Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ജനാധിപത്യം വിജയിച്ചു: സ്വന്തക്കാരനായ ക്രഷർ യൂണിറ്റുടമയെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് റവന്യൂമന്ത്രി പിന്മാറി; റവന്യൂഭൂമി കൈയേറിയുള്ള പാറഖനനത്തിന് അമ്പാടി ഗ്രാനൈറ്റ്‌സിന് പിഴ അഞ്ചരക്കോടി

ഒടുവിൽ ജനാധിപത്യം വിജയിച്ചു: സ്വന്തക്കാരനായ ക്രഷർ യൂണിറ്റുടമയെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് റവന്യൂമന്ത്രി പിന്മാറി; റവന്യൂഭൂമി കൈയേറിയുള്ള പാറഖനനത്തിന് അമ്പാടി ഗ്രാനൈറ്റ്‌സിന് പിഴ അഞ്ചരക്കോടി

പത്തനംതിട്ട: ഏതു രാജാവായാലും മന്ത്രിയായാലും ജനം തന്നെയാണ് രാജാവ് എന്ന് തെളിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം വിശ്വസ്തനെ നാട്ടുകാർ തോൽപിക്കുമെന്ന് കണ്ടപ്പോൾ റവന്യൂമന്ത്രി അടൂർ പ്രകാശിന് ബോധോദയമുണ്ടായി. ഒരു നാടിനെയും പരിസ്ഥിതിയെയും തകർത്ത്, സർക്കാർ പുറമ്പോക്ക് കൈയേറി, മന്ത്രിയുടെയും മറ്റ് അധികാരികളുടെയും ഒത്താശയോടെ പ്രവർത്തിച്ചിരുന്ന ക്വാറി പൂട്ടി. അനധികൃത ഖനനത്തിന് അഞ്ചരക്കോടി പിഴയും ചുമത്തി. കോന്നി താലൂക്കിലെ വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സിനെതിരേയാണ് റവന്യൂ വകുപ്പിന്റെ നടപടി. അമ്പാടി സദാനന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയെ ഇതു വരെ സംരക്ഷിച്ചു പോന്നിരുന്നത് അടൂർ പ്രകാശായിരുന്നു.

റവന്യൂ ഭൂമി കൈയേറി പാറ പൊട്ടിച്ചതിനും ക്രഷർ യൂണിറ്റും ഓഫീസും സ്ഥാപിച്ചതിനും അഞ്ചരക്കോടി രൂപ പിഴയടയ്ക്കാൻ വി. അമ്പാടി ഗ്രാനൈറ്റ്‌സ് ഉടമയ്ക്ക് തഹസിൽദാർ നോട്ടീസ് നൽകി. പ്രമാടം പഞ്ചായത്ത് 14-ാം വാർഡായ വി. കോട്ടയം തുടിയുരുളിപ്പാറയിൽ പ്രവർത്തിക്കുന്ന അമ്പാടി ഗ്രാനൈറ്റ്‌സിനെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എസ്. ഹരികിഷോറിന്റെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടേക്കറോളം വസ്തുവിൽനിന്ന് അനധികൃതമായി പാറപൊട്ടിച്ചുകടത്തിയതിന് 4.57 കോടിയും എൽ.എ. പട്ടയമുള്ള ഭൂമിയിൽനിന്ന് പാറ പൊട്ടിച്ചതിനും ഖനനനിയമം ലംഘിച്ചതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 70 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് ജില്ലാ സർവേയർ നടത്തിയ സർവേയിലാണ് കൈയേറ്റം സ്ഥിരീകരിച്ചത്.

ഇതു സംബന്ധിച്ചുള്ള സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രഷർ യൂണിറ്റ് പ്രവർത്തനം നിർത്തിവയ്ക്കാൻ രണ്ടാഴ്ച മുമ്പ് അടൂർ ആർ.ഡി.ഒ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ജില്ലാ കലക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും സമരസമിതിയിൽനിന്നും ക്രഷർ യൂണിറ്റ് ഉടമയിൽനിന്നും പരാതി കേൾക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ നടപടിയെന്ന വണ്ണം ഇന്നലെ തഹസിൽദാർ പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. റവന്യൂഭൂമി കൈയേറി നടത്തിയ നിർമ്മാണം പൊളിച്ചു നീക്കാനും ഉത്തരവിലുണ്ട്. ഇതിന്റെ ഭാഗമായി ക്രഷർ യൂണിറ്റ് ഉടമ ഇവിടെയുള്ള സാധനങ്ങൾ നീക്കം ചെയ്തു തുടങ്ങി.

വി. കോട്ടയം ഗ്രാമത്തിന്റെ കാവൽ മലയായ തുടിയുരുളിപ്പാറ പൊട്ടിച്ചു നീക്കുന്നതിനെതിരേ നാട്ടുകാർ ഗ്രാമരക്ഷാ സമിതി രൂപീകരിച്ച് സമരം ചെയ്തു വരികയായിരുന്നു. നാടിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ തകർക്കുകയും ജനങ്ങളെ രോഗികളാക്കുകയും ചെയ്യുന്ന ക്രഷർ യൂണിറ്റ് ഉടമയ്ക്ക് എതിരേ ഇവർ നൽകിയ പരാതികളെല്ലാം അധികാരി വർഗത്തിന്റെ ബധിര കർണങ്ങളിലാണ് പതിച്ചത്. പണവും രാഷ്ട്രീയസാമുദായിക സ്വാധീനവും ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്താനാണ് ഉടമ ശ്രമിച്ചത്. മണ്ഡലത്തിന്റെ എംഎ‍ൽഎ കൂടിയായ റവന്യൂമന്ത്രി അടൂർപ്രകാശ് ഈ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്തു. പ്രക്ഷോഭം നടത്തിയ നാട്ടുകാരെയും കുട്ടികൾ അടക്കമുള്ളവരെയും ക്രഷർ ഉടമയുടെ ഗുണ്ടകൾ ക്രൂരമായി തല്ലിച്ചതച്ചു. കുട്ടിപ്പട്ടാളമെന്ന പേരിൽ കുട്ടികളും വനിതാ സമിതിയും രംഗത്തിറങ്ങിയിട്ടും ക്രഷർ ഉടമ ഖനനം തുടർന്നു കൊണ്ടിരുന്നു.

ഒടുവിൽ, ഗ്രാമരക്ഷാ സമിതി ഹൈക്കോടതിയിൽ അഭയം തേടി. കോടതി ഇടപെട്ടപ്പോഴാണ് ജില്ലാ ഭരണകൂടം ഉണർന്നതും സർവേ അടക്കമുള്ള നടപടി ആരംഭിച്ചതും. സർവേ റിപ്പോർട്ട് കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ലാതിരുന്ന ജില്ലാ ഭരണകൂടം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ് ഉണർന്നത്. വിവാദ പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി മന്ത്രി അടൂർ പ്രകാശിന്റെ വിശ്വസ്തനായ റോബിൻ പീറ്റർ ആയിരുന്നുവെന്നതായിരുന്നു കാരണം. ഇതേപ്പറ്റി മറുനാടൻ വാർത്തയും നൽകിയിരുന്നു. എന്തായാലും ഇപ്പോൾ നടപടി ഉണ്ടായി. തുടർനടപടി ഉണ്ടാകുമോ എന്ന കാര്യമാണ് സംശയിക്കേണ്ടത്. ഏഴു സെന്റിലെ കൈയേറ്റത്തിനാണ് ഇത്രയും തുക പിഴയീടാക്കിയത്. സമാനരീതിയിൽ വടശേരിക്കര പഞ്ചായത്തിലെ തെക്കുംമലയിൽ വിംറോക്ക് ക്വാറി റവന്യൂഭൂമി കൈയേറി പാറ പൊട്ടിച്ചിരുന്നു.

200 കോടി ഇതിന് പിഴ ചുമത്തണം എന്നായിരുന്നു സർവേ നടത്തി കണ്ടുപിടിച്ചത്. എന്നാൽ, അര സെന്റ് കൈയേറ്റം മാത്രമേയുള്ളൂവെന്നും അതുകൊണ്ട് 2.85 ലക്ഷം പിഴ അടച്ചാൽ മതിയെന്നുമാണ് റവന്യൂ വകുപ്പ് വിധിയെഴുതിയത്. കൈയേറ്റം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുകയും ചെയ്തു. പിഴയടച്ച ശേഷവും പാറ പൊട്ടിക്കൽ തുടരുന്നുവെന്നതാണ് ഏറെ രസകരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP