Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ മനുഷ്യൻ എന്താ ഇന്ത്യാക്കാരനല്ലേ? എന്തുകൊണ്ടാണ് സുഷമാ സ്വരാജിന് പോലും ടോം അച്ചന്റെ കാര്യത്തിൽ താൽപ്പര്യം ഇല്ലാത്തത്? യെമനിലെ ഭീകരരുടെ തടവിലായിട്ട് ഒരു വർഷമായിട്ടും ഫാ ടോം ഉഴുന്നാലിനെ രക്ഷിക്കാൻ ആർക്കും താൽപ്പര്യമില്ല; ആശങ്കയോടെ വീട്ടുകാർ

ഈ മനുഷ്യൻ എന്താ ഇന്ത്യാക്കാരനല്ലേ? എന്തുകൊണ്ടാണ് സുഷമാ സ്വരാജിന് പോലും ടോം അച്ചന്റെ കാര്യത്തിൽ താൽപ്പര്യം ഇല്ലാത്തത്? യെമനിലെ ഭീകരരുടെ തടവിലായിട്ട് ഒരു വർഷമായിട്ടും ഫാ ടോം ഉഴുന്നാലിനെ രക്ഷിക്കാൻ ആർക്കും താൽപ്പര്യമില്ല; ആശങ്കയോടെ വീട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജീവൻ രക്ഷിക്കണമെന്ന് യാചിച്ച് യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ പലവട്ടം അപേക്ഷയുമായി എത്തി. ആരോഗ്യസ്ഥിതി മോശമാണെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ സന്ദേശം സമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും താൻ വളരെയേറെ ദുഃഖിതനും നിരാശനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം കേട്ടിട്ടും കണ്ടിട്ടും ആരും അനങ്ങുന്നില്ല. എല്ലാം ശരിയാക്കുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞതിനെ പ്രതീക്ഷയോടെയാണ് ഏവരും കേട്ടത്. അതും ലക്ഷ്യത്തിലെത്തുന്നില്ലെന്ന തിരിച്ചറിവിലാണ് ടോമിനെ സ്‌നേഹിക്കുന്നവർ ഇപ്പോൾ.

യെമനിൽനിന്ന് ഭീകരർ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയിട്ട് മാർച്ച് നാലിന് ഒരുവർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തെക്കൻ യെമനിലെ ഏദനിലെ വയോധിക സദനത്തിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ നിരവധി അന്തേവാസികളെ കൊലപ്പെടുത്തിയശേഷം ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഒരുവർഷമായിട്ടും വൈദികനെ മോചിപ്പിക്കാത്തതിലുള്ള ആശങ്കയുടെ നിഴലിൽ കുടുംബാംഗങ്ങളും നാട്ടുകാരും നാലിന് രാമപുരത്തെ കുടുംബവീട്ടിൽ ഒത്തുചേർന്ന് പ്രാർത്ഥനാ കൂട്ടായ്മ നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 3 മണിവരെയാണ് പ്രാർത്ഥന. ഭക്തസംഘടനകൾ, വൈദികർ, കന്യാസ്ത്രീകൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പ്രാർത്ഥനയിൽ പങ്കെടുക്കും. ഒരു വർഷമായിട്ടും വൈദികനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിൽ ബന്ധുക്കളും നാട്ടുകാരും കടുത്ത ആശങ്കയിലാണ്.

പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉൾപ്പടെ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫാ.ടോമിന്റെ മോചനത്തിന് കേന്ദ്ര സർക്കാർ എല്ലാ സഹായവും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും അവിടെ സുസ്ഥിരമായ ഒരു സർക്കാർ ഇല്ലാത്തതിനാലും വൈദികന്റെ മോചനത്തിന് തടസ്സമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ഇതിനിടെ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അറിയില്ലെന്നതും വിവാദത്തിന് പുതിയ മാനം നൽകി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ചോദിച്ചത്.

യെമനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലിൽ എന്ന് മാദ്ധ്യമപ്രവർത്തർ പറയുകയും പിന്നീട് തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ സർക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാൽ അന്വേഷിക്കാമെന്ന് രാജ്‌നാഥ് സിങ് മറുപടി പറഞ്ഞു. ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള പല നേതാക്കളും പറയുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതേക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചത്.

ആഭ്യന്തരമന്ത്രിയുടെ ഈ മറുപടി മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന മോചനശ്രമങ്ങൾ 'വെറും നാടകമോ' എന്ന സംശയത്തിനു കാരണം. ഫാ.ടോമിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തീവ്രമായി നടന്നിരിന്നുവെങ്കിൽ തുടർച്ചയായി അദ്ദേഹത്തിന്റെ സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഫേസ്‌ബുക്ക്, യുട്യൂബ് അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തുവാൻ അധികാരികൾ ശ്രമിക്കുമായിരിന്നു. ഫാദർ ടോമിനെ രക്ഷപെടുത്താൻ കേന്ദ്ര ഗവൺമെന്റ് യാതൊന്നും ചെയ്യുന്നില്ലെന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജ് തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരിന്ന ചിത്രത്തിൽ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു.

ഫാദർ ടോം ഉഴുന്നാലിൽ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിക്കുകയാണ് ഇപ്പോഴും. കാത്തലിക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബിഷപ് തിയോഡർ മസ്‌ക്രിനാസിനും ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനത്തിനും ഒപ്പമാണെന്നാണ് ഫാദർ ടോം ഉഴുന്നാലിന്റെ ബന്ധുക്കൾ സുഷമ സ്വാരാജിനെ കണ്ടിരുന്നു. ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ തുടരുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു. ടോം ഉഴുന്നാലിൽ സുരക്ഷിതനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ചില രാഷ്ട്ര നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും സുഷമ അറിയിച്ചതായി ബിഷപ്പ് തിയോഡർ മസ്‌ക്രിനാസ് പറഞ്ഞിരുന്നു. എന്നാൽ ഈ നീക്കമൊന്നും ഫലം കാണുന്നില്ല. അതുകൊണ്ടാണ് രാമപുരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആശങ്ക കൂടാനുള്ള കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP