Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗോകുലം ഗോപാലന്റെ ബാറും ചെയ്തത് ഒരേ കുറ്റം; ജിഎൻപിസി അഡ്‌മിന്മാരെ ജാമ്യമില്ലാ കേസെടുത്ത് നെട്ടോട്ടമോടിച്ചവർ ഗോകുലം പാർക്കിനേയും റാഡിസൻ ബ്ലൂവിനേയും കൊച്ചിൻ പാലസ് കടവന്ത്രയേയും രക്ഷിച്ചെടുക്കും; നക്ഷത്ര ഹോട്ടൽ മുതലാളിമാർക്കെതിരെ കേസെടുക്കില്ല; പിഴയടച്ചാൽ എല്ലാം കോപ്ലിമെന്റ്‌സ്; ഓൺലൈനിലെ മദ്യപരസ്യത്തിൽ എക്‌സൈസ് സിങ്കത്തിന്റെ ഇരട്ടത്താപ്പിന്റെ കഥ

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗോകുലം ഗോപാലന്റെ ബാറും ചെയ്തത് ഒരേ കുറ്റം; ജിഎൻപിസി അഡ്‌മിന്മാരെ ജാമ്യമില്ലാ കേസെടുത്ത് നെട്ടോട്ടമോടിച്ചവർ ഗോകുലം പാർക്കിനേയും റാഡിസൻ ബ്ലൂവിനേയും കൊച്ചിൻ പാലസ് കടവന്ത്രയേയും രക്ഷിച്ചെടുക്കും; നക്ഷത്ര ഹോട്ടൽ മുതലാളിമാർക്കെതിരെ കേസെടുക്കില്ല; പിഴയടച്ചാൽ എല്ലാം കോപ്ലിമെന്റ്‌സ്; ഓൺലൈനിലെ മദ്യപരസ്യത്തിൽ എക്‌സൈസ് സിങ്കത്തിന്റെ ഇരട്ടത്താപ്പിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ അഡ്‌മിനെതിരെ എക്‌സൈസ് വലിയ വേട്ടയാലയാണ് നടത്തിയത്. ഗ്രൂപ്പ് അഡ്‌മിനായ അജിത് കുമാർ, ഭാര്യ വിനീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഇടപടൽ നടത്തിയെന്ന ആരോപണത്തിലായിരുന്നു വേട്ടയാടൽ. എന്നാൽ ഇതേ കുറ്റം വൻകിടക്കാർ ചെയ്താലോ? അവർക്ക് പിഴ ശിക്ഷയും. എക്‌സൈസിന്റെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ഇത് എന്തുപറ്റിയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

വെബ്സൈറ്റിലൂടെ മദ്യവിൽപ്പനയുടെ പരസ്യം നൽകിയ മൂന്ന് ഹോട്ടലുകൾക്കെതിരെയുള്ള നടപടി പിഴ ശിക്ഷയിൽ ഒതുക്കുമെന്ന റിപ്പോർട്ടുകളാണ് ഈ പ്രതിഷേധത്തിന് കാരണം. . ഗോകുലം ഗോപാലന്റെ കൊച്ചിയിലെ ഗോകുലം പാർക്ക്, റാഡിസൻ ബ്ലൂ, കൊച്ചിൻ പാലസ് കടവന്ത്ര എന്നീ ഹോട്ടലുകൾക്കെതിരേയാണ് എക്‌സൈസ് കേസെടുത്തത്. മദ്യക്കച്ചവടത്തിന് പരസ്യം നൽകുന്നത് കേരളത്തിലെ അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് പറയുന്നു. ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജി എൻ പി സി ഗ്രൂപ്പിനെതിരെ നടന്ന വേട്ടയാടൽ ചർച്ചയാകുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന വാദമാണ് ശക്തമാകുന്നത്. ഗോകുലം ഗോപാലന്റേതാണ് ഗോകുലം പാർക്ക്. അതുകൊണ്ട് കൂടിയാണ് എക്‌സൈസിന്റെ ഒളിച്ചു കളിയെന്നാണ് ഉയരുന്ന വാദം.

'ഡീൽ ഗൺ' എന്ന വെബ്സൈറ്റിലൂടെയാണ് കൊച്ചിയിലെ വമ്പൻ ഹോട്ടലുകൾ പരസ്യം നൽകിയത്. ആയിരം രൂപ വിലയുള്ള മദ്യം 599 രൂപയ്ക്ക് നൽകും തുടങ്ങിയ പരസ്യങ്ങളാണ് നൽകിയിരുന്നത്. വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന കൂപ്പണുമായി ഹോട്ടലുകളിൽ ചെല്ലുമ്പോൾ മദ്യം ലഭിക്കുമെന്നായിരുന്നു പരസ്യം. ആകർഷകമായ ഓഫറുകളിലൂടെ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊച്ചിയിലെ മൂന്ന് ബാർ ഹോട്ടലുകൾക്കെതിരെ എക്സൈസ് കേസ് എടുത്തത്. എക്‌സൈസ് നടപടി എടുത്തതോടെ മദ്യത്തിന്റെ പരസ്യങ്ങൾ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായി എന്ന് എറണാകുളം എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ജി. കൃഷ്ണകുമാർ പറഞ്ഞു. ഇതിന് സമാനമായ കുറ്റമാണ് ജി എൻ പി സി ഗ്രൂപ്പും ചെയ്തത്. അന്ന് അഡ്‌മിന്മാർക്ക് ഒളിവിൽ പോകേണ്ടി പോലും വന്നു. എന്തുകൊണ്ട് ഇപ്പോൾ പരസ്യം നൽകിയ മൂന്ന് ഹോട്ടലുകൾക്ക് ഇത് ബാധകമാകുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിനാണ് കൊച്ചിയിലെ പരസ്യത്തിൽ രഹസ്യ വിവരം ലഭിച്ചത്. മദ്യത്തിന്റെ പരസ്യം നൽകിയതു വഴി ഹോട്ടലുകൾ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം നടത്തിയെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. കർശന നടപടിയെടുക്കാൻ ഒരുങ്ങുന്നതിനിടെ നിർദ്ദേശങ്ങൾ മുകൾ തട്ടിൽ നിന്ന് എത്തി. പിഴ ശിക്ഷയിൽ എല്ലാം ഒതുക്കാൻ നിർദ്ദേശിച്ചു. ഇതോടെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും റെസ്പോൺസിബിൾ ഡ്രിങ്കിങ് ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യത്തോടെ നടത്തിയ ജി എൻപി സിക്കെതിരെ കാട്ടിയ ആവേശം ആരും ഈ കേസിൽ എടുത്തില്ല.

സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എ ന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി ജിഎൻപിസി വഴി പ്രചരിക്കുന്നതെന്നായിരുന്നു. 2017 മെയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പിൽ 17 ലക്ഷം അംഗങ്ങൾ നിലവിലുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമായിരുന്നു ജിഎൻപിസി. വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇപ്പോൾ ജിഎൻപിസിയിൽ അംഗങ്ങളാണ്. കേരളത്തിലെ കള്ളുഷാപ്പിലെ വിശേഷങ്ങൾ മുതൽ അമേരിക്കയിലേയും യൂറോപ്പിലേയും വൻകിട മദ്യശാലകളിലെ വിശേഷങ്ങളും ഗൾഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎൻപിസിയിൽ ഷെയർ ചെയ്യപ്പെടുന്നു. ഇതിനിടെയിൽ അഡ്‌മിനുമായി എക്‌സൈസിലെ ചിലർക്ക് അനിഷ്ടമുണ്ടായി. ഇതോടെയാണ് വേട്ടയാടൽ നടന്നത്. ഇത് വൈരാഗ്യം മൂലം മാത്രമാണെന്ന് തെളിയിക്കുന്നതാണ് കൊച്ചിയിലെ വമ്പന്മാർക്കെതിരെ ചെറിയ നടപടികളിൽ കാര്യങ്ങൾ ഒതുങ്ങിയതിലൂടെ വ്യക്തമാകുന്നത്.

മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ജിഎൻപിസി ഗ്രൂപ്പ് സ്ഥാപകനും ഭാര്യക്കും എതിരെ കേസെടുത്തത്. ഗ്രൂപ്പിൽ മദ്യപിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും അപ്രൂവ് ചെയ്യുന്നത് അഡ്‌മിനമാരായ വിനീതയ്ക്കും അജിത്തിനും പുറമെ 36 മോഡറേറ്റർമാരാണ്. ഇവരെ എല്ലാം അറസ്റ്റ് ചെയ്യാനും ശ്രമിച്ചു. മദ്യം വിൽക്കാൻ കൂപ്പൺ അടിച്ച് വിതരണം ചെയ്തു എന്നതും ഗൗരവമുള്ള കുറ്റമായി എക്‌സൈസ് ഉയർത്തി. അഡ്‌മിനായ അജിത് കുമാർ കൂപ്പണുകൾ അടിച്ച ശേഷം അത് പലർക്കും വിതരണം ചെയ്തു. ഈ കൂപ്പൺ ബാറുകളിൽ കാണിച്ചാൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും നിർദ്ദേശിച്ചതായിട്ടാണ് എക്‌സൈസ് പറയുന്നത്. ഇത്തരത്തിൽ മദ്യത്തിന്റെ വിൽപ്പനയുടെ അളവ് കൂട്ടാൻ സഹായിച്ച് ധനം സമ്പാദിച്ചതിലൂടെ മദ്യവിൽപ്പന അനതികൃതമായി നടത്തി എന്ന കേസിൽ ഉൾപ്പെടുത്തിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇതേ കുറ്റമാണ് കൊച്ചിയിലെ വമ്പന്മാരും നടത്തിയത്.

ജിഎൻപിസി ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാനും നേരത്തെ പൊലീസ് ശ്രമം ഉണ്ടായി.ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫേസ്‌ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങൾ വിവരിച്ച് ഫേസ്‌ബുക്കിനു പൊലീസ് കത്തയച്ചു. എന്നാൽ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരിൽ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണു ഫേസ്‌ബുക് മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP