Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്ടർ അഥോറിറ്റിക്ക് മുന്നിൽ എന്തോന്ന് ജർമൻ ടെക്നോളജി? നിർമ്മാണം പൂർത്തിയാക്കി മണിക്കൂറുകൾക്കകം റോഡ് വെട്ടിക്കുഴിച്ച് കുളമാക്കി ജലസേചന വകുപ്പ്; തകർത്തത് സംസ്ഥാനത്ത് ആദ്യമായി ജർമൻ ടെക്നോളജിയിൽ നിർമ്മിച്ച റോഡ്; നേരത്തേ അനുമതി കൊടുത്തെങ്കിലും വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിക്കാൻ കാത്തിരുന്നുവെന്ന് പരാതി പറഞ്ഞ് പൊതുമരാമത്ത് വകുപ്പും

വാട്ടർ അഥോറിറ്റിക്ക് മുന്നിൽ എന്തോന്ന് ജർമൻ ടെക്നോളജി? നിർമ്മാണം പൂർത്തിയാക്കി മണിക്കൂറുകൾക്കകം റോഡ് വെട്ടിക്കുഴിച്ച് കുളമാക്കി ജലസേചന വകുപ്പ്; തകർത്തത് സംസ്ഥാനത്ത് ആദ്യമായി ജർമൻ ടെക്നോളജിയിൽ നിർമ്മിച്ച റോഡ്; നേരത്തേ അനുമതി കൊടുത്തെങ്കിലും വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിക്കാൻ കാത്തിരുന്നുവെന്ന് പരാതി പറഞ്ഞ് പൊതുമരാമത്ത് വകുപ്പും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു ജോലി കിട്ടിയിരുന്നെങ്കിൽ അവധി എടുക്കാമായിരുന്നുവെന്ന് പറയുന്നതു പോലെയാണ് നമ്മുടെ വാട്ടർ അഥോറിറ്റി. ഒരു റോഡ് ടാർ ചെയ്തിരുന്നെങ്കിൽ വെട്ടിക്കുഴിക്കാമായിരുന്നുവെന്നതാണ് അവരുടെ രീതി. സംസ്ഥാനത്ത് ആദ്യമായി ജർമൻ ടെക്നോളജി പ്രകാരം നിർമ്മിച്ച റോഡ് ടാറിങ്ങിന് മണിക്കൂറുകൾക്ക് ശേഷം വെട്ടിപ്പൊളിച്ച് പാരമ്പര്യം മുറ തെറ്റാതെ കാത്തു സൂക്ഷിച്ചിരിക്കുകയാണ് കേരളാ വാട്ടർ അഥോറിറ്റി. അവരുടെ ടെക്നോളജിക്ക് മുന്നിൽ ജർമൻ ടെക്നോളജി വരെ തലകുനിച്ചു കഴിഞ്ഞു.

ടെക്നോളജി ജർമനോ നാടേനാ ആകട്ടെ, നമ്മുടെ അഥോറിറ്റിക്ക് എല്ലാം ഒരു പോലെ. കേരളത്തിൽ ആദ്യമായി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന അടൂർ ആനയടി-പഴകുളം റോഡിൽ ടാറിങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിച്ചു. മൃഗാശുപത്രി ജങ്ഷൻ, കള്ളപ്പൻചിറ ജങ്ഷൻ, മേടയിൽ ജങ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് വെട്ടിപ്പൊളിച്ചത്. വെള്ളം കൊണ്ടു പോകുന്ന പൈപ്പ് പൊട്ടിപ്പോയത് മാറ്റി സ്ഥാപിക്കാനാണ് പൊളിക്കേണ്ടി വന്നതെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്.

എന്നാൽ ഇതിന് നേരത്തെ സമയം നൽകിയിരുന്നെന്നും ടാറിങ് കഴിഞ്ഞപ്പോഴാണ് അറ്റകുറ്റപ്പണിക്ക് വാട്ടർ അഥോറിറ്റി എത്തിയതെന്നുമാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടു വരെ ടാറിങ് ജോലികൾ നടന്നിരുന്നു. രാവിലെ എട്ട് മണിയോടെയാണ് റോഡ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞ രണ്ടിനാണ് നിർമ്മാണം ആരംഭിച്ചത്. 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം 15 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചിരുന്നു.

വാട്ടർ അഥോറിറ്റിയുടെ മെയിന്റനൻസ് വർക്കുകൾ കഴിയാൻ കാത്തിരുന്നെങ്കിലും നിർമ്മാണം ഒന്നും നടക്കാത്തതിനെ തുടർന്നാണ് ടാറിങ് ജോലികൾ പുനരാരംഭിച്ചത്. എന്നാൽ ടാർ ഉണങ്ങും മുൻപേ റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിനിടയാക്കി. കുടിവെള്ളത്തിന്റെ കാര്യമാണെങ്കിലും ചെയ്യേണ്ട ജോലി സമയത്ത് ചെയ്യാതിരുന്നതിനാലാണ് നാട്ടുകാർ രോഷാകുലരായത്. നിലവിലുള്ള റോഡിനു മുകളിൽ സിമെന്റ് നിരത്തി പ്രതലം മില്ലിങ് മെഷിൻ ഉപയോഗിച്ച് ഇളക്കി മറിച്ച് അതിൽ പോളിമർ ചേർത്ത് പ്രത്യേക മിശ്രിതം റോഡിൽ നിരത്തി റോളർ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ഒന്നാംഘട്ടത്തിൽ ചെയ്തത്.

വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ ഇതേരീതിയിൽ നിർമ്മാണം നടത്താൻ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. സാദാ രീതിയിൽ ചെയ്താൽ ഭാവിയിൽ ഈ ഭാഗം ഇടിഞ്ഞ് പോകുകയും ജർമൻ ടെക്നോളജി പരാജയമാണന്ന് പറയുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് അഞ്ഞൂറ് മീറ്റർ അകലത്തിൽ റോഡിനു കുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ച് കൊണ്ടാണ് പൊതുമരാമത്ത് നിർമ്മാണം തുടങ്ങിയതു തന്നെ. വെട്ടിപ്പൊളിച്ച ഭാഗങ്ങൾ വാട്ടർ അഥോറിറ്റിയുടെ ചെലവിൽ പുനർ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് എക്സി.എൻജിനീയർ ആർ അനിൽകുമാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP