Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിറ്റാർ ജയന്റ് വീൽ അപകടം: കുറ്റക്കാർ പഞ്ചായത്ത് തന്നെയെന്ന് മനുഷ്യാവകാശ കമ്മിഷൻ; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പുനരന്വേഷണം വേണമെന്നും കമ്മിഷൻ

ചിറ്റാർ ജയന്റ് വീൽ അപകടം: കുറ്റക്കാർ പഞ്ചായത്ത് തന്നെയെന്ന് മനുഷ്യാവകാശ കമ്മിഷൻ; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പുനരന്വേഷണം വേണമെന്നും കമ്മിഷൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടിനെ നടുക്കിയ ചിറ്റാർ ജയന്റ് വീൽ അപകടത്തിൽ സി.പി.എം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടുകൾ പൊളിച്ചടുക്കി മനുഷ്യാവകാശ കമ്മിഷൻ. ദുരന്തത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് കമ്മറ്റിക്ക് തന്നെയാണെന്നും കുട്ടികളുടെ കുടുംബത്തിന് സഹായം നൽകണമെന്നും കമ്മിഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ആകാശ ഊഞ്ഞാലിൽനിന്നു വീണ് കുളത്തിങ്കൽ സജിയുടെ മക്കളായ അലൻ (അഞ്ച്), പ്രിയങ്ക (15) എന്നിവർ മരിച്ചത്. ചിറ്റാറിൽ വസന്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വകാര്യ കാർണിവലിലെ ജയന്റ് വീലിലാണ് അപകടം ഉണ്ടായത്. സ്വകാര്യ കാർണിവലുകാരിൽ നിന്നും ചിറ്റാർ പഞ്ചായത്ത് വിനോദ നികുതിയിനത്തിൽ 20,000 രൂപ ഈടാക്കിയിരുന്നു. കാർണിവലിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിക്കുകയും ചെയ്തു. എന്നാൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ വിനോദനികുതി ഈടാക്കിയത് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പരിപാടികൾക്കാണെന്ന് പറയുന്നു.

1963 ലെയും 1965 ലെയും കേരള പ്ലേസസ് ഓഫ് പബ്‌ളിക് റിസോഴ്‌സ് ആക്റ്റിൽ കാലികമായ മാറ്റം വരുത്താത്തതാണ് അപകടത്തിന്റെ കാരണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയുടെ വാദം കമ്മിഷൻ തള്ളി. ജയന്റ് വീൽ പരിശോധിക്കാനുള്ള കഴിവും സാങ്കേതിക സംവിധാനവുമില്ലെങ്കിൽ അവ നിരോധിക്കണമെന്നും കമ്മിഷൻ നിരീക്ഷിച്ചു. കുട്ടികളുടെ മരണത്തിനിടയായ സംഭവം ഡിവൈ.എസ്‌പി നേരിട്ട് അന്വേഷിക്കണമെന്നും അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് കമ്മിഷന് അയച്ചു തരണമെന്നും ഉത്തരവിൽ പറയുന്നു. ഔദ്യോഗികരംഗത്തുണ്ടായ വീഴ്ചകളും അന്വേഷിക്കണം. വിദഗ്ദ്ധ പരിശീലനവും പരിചയസമ്പത്തും ഉള്ളവരുടെ പങ്കാളിത്തവും സാന്നിദ്ധ്യവും ഉറപ്പിക്കാതെ ഇത്തരം പ്രദർശനങ്ങൾക്ക് ജില്ലാ ഭരണകൂടം അനുമതി നൽകരുതെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു

ജില്ലാകലക്ടറും പൊലീസ് സൂപ്രണ്ടും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും പരിശോധന നടത്തി അംഗീകാരം നൽകേണ്ട സ്വകാര്യ കാർണിവലിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത് അപകടമാണെന്നും ഉത്തരവിൽ പറയുന്നു. ചിറ്റാർ ജയന്റ് വീൽ പ്രദർശനം നടത്തിയവരുടെ യോഗ്യതയും പരിചയവും മെഡിക്കൽ ഫിറ്റ്‌നസും അജ്ഞാതമായി തുടരുന്നുവെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

എഞ്ചിനീയറിങ് പശ്ചാത്തലമുള്ള സാങ്കേതിക വിദഗ്ദ്ധർ മേൽനോട്ടത്തിന് ഉണ്ടായിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു കുരുന്നു ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ല. വിദഗ്ദ്ധരായ ചുമതലക്കാരും മതിയായ അനുമതിയും ഇല്ലാതെ നടത്തിയ മേളയ്ക്ക് ജില്ലാ ഭരണകൂടവും പൊലീസും കാഴ്ചക്കാരായി നിന്നത് നീതിയല്ല. വൈദ്യുതി വകുപ്പിന്റെയും ഫയർ ആൻഡ് സേഫ്റ്റിയുടെയും അനുമതി പത്രം ഹാജരാക്കാതെയാണ് മേള ആരംഭിച്ചതെന്ന് പഞ്ചായത്ത് അധികൃതർക്ക് അറിയാമായിരുന്നു. ഇത്തരം മേളകൾ നടത്തുന്നതിന് തദ്ദേശഭരണം, കായികം, വിനോദസഞ്ചാരം, നിയമം എന്നീ വകുപ്പുകൾ സംയുക്തമായി ദേശീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊലീസ്, എഞ്ചിനീയറിങ്, റവന്യൂ അധികൃതരുടെ മേൽനോട്ടം ഉറപ്പാക്കണം.

ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും അയച്ചു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ എടുത്ത കേസായിരുന്നു ഇത്. സംഘാടകരിൽ നിന്നും പഞ്ചായത്ത് വിനോദനികുതിയിനത്തിൽ 20,000 രൂപ ഈടാക്കിയിരുന്നതായി ജില്ലാ കലക്ടറുടെ റിപ്പോർട്ടുണ്ടായിരുന്നു. വിനോദ നികുതി ഈടാക്കിയെങ്കിലും പരിപാടിക്ക് പഞ്ചായത്ത് രേഖാമൂലം അനുമതി നൽകിയിരുന്നില്ല.

പരിപാടി ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണെന്നും ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ സന്നിഹിതരായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഗ്രീൻ ഇവന്റ്‌സ് വസന്തോത്സവം എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിക്കിടെയായിരുന്നു അപകടം. അപകട ദിനം തന്നെ അലനും സെപ്റ്റംബർ 17 ന് പ്രിയങ്കയും മരിച്ചു. കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് ചങ്ങനാശേരി സ്വദേശി കെ. റഷീദിൽ നിന്നാണ് പഞ്ചായത്ത് തുക ഈടാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP