Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോരാ മഴയത്ത് പെയ്ത് തീരാതെ അമ്മകണ്ണീർ; അടക്കി പിടിച്ച സങ്കടപെരുമഴ നെഞ്ചുപൊട്ടിച്ച് പിതൃവാൽസല്യം; ബ്രിട്ടനിലെ അഭിഷേകാഗ്‌നി കൺവെൻഷനിൽ പങ്കെടുക്കാൻ പോകവേ സ്വന്തം പിതാവിന്റെ വാഹനം ഇടിച്ചു മരിച്ച രണ്ടുവയസുകാരിയെ യാത്ര അയക്കാൻ എത്തിയവരും പൊട്ടിക്കരഞ്ഞത് ഇങ്ങനെ

തോരാ മഴയത്ത് പെയ്ത് തീരാതെ അമ്മകണ്ണീർ; അടക്കി പിടിച്ച സങ്കടപെരുമഴ നെഞ്ചുപൊട്ടിച്ച് പിതൃവാൽസല്യം; ബ്രിട്ടനിലെ അഭിഷേകാഗ്‌നി കൺവെൻഷനിൽ പങ്കെടുക്കാൻ പോകവേ സ്വന്തം പിതാവിന്റെ വാഹനം ഇടിച്ചു മരിച്ച രണ്ടുവയസുകാരിയെ യാത്ര അയക്കാൻ എത്തിയവരും പൊട്ടിക്കരഞ്ഞത് ഇങ്ങനെ

കണ്ണുനീർ ആർക്കും തുടയ്ക്കാൻ ആവുമായിരുന്നില്ല. സ്വർഗത്തിലേയ്ക്ക് പൊന്നുമകൾ പോയത് വിശ്വസിക്കാനാവാതെ നെഞ്ചുപൊട്ടുകയായിരുന്ന ഒരമ്മയുടെ കണ്ണീർ. ഭ്രാന്തിയെ പോലെ ജോമിലി പൊട്ടികരയുമ്പോൾ യഥാർത്ഥത്തിൽ ഭ്രാന്ത് പിടിച്ചത് ആ കാഴ്ച കണ്ടുനിന്ന നിസ്സഹായരായ ആയിരങ്ങൾക്കായിരുന്നു. മകളുടെ നെറ്റിയിലേയ്ക്ക് പിന്നെയും പിന്നെയും മുത്തം കൊടുത്ത് പൊട്ടി കരയുമ്പോഴും മൃതദേഹം എടുക്കുമ്പോൾ ഭ്രാന്തിയെ പോലെ ഓടി നടക്കുമ്പോഴും ജോമിലി ഒന്നും അറിയുന്നില്ലായിരുന്നു. സ്‌നേഹം പ്രതിബന്ധം ആയിരുന്നില്ല എന്ന ബൈബിളിലെ വാക്യം പോലെ അവൾ ഒരു മാസ്മരിക ലോകത്തായിരുന്നു. സ്‌നേഹത്തിന്റെയും ഭയത്തിന്റെയും മാസ്മരിക ലോകത്ത്. അത് കണ്ട് നിൽക്കാൻ വിധിക്കപ്പെട്ടവർ ഭ്രാന്തോടെ വിതുമ്പി കരഞ്ഞു. നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു.

തൊട്ടടുത്ത് ഒരു കടലോളം സങ്കടം നെഞ്ചിൽ ഒളിപ്പിച്ച് എവ്‌ലിന്റെ പിതാവ് സെൽജിയും ഉണ്ടായിരുന്നു. വിട്ടുപോയ പുന്നാരമകളുടെ നെറ്റിയിലേയ്ക്ക് സ്‌നേഹം ഒഴിച്ച് കൊടുത്ത് ആർത്ത് പെയ്യാൻ വിതുമ്പുന്ന മഴ പോലെ ആ പിതൃ വാത്സല്യം നിന്നു. ആ കണ്ണുകൾക്കും ചുറ്റുമുള്ള കാഴ്ചകൾ കാണാൻ സാധിക്കുമായിരുന്നില്ല. അവർക്ക് ചുറ്റും അപ്പോൾ ആരുമുണ്ടായിരുന്നില്ല. എല്ലാം നഷ്ടപ്പെട്ടവന് ദൈവം മാത്രം പ്രതീക്ഷ നൽകുന്ന അപൂർവ്വമായ അവസ്ഥ. വിതുമ്പാത്ത ഒരു മുഖവും ആൾക്കൂട്ടത്തിൽ ഇല്ലായിരുന്നു. കണ്ണുനീർ ഒലിക്കാത്ത ഒരു മനുഷ്യനും ആ കാഴ്ചയിൽ എത്തിയില്ല. അത്ര ഭീതിതമായിരുന്നു ഈ യാത്രയയപ്പ്.

കഴിഞ്ഞ ഒരാഴ്ചയായി ജോമിലിയുടെ കണ്ണുകൾ ഉറവ വറ്റിയിട്ടില്ല. ആറ്റുനോറ്റുണ്ടായ കുഞ്ഞോമനയെ വിധി ആരും പ്രിതീക്ഷിക്കാത്ത സാഹചര്യത്തിൽ, ഒരിക്കലും മറക്കാൻ പറ്റാത്ത വിധം തട്ടിയെടുത്തത് ഇനിയും ഈ അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിച്ച അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാൻ മാതാപിതാക്കളൊടൊപ്പം എത്തി സ്വന്തം പിതാവിന്റെ കാർ തട്ടി മരിച്ച മകളുടെ മുഖം ഒരിക്കൽ കൂടി നോക്കാൻ ത്രാണി ഇല്ലാതെ വഴിയരികിൽ തളർന്നു വീണ ജോമിലി ഇന്നലെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ പലകുറി ദുഃഖം താങ്ങാനാവാതെ തളർന്ന് ഇരുന്നത് വേദന നിറഞ്ഞ കാഴ്ചയായി.

ഉമ്മകൾ ആവോളം നൽകിയിട്ടും കൊതി തീരാത്തതുപോലെ ആ അമ്മ ശവമഞ്ചത്തിൽ കെട്ടിപ്പിടിച്ചപ്പോൾ പള്ളി ഹാളിലെ ഓരോ അമ്മ മനവും ഇടനെഞ്ച് പൊട്ടി ഓരോ സങ്കടകടലുകൾ സൃഷ്ടിക്കുകയായിരുന്നു. പലരുടെയും കണ്ണുകൾ തെരുതെരെ തിരുമ്മി ചെഞ്ചായം പൂശിയതുപോലെയായി. 'പൊന്നുമോളേ നീയീ അമ്മയുടെ വിളി കേൾക്കുന്നില്ലേ' എന്ന ജോമിലിയുടെ ദീന രോദനം കേൾക്കാതിരിക്കാൻ കാതുകൾ ഇല്ലാതായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന നിമിഷങ്ങളായിരുന്നു പിറന്നുവീണത്.

അമ്മയുടെ കുഞ്ഞാവേ... അമ്മയെ ഇട്ടിട്ട് പോകുവാണോടാ.. കാന്താരീന്ന് ഇനി അമ്മ ആരെ വിളിക്കും.. അമ്മയുടെ സുന്ദരിക്കുട്ടിക്ക് അമ്മ പൊട്ടുതൊട്ട് തരട്ടെ... പൊട്ടിക്കരഞ്ഞുകൊണ്ട് ജോമിലി ചങ്കുപൊട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. മകളുടെ മുഖത്ത് തലോടി ഒരു പിതാവ് അന്ത്യയാത്ര നല്കിയപ്പോഴും ആരും ഒന്നും മിണ്ടിയില്ല. സംസ്‌കാര ശുശ്രൂഷകൾ നടന്ന സെന്റ് മേരീസ് പള്ളിയിലേയ്ക്ക് ആർത്തലച്ചെത്തിയ ജനസാഗരങ്ങൾ പകരം വയ്ക്കാനില്ലാത്ത ഈ കണ്ണുനീരിന് മുമ്പിൽ നിശ്ചലരായി നിൽക്കുകയായിരുന്നു. യുകെ മലയാളികളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വാത്സല്യമൊഴുകിയാണ് വളരെ കുറച്ച് മലയാളികൾ മാത്രം തിങ്ങി പാർക്കുന്ന ഒരു നാട് ആ മാലാഖ കുഞ്ഞിന് യാത്രയയപ്പ് നല്കിയത്.

വെറും രണ്ടര വർഷത്തെ സൗഭാഗ്യം മാത്രമായി തനിക്കു മുന്നിൽ എത്തിയ പിഞ്ചോമനയെ തട്ടിയെടുക്കാൻ വിധി എത്ര ക്രൂരമായാണ് കാത്തിരുന്നത് എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ജോമിലിയുടെ ഹൃദയഭിത്തികൾ തകർത്ത് ആർത്തലച്ച് എത്തിയ ഓരോ വിലാപവും. ഈ സമയമത്രയും അമ്മയെന്തിനാ ഇങ്ങനെ പൊട്ടിപ്പൊട്ടികരയുന്നത് എന്ന ഭാവത്തിൽ കുഞ്ഞനുജത്തിയുടെ വിറങ്ങലിച്ച ശരീരത്തിന് കാവലെന്ന പോലെ നിന്ന കൊച്ചു സഹോദരങ്ങൾ ആരിലും ഹൃദയതാളം തെറ്റിക്കാൻ പോന്ന കാഴ്ചയായി. അമ്മയ്ക്കു പിന്നാലെ സഹോദരങ്ങളും ചുംബന മലരുകൾ അർപ്പിച്ചതോടെ പിതാവ് സെൽജിയുടെ ഊഴമായി. എത്ര തഴുകിയിട്ടും മതി വരാത്തതുപോലെ വീണ്ടും വീണ്ടും എവ്‌ലിന്റെ കുഞ്ഞിക്കാലുകൾ തഴുകി കൊണ്ടിരുന്ന സെജിൽ സ്വയം നിയന്ത്രണം നഷ്ടമാകാതെ സകല സമ്മർദ്ദങ്ങളെയും അതിജീവിക്കുകയായിരുന്നു. ആരും കാണാതെ തന്റെ മാത്രം ലോകത്തിൽ ആവോളം കരഞ്ഞ് തീർക്കാൻ എത്രയോ രാപ്പകലുകൾ തനിക്കായുണ്ട് എന്ന മട്ടിലായിരുന്നു ആ വ്രണിത പിതൃ ഹൃദയം കുഞ്ഞുമകളോട് മൗനമായി മന്ത്രിച്ചു കൊണ്ടിരുന്നത്.

യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം പങ്കെടുത്ത ശവസംസ്‌കാര ചടങ്ങ് എന്ന നിലയിൽ പരിഗണിക്കുമ്പോഴും കരളുറപ്പുള്ളവർ ആരെങ്കിലും അവിടെ എത്തിയിരുന്നോ എന്ന് സംശയമാണ്. കണ്ണീൽ ഊറിക്കൂടിയ നനവ് ആരും കാണാതെ തുടച്ചു മാറ്റിയിരുന്ന പുരുഷന്മാർ പോലും മിക്കപ്പോഴും ജോമിലിയെ നോക്കുവാൻ അധൈര്യപ്പെട്ടു. റോസപ്പൂക്കൾ വലയം ചെയ്തിരുന്ന എവ്‌ലിന്റെ കുരുന്ന് വദനവും കാഴ്ചയായി മനസിൽ നിറയ്ക്കാൻ പലരും അധൈര്യപ്പെടുന്നതുപോലെ തോന്നി. ഇക്കാരണത്താൽ തന്നെയാകാം, എവ്‌ലിനെ സംസ്‌കരിച്ച കുഴിമാടത്തിനരികെ എത്താൻ തയ്യാറാകാതെയും പലരും പ്രാർത്ഥന കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്നു. ആ കുഞ്ഞോമനയെ പ്രകൃതി ഏറ്റുവാങ്ങുന്ന ദൃശ്യം കണ്ടുനിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രാർത്ഥന ചടങ്ങുകളിൽ ഉടനീളം തലകുനിച്ച് നിന്ന പുരുഷത്വത്തിന്റെ മനോവിചാരം.

ഫാ. സേവ്യർഖാൻ വട്ടായിൽ ഉൾപെടെയുള്ള പ്രമുഖ വൈദികരൊക്കെ എവ്‌ലിൻ മോളുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ച കാർ അപകടത്തിൽ മരിച്ച എവ്‌ലിന്റെ മൃതദേഹം നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കി ഫ്യുണറൽ ഡയറക്ടേർസ് ഏറ്റെടുത്തിരുന്നു. ഇന്നലെ രാവിലെ മൃതദേഹവുമായി ഫ്യുണറൽ ഡയറക്ടേർസ് എത്തിയപ്പോൾ തന്നെ ഹൃദയം തകർന്ന വേദനയോടെ അമ്മ ജോമിലി വിലപിക്കുകയായിരുന്നു. എന്റെ കാത്തുമോളെ എന്ന വിളിയോടെയാണ് അമ്മ ആദ്യം ഓടിയെത്തിയത്. ഒരു ഭ്രാന്തിയെ പോലെ നിലത്തിരുന്നു ആ അമ്മ നിലവിളിച്ചു. തുടർന്ന് ബന്ധുക്കൾ ഭവനത്തിൽ എവ്‌ലിൻ മോളുടെ ഭൗതിക ശരീരം സ്വീകരിച്ചതോടെ വീട്ടിലെ വിടവാങ്ങൽ ശുശ്രൂഷയ്ക്ക് തുടക്കമായി. തങ്ങളുടെ കുഞ്ഞനുജത്തിയെ നഷ്ടമായ വേദനയിൽ ജെറിക്കും ജെർമിയും തേങ്ങികൊണ്ടിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ പിതാവ് സെൽജി മകളെ തലോടികൊണ്ടിരുന്നു. എവ്‌ലിന്മോൾ അപ്പോൾ ഒന്നും അറിയാതെ തന്റെ പാവക്കുട്ടിയെ ചേർത്ത്പിടിച്ച് കൈയിൽ ജപമാലയും റോസാപ്പൂവും പിടിച്ച് ശാന്തമായി ഉറങ്ങുകയായിരുന്നു.

തുടർന്ന് കളിചിരികളുമായി കൊഞ്ചിനടന്ന പ്രിയ ഭവനത്തോട് വിട പറഞ്ഞ് സംസ്‌കാരശുശ്രൂഷകൾ നടക്കുന്ന സെന്റ് മേരീസ് ദേവാലയത്തിലേയ്ക്ക് എവ്‌ലിൻ മോളുടെ ശരീരം കൊണ്ടുപോയി. പത്ത് മണിക്ക് ദേവാലയകവാടത്തിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞെത്തിയ വൈദികർ ചേർന്ന് പ്രാർത്ഥനയോടെ സ്വീകരിച്ച് അൾത്താരയ്ക്ക് മുന്നിലായി പ്രതിഷ്ഠിച്ചു. പത്തു മുതൽ 11 വരെ യുകെയിലെ മലയാളി സമൂഹത്തിന് അന്ത്യയാത്രാമൊഴി അർപ്പിക്കാനുള്ള അവസരം ആയിരുന്നു. 10.55ന് റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം വൈദികർ പ്രദക്ഷിണമായി അൾത്താരയിലേയ്ക്ക് എത്തി. ലോനപ്പൻ അച്ചന്റെ ആമുഖ പ്രഭാഷണത്തെ തുടർന്ന് കുഞ്ഞ് മാലാഖയുടെ ആത്മശാന്തിക്കായുള്ള സമൂഹബലിക്ക് തുടക്കമായി. ഇതേസമയം ദേവാലയവും പരിസരവും ജനനിബിഡമായിരുന്നു. അനുസ്മരണപ്രഭാഷണങ്ങളെ തുടർന്ന് സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവർ കുഞ്ഞുമോളുടെ ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു. തിരുകർമ്മങ്ങളെ തുടർന്ന് തന്റെ പ്രിയ ദേവാലയത്തോട് വിടപറഞ്ഞ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലേക്ക് എവ്‌ലിൻ മോളുടെ മൃതശരീരം കൊണ്ടുപോയി.

ഇതേസമയം പൊലീസ് ഗതാഗതം പൂർണമായും നിരോധിച്ച് മൃതദേഹം കടന്നുപോകാൻ വഴിയൊരുക്കിയിരുന്നു. റെഡ് ലൈറ്റുകളും റൗണ്ട് എബൗട്ടുകളും എല്ലാം പൊലീസ് വാഹനം ഉപയോഗിച്ച് ഗതാഗതം തടസപെടുത്തി മൃതദേഹം കടന്ന് പോകാൻ അവസരം ഒരുക്കി. നൂറുകണക്കിന് വാഹനങ്ങൾ മൃതദേഹത്തിന് അകമ്പടി സേവിച്ചു. ഒരു മണികഴിഞ്ഞതോടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ സെമിത്തേരിയിൽ എത്തിച്ചേർന്നു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെറോമും, സെന്റ് പീറ്റേഴ്‌സ് ആഗ്ലിക്കൻ ചർച്ച് വികാരിയും ചേർന്ന് നടത്തിയ പ്രാർത്ഥനയെ തുടർന്ന് റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരിയുടെ അവസാനഘട്ട ശുശ്രൂഷകളിലേയ്ക്ക് കടന്നു. തുടർന്ന് എവ്‌ലിൻ മോളുടെ ഭൗതിക ശരീരം മണ്ണിലേയ്ക്ക് അലിഞ്ഞു. ഇതേ സമയം കുട്ടികൾ വെള്ള ബലൂണുകൾ ആകാശത്തിലേയ്ക്ക് ഉയർത്തിവിട്ടു. ഇപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് കൊച്ചു മാലാഖ ആയി എവ്‌ലിൻ പുഞ്ചിരിക്കുന്നുണ്ടാവും.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനിലെ നോട്ടിങ്ഹാം അരീനയ്ക്ക് സമീപം ബോലെറോ സ്‌ക്വയറിലുണ്ടായ കാർ അപകടത്തിൽ കൂത്താട്ടുകുളം സ്വദേശികളായ സെൽജിയുടെയും ജോമിലിയുടെയും ഇളയ മകളായ രണ്ടരവയസുകാരി എവ്‌ലിൻ മരിയ സെൽജി ജീവൻ വെടിഞ്ഞത്. നോട്ടിങ്ങ്ഹാമിൽ നടന്ന അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം എത്തിയപ്പോഴാണ് വിധി കാർ അപകടത്തിന്റെ രൂപത്തിൽ എവ്‌ലിന്റെ ജീവൻ തട്ടിയെടുത്തത്.ശനിയാഴ്ച രാവിലെ എട്ടരയോട് കൂടിയാണ് യുകെ മലയാളികളെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ദുരന്തം അരങ്ങേറിയത്. വട്ടായിലച്ചൻ നയിച്ച അഭിഷേകാഗ്നി ധ്യാനത്തിനായി നോട്ടിങ്ങ്ഹാം എഫ്എം അരീനയിലേക്ക് ഉദ്ദേശിച്ചതിലും അൽപ്പം വൈകി കുടുംബ സമേതമെത്തിയതായിരുന്നു സെൽജിയുടെ കുടുംബം. കുടുംബത്തെ അരീനയ്ക്ക് സമീപമുള്ള ബൊലെറൊ സ്‌ക്വയറിൽ ഇറക്കിയ ശേഷം പാർക്ക് ചെയ്യാനായി പിന്നോട്ടെടുത്തപ്പോഴാണ് എവ്‌ലിൻ കാറിനടിയിൽപെട്ടത്. അമ്മയുടെ കൈയിൽ നിന്നും ഇറങ്ങി ഓടിയ കുഞ്ഞ് കാറിനടിയിൽപെടുകയായിരുന്നു.

നിലവിളിയോടെ എവ്‌ലിന്റെ അമ്മ കുഞ്ഞിനെ വാരിയെടുത്തെങ്കിലും കുഞ്ഞിന് അനക്കമില്ലായിരുന്നെന്നാണ് സൂചന. ഞൊടിയിടയിൽ തന്നെ പാഞ്ഞെത്തിയ പാരാമെഡിക്കൽ സംഘം കുഞ്ഞിന് പ്രഥമിക ശ്രുശ്രൂഷകൾ നല്കിയ ശേഷം നിമിഷ നേരം കൊണ്ട് കുഞ്ഞിനെ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം കണ്ടവരും കേട്ടവരുമെല്ലാം കുഞ്ഞിന് ഒന്നും സംഭവിക്കരുതേയെന്ന് മനമുരുകി പ്രാർത്ഥിച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും നിഷ്ഫലമാക്കി, ഡോക്ടർമാരുടെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി എവ്‌ലിന്റെ മരണം സംഭവിച്ചതായി രാത്രി ഏഴുമണിയോടെ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. സെൽജിയുടെയും ജോമിലിയുടെയും ഏക മകളായിരുന്നു എവ്‌ലിൻ. ജെറിക്ക്, ജെർമിൽ എന്നിവരാണ് എവ്‌ലിന്റെ ജേഷ്ഠന്മാർ.

അതേസമയം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ കുഞ്ഞ് മരിച്ചെന്ന് അറിഞ്ഞിട്ടുപോലും കൺവെൻഷനിൽ സംബന്ധിച്ചിരുന്ന ആയിരക്കണക്കിന് ആൾക്കാരോട് പറയാതെ അഭിഷേകാഗ്നി സംഘാടകർ സംഭവം മറച്ചുവച്ചത്് വിവാദമായി മാറിയിരുന്നു. പലരും വീടുകളിലെത്തിയ ശേഷമാണ് വേദിയുടെ മുമ്പിൽ ഇത്രയും ദാരുണമായ ഒരു മരണം നടന്നുവെന്ന് അറിഞ്ഞത് പോലും. സംഘാടകർ കൺവെൻഷനിൽ ഇക്കാര്യം പറയാതിരുന്നതിലും ഒന്നിച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാതിരുന്നതിനും കൺവെൻഷനിൽ പങ്കെടുത്തവരും അല്ലാത്തവരുമായവർ പ്രതിഷേധം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുകയായിരുന്നു. പലരും നിശിതമായി ധ്യാനത്തിന്റെ സംഘാടകരെ ഫേസ്‌ബുക്കിൽ വിമർശിച്ചാണ് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP