക്കാർ. ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹ വ്യാപനമായി കരുതാനാകില്ലെന്നും പറയുന്നു. ആനാട്ട് മദ്യപിച്ച ആൾ തമിഴ്‌നാട്ടിൽ പോയിരുന്നു. ഇയാൾക്ക് അവിടെ നിന്നാകാം രോഗം വന്നതെന്നാണ് വിലയിരുത്തൽ.

ഫാ. കെ ജി വർഗീസ് ഏപ്രിൽ 20ന് ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മെയ് 20 നാണ് അദ്ദേഹത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. മെയ് 30-ന് പനിയും ശ്വാസതടസവും ഉണ്ടായതോടെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയയും ബാധിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിരവധിപേർ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയതായി സൂചനയുണ്ട്. അപകടമുണ്ടായപ്പോൾ സഹായിച്ചവർ മുതൽ ചികിത്സിച്ച ആരോഗ്യപ്രവർത്തകർവരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടും. സെക്രട്ടറിയേറ്റിൽനിന്ന് അണ്ടർസെക്രട്ടറിയായി വിരമിച്ചയാളാണ് ഫാ. കെ ജി വർഗീസ്. ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: ബിജി വർഗീസ്, മകൾ : ബിനു വർഗീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP