Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരിയും തുണിയും നൽകാമെന്ന് പറഞ്ഞ് ആദിവാസി ഊരുകളിൽ കയറിപ്പറ്റും; ഭൂമി നൽകാമെന്ന് പറഞ്ഞ് ഒരുസംഘടന പിരിച്ചത് കോടികൾ; മനുഷ്യാവകാശ-പൗരാവകാശ സംരക്ഷണ മുഖംമൂടിയണിഞ്ഞ് പ്രവർത്തിക്കുന്ന സംഘടനകൾക്ക് കടിഞ്ഞാണിടണം; ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ മറുനാടൻ മലയാളിയോട്

അരിയും തുണിയും നൽകാമെന്ന് പറഞ്ഞ് ആദിവാസി ഊരുകളിൽ കയറിപ്പറ്റും; ഭൂമി നൽകാമെന്ന് പറഞ്ഞ് ഒരുസംഘടന പിരിച്ചത് കോടികൾ;  മനുഷ്യാവകാശ-പൗരാവകാശ സംരക്ഷണ മുഖംമൂടിയണിഞ്ഞ് പ്രവർത്തിക്കുന്ന സംഘടനകൾക്ക് കടിഞ്ഞാണിടണം; ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ മറുനാടൻ മലയാളിയോട്

രഞ്ജിത്ത് ബാബു


കണ്ണൂർ: മനുഷ്യാവകാശത്തിന്റെയും പൗരാവകാശത്തിന്റെയും പേരിൽ പണപ്പിരിവും ഭൂമിവാഗ്ദാനവും നടത്തുന്ന വ്യാജ സംഘടനകൾ സംസ്ഥാനത്ത് പെരുകി വരുന്നതായി ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓഡിനേറ്റർ എം. ഗീതാനന്ദൻ. ഇത്തരം സംഘടനകളെ നിയന്ത്രിക്കേണ്ടതും പ്രവർത്തന സജ്ജരായ സംഘടനകൾക്ക് മനുഷ്യാവകാശ കമ്മീഷന്റെ രജിസ്ട്രേഷൻ നടപ്പാക്കേണ്ടതും അനിവാര്യമായിരിക്കയാണെന്നും ഗീതാനന്ദൻ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

ചില സംഘടനകൾ പേരിൽ ചെറിയ ഭേദഗതി വരുത്തി മനുഷ്യാവകാശ കമ്മീഷൻ എന്ന ബോർഡും ബീക്കൺ ലൈറ്റും വെച്ച് വാഹനങ്ങളിൽ പോലും സഞ്ചരിക്കുന്നു. മനുഷ്യാവകാശ സംഘടനകളിൽ അംഗത്വം നൽകുന്നതിനും അവരുടെ വെബ് പോർട്ടലിൽ ക്രൈം റിപ്പോർട്ടർമാരാകാൻ പണപ്പിരിവെടുത്ത സംഭവവും സംസ്ഥാനത്ത് നടക്കുന്നതായി ആരോപണമുണ്ട്. ചില സംഘടനകൾ തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. സാമൂഹ്യ പ്രവർത്തനത്തിന് തത്പരരായി രംഗത്ത് വരുന്ന യുവാക്കളെയാണ് ഇത്തരം സംഘടനകൾ വഞ്ചിക്കുന്നത്.

ഇടമലക്കുടി ആദിവാസി ഊരിൽ നരബലി നടക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ദേശീയ തലത്തിൽ പ്രവർത്തിച്ചു വന്ന സംഘടനകൾ പോലും രംഗത്തിറങ്ങിയിരുന്നു. ഈ വ്യാജ പ്രചeരണത്തിന്റെ പേരിൽ അവർക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു. ആദിവാസികളുടെ സംസ്‌ക്കാരത്തെ പോലും ബാധിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് ചില സംഘടനകൾ നടത്തുന്നത്. മുമ്പ് എപ്പോഴോ നടന്ന ഒരു അനാചാരത്തെ ഇപ്പോൾ നടക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം നടത്തിയാണ് കേരളത്തിന് പുറത്ത് ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നത്. ചില മാധ്യമങ്ങൾ വസ്തുത പോലും പരിശോധിക്കാതെ ഇത് എഴുതുകയും ചെയ്തുവെന്ന് ഗീതാനന്ദൻ പറയുന്നു.

അരിയും തുണിയും നൽകി ആദിവാസി ഊരുകളിൽ കയറി വരുന്ന ചില സംഘടനകളുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിലാണ് ഇവർ അവിടങ്ങളിലെത്തുന്നത്. യാതൊരു രേഖകളുമില്ലാതെ ഇവർ പണം പിരിക്കുന്നു. ഇതിനൊന്നും ഒരു കണക്കുമില്ല. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാനാണ് ഇത്തരം മനുഷ്യാവകാശ സംഘടനകൾക്ക് കൂടുതൽ താത്പര്യം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു സംഘടന ഭൂമി നൽകാമെന്ന് പറഞ്ഞ് ഒന്നര കോടിയോളം രൂപ പിരിച്ചെടുത്തതായും വിവരമുണ്ട്.

മനുഷ്യാവകാശത്തിന്റെ പേരിൽ വിഭവ സമാഹരണവും ഇത്തരം സംഘടനകൾ നടത്തുന്നു. ആദിവാസി മേഖലയിലുള്ള പ്രവർത്തന സജ്ജരായ മനുഷ്യാവകാശ സംഘടനകളെ ജനങ്ങൾക്കറിയാം. എന്നാൽ വെബ് വഴി പ്രവർത്തിക്കുന്നവരെ ആർക്കും അറിയില്ല. അതിനാൽ യഥാർത്ഥ സംഘടനകളെ മനുഷ്യാവകാശ കമ്മീഷന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടു വരണം. കമ്മീഷൻ നൽകുന്ന അംഗീകാരവും രജിസ്ട്രേഷനും പ്രകാരമായിരിക്കണം സംഘടനകൾ പ്രവർത്തിക്കേണ്ടതെന്ന് ഗീതാനന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP