Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് റിപ്പോർട്ടർ ടീ ഷർട്ട് വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി വിവാഹ പാർട്ടിയുടെയും സ്റ്റാഫിന്റെയും വീഡിയോ എടുത്ത് വാർത്തയാക്കി; രഹസ്യവാതിലിലൂടെ ആളെ കടത്തി എന്ന വാർത്ത വന്നതോടെ വധു ഇന്ന് വിവാഹത്തിന് അണിഞ്ഞത് പഴയ ഡ്രസ്; ചതി പറ്റിയെന്ന് കട്ടപ്പനയിലെ ഗായത്രി ഡിസൈൻസ് ഉടമ സജീവിന്റെ എഫ്ബി കുറിപ്പ്; കട തുറന്നത് ഇടുക്കി ഗ്രീൻ സോണിൽ എന്ന അറിയിപ്പ് വന്നതോടെ; ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്ന് ഇടുക്കി കളക്ടറും പൊലീസും മറുനാടനോട്: ലോക് ഡൗൺ കൺഫ്യൂഷൻ ഇങ്ങനെ

ഏഷ്യാനെറ്റ് റിപ്പോർട്ടർ ടീ ഷർട്ട് വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി വിവാഹ പാർട്ടിയുടെയും സ്റ്റാഫിന്റെയും വീഡിയോ എടുത്ത് വാർത്തയാക്കി; രഹസ്യവാതിലിലൂടെ ആളെ കടത്തി എന്ന വാർത്ത വന്നതോടെ വധു ഇന്ന് വിവാഹത്തിന് അണിഞ്ഞത് പഴയ ഡ്രസ്; ചതി പറ്റിയെന്ന് കട്ടപ്പനയിലെ ഗായത്രി ഡിസൈൻസ് ഉടമ സജീവിന്റെ എഫ്ബി കുറിപ്പ്; കട തുറന്നത് ഇടുക്കി ഗ്രീൻ സോണിൽ എന്ന അറിയിപ്പ് വന്നതോടെ; ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്ന് ഇടുക്കി കളക്ടറും പൊലീസും മറുനാടനോട്: ലോക് ഡൗൺ കൺഫ്യൂഷൻ ഇങ്ങനെ

എം മനോജ് കുമാർ

തൊടുപുഴ: പറഞ്ഞുവെച്ച വിവാഹവസ്ത്രങ്ങൾ വധുവിന്റെ വീട്ടുകാർക്ക് നൽകാൻ കഴിയാതെ പോയതിന്റെ വിഷമം പങ്കുവെച്ചുള്ള കട്ടപ്പനയിലെ പ്രമുഖ വസ്ത്രവ്യാപാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടുക്കി ഗ്രീൻ സോണിലാണ് പ്രഖ്യാപനം വന്ന കഴിഞ്ഞ ചൊവാഴ്ചയാണ് വധൂവീട്ടുകാർക്ക് വിവാഹ വസ്ത്രങ്ങൾ നൽകേണ്ടിയിരുന്നത്. ഇതിനായി ഇവർ കടയിൽ എത്തുകയും ചെയ്തിരുന്നു. കട തുറന്നപ്പോൾ കൂടുതൽ ആളുകൾ എത്തിയതിനാൽ ഇവർക്ക് പറഞ്ഞ് വെച്ചിരുന്ന വസ്ത്രങ്ങൾ നല്കാൻ വേണ്ടിയാണ് കട തുറന്നത് എന്ന് പറഞ്ഞു അന്ന് എത്തിയവരെ പറഞ്ഞുവിട്ടിരുന്നു. വിവാഹപാർട്ടിക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നതിന്നിടയിലാണ് പ്രമുഖ ചാനലിന്റെ റിപ്പോർട്ടർ അവിടെ വരുകയും വസ്ത്രങ്ങൾ വാങ്ങുകയും ചെയ്തത്. ഇതിന്നിടയിൽ മൊബൈലിൽ ലേഖകൻ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിരുന്നു. പൊടുന്നനെ തന്നെ ചാനലിൽ വാർത്ത വരുകയും ചെയ്തു. ഇതോടെ പൊലീസ് എത്തി കട പൂട്ടാൻ നിർദ്ദേശം നൽകി. വസ്ത്രങ്ങൾ നൽകാൻ കഴിഞ്ഞില്ല. ഇന്നായിരുന്നു ആ പെൺകുട്ടിയുടെ വിവാഹം. പെൺകുട്ടിക്കുള്ള വിവാഹവസ്ത്രങ്ങൾ ഷോപ്പിൽ അനാഥമായി കിടക്കെ പഴയ വസ്ത്രം ധരിച്ചാണ് പെൺകുട്ടി ഇന്നു വിവാഹത്തിനു എത്തിയത്. ഇതാണ് വേദനയോടെ കടപ്പനയിലെ -പഗായത്രി ഡിസൈൻസ് ഉടമ സജീവ് എംപി കുറിച്ചത്.

ഞങ്ങൾ ഇളവുകൾ ലംഘിച്ചില്ല. ഇരുപത് പേരിൽ താഴെ ആളുകളെ ഉൾപ്പെടുത്തി വിവാഹം നടത്താം. എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന വിവാഹത്തിനു വേണ്ടിയാണ് ഞങ്ങളുടെ തയ്യൽ യൂണിറ്റിൽ ഗൗൺ, ബ്ലൗസ്സ് തുടങ്ങിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിന് അവർ നൽകിയത്. മുൻകൂട്ടി ഡിസൈൻ ചെയ്ത് തയ്ക്കാൻ തന്ന വസ്ത്രങ്ങളും പുതുതായി ചില വസ്ത്രങ്ങളും കൂടി വാങ്ങൂവാൻ വേണ്ടിയാണ് ചൊവാഴ്ച വധുവിന്റെ കുടുംബങ്ങൾ എത്തിയത്. തിങ്കൾ മുതൽ ഗ്രീൻ സോണിലുള്ള കടകൾ നിബന്ധനകൾക്കു വിധേയമായി തുറക്കുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന അറിയിപ്പിനെ തുടർന്നാണ് ഞങ്ങളുടെ ഗായത്രി ഉൾപ്പെടെയുള്ള വസ്ത്ര സ്ഥാപനങ്ങൾ കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ചത്. പക്ഷെ വാർത്ത വന്നതും ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചതും പാരയായി. വിവാഹ വസ്ത്രങ്ങൾ അവർക്ക് നൽകാൻ കഴിഞ്ഞില്ല. വാർത്ത വന്നതിനെ തുടർന്നു ഗ്രീൻ സോൺ തന്നെ അങ്ങനെയല്ലതായി. മറ്റു വിവാഹങ്ങൾക്കും ഇതേ പ്രശ്‌നങ്ങൾ തിരിച്ചടിയായി. ആർക്കും വിവാഹവസ്ത്രങ്ങൾ കടകളിൽ നിന്നും വാങ്ങാൻ കഴിയാതായി. സജീവ് കുറിക്കുന്നു. ഈ കുറിപ്പ് ആണ് വൈറലായത്. .

കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് ഇടുക്കി കളക്ടർ എച്ച്. ദിനേശനെ മറുനാടൻ ബന്ധപ്പെട്ടത്. ഇടുക്കിയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ് വീഡിയോ കോൺഫറൻസിങ് നടന്നത്. ഇന്നലെ മുതൽ ഞങ്ങൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മുൻപ് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചില സ്ഥാപനങ്ങൾക്ക് തുറക്കാൻ കഴിഞ്ഞത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം ആഭരണങ്ങൾ, ടെക്സ്റ്റയിൽസ് എന്നിവ തുറക്കാൻ കഴിയില്ല. നിർമ്മാണ മേഖല പൂർണമായും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇനി രണ്ടു മണിക്കൂർ തുറന്നു പ്രവർത്തിക്കാൻ തന്നെ സർക്കാർ അനുമതി വാങ്ങണം. അപ്പോൾ ഈ മേഖലയിലെ എല്ലാവർക്കും തുറക്കാൻ കഴിയും. അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ മുൻപ് ഒരു ആശയക്കുഴപ്പം വന്നിരുന്നു. ഇതിന്റെ മറവിലാകണം ചില സ്ഥാപനങ്ങൾ തുറന്നത്-കലക്ടർ പറയുന്നു.

ഗായത്രി ഡിസൈൻസ് ഉൾപ്പെടെ തുറന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷെ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഗ്രീൻ സോൺ ആയതിനാൽ ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കാം, തുറക്കരുത് എന്ന് നിർദ്ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇടപെടാൻ ഞങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു-കട്ടപ്പന പൊലീസ് മറുനാടനോട് പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും തുറക്കാം എന്ന ഫീൽ തന്നെയാണ് വന്നത്. ഇന്നയിന്ന സ്ഥാപനങ്ങൾ തുറക്കരുത് എന്ന് ഉത്തരവ് വന്നില്ല. അതിനാൽ തടയാൻ ഞങ്ങളും പോയില്ല. പക്ഷെ വാർത്ത വന്നതോടെ ഗായത്രി ഉൾപ്പെടെ തുറന്ന സ്ഥാപനങ്ങൾ ഞങ്ങൾ അടപ്പിച്ചു. ആശയക്കുഴപ്പം നിലനിന്നിരുന്നു-കട്ടപ്പന പൊലീസ് മറുനാടനോട് പറഞ്ഞു.

ഞങ്ങൾ തെറ്റൊന്നും ചെയ്തില്ല. എന്റെ സുഹൃത്തായ ചാനൽ ലേഖകൻ വന്നപ്പോൾ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയാണ് ഞാൻ ആവശ്യപ്പെട്ട ഡ്രെസ് നൽകിയത്. ആ സമയത്ത് തന്നെ മറ്റുള്ളവരെ ഷോപ്പിൽ നിന്നും പറഞ്ഞു വിട്ടുകൊണ്ടിരിക്കുകയായിരുന്നു. മൊബൈൽ ഫോണോ ക്യാമറാ വഴിയോ ദൃശ്യങ്ങൾ പകർത്തി വാർത്ത നൽകിയപ്പോൾ ഞങ്ങൾക്ക് അത് തിരിച്ചടിയായി.വധുവിനു പറഞ്ഞു വെച്ച വസ്ത്രങ്ങൾ നൽകാനും കഴിഞ്ഞില്ല-ഗായത്രി ഡിസൈൻസ് ഉടമ സജീവ് മറുനാടനോട് പറഞ്ഞു. ഇരുപതിന് കടകൾ തുറന്നു വൃത്തിയാക്കാൻ അനുമതി നൽകിയിരുന്നു. അന്ന് ഒരുപാട് പാർസലുകളും വന്നിരുന്നു. ഇരുപത്തിയൊന്നിനു മുഴുവൻ കടകൾ തുറക്കാം എന്ന് പറഞ്ഞു സർക്കാർ വാഹനങ്ങൾ തന്നെ അനൗൺസ് ചെയ്തിരുന്നു. എല്ലാ കടകളും അന്ന് തുറന്നിരുന്നു. എന്റെ കടയ്ക്ക് അകത്ത് കൂടുതൽ ആളുകൾ വന്നപ്പോൾ ഞാൻ അവരെ പറഞ്ഞുവിട്ടിരുന്നു. രണ്ടു ഇടപാടുകാരെ മാത്രം കടയിൽ നിർത്തി. ഒന്ന് ഡ്രെസ് നൽകാനുള്ള വധുവിന്റെ കുടുംബമായിരുന്നു. അപ്പോഴാണ് ചാനൽ റിപ്പോർട്ടർ വരുന്നത്. ടീ ഷർട്ട് വേണം എന്ന് പറഞ്ഞു. ഞാൻ ടീ ഷെർട്ട് നൽകി. അവിടുന്ന് ഫോട്ടോയും എടുത്തു. അതിനു ശേഷം ബിൽ വേണം എന്നു പറഞ്ഞു. പക്ഷെ അപ്പോഴേക്കും കമ്പ്യുട്ടർ ഓഫ് ചെയ്തിരുന്നു. അദ്ദേഹം പോവുകയും ചെയ്തു. അപ്പോൾ തന്നെ വാർത്ത വരുകയും ചെയ്തു.

വാർത്ത വന്നതോടെ വധുവിനു വിവാഹവസ്ത്രങ്ങൾ നൽകാൻ കഴിഞ്ഞില്ല. കട പൂട്ടുകയും ചെയ്തു. ഇന്നാണ് ആ കുട്ടിയുടെ വിവാഹം നടന്നത്. പഴയ വസ്ത്രവും അണിഞ്ഞാണ് വധു വിവാഹത്തിനു വന്നത്. ഇതെനിക്ക് മനപ്രയാസമുണ്ടാക്കി. ചാനൽ റിപ്പോർട്ടർക്ക് റിപ്പോർട്ട് ചെയ്യാം. പക്ഷെ അതിന്നിടയിൽ ചതി പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്. സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഞങ്ങൾ നിബന്ധനകളും നിർദ്ദേശങ്ങളും അനുസരിക്കാറുണ്ട്. അതീവ രഹസ്യമായി ഞങ്ങൾ ഇടപാട് നടത്തുകയല്ല. ജില്ല ഭരിക്കുന്ന കളക്ടർക്ക് തന്നെ ആശയക്കുഴപ്പം വന്നു. അപ്പോൾ ഒന്ന് മറിയാത്ത സാധാരണക്കാരന്റെ കാര്യമോ? ഞങ്ങൾക്കും ഒന്നും അറിയില്ല. ഞങ്ങൾ ഒരു കച്ചവട സ്ഥാപനം നടത്തുകയാണ്. ആദ്യമേ വിവാഹ വസ്ത്രങ്ങൾക്ക് ഓർഡർ വന്നു. നൽകാൻ കഴിയുന്ന സമയം ആണെങ്കിൽ അത് നൽകാൻ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കട തുറക്കരുത് എന്ന് ആരും ഞങ്ങളോട് പറഞ്ഞിട്ടില്ല. കട പഴയത് പോലെ തുറക്കാം എന്നാണ് കളക്ടറും മാധ്യമങ്ങളിലൂടെ പറഞ്ഞത്. ഞങ്ങൾ ചെയ്തത് തെറ്റാണോ?

അവസരമുണ്ടായിട്ടും തയ്യാറാക്കി വെച്ച വസ്ത്രങ്ങൾ അതും വിവാഹവസ്ത്രങ്ങൾ വധുവിനു നൽകാൻ കഴിഞ്ഞില്ല. ഇത് ആർക്കും മനപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് എന്നെ വന്നു കണ്ടു സ്ഥാപനത്തിന്റെ അകത്ത് കയറി ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് വേറെ രീതിയിൽ വാർത്ത നൽകിയത്. അത് ശരിയോ അതും ഇതേ രീതിയിൽ സംസ്ഥാനം എരിതീയിൽ നിൽക്കുന്ന സമയത്ത്? ഇതാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് തോന്നിയ ഈ മനോഭാവം തന്നെയാണ് എന്റെ സോഷ്യൽ മീഡിയാ പോസ്റ്റിനും പിന്നിൽ. ഞങ്ങൾ കടയടിച്ച് പോയിട്ട് കടയ്ക്ക് മുന്നിൽ നിന്നിട്ടാണ് രഹസ്യ വാതിലിലൂടെ ആളുകളെ കടത്തിവിട്ടു കച്ചവടം നടത്തുന്നു എന്നൊക്കെ റിപ്പോർട്ട് ചെയ്യുന്നത്. അമിത ലാഭത്തിനു വസ്ത്രങ്ങൾ വിൽക്കുകയും രഹസ്യ വാതിലിലൂടെ ആളുകളെ കയറ്റുകയും ചെയ്തു എന്നൊക്കെയാണ് ചാനൽ വാർത്തയിൽ വന്നത്. വിവാഹ പാർട്ടിക്കാർ കരയുകയാണ്. അവർക്ക് വിവാഹം നടക്കണം. വസ്ത്രവും വേണം. കൊറോണയ്ക്ക് ഇടയിൽ ഇങ്ങനെ പല പ്രശ്‌നങ്ങളുമുണ്ട്. ഇതൊക്കെ വിവാഹ വസ്ത്രങ്ങളുടെ കട നടത്തുന്ന ഞങ്ങൾക്ക് മനസിലാകും-സജീവ് പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. കേന്ദ്രം ഒന്ന് പറയുന്നു. സംസ്ഥാനം ഒന്ന് പറയുന്നു. കേന്ദ്രത്തിൽ പറയാത്ത ഇളവുകൾ സംസ്ഥാനം നൽകി എന്ന് പറഞ്ഞു പിന്നീട് കേന്ദ്രം ചെവിക്ക് പിടിക്കുന്നു. കേരളം തിരുത്തുന്നു. ഇതാണ് നിയന്ത്രണങ്ങളുടെ സമയത്ത് ഈ ലോക്ക് ഡൗണിൽ കണ്ടുവരുന്നത്. ബാർബർ ഷോപ്പുകളും പുസ്തകക്കടകളും വർക്ക് ഷോപ്പുകളും തുറക്കാം ചില ദിവസങ്ങളിൽ തുറക്കാം എന്നാണ് കേരളം പറഞ്ഞത്. പിന്നീട് ഇത് തിരുത്തുകയും ചെയ്തു. എസി കടകൾ വരെ തുറക്കാൻ കേരളം അനുമതി നൽകിയിരുന്നു. അത് പിൻവലിച്ചോ എന്ന് ഇതുവരെ അറിയുകയുമില്ല. ഇതേ ആശയക്കുഴപ്പമാണ് ഇടുക്കിയിലും വിനയായത്. ഇടുക്കിയും കോട്ടയവും ഗ്രീൻ സോൺ എന്നാണ് പറഞ്ഞത്. ഇടുക്കിയിൽ കടകൾ തുറക്കാം എന്നാണ് ഏപ്രിൽ 18 നു ഇടുക്കി കളക്ടർ മാധ്യമങ്ങളിലൂടെ വിശദമാക്കിയത്. തുറക്കാം. എന്നാൽ ജീവനക്കാരും കടകളിലെത്തുന്നവരും കടുത്ത ജാഗ്രത പാലിക്കണം. ഹോട്ടലുകളും ഭക്ഷണശാലകളും തുറക്കാം. ജാഗ്രത പാലിക്കണം. കടകൾക്ക് സമയനിയന്ത്രണമില്ല. പഴയത് പോലെ പ്രവർത്തിക്കാം. എന്നാണ് കളക്ടർ വിശദമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ഗായത്രി ഡിസൈൻസും തുറന്നു പ്രവർത്തിച്ചത്. കളക്ടർ പറഞ്ഞത് 18നു ശനിയാഴ്ചയാണ്. ഗായത്രി തുറന്നത് ഇരുപത്തിയോന്നിനും. ഇതാണ് ഒളികാമറാ ഓപ്പറേഷൻ വഴി വാർത്തയായത്. വാർത്ത തിരിച്ചടിച്ചപ്പോൾ വിവാഹ വസ്ത്രങ്ങൾ വധുവിനു നൽകാൻ കഴിയാതെ വരുകയും പഴയ വസ്ത്രങ്ങൾ അണിഞ്ഞു വധു ഇന്നു വിവാഹത്തിനു ഒരുങ്ങുകയും ചെയ്തു. ഇതോടെയാണ് വാർത്താചതി വിശദമാക്കി ഗായത്രി ഡിസൈൻസ് ഉടമ സജീവ് എംപി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

ഗായത്രി ഡിസൈൻസിന്റെ സജീവ് എംവിയുടെ സോഷ്യൽ മീഡിയാ കുറിപ്പ്:

പ്രിയപ്പെട്ടവരെ,

ഇന്ന് (22.04.2020) ഗായത്രി ഡിസൈൻസ് വെഡിങ് സെന്റർ കട്ടപ്പനയുമായി ബന്ധപ്പെട്ട് ഒരു വാർത്ത പ്രമുഖ ദൃശ്യമാധ്യമത്തിലും തുടർന്ന് അത് സോഷ്യൽ മീഡിയകളിലൂടെയും പ്രചിരിക്കുന്നത് ഇതിനോടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാവണം. ഗവൺമെന്റ് 20 പേരിൽ താഴെ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് വിവാഹം നടത്താം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുൻപ് നിശ്ചയിച്ചിരുന്ന ഒരു വിവാഹം (23.04.2020) നടത്താൻ വേണ്ടി നമ്മുടെ തയ്യൽ യൂണിറ്റിൽ ഗൗൺ, ബ്ലൗസ്സ് തുടങ്ങിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിന് വേണ്ടി നൽകിയിരുന്നു. 20 പേർ മാത്രം പങ്കെടുക്കുന്ന വിവാഹമായാലും പ്രധാനമായും വേണ്ടത് വസ്ത്രം, ഭക്ഷണം, ആഭരണങ്ങൾ തുടങ്ങിയവയാണല്ലോ. അവർ മുൻകൂട്ടി ഡിസൈൻ ചെയ്ത് തയ്ക്കാൻ വേണ്ടി ഓഡർ തന്ന വസ്ത്രങ്ങളും, പുതിയതായി കുറച്ചു വസ്ത്രങ്ങളും കൂടി വാങ്ങൂവാൻ 21.04.2020 ൽ നമ്മുടെ കടയിൽ എത്തി. ഏപ്രിൽ 20 ന് ശേഷം ഗ്രീൻ സോണിലുള്ള കടകൾ നിബന്ധനകൾക്കു വിധേയമായി തുറക്കുന്നതിൽ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്നുള്ള അറിവിനെ തുടർന്നാണ് ഗായത്രി ഉൾപ്പെടെയുള്ള കട്ടപ്പനയിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചത്.

ഈ വിവാഹപാർട്ടിക്ക് വസ്ത്രങ്ങൾ എടുത്തു കൊടുക്കുന്നതിനിടയിൽ എന്റെ പ്രിയപ്പെട്ട സുഹൃത്തും ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറും കൂടിയായ അനിൽ വാസുദേവൻ കടയിൽ എത്തുകയും, അദ്ദേഹത്തിന് രണ്ട് ടി ഷർട്ടുകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് ടി ഷർട്ട് എടുത്തു കൊടുക്കുന്നതിനിടയിൽ പോക്കറ്റിൽ വച്ചിരിക്കുന്ന ഫോണുപയോഗിച്ചാണ് കടയിൽ വന്ന വിവാഹ പാർട്ടിക്കാരുടെയും അവർക്ക് വസ്ത്രങ്ങൾ എടുത്തു കൊടുത്ത സ്റ്റാഫിന്റെയും വീഡിയോ ചിത്രീകരിച്ച് വാർത്തയാക്കിയത്. കട്ടപ്പനയിലുള്ള മത രാഷ്ട്രീയ സാമുദായിക സംഘടനകളുംമായും നമ്മുടെ മാന്യ ഇടപാടുകാരുമായും മറ്റ് ഇതര സംഘടനകൾ, കച്ചവടക്കാർ എന്നു വേണ്ട എല്ലാവരുമായും വളരെ നല്ല ബന്ധത്തിലും ആരോടും ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ലായെന്നുമാണ് ഞാൻ കരുതുന്നത്. സ്‌നേഹത്തിന്റെ ഭാഷയിലല്ലാതെ ആരോടും സംസാരിക്കുക പോലും ഉണ്ടായിട്ടില്ലന്നാണ് എന്റെ വിശ്വാസം. ഇടുക്കി ജില്ലയിൽ അന്നേ ദിവസം നമ്മുടെ സ്ഥാപനം മാത്രമല്ല ഇത്തരത്തിൽ അവശ്യ സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനായി മറ്റ് കടകളും തുറന്നു പ്രവർത്തിച്ചിരുന്നു. വളരെ ലളിതമായി നടത്താൻ വേണ്ടി തീരുമാനിച്ചു വച്ചിരിക്കുന്ന വിവാഹത്തിനു വേണ്ടി കച്ചവടലാഭം മാത്രം നോക്കാതെ കുറച്ചു വസ്ത്രങ്ങൾ മാത്രമാണ് എടുത്തു നൽകിയത്. വാർത്തകൾക്കു വേണ്ടി മാത്രം ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുകുയും നമ്മുടെ സ്ഥാപനത്തെ മോശമായി ചിത്രികരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുന്നത്. ഗായത്രി ഡിസെൻസ് കട്ടപ്പന പൊതു സമൂഹത്തിന് ഇതുവരെയും ഒരു ദ്രോഹവും ചെയ്തിട്ടില്ലായെന്ന് ഉറച്ച വിശ്വാസമുണ്ട്. എന്റെയോ സ്ഥാപനത്തിന്റെയോ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

എന്ന്

സജീവ് എം. വി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP