Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ വരെ നടക്കാം; കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയാം; പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗവിയുടെ ഉള്ളറകളെ അടുത്തറിയാം; പ്രത്യേക കർമ്മ പദ്ധതിയുമായി വനം വകുപ്പ്; ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ നടപ്പിലാക്കിയ ഇക്കോടൂറിസം പദ്ധതി വൻവിജയം

മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ വരെ നടക്കാം; കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയാം; പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗവിയുടെ ഉള്ളറകളെ അടുത്തറിയാം; പ്രത്യേക കർമ്മ പദ്ധതിയുമായി വനം വകുപ്പ്; ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ നടപ്പിലാക്കിയ  ഇക്കോടൂറിസം പദ്ധതി വൻവിജയം

പ്രകാശ് ചന്ദ്രശേഖർ

പത്തനംതിട്ട: മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ വരെ നടക്കാം.കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയാം.ജലകേളിയിൽ താൽപര്യമുള്ളവർക്കും അവസരം.ശബരിമല സന്നിധാനവും പൊന്നമ്പലമേടും വിദൂരതയിൽ ദർശിച്ച് വിശ്വാസികൾക്ക് പുണ്യവും നേടാം. മനോഹര ദൃശ്യങ്ങളാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗവിയുടെ ഉള്ളറകളെ അടുത്തറിയാൻ എത്തുന്നവർക്കായി വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള കർമ്മപദ്ധതിയുടെ സവിശേഷതകൾ ഒറ്റനോട്ടത്തിൽ ഇങ്ങിനെ.

സന്ദർശക ബാഹുല്യം കൊണ്ട് നാശത്തിന്റെ പടിവാതിലോളമെത്തിയ ഗവിയിലെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഇവിടുത്തെ ഇക്കോടൂറിസം പദ്ധതി വൻവിജയമായി എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.അപൂർവ്വ സസ്യ-ജന്തുജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കി പാരിസ്ഥിതീക പ്രത്യഘതങ്ങളില്ലാതെ ഗവിയുടെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തിൽ അധികൃതർ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ ഏറെ ഹൃദ്യമെന്നാണ് വിദേശിയർ ഉൾപ്പെടെ ഉള്ള സഞ്ചാരികളുടെ നേർസാക്ഷ്യം.

വിസ്മയവും കൗതുകവും ഒരുപോലെ സമ്മാനിക്കുന്ന ശബരിമല വ്യൂപോയിന്റ് സന്ദർശനവും ഭയവും ആശങ്കയും ജിജ്ഞാസയുമെല്ലാം പകരുന്ന ടെന്റുകളിലെ താമസവും മിക്കപ്പോഴും വന്യമൃഗങ്ങളെ അടുത്തുകാണാൻ അവസരം ലഭിക്കുന്ന ട്രക്കിംഗും മറ്റുമാണ് വനമേഖല കേന്ദ്രീകരിച്ച് സഞ്ചാരികൾക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

കൂടാതെ എലിഫന്റ് സ്‌കെട്ടൻ മ്യൂസിയം കാണാനും ബോട്ടിംഗും സൈക്കിളിംഗും നടത്താനും അവസരമുണ്ട്.കുട്ടികൾക്കായി മറ്റ് നിരവധി കളികൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.തങ്ങാൻ മികച്ച തമസ-ഭക്ഷണ സൗകര്യവും ഇവിടെ സജ്ജമാണ്.ഡേ,നൈറ്റ് എന്നീ രണ്ട് പായ്ക്കുകളാണ് ഇവിടെ വിനോദ സഞ്ചാരികൾക്കായി കെ എഫ് ഡി സി ഏർപ്പെടുത്തിയിട്ടുള്ളത്.താഴ്‌വാരങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളുമെല്ലാം ഒത്തുചേർന്ന പ്രകൃതി ഭംഗിയും നട്ടുച്ച വെയിലിലും കുളിർമ്മ അനുഭവപ്പെടുന്ന അന്തരീക്ഷവുമാണ് വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം.

പുറംകാഴ്ചകൾക്കപ്പുറം ഗവിയുടെ ഉള്ളറകളെ അടുത്തറിയുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കി നടപ്പിൽ വരുത്തിയിട്ടുള്ള കർമ്മപദ്ധതി പൂർണ്ണ വിജയമെന്നാണ് അധികൃതരുടെ വാദം.സന്ദർശകർക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഗ്രീന്മാൻഷൻ ജംഗിൾ ലോഡ്ജിനടുത്തുനിന്നാണ് ശബരിമല വ്യൂപോയന്റിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്.കുത്തനേയുള്ള മലകയറി മുകളിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ശബരിമല പൂങ്കാവനവും പൊന്നമ്പലമേടും കാണാൻ സാധിക്കും.പൂങ്കാവനത്തിന്റെയും പൊമ്പലമേടിന്റെയും വിദൂരദൃശ്യം കാണുമ്പോൾ വിശ്വാസികളിൽ ഒട്ടുമിക്കവരും ഇവിടെ നിന്ന് ശരണം വിളിച്ച് കൊകൂപ്പുക പതിവാണെന്ന് ഗൈഡ് പ്രതീപ് വെളിപ്പെടുത്തി.

ഇതരസംസ്ഥാനക്കാരായ യുവതികൾ അടക്കമുള്ള വിശ്വാസികൾ ഈ കാഴ്ച പൂണ്യമായി കണ്ടാണ് മലയിറങ്ങുന്നതെന്നും പ്രതീപ് വിശദമാക്കി.കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇവിടെ നിന്നാൽ താഴ്‌വാരങ്ങളിൽ കാട്ടുപോത്തും ആനക്കൂട്ടങ്ങളും വരയാടുകളും മേയുന്നത് കാണാം.ചിലപ്പോഴൊക്കെ പുലിയും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് ഗൈഡുകൾ നൽകുന്ന വിവരം.ചുറ്റുമുള്ള ഹരിതഭംഗിയാണ് ഇവിടുത്തെ മറ്റൊരുപ്രധാന ആകർഷക ഘടകം.തണുപ്പ് കൂടുന്ന ദിവസങ്ങളിൾ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ മലനിരകൾ മഞ്ഞ് മൂടുക പതിവാണ്.ഉൾക്കാട്ടിൽ ഒരുക്കിയിട്ടുള്ള ജംഗിൾ ക്യാമ്പിലെ താമസം സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തുനിന്നും രണ്ടര കിലോമീറ്റർ ഉൾക്കാട്ടിലാണ് ടെന്റുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും നൈറ്റ് വാച്ചറും പാചകക്കാരനുമടക്കം മൂന്ന് പേർ സന്ദർശകർക്കൊപ്പം ഇവിടെ ഉണ്ടാവും.



ചുറ്റും കിടങ്ങ് തീർത്തിട്ടുള്ളതിനാൽ ഇവിടേയ്ക്ക് മൃഗങ്ങൾ കടന്നുവരില്ല.ഇതുവഴി കടന്നുപോകുന്ന മൃഗങ്ങളെ അടുത്തുകാണാനും സാധിക്കും.വെളിച്ചത്തിന് അത്യവശ്യ സമയങ്ങളിൽ എമർജൻസി ലൈറ്റുകൾ ഉപയോഗിക്കും.രാത്രി കാലങ്ങളിൽ മരക്കഷണങ്ങൾ കത്തിച്ച് ആഴി ഒരുക്കും.വെളിച്ചത്തിനും ഇതാണ് പ്രധാനമാർഗ്ഗം.വിനോദ സഞ്ചാരികളിൽ ചിലർ തുടർച്ചയായി മൂന്നും നാലും ദിവസമൊക്കെ ഇവിടെ ടെന്റുകളിൽ കഴിയാറുണ്ടെന്ന് ഗൈഡുകൾ പറഞ്ഞു. ജംഗിൾ വാലി വ്യൂപോയിന്റും ഇതിനടുത്താണ്.ചെന്താരമരകൊക്ക എന്നറിയപ്പെടുന്ന വനപ്രദേശവും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.ഉയരത്തിൽ വളർന്ന മരങ്ങൾ താഴ്‌വാരം കാട്ടാനകൂട്ടങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ്.വർഷകാലത്ത് ഏറെ ആകർഷകമാവുന്ന ഇവിടുത്തെ വെള്ളച്ചാട്ടം വേനൽക്കാലത്ത് നാമമാത്രമായി പരിണമിക്കും.പാറക്കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഈ ഭാഗത്തേയ്ക്ക് മൃഗങ്ങൾ കൂട്ടമായി എത്തുന്നുണ്ട്.

രാത്രികാലങ്ങളിൽ മരംകോച്ചുന്ന തണുപ്പാണ് ഇവിടെ അനുഭവനപ്പെടുന്നത്.പുലർച്ചെ ആവുമ്പോഴേയ്ക്കും തണുപ്പ് വീണ്ടും കൂടും.എങ്കിലും 6 മണിക്ക് തന്നെ ട്രക്കിങ് ആരംഭിക്കും.സന്ദർശകരുടെ അഭിരുചിക്കനുസരിച്ചാണ് ട്രക്കിങ് റൂട്ടുകൾ നിശ്ചയിക്കുക.ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ് പാതകൾ.1 മണിക്കൂർ 2 മണിക്കൂർ, 3 മണിക്കൂർ എന്നിങ്ങിനെ 3 വിഭാഗങ്ങളായിട്ടാണ് ട്രക്കിങ് ക്രമീകരിച്ചിട്ടുള്ളത്.ആനത്താരകളിലൂടെയും മറ്റ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ് ട്രക്കിങ് പാതകൾ കടന്നുപോകുന്നത്.പാതയെക്കുറിച്ചുള്ള വിവരണവും യാത്രയിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ഗൈഡുകൾ നേരത്തെ സന്ദർശകരെ ധരിപ്പിക്കും.



നേരിയ ഭയപ്പാടും ആശങ്കയോടും മറ്റുമാണ് വിനോദസഞ്ചാരികളിൽ ഒരു വിഭാഗം ആദ്യഘട്ടത്തിൽ ട്രക്കിംഗിൽ പങ്കെടുക്കുന്നത്.വിഭിന്നമായ കാഴ്ചകൾ മുന്നിലെത്തുന്നതോടെ ഇക്കൂട്ടരുടെ ഭയാശങ്കകൾ താനെ മാറുന്ന അവസ്ഥയാണ് ഇതുവരെ അനുഭവപ്പെട്ടുള്ളതെന്ന് 14 വർഷത്തോളമായി ഇവിടെ ഗൈഡായി സേവനം അനുഷ്ടിച്ചുവരുന്ന പ്രതീപ് വ്യക്തമാക്കി. വിദേശീയരായ വിനോദസഞ്ചാരികളാണ് വനമേഖലയിലെ ദീർഘദൂര ട്രക്കിംഗിന് കൂടുതൽ താൽപര്യം കാണിക്കുന്നത്.മനോഹരമായ വെള്ളച്ചാട്ടങ്ങളും താഴ്‌വാരങ്ങളും മഞ്ഞ് മൂടിയ മലമടക്കുകളുമൊക്കെ കാണാൻ കഴിയുന്ന ട്രക്കിങ് പാതകളാണ് ഇവർക്ക് ഏറെ പ്രയങ്കരം.


ഉച്ചയോടെയാണ് ബോട്ടിങ് ആരംഭിക്കുക.ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഗവിയാർ ജലാശയത്തിലാണ് ബോട്ടിങ് ക്രമീകരിച്ചിട്ടുള്ളത്.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തെ റോഡുകളിലാണ് സൈക്കിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്.ലോഡ്ജിന് എതിർവശത്ത് ഓപ്പൺ റെസ്റ്റോറന്റിലാണ് ഭക്ഷണം ലഭിക്കുക.പ്രാഭാത ഭക്ഷണം മുതൽ അത്താഴം വരെ ഇവിടെ നിന്നും ലഭിക്കും.ഉച്ചയൂണിന് എല്ലാ ദിവസവും പായസവും നൽകുന്നുണ്ട്.അസ്ഥികൾ ക്രമത്തിൽ യോജിപ്പിച്ച് ആനയുടെ അസ്ഥികൂടം തയ്യാറാക്കി സ്ഥാപിച്ചിട്ടുള്ള എലിഫെന്റ് സ്‌കെൽട്ടൻ മ്യൂസിയം സന്ദർശകരെ വിസ്മയിപ്പിമെന്ന കാര്യത്തിൽ തർക്കമില്ല.



വനമേഖലകളിൽ നിന്നും ശേഖരിച്ച അസ്ഥികൾ കൂട്ടിയോജിപ്പിച്ചാണ് അസ്ഥികൂടം തയ്യാറാക്കിയിട്ടുള്ളത്.കാട്ടുപോത്ത് ,മാൻ ഉൾപ്പെടെ നിരവധി മൃഗങ്ങളുടെ അസ്ഥികളും ഇവിടെ കാണാം.സുഗീത് ചിത്രമായ ഓർഡനിറി ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗതകൂട്ടിയിരുന്നു.ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഈയവസരത്തിൽ ഇവിടെ എത്തിയ ഒരു വിഭാഗം സഞ്ചാരികളുടെ അതിരുവിട്ട പ്രവർത്തികൾ പരിസ്ഥിതി മലിനീകരണം വർദ്ധിക്കാൻ കാരണമായതായിട്ടാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ.ഇതതേത്തുടർന്നാണ് ഇവിടം പൂർവ്വ സ്ഥിതിയിലെത്തിച്ച് സംരക്ഷിക്കാൻ വനംവകുപ്പ് കർമ്മപദ്ധതി തയ്യാറാക്കിയത്.

ഒരു സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഇക്കോടൂറിസം മേഖല പ്ലാസ്റ്റിക് നിരോധിത മേഖലയാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.റസ്റ്റോറന്റിലേയ്ക്കുള്ള പാതയിൽ തീർത്തിട്ടുള്ള പൂപന്തലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. കെ എഫ് ഡി സി യുടെ വെബ്ബ് സൈറ്റുകൾ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇപ്പോൾ ഇവിടെ പ്രവേശനം ലഭിക്കു എന്നതാണ് നിലവിലെ അവസ്ഥ.നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന ഗോഫർ മരവും ഭൂമുഖത്തുനിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ക്യാൻസർ ചികത്സയിക്കുള്ള മരുന്നിന് പ്രയോജനപ്പെടുന്നതും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമായ പീനാറി എന്ന സസ്യവുവുമുൾപ്പെടെ നൂറികണക്കിന് അപൂർവ്വവും അത്യപൂർവ്വുമായ സസ്യജാലങ്ങളുടെ കലവറയാണ് ഇവിടം.



സിംഹവാലൻ കുരങ്ങകളും മലയണ്ണാനും വരയാടും പുലിയും കരടിയും ആനയുമുൾപ്പെടെ 60-ൽപ്പരം ഇനം മൃഗങ്ങളുടെയും 45-ൽപ്പരം ഇനം ഉരഗങ്ങളുടെയും മലമുഴക്കി വേഴാമ്പൽ,മരംകൊത്തികൾ ഉൾപ്പെടെ 320-ൽപ്പരം പക്ഷികളുടെയും വിഹാരകേന്ദ്രമാണ് ഈ വനമേഖല.പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 1036 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തുകൊടുംവേനലിലും വൈകുന്നേരങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രിയിലെത്തും.കൊല്ലം -മധുര ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നും 28 കിലോമീറ്ററോളം തെക്ക് മാറിയാണ് ഗവി സ്ഥിതിചെയ്യുന്നത്.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയവും ഗവിയിലെ ആകർഷകഘടകമാണ്.ഗവി ഡിവിഷവൽ മാനേജർ അനിൽ ബി,ഇക്കോ ടൂറിസം മാനേജർ സുജിത് പി കെ ,ഫീൽഡ് ഓഫീസർ സിറിൾമോൻ വി ആർ എന്നിവരും വിദഗ്ധരായ ഒരു പറ്റം ഗൈഡുകളും വാച്ചർമാരും മറ്റുമാണ് ഗവിയിലെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയുടെ അമരക്കാർ.

www.gaviecotourism.com,[email protected] എന്നി വെബ്ബ് സൈറ്റുകൾ വഴി ഗവി ടിക്കറ്റുകൾ ബുക്കുചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP