Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈകിയെങ്കിലും ആലപ്പാട്ടുകാരുടെ കണ്ണുനീർ സർക്കാർ കാണുമോ? നാടിനെ നശിപ്പിക്കുന്ന ഖനനത്തിനെതിരെ ജനരോഷം ഉയരുമ്പോൾ ഒടുവിൽ ഇടപെടലുമായി സർക്കാർ; തീരമിടിയുന്ന തരത്തിൽ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമസഭാ സമിതിയുടെ റിപ്പോർട്ട് കമ്പനി പാലിക്കണമെന്നും മന്ത്രി; സേവ് ആലപ്പാട് ഹാഷ് ടാഗ് കാമ്പയിനുകൾ അന്തർദേശീയ തലത്തിലും വാർത്തയായതോടെ നിലപാട് മാറ്റി സർക്കാർ

വൈകിയെങ്കിലും ആലപ്പാട്ടുകാരുടെ കണ്ണുനീർ സർക്കാർ കാണുമോ? നാടിനെ നശിപ്പിക്കുന്ന ഖനനത്തിനെതിരെ ജനരോഷം ഉയരുമ്പോൾ ഒടുവിൽ ഇടപെടലുമായി സർക്കാർ; തീരമിടിയുന്ന തരത്തിൽ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമസഭാ സമിതിയുടെ റിപ്പോർട്ട് കമ്പനി പാലിക്കണമെന്നും മന്ത്രി; സേവ് ആലപ്പാട് ഹാഷ് ടാഗ് കാമ്പയിനുകൾ അന്തർദേശീയ തലത്തിലും വാർത്തയായതോടെ നിലപാട് മാറ്റി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സേവ് ആലപ്പാട്ട് കാമ്പയിൽ സൈബർ ലോകത്ത് വൈറലകുന്നതിനിടെ വിഷയത്തിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് സർക്കാർ. ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. വ്യവസായ മന്ത്രി സമരക്കാരുമായി ചർച്ച നടത്തും. തീരമിടിയുന്ന തരത്തിൽ ഖനനം അനുവദിക്കാനാകില്ല. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് കമ്പനി പാലിക്കണം. ഇതിലെ ശുപാർശകൾ സർക്കാർ നടപ്പിലാക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

കൊല്ലം കരുനാഗപ്പള്ളിയിലെ കായലിനും കടലിനും ഇടയിലുള്ള ആലപ്പാട് തീരത്ത് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം എഴുപത് ദിവസം പിന്നിടുമ്പോഴാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന സർക്കാർ നിലപാട്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുൻപ് ഖനനം നിർത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. തുടക്കത്തിൽ ഈ വിഷയത്തോടെ സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഉണ്ടായത്. ഖനനത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു വ്യവസായ മന്ത്രി അടക്കമുള്ളവരുടേത്. ഇപ്പോഴാണ് ഈ വിഷയത്തിൽ നിലപാട് മാറ്റാൻ അവർ തയ്യാറായത്.

പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളിൽ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയർ എർത്ത് വില കൊടുത്ത് വാങ്ങി കരിമണൽ ഖനനം നടത്തുന്നത്. അറുപത് വർഷമായി ഈ ഭാഗങ്ങളിൽ ഖനനം നടക്കുന്നു. ഓരോ വർഷവും കൂടുതൽ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വർധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോൾ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഖനനം തുടരും തോറും കടൽ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐആർഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 21 റീസർവ്വേ നമ്പറുകളിലുള്ള സ്ഥലങ്ങൾ അപ്രത്യക്ഷമായെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കിണറുകളും ഉറവകളും വറ്റി. നാട്ടുകാരുടെ പരാതികൾ ശരിയാണെന്ന റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു.

ആലപ്പാട്ട് സമരം തുടങ്ങി കാലങ്ങൾ കഴിഞ്ഞെങ്കിലും തുടക്കത്തിൽ മാധ്യമങ്ങൾ തിരുഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സമരസമിതി സോഷ്യൽ മീഡിയ എന്ന പ്ലാറ്റ് ഫോം തിരഞ്ഞെടുത്തത്. സമരത്തെപറ്റി വിശദമായി തന്നെ വാട്ട്‌സാപ്പ് വഴിയും ഫെയ്‌സ് ബുക്ക് വഴിയും പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിനായി കൊല്ലത്തെ ട്രോൾ ഗ്രൂപ്പുകളായ ട്രോൾ കൊല്ലം, ട്രോൾ കരുനാഗപ്പള്ളി എന്നീ ഗ്രൂപ്പുകളെ സമീപിപ്പിക്കുകയും അവരുടെ സഹായത്തോടെ കൂടുതൽ ആളുകളിലേക്ക് സമരത്തെപറ്റിയും സമരത്തിന്റെ ആവശ്യകതയെപറ്റിയും വിവരങ്ങൾ എത്തിച്ചു. ഫെയ്‌സ് ബുക്കിൽ ഇതോടെ സേവ് ആലപ്പാട് ഹാഷ്ടാഗായി ഉയർന്നുവന്നു. ഇത് ഇൻസ്റ്റാഗ്രാമിലേക്കും പടർന്നു. ഇൻസ്റ്റാഗ്രാമിൽ പലരും സെലിബ്രിറ്റികളെ ടാഗ് ചെയ്തതോടെ പ്രമുഖ താരങ്ങളൊക്കെ പിൻതുണയുമായി രംഗത്തെത്തി. സൂപ്പർ സ്റ്റാർ പൃഥിരാജ് പോലും തന്റെ ഫെയ്‌സ് ബുക്കിലൂടെ ആലപ്പാടിനുള്ള പിൻതുണ നൽകി. ആദ്യമായി സിനിമ രംഗത്ത് നിന്നും പിൻതുണ ലഭിക്കുന്നത് ടൊവിനോയുടതായിരുന്നു. കൊല്ലത്തെ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ പിൻതുണ അറിയിച്ചത്. ഇതോടെയാണ് മറ്റു പലരും രംഗത്തെത്തിയത്.

നടനും സംവിധായകനും നിർമ്മാതാവുമായ സന്തോഷ് പണ്ഡിറ്റ് ആലപ്പാടെത്തുകയും പിൻതുണ അറിയിക്കുകയും ചെയ്തു. നാട്ടുകാർ നടത്തുന്ന നിരാഹാര സമരത്തിൽ ഒരു ദിവസം താനും കിടക്കാൻ തയ്യാറാണെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ വിഷയം കത്തിപടരുകയായിരുന്നു. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് സേവ് ആലപ്പാട് സമരം കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന് പുറത്തേക്കും. സമരം അറുപത്തി ഒൻപത് ദിവസം പിന്നിടുമ്പോഴും കണ്ണടച്ചിരുന്ന മാധ്യമ കോർപ്പറേറ്റുകൾക്ക് നേരെയായി പിന്നീട് പ്രതിഷേധം. ഇതോടെ അവർ കണ്ണുതുറന്നു. ഇപ്പോൾ മാധ്യമങ്ങളെ തട്ടിയിട്ട് ആലപ്പാടുകാർക്ക് നടക്കാൻ കഴിയാതെയായി.സമൂഹം നേരിടുന്ന പ്രശ്‌നംലോക ശ്രദ്ധയിലെത്തിക്കാൻ ചാനലുകളും പ്ത്രങ്ങളും ഇല്ലെങ്കിലും സോഷ്യൽ മീഡിയ എന്ന ഏറ്റവും വലിയ മാധ്യമത്തിന് കഴിയും എന്നതിന്റെ മറ്റൊരു നേർക്കാഴ്ചയാണ് ആലപ്പാട് കാണാൻ കഴിയുന്നത്. യുവാക്കളാണ് വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചിരുന്ന പല പാർട്ടീ നേതാക്കളും ആലപ്പാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ എന്ന വലിയ ശക്തിയുടെ പിൻതുണ ഒന്നു കൊണ്ടു മാത്രം.

എന്താണ് ആലപ്പാട് നടക്കുന്ന സമരം?

തികച്ചും സമാധാനപരമായി നടക്കുന്ന സേവ് ആലപ്പാട് സമരം ആലപ്പാട് എന്ന ഗ്രാമം ഓർമ്മയാകാതിരിക്കാനാണ്. ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി. ഈ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സി.ആർ.ഇസഡ്(Coastal Regulation Zone ;CRZ) നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും യഥേഷ്ടം കായ്ഫലമുണ്ടായിരുന്ന കേര വൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി. ഭൂമിയൊക്കെയും കടൽ കാർന്നു തിന്നു.

ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും ഭൂമി നീക്കം ചെയ്യപ്പെടുന്നു. കരിമണൽ ഖനനത്തിന്റെ നേർ സാക്ഷിയായി പൊൻ മന എന്ന ഗ്രാമം തകർന്നടിഞ്ഞു. രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് മണൽക്കുഴികളും മണൽക്കൂനകളും മാത്രം. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നു കൊണ്ടിരിക്കുകയാണ്. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശം ഖനനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസ മാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യ സമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവി വർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്. ദീർഘ കാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതു ജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.

ആലപ്പാട് പഞ്ചായത്തിന്റെ നിലനിൽപ്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 5 മീറ്ററിലും താഴെ മാത്രം. കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫർ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽ വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർകുട്ടനാട്, മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാ ദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഞങ്ങളുടെ വാർത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ഞങ്ങളുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാൻ സാധിക്കണം. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽ ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സംപൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു. ഇതിനായാണ് ആലപ്പാടുകാർ കൈകോർത്തിരിക്കുന്നത്. മരണം വരെയും സമരം ചെയ്യും. ജനിച്ച മണ്ണിൽ മരിക്കുവാനുള്ള സമരം. പുതു തലമുറക്ക് ജീവിക്കുവാനുള്ള സമരം.

ഖനനം ചെയ്യുമ്പോൾ ആലപ്പാടിന് സംഭവിക്കുന്നത്

ഐ.ആർ.ഇ.എൽ നിലവിൽ ഖനനം നടത്തുന്നത് വെള്ളനാതുരുത്ത് ഭാഗത്താണ്. മിനറൽസ് സെപ്പറേഷൻ പ്ലാന്റിലേക്ക് മണൽ ലോറിയിൽ കയറ്റി എത്തിച്ച് സീ വാഷ് ചെയതാണ് കരിമണൽ വേർതിരിച്ചെടുക്കുന്നത്. വെള്ള മണൽ വേസ്റ്റായിട്ടാണ് കണക്കാക്കുന്നത്. മണൽ ശേഖരിക്കുന്നത് ഈ പ്ലാന്റിന് സമീപത്തെ കടലിൽ നിന്നാണ്. അതായത് പ്ലാന്റും കടലും തമ്മിൽ അഞ്ച് മീറ്റർ പോലും ദൂരമില്ല. ജെ.സി.ബി ഉപയോഗിച്ച് കടലിൽ നിന്നും മണ്ണുവാരും. കടലിന് ഒരു പ്രത്യേകതയുണ്ട്. ഒരു സ്ഥലത്തെ മണ്ണ് പോയാൽ കടൽ മറ്റെവിടെ നിന്നെങ്കിലും മണ്ണ് ഇവിടെ കൊണ്ട് നിക്ഷേപിച്ച് അവിടെ നികത്തും. ഇങ്ങനെ നികരുന്നിടത്തു നിന്നും വീണ്ടും മണ്ണ് കമ്പനി കുഴിച്ചെടുക്കും. ദൂരെ സ്ഥലത്തേക്ക് പോകാതെ തന്നെ ചെലവ് കുറച്ച് കമ്പനി ഇങ്ങനെ ദിനം പ്രതി ഖനനം ചെയ്യുന്നത് ടൺ ണക്കിന് മണ്ണാണ്. ഈ മണ്ണ് എവിടെ നിന്നാണ് കടൽ എടുക്കുന്നത് എന്നറിയാമോ. ആലപ്പാട് പഞ്ചായത്തിന്റെ തീരദേശത്ത് നിന്നുമാണ്. എങ്ങനെയാണ് അതിന് കമ്പനി കണ്ടെത്തിയ മാർഗ്ഗം?

കേരളത്തിന്റെ തീരപ്രദേശം തെക്കോട്ട് ചരിഞ്ഞാണ് കിടക്കുന്നത്. അതിനാൽ ഒഴുക്ക് തെക്കോട്ടാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് പുലിമുട്ടിടാതെ മൈനിങ്ങ് തുടങ്ങുന്ന ഭാഗത്തിന് വടക്കുവശത്തായി പുലിമുട്ട് നിർമ്മിച്ചു. എപ്പോഴും പുലിമുട്ടിന് തെക്കുവശത്തായിരിക്കും കടൽ മണ്ണ് നിക്ഷേപിക്കുക. ഇതി മനസ്സിലാക്കി തന്നെയാണ് കമ്പനി ഇവിടെ പുലിമുട്ട് നിർമ്മിച്ചത്. ജനവാസ മേഖലയിൽ കടലാക്രമണം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. എന്നാൽ ആവപ്പാടിന്റെ ജനസാന്ദ്രതയുള്ള മേഖലയിൽ പുലിമുട്ട് ഇടുവാൻ കമ്പനി സമ്മതിക്കില്ല. അതിന് തടസമായി എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കും.

കമ്പനി നിർമ്മിച്ച ഈ പുലിമുട്ടിന് തെക്ക് വശത്തു നിന്നുമാണ് ഖനനം നടത്തുന്നത്. ഈ ഭാഗത്തേക്ക് വടക്കു നിന്നും കടചൽ വീണ്ടും മണ്ണ് കൊണ്ടു വന്ന് നികത്തും. അങ്ങനെയാണ് ഖനനം നടക്കുന്ന ഭാഗത്തിന് വടക്കു വശമുള്ള ഭാഗത്തെ തീരദേശം മുഴുവൻ കടൽ കാർന്നു കൊണ്ടുപോയത്. ഈ പുലിമുട്ടിന്റെ പ്രത്യേകത മനസ്സിലാക്കണമെങ്കിൽ ആലപ്പാടിന്റെ വടക്കു ഭാഗത്തുള്ള അഴീക്കൽ ബീച്ചിൽ പോകണം. വടക്കു ഭാഗത്തായിട്ടാണ് ഇവിടെ പുലിമുട്ട് അതിനാൽ തെക്കുഭാഗത്തുള്ള ബീച്ചിൽ ആവശ്യത്തിലധികം മണ്ണ് അടിഞ്ഞുകൂടി വലിയ തീരദേശം ഇവിടെയുണ്ട്. ഈ വിധ്യയാണ് ഐ.ആർ.ഇ.എൽ നടപ്പിലാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP