Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിക്കൻ ബിരിയാണി തിന്നാൽ കേസാക്കുമോ? സ്വന്തമായി ഉണ്ടാക്കിയ ചായ കുടിച്ചാൽ കുഴപ്പമുണ്ടോ? കട്ടൻ ചായ നെയ്യപ്പം ഇനി ഇതിന്റെ പേരിൽ വല്ലതും! ഗ്ലാസിലെ നുരയടങ്ങി..ഇനി പ്ലേറ്റിലെ കറി മാത്രം; അഡ്‌മിന്മാർ അകത്താകുമെന്ന് വന്നതോടെ ജിഎൻപിസി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ; എക്‌സൈസ് കുത്തിന് പിടിച്ചതോടെ സീക്രട്ട് ഗ്രൂപ്പിൽ ഭക്ഷണ പോസ്റ്റുകൾ മാത്രം; ഗ്രൂപ്പ് പൂട്ടിക്കാനൊരുങ്ങി ഋഷിരാജ് സിങ്

ചിക്കൻ ബിരിയാണി തിന്നാൽ കേസാക്കുമോ? സ്വന്തമായി ഉണ്ടാക്കിയ ചായ കുടിച്ചാൽ കുഴപ്പമുണ്ടോ? കട്ടൻ ചായ നെയ്യപ്പം ഇനി ഇതിന്റെ പേരിൽ വല്ലതും! ഗ്ലാസിലെ നുരയടങ്ങി..ഇനി പ്ലേറ്റിലെ കറി മാത്രം; അഡ്‌മിന്മാർ അകത്താകുമെന്ന് വന്നതോടെ ജിഎൻപിസി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ; എക്‌സൈസ് കുത്തിന് പിടിച്ചതോടെ സീക്രട്ട് ഗ്രൂപ്പിൽ ഭക്ഷണ പോസ്റ്റുകൾ മാത്രം; ഗ്രൂപ്പ് പൂട്ടിക്കാനൊരുങ്ങി ഋഷിരാജ് സിങ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പലവിധ മദ്യ ബ്രാൻഡുകളും പുതിയ മദ്യപാനരീതികളും തകർത്തോടിയിരുന്ന ജിഎൻപിസി ഗ്രൂപ്പിൽ എക്സൈസ് എത്തിനോക്കിയതോടെ ഭക്ഷണ പോസ്റ്റുകൾ മാത്രമേ ഇപ്പോൾ കാണാനുള്ളൂ. നിരവധി ന്യായീകരണ പോസ്റ്റുകൾ പ്രവഹിക്കുന്നുണ്ടെങ്കിലും മദ്യത്തെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ചിക്കൻ ബിരിയാണി തിന്നാൽ കേസാക്കുമോ? സ്വന്തമായി ഉണ്ടാക്കിയ ചായ കുടിച്ചാൽ കുഴപ്പമുണ്ടോ? കട്ടൻ ചായ നെയ്യപ്പം ( പരിപ്പ് വട ) കിട്ടിയില്ല ഇനി ഇതിന്റെ പേരിൽ വല്ലതും....ഞാനും & ഭാര്യയും വീട്ടിൽ ഉണ്ടാക്കിയ ചപ്പാത്തിയും & നാടൻ കോഴി കറിയും ! നാടൻ കോഴി കറി കഴിച്ചാൽ പ്രശ്‌നം ആണോ ഗുയ്‌സ് ? സോഷ്യൽ മീഡിയയിലെ സീക്രട്ട് ഗ്രൂപ്പായ ജിഎൻപിസിയുടെ ( ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്‌മിൻ ടി.എൽ. അജിത് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളാണിതെല്ലാം. അജിത്തിന് പിന്തുണയുമായും ചിലർ എത്തുന്നുണ്ട്.

ചുരുങ്ങിയകാലം കൊണ്ട് 18 ലക്ഷത്തിലേറെ അംഗങ്ങളെത്തി സോഷ്യൽമീഡിയയിൽ വൻ പ്രചാരം നേടിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫേസ്‌ബുക്ക് കൂട്ടായ്മ ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയാണ്. മദ്യത്തെക്കുറിച്ച് വലിയ ചർച്ചകളും വിശേഷണങ്ങളും പുതിയ മദ്യപാന രീതികളുമെല്ലാം ആഘോഷിച്ചിരുന്ന ഗ്രൂപ്പിൽ ഇപ്പോൾ ഭക്ഷണം മാത്രമായി ചർച്ച. ഗ്രൂപ്പ് അഡ്‌മിനായ അജിത് കുമാർ കഴിഞ്ഞമാസം 30 നു തന്നെ ഇതുസംബന്ധിച്ച സൂചന ഗ്രൂപ്പിൽ പോസ്റ്റുചെയ്തിരുന്നു. ഇതിനുപിന്നാലെ അജിതിനും ഭാര്യ വിനീതക്കുമെതിരേ ക്രിമിനൽ കേസെടുക്കുകയും ഇവർ ഒളിവിൽ പോവുകയുമായിരുന്നു. ഇതോടെ ഗ്രൂപ്പിന്റെ മദ്യപാന സ്വഭാവം പൂർണമായും മാറിയെന്നു മാത്രമല്ല എല്ലാവരും ഭക്ഷണപ്രിയരും യാത്രികരുമായി മാറി.

പുതിയ രുചിക്കൂട്ടുകളും റെസിപ്പികളും ചോറും കറിയുമെല്ലാം ഗ്രൂപ്പിൽ പറന്നു നടക്കുകയാണ്. മുമ്പ്് മദ്യത്തെക്കുറിച്ച് വാചാലരായിരുന്നവർ അതെല്ലാം ഉപേക്ഷിച്ചു. ഇതോടൊപ്പം എക്സൈസ് വകുപ്പിനെതിരായ രൂക്ഷമായ ട്രോളുകളും പുറത്തുവരുന്നു. ഇതിട്ടാൽ കുഴപ്പമുണ്ടോ എന്ന ചോദ്യവുമായാണ് മിക്കവരും ഭക്ഷണ പോസ്റ്റുകളിടുന്നത്. എല്ലാവരും ഒറ്റക്കെട്ടായി എക്സൈസ് വകുപ്പിനെതിരേ അണിനിരക്കണമെന്ന ആഹ്വാനവും വ്യാപകമായി ഉന്നയിക്കപ്പെടുന്നുണ്ട്. അതേസമയം, എക്‌സൈസ് വകുപ്പ് കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്. ഗ്രൂപ്പ് ഡീലീറ്റ് ചെയ്യാൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഫേസ്‌ബുക്കിന് കത്ത് നല്കി.

അതിനിടെ ജിഎൻപിസിക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിട്ടു.നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. ജിഎൻപിസി ബാലാവകാശ നിയമവും സൈബർ നിയമവും ലംഘിച്ചതായി പൊലീസ് കണ്ടെത്തി. ഫേസ്‌ബുക്ക് പേജ് സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎൻപിസിക്കതിരെ ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പിൽ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ ഉള്ളതായി പൊലീസ് പറയുന്നു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങി. ഇതാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അജിത്ത് കുമാർ വ്യക്തമാക്കിയിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. അഡ്‌മിന്റെ അനുമതി കിട്ടിയാൽ മാത്രമേ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യങ്ങളെല്ലാം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചർച്ചയാണ് എക്സൈസ് ഉയർത്തുന്നത്. അങ്ങനെ സദാചാര പൊലീസിന്റെ പുതിയ ഭാവമായി ഋഷിരാജ് സിങ് മാറിയപ്പോൾ ഈ ഗ്രൂപ്പിന് പൂട്ടുവീഴുകയാണ്.

എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. മണ്ണന്തല എക്‌സൈസ് ഓഫിസിനാണ് അന്വേഷണ ചുമതല. ഗ്രൂപ്പിന്റെ മറ്റ് 36 അഡ്‌മിന്മാരെ കുറിച്ചും എക്സൈസ് അന്വേഷണം നടന്നു വരികയാണ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെന്നാണ് എക്സൈസ് ആരോപിക്കുന്നത്.

നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്ലൈനായി പ്രവർത്തിക്കുകയായിരുന്നു് ജിഎൻപിസി എന്ന ഗ്രൂപ്പ്. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറിയ ജിഎൻപിസിയുടെ സ്ഥാപകൻ തിരുവനന്തപുരത്തെ ബിസിനസ്സ്മാനും ഫുഡ് വ്‌ളോഗറുമായ അജിത്ത് കുമാറാണ്. നിലവിൽ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎൻപിസിയാണ്.

2017 മെയ് ദിനത്തിന്റെ അന്നാണ് ഇത്തരം ഒരു ഗ്രൂപ്പിനെക്കുറിച്ചുള്ള ഐഡിയ ആദ്യമായി മനസ്സിൽ തോന്നിയിത്. മെയ് ദിനം എന്നത് ഒരു ഡ്രൈ ഡേ ആണല്ലോ. ചുമ്മ കുറച്ച നേരം ഫേസ്‌ബുക്കിൽ ചിലവഴിച്ചപ്പോളാണ് ട്രാവലിനും ഫുഡിനും ഒക്കെ ഫേസ്‌ബുക്കിൽ ഗ്രൂപ്പുകൾ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അൽപം കഴിക്കുന്നവർക്ക് മാത്രം ഒരു വേദി ഇല്ലാത്തതെന്ന്. അങ്ങനെയാണ് ഈ ചിന്ത വന്നത്. പക്ഷേ വെറും കള്ളുകുടി മാത്രമായാൽ അത് പോസിറ്റിവ് ആയിരിക്കില്ലെന്ന് മാത്രമല്ല നെഗറ്റീവ് റിസൽട്ട് ആയിരിക്കും നൽകുക എന്നതും ചിന്തിച്ചു. ഡ്രിങ്കസ് എന്ന് പറഞ്ഞാൽ അതിൽ വെള്ളവും, ചായയും, കട്ടനും ഒക്കെ ഉൾപ്പെടും എന്നതാണ് സത്യം. ആ ചിന്തയാണ് പിന്നെ ജിഎൻപിസി എന്ന ഗ്രൂപ്പിലേക്ക്എത്തിച്ചത്. ഭക്ഷണത്തിനും മദ്യപാനത്തിനും ഒരുപോലെ ഇണങ്ങുന്ന ഒരു പേര് നോക്കി. അങ്ങനെ, ഉച്ചയോടെയാണ് 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ' എന്ന പേര് തീരുമാനിച്ചത്.

പിന്നെ ഫ്രണ്ട്‌ലിസ്റ്റിലെ എണ്ണൂറ് പേരേയും ആഡ് ചെയ്ത് മെയ് 1ന് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പിലെ സുഹൃത്തുക്കളോട്, ഒരു പോസറ്റിൽ പറഞ്ഞു, 'നിങ്ങൾ യാത്ര ചെയ്യുമ്പോഴും, വല്ലപ്പോഴും രണ്ടെണ്ണമടിക്കുമ്പോഴുമുള്ള ചിത്രങ്ങളും ചെറിയ കുറിപ്പോടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ.'' വളരെ നല്ല പ്രതികരണമാണ് പിന്നീട് ലഭിച്ചത്. അന്ന് തന്നെ ആയിരത്തി ഒരുനൂറായി അംഗങ്ങൾ. മിക്കവറും ആളുകൾ പോസ്റ്റുകൾ ഇടുന്ന നിലയിലേക്ക് വളരെവേഗം കാര്യങ്ങളെത്തി. അങ്ങനെ 2018 മെയ് 24 വരെ 75,000 അംഗങ്ങളായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.ഭക്ഷണത്തിന്റേയും യാത്രയുടേയും ഉല്ലാസ വേളകളുടേയും പിന്നെ അലമ്പില്ലാതെ രണ്ടെണ്ണം അടിക്കുന്നതിന്റേയും ഫോട്ടോകൾ ഗ്രൂപ്പിൽ വന്ന് തുടങ്ങി. സ്ത്രീകൾ പോലും വൈനും ബിറുമൊക്കെ അടിക്കുന്ന ഫോട്ടോകൾ കുടുംബസമേതമുള്ളവ ഷെയർ ചെയ്യാനും തുടങ്ങി. ഈ പോസ്റ്റുകൾ ഏറെ ചർച്ചയായി. അങ്ങനെ അംഗങ്ങൾ 19ലക്ഷം കടന്നു. ഇതിനിടെയായിരുന്നു ഋഷിരാജ് സിംഗിന്റെ കണ്ണിലെ കരടായി കൂട്ടായ്മ മാറിയത്.

ജിഎൻപിസിക്കെതിരെ എക്‌സൈസ് ഫേസ്‌ബുക്കിനെ സമീപിച്ചിരുന്നു. ഇരുപത് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ സിനിമാ നടന്മാരടക്കമുള്ള പ്രമുഖരുമുണ്ടെന്നാണ് വിവരം. മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും ഇടാൻ അംഗങ്ങളോട് ആവശ്യപ്പെടുന്നെന്നും, ജിഎൻപിസി അംഗങ്ങൾക്ക് ബാറുകളിൽ നിരക്കിളിവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ അടക്കമുള്ളവരോട് കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് വിശദീകരണം തേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇപ്പോൾ ജിഎൻപിസിയിൽ അംഗങ്ങളാണ്. കേരളത്തിലെ കള്ളുഷാപ്പിലെ വിശേഷങ്ങൾ മുതൽ അമേരിക്കയിലേയും യൂറോപ്പിലേയും വൻകിട മദ്യശാലകളിലെ വിശേഷങ്ങളും ഗൾഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎൻപിസിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP