Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊങ്കൺ പാത പ്രാവർത്തികമാക്കിയ ത്രിമൂർത്തികളിൽ അഗ്രഗണ്യൻ; മുംബൈ സ്വർണ്ണ നഗരിയെ കേരളത്തോട് അടുപ്പിച്ച ഭാവനാ ശാലി; റെയിൽവേ നിർമ്മാണം സോണൽ റെയിൽവേ വകുപ്പിൽ നിന്നും മാറ്റി കോർപ്പറേഷൻ രൂപീകരിച്ചതിനും പിറകിലെ ബുദ്ധി ജോർജ്ജ് ഫെർണാണ്ടസിന്റേത്

കൊങ്കൺ പാത പ്രാവർത്തികമാക്കിയ ത്രിമൂർത്തികളിൽ അഗ്രഗണ്യൻ; മുംബൈ സ്വർണ്ണ നഗരിയെ കേരളത്തോട് അടുപ്പിച്ച ഭാവനാ ശാലി; റെയിൽവേ നിർമ്മാണം സോണൽ റെയിൽവേ വകുപ്പിൽ നിന്നും മാറ്റി കോർപ്പറേഷൻ രൂപീകരിച്ചതിനും പിറകിലെ ബുദ്ധി ജോർജ്ജ് ഫെർണാണ്ടസിന്റേത്

രഞ്ജിത്ത് ബാബു

കണ്ണൂർ: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ്ജ് ഫെർണാണ്ടസിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു കൊങ്കൺ റെയിൽവേ. രാജ്യത്തെ പശ്ചിമ തീര നിവാസികളുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു കൊങ്കൺ റെയിൽവേ. ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ ത്രിമൂർത്തികളായി പ്രവർത്തിച്ചവരിൽ മുൻ നിരക്കാനായിരുന്നു ജോർജ്ജ് ഫർണാണ്ടസ്. ഉപരിതല ഗതാഗതമന്ത്രി കെ.പി. ഉണ്ണികൃഷ്ണനും പാലക്കാട് സ്വദേശിയും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാനും എം. ഡി.യുമായ ഇ. ശ്രീധരനുമായിരുന്നു മറ്റ് രണ്ട് പേർ. 1850 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊങ്കണ തീരത്തു കൂടി റെയിൽവേ പണിയാൻ തീരുമാനിച്ചിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് കിഴക്കും തെക്കും വടക്കും അവർ പാളങ്ങൾ തീർക്കുകയും ചെയ്തു. എന്നാൽ കൊങ്കൺ തീരത്ത് സർവ്വേ പ്രവർത്തനം ആരംഭിച്ചപ്പോൾ തങ്ങളെ കൊണ്ടാവില്ലെന്ന് ഇംഗ്ലീഷുകാർ തീരുമാനിക്കുകയായിരുന്നു. 

ദുർഘടം പിടിച്ച പശ്ചിമഘട്ട മലനിരകളും വീതി കൂടിയ നദികളും ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങളും മൂലം ഇംഗ്ലീഷ് സാങ്കേതിക വിദഗ്ദർ ഇത് നടപ്പില്ലെന്ന് വിധിയെഴുതുകയായിരുന്നു. എന്നാൽ 1990 ൽ വി.പി. സിങ് മന്ത്രിസഭയിലെ റെയിൽവേ മന്ത്രിയായ ജോർജ്ജ് ഫർണാണ്ടസ് കൊങ്കൺ പാത നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ മഷി മായും മുമ്പേ കൊങ്കൺ റെയിൽവേ കോർപ്പറേഷന് രൂപം നൽകി. അതുവരെ പുതിയ പാതകൾ നിർമ്മിക്കുന്ന ചുമതല അതാത് സോണൽ റെയിൽവേ വകുപ്പിനാണ് ഉണ്ടായത്. അതിൽ നിന്നും ഭിന്നമായി പ്രത്യേക കോർപ്പറേഷനെ ചുമതലയേൽപ്പിച്ചു. വേഗത്തിൽ പദ്ധതി പൂർത്തീകരിക്കാനുള്ള ജോർജ്ജ് ഫർണാണ്ടസിന്റെ തിടുക്കമായിരുന്നു ഇതിന് പിന്നിൽ. 90 ഒക്ടോബറിൽ പണി തുടങ്ങിയപ്പോൾ തന്നെ പ്രതിസന്ധികളും കൂടപ്പിറപ്പായി.

പരിസ്ഥിതി വാദികളും ഭൂവുടമകളും എതിർപ്പ് ശക്തമാക്കി. ചർച്ച ചെയ്ത് സമയം കളഞ്ഞില്ല. മന്ത്രിയുടെ ഇടപെടലോടെ ഗോവയിലെ ബാലി മുതൽ മഡ്ഗോൺ വരെയുള്ള 16 കിലോ മീറ്റർ പാത നിർദ്ധിഷ്ട സ്ഥാനത്തു നിന്നും മാറ്റി പണി തുടങ്ങി. പ്രതിബന്ധങ്ങൾ ഓരോന്നും തട്ടി നീക്കി പരിഹാരം കാണാനുള്ള ജോർജ്ജ് ഫർണാണ്ടസിന്റെ മിടുക്കാണ് ഇത് സ്തംഭിക്കാതിരിക്കാൻ കാരണം. മംഗളൂരുവിൽ നിന്നും മുബൈ വരെ 760 കിലോ മീറ്റർ പാത പഴയ മംഗലൂരുകാരൻ കൂടിയായ ഫർണാണ്ടസ് തന്റെ ഭരണകാലയളവിൽ തന്നെ പൂർത്തിയാക്കിയിരുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ കേരളത്തിനും പങ്കാളിത്തമുണ്ട്. കേരളത്തിൽ റെയിൽവേ പണി നടന്നില്ലെങ്കിലും മുംബൈ മഹാനഗരത്തിലേക്ക് മലയാളികൾ യാത്രക്കാരായുണ്ട്. കർണ്ണാടകത്തിനും ഗോവയ്ക്കും മഹാരാഷ്ട്രക്കും ഒപ്പം കേരളവും ഈ റെയിൽ കോർപ്പറേഷന് പണം നൽകിയിട്ടുണ്ട്. ഈ പാത നിർമ്മാണം പൂർത്തീകരിച്ചതോടെ കൊച്ചിയിൽ നിന്നും മുംബൈയിലേക്കുള്ള ദൂരം 1127 കിലോ മീറ്ററാണ് കുറഞ്ഞിട്ടുള്ളത്.

ഭരണതലത്തിലുള്ള ജോർജ്ജ് ഫർണാണ്ടസിന്റെ കഴിവ് അളക്കാൻ ഈ റെയിൽപാത ഒന്നുമാത്രം മതി. ഏഷ്യൻ റെയിൽവേ ചരിത്രത്തിൽ പല അത്ഭുതങ്ങളുടേയും റിക്കാർഡുകൾ തകർത്തെറിഞ്ഞു കൊണ്ടാണ് കൊങ്കൺ റെയിൽവേ നിലകൊള്ളുന്നത്. 1806 പാലങ്ങൾ, 71 തുരങ്കങ്ങൾ, ജോഗ് ഫാൾസിൽ നിന്നാരംഭിച്ച് ഉത്തര കാനറയിലെത്തുന്ന 2.6 കിലോ മീറ്റർ വീതിയുള്ള ശരാവതീ നദി, അതിന് കുറുകേ 67 തൂണുകൾ, മഹാരാഷ്ട്രയിലെ രത്നഗിരി ജ്ില്ലയിലുള്ള കാർബോഡെ എന്ന 6.5 കിലോ മീറ്റർ തുരങ്കം, എന്നിവയെല്ലാം കൊങ്കണിന്റെ പ്രത്യേകതയാണ്. നിർമ്മാണത്തിനിടയിൽ ദുരന്തങ്ങളും കൊങ്കണിൽ ഒഴിഞ്ഞിരുന്നില്ല. ഹൊനാവർ തുരങ്കത്തിലും ബൈന്തൂർ തുരങ്കത്തിലും മണ്ണിടിഞ്ഞ് ആളപായമുണ്ടായി. എല്ലാറ്റിനും അന്നത്തെ റെയിൽവേ മന്ത്രി ഓടിയെത്തുകയുമുണ്ടായി. മലയാളി എഞ്ചിനീയർമാരുടെ പ്രവർത്തന മികവും ജോർജ്ജ് ഫർണാണ്ടസ് എടുത്ത് പറയാറുണ്ട്. കൊങ്കൺ പാതയുടെ നിർമ്മാണ മികവ് അറിയണമെന്നുണ്ടെങ്കിൽ പകൽ സമയം അതിലൂടെ യാത്ര ചെയ്യണം. ജോർജ്േജ് ഫർണാണ്ടസ് എന്ന ഭരണാധികാരിയുടെ സ്മരണ ഈ പാതയുള്ള കാലത്തോളം നിലനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP