Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭയെ സംബന്ധിച്ചോളം വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമുള്ളത്; വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും ധാർമികതയെ സംരക്ഷിക്കണം; പള്ളികളിൽ ഭിന്ന ലിംഗ വിവാഹം നടത്താൻ അനുവദിക്കില്ല; സുപ്രീംകോടതി വിധിയെ കുറിച്ചുള്ള നയം വ്യക്തമാക്കി കർദിനാൾ മാർ ക്ലീമീസ്; അംഗീകരിക്കില്ലെന്ന് ഓർത്തഡോക്‌സ് സഭയും

സഭയെ സംബന്ധിച്ചോളം വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമുള്ളത്; വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും ധാർമികതയെ സംരക്ഷിക്കണം; പള്ളികളിൽ ഭിന്ന ലിംഗ വിവാഹം നടത്താൻ അനുവദിക്കില്ല; സുപ്രീംകോടതി വിധിയെ കുറിച്ചുള്ള നയം വ്യക്തമാക്കി കർദിനാൾ മാർ ക്ലീമീസ്; അംഗീകരിക്കില്ലെന്ന് ഓർത്തഡോക്‌സ് സഭയും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന 'ചട്ടക്കൂടി'ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങൾ നേരിട്ട അപഹാസങ്ങൾ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് ചില 'മുൻവിധി'കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി ഇല്ലായ്മ ചെയ്യുന്നത്. അപ്പോഴും കേരളത്തിലെ ക്രൈസ്തവ സഭകൾ മാറ്റത്തിന് തയ്യാറല്ല. അവർ ഇതിനെ അനകൂലിക്കില്ല.

ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ സുപ്രീംകോടതി അംഗീകരിച്ചാലും പള്ളികളിൽ വിവാഹം നടക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം പള്ളികൾക്ക് കത്തോലിക്കാസഭാ നേതൃത്വം നൽകിയിട്ടുണ്ട്. പള്ളികളിൽ സ്വവർഗ്ഗ രതിക്കാരുടെ വിവാഹം അനുവദനീയമല്ലെന്നു കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ വിശദീകരിച്ചിട്ടുണ്ട്. സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാൽ ഒരേ ലിംഗത്തിൽപെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കർദിനാൾ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാർമികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിർത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകൾ സ്വീകരിക്കാമെന്നും കർദിനാൾ വ്യക്തമാക്കി. 

ഇതേ നിലപാട് തന്നെയാണ് ഓർത്തഡോക്‌സ് സഭയ്ക്കുമുള്ളത്. സഭയുടെ കാനോൻ നിയമമനുസരിച്ച് സ്വവർഗബന്ധത്തെ അനുകൂലിക്കാനാവില്ലെന്ന് ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ജോൺ. സ്വവർഗ വിവാഹത്തെയും സഭയക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യൻ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ സ്വവർഗ്ഗരതി ഒരിക്കലും പ്രകൃതി വിരുദ്ധം ആകുന്നില്ലെന്ന വാദം ആധുനിക സമൂഹത്തിൽ സജീവമായിരുന്നു. ഇതാണ് കോടതി അംഗീകരിച്ചത്.

ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും തോന്നുന്ന പ്രണയം, അത് രതിയായി പര്യവസാനിക്കുന്നത് എങ്ങനെയാണ് പ്രകൃതിവിരുദ്ധമാകുക എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ന് സുപ്രീം കോടതി നൽകിയത്. 157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്‌ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്‌നന് ഈ വിധി പറയുന്നു. നിയമം കാറ്റിൽപറത്തിക്കൊണ്ടുള്ള ഉത്തരവ് വന്നുവെന്നാണ് പ്രതികരണം. ഇനി ഭയക്കേണ്ടത് സദാചാരം ഉയർത്തിക്കൊണ്ടുവരുന്നവരുടെ വിധികളെയും മുൻവിധികളെയും മാത്രമാണ്. നിയമം കയ്യിലെടുത്ത് പെരുമാറാൻ ശ്രമിക്കുന്നവരെ മാത്രമാണെന്നും നിരീക്ഷകർ പറയുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ക്രൈസ്തവ സഭകളുടെ ഇടപെടൽ. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ് സുപ്രീംകോടതി കോടതി റദ്ദാക്കിയത് ഇന്നലെയാണ്.

ഒരാളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വലുത്. ഒരാളുടെ വ്യക്തിത്വം സമൂഹം അംഗീകരിക്കണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഒരാൾക്ക് അയാളുടെ വ്യക്തിത്വത്തിൽ നിന്ന് ഒളിച്ചോടാനാകില്ല. സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന മൗലികാവകാശങ്ങൾ എൽജിബിടിക്കാർക്കും ലഭിക്കണമെന്നും വിധിയിൽ പറയുന്നു. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാൻ എന്താണോ അത് തന്നെയാണ് ഞാൻ എന്ന രീതിയിൽ ജീവിക്കാൻ ഒരു വ്യക്തിക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അർത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ൽ സ്വവർഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടർന്നു. നിയമ കമ്മിഷന്റെ 172ാമത് റിപ്പോർട്ടിൽ നിയമം നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചെങ്കിലും പ്രാപല്യത്തിൽ വന്നില്ല. 2009 ജൂലൈയിൽ സ്വവർഗരതി നിയമവിധേയമാക്കി ഡൽഹി ഹൈക്കോടതി വിധി പറഞ്ഞു. എന്നാൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ അധികാരം പാർലമെന്റിനെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബർ 11ന് ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജി.എസ്.സിങ്‌വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിന് ശേഷം വന്ന തിരുത്തൽ ഹർജിയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ൽ 377-ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹർജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹർജികളിലാണ് ഇപ്പോൾ വിധി വന്നരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, ആർ.എഫ്. നരിമാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബെഞ്ചിന്റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. നിലവിൽ 23 ലോക രാജ്യങ്ങളിൽ സ്വവർഗ്ഗ രതി നിയമവിധേയമാണ്.,72 രാജ്യങ്ങളിൽ കുറ്റകരവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP