Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാമ്പത്തിക മാന്ദ്യത്തിൽ വിപണി മയങ്ങുമ്പോൾ സ്വർണം കടത്താൻ ന്യൂജൻ വഴികൾ; കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പിടികൂടിയത് 100 കോടി രൂപയിലേറെ വിലയുള്ള സ്വർണം; വിവാഹ-ആഘോഷനാളുകൾ മുന്നിൽ കണ്ട് കേരളത്തിലേയ്ക്കുള്ള സ്വർണ്ണക്കടത്തിൽ വൻ വർദ്ധനവ്

സാമ്പത്തിക മാന്ദ്യത്തിൽ വിപണി മയങ്ങുമ്പോൾ സ്വർണം കടത്താൻ ന്യൂജൻ വഴികൾ; കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പിടികൂടിയത് 100 കോടി രൂപയിലേറെ വിലയുള്ള സ്വർണം; വിവാഹ-ആഘോഷനാളുകൾ മുന്നിൽ കണ്ട് കേരളത്തിലേയ്ക്കുള്ള സ്വർണ്ണക്കടത്തിൽ വൻ വർദ്ധനവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ടയുടെ ന്യൂജൻ വഴികളാണ് പരീക്ഷിക്കപ്പെടുന്നത്. സ്വർണം വിഴുങ്ങിയും ശരീരത്തിലൊളിപ്പിച്ചുമുള്ള പഴയ കടത്ത് രീതികളെല്ലാം ഇപ്പോൾ മാറിയിട്ടുണ്ട്. ഇലക്ട്രോണിക്് സാധനങ്ങളുടെ പാർട്‌സുകളായും മറ്റു നൂതന വഴികളിലൂടെയുമാണ് ഇപ്പോൾ ക്ള്ളക്കടത്തു സംഘങ്ങൾ ഭാഗ്യം പരീക്ഷിക്കുന്നത്

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പിടിയിലായത് 100 കോടി രൂപയിലേറെ വിലയുള്ള സ്വർണമാണ്. മുൻവർഷങ്ങളേക്കാൾ വളരെക്കൂടുതലാണിതെന്ന് കണക്കുകൾ പറയുന്നു. വിവാഹ-ആഘോഷ സീസണുകൾ മുന്നിൽ കണ്ട് തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ചതാണ് ഈ സ്വർണം.

ആഭരണങ്ങൾ നിർമ്മിച്ചു നല്കുന്ന വൻകിടക്കാർക്കു വേണ്ടിയാണ് സ്വർണ്ണക്കടത്ത് നടത്തുന്നത്. തിരുവനന്തപുരത്ത് 76 കേസുകളിലായി 3500 പവനോളം സ്വർണം പിടികൂടി. ഇക്കൊല്ലം ആദ്യആറുമാസക്കാലം 7.20 കോടി വിലയുള്ള 23.90 കിലോഗ്രാം സ്വർണം നെടുമ്പാശേരിയിൽ പിടിച്ചു. ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നടപടി ശക്തമാക്കിയതോടെയാണ് കേരളത്തിലേക്കുള്ള കടത്തു കൂടിയത്. സ്വർണക്കടത്ത് സംഘങ്ങൾ വീണ്ടും സജീവമായതായുള്ള കസ്റ്റംസ് ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

ദീപാവലിയാഘോഷവും , തുലാം-വൃശ്ചികമാസത്തിലെ വിവാഹങ്ങൾ എന്നിവ മുന്നിൽക്കണ്ടാണ് ജുവലറികൾ ലക്ഷ്യമാക്കി സ്വർണമെത്തുന്നത്. കഴിഞ്ഞദിവസം മുംബയിൽ 38 കിലോഗ്രാമും മിസോറമിൽ 22 കിലോഗ്രാമും സ്വർണം കസ്റ്റംസ് പിടികൂടി.

വിഴുങ്ങിയും ശരീരത്തിലൊളിപ്പിച്ചുമുള്ള പരമ്പരാഗത സ്വർണക്കടത്ത് രീതികളെല്ലാം മാറിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ബെൽറ്റിന്റെ ബക്കിളായും പെർഫ്യൂം കുപ്പിക്കുള്ളിലും ട്രോളിബാഗിന്റെ ഫ്രെയിമായുമൊക്കെയാണ് ഇപ്പോൾ സ്വർണം കടത്തുന്നത്. കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ പിടിയിലായ നിയാസ്, പെർഫ്യൂം കുപ്പിയുടെ അടപ്പിനകത്ത് ചെറിയമുത്തുകളായി ഒളിപ്പിച്ചത് 703 ഗ്രാം സ്വർണം. പെരിന്തൽമണ്ണക്കാരൻ സിദ്ദിഖ് സ്പീക്കറിനുള്ളിലെ ചെമ്പുകമ്പി നീക്കി രണ്ടുകിലോഗ്രാം സ്വർണക്കമ്പി ഉറപ്പിച്ചു വന്നു. സ്ത്രീകൾ മുടിയിൽ ധരിക്കുന്ന ക്ലിപ്പിനുള്ളിൽ ഘടിപ്പിച്ച് 926.5 ഗ്രാം സ്വർണം കടത്തിയ പഞ്ചാബുകാരൻ നരീന്ദ്രകുമാർജൽഹോത്ര കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിലായി.

മോട്ടോറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അകവശത്ത് ഉരുക്കിയൊഴിച്ചും വെൽഡ്‌ചെയ്ത് പിടിപ്പിച്ചുമാണ് ഇപ്പോൾ ഏറ്റവുമധികം സ്വർണം കടത്തുന്നത്. പ്രിന്റർ, എമർജൻസി ലൈറ്റ്, വാതിൽ ലോക്ക്, കാർവാഷ് ക്ലീനർ എന്നുവേണ്ട സെൽഫി സ്റ്റിക്കിനകത്തുപോലും സ്വർണം ഉരുക്കിയൊഴിക്കുന്നു. തേനിലും ഗ്രീസിലും പാൽപ്പൊടിയിലും ഹോട്ട്‌പ്ലേറ്റിലും ഒളിപ്പിച്ചതും ബ്രായുടെ ഹുക്ക് രൂപത്തിലുള്ളതുമായ സ്വർണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ചെറിയഗോളങ്ങളാക്കി വിഴുങ്ങുന്നതിന് പുറമേ കാർബൺപേപ്പറിൽ പൊതിഞ്ഞ് സെല്ലോ ടേപ്പ് ചുറ്റി ജെല്ലിൽ മുക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും സ്വർണംകടത്തുന്നു. കാർബൺപേപ്പറിൽ പൊതിയുന്ന സ്വർണം എക്‌സ്‌റേ പരിശോധനയിൽ പോലും കണ്ടെത്താൻ പ്രയാസമാണ്.

ഗൾഫ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ സ്വർണവിലയും നാട്ടിലെ വിലയുമായി കിലോയ്ക്ക് മൂന്നുലക്ഷത്തോളം വ്യത്യാസമുണ്ട്. ഈ ലാഭമാണ് കള്ളക്കടത്തിന് പ്രേരണയാവുന്നത്. പിടിയിലാവുന്നവരിൽ കൂടുതലും കാരിയർമാരാണ്. നാട്ടിലേക്കുള്ള ടിക്കറ്റും സ്വർണത്തിന്റെ തൂക്കം കണക്കാക്കിയുള്ള കമ്മിഷനുമാണ് ഇവർക്ക് ലഭിക്കുക. വിദേശത്ത് ആറുമാസം താമസിച്ചവർക്ക് 10 ശതമാനം നികുതിയടച്ച് ഒരുകിലോ സ്വർണം കൊണ്ടുവരാം. അല്ലാത്തവർക്ക് 36 ശതമാനമാണ് നികുതി. മറ്റുലോഹങ്ങൾ ചേർക്കാത്ത 24 കാരറ്റ് തനിതങ്കമാണ് കടത്തുന്നത്. ഒരുകിലോ സ്വർണത്തിന് 28 ലക്ഷം വിലവരും. മറ്റുലോഹങ്ങൾ ചേർത്ത് ആഭരണങ്ങളാക്കുമ്പോൾ വില 50 ലക്ഷം വരെ ഉയരും. ഒരുകോടിയുടെ സ്വർണം കടത്തിയാലേ കോഫെപോസ നിയമപ്രകാരം ജയിലിലാവൂ. അല്ലെങ്കിൽ പിഴയടച്ച് ജാമ്യംനേടാം. കോടികളുടെ സ്വർണം സംഘങ്ങളായി കടത്തുന്നതിന്റെ രഹസ്യമിതാണ്.

സ്വർണക്കടത്തിനെക്കുറിച്ചുള്ള രഹസ്യവിവരം നൽകിയാൽ പിടികൂടുന്ന ഒരുകിലോ സ്വർണത്തിന് ഒന്നരലക്ഷമാണ് കസ്റ്റംസ് പ്രതിഫലം നൽകുന്നത്. നേരത്തേ ഇത് 50,000 രൂപയായിരുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് സ്വർണക്കടത്തിലൂടെ വെളിപ്പെടുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കഴിഞ്ഞ വർഷത്തിനിടെ പിടിച്ചത് അഞ്ചു ക്വിന്റൽ സ്വർണമാണ്. 54 പേരിൽ നിന്ന് പിഴയായി 90 കോടിയും ഈടാക്കി. ആഗോളവിപണിയിൽ സ്വർണത്തിന് മാന്ദ്യമായതിനാൽ പരമാവധി ലാഭമുണ്ടാക്കാനാണ് ശ്രമം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP