Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ടുനിരോധനത്തിനു ശേഷം 48 മണിക്കൂറിൽ രാജ്യത്തെ ജുവലറികളിൽ വിറ്റത് 1250 കോടി വില വരുന്ന നാലു ടണ്ണിലേറെ സ്വർണം; കള്ളപ്പണം വെളിപ്പിക്കലെന്ന സംശയത്തിൽ എക്സൈസ് ഇന്റലിജന്റ്സ് പരിശോധനയിൽ വെട്ടിലായി നിരവധി ജുവലറികൾ; 15 കോടിയുടെ നികുതി വെട്ടിച്ച ജോയ് ആലുക്കാസ് ജുവലറിയും ഡിജിസിഇഐ പരിശോധനയിൽ കുടുങ്ങി

നോട്ടുനിരോധനത്തിനു ശേഷം 48 മണിക്കൂറിൽ രാജ്യത്തെ ജുവലറികളിൽ വിറ്റത് 1250 കോടി വില വരുന്ന നാലു ടണ്ണിലേറെ സ്വർണം; കള്ളപ്പണം വെളിപ്പിക്കലെന്ന സംശയത്തിൽ എക്സൈസ് ഇന്റലിജന്റ്സ് പരിശോധനയിൽ വെട്ടിലായി നിരവധി ജുവലറികൾ; 15 കോടിയുടെ നികുതി വെട്ടിച്ച ജോയ് ആലുക്കാസ് ജുവലറിയും ഡിജിസിഇഐ പരിശോധനയിൽ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കള്ളപ്പണം കണ്ടെത്താൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ നിരോധനത്താൽ പാവപ്പെട്ടവർ ബുദ്ധിമുട്ടിയതല്ലാതെ വൻകിടക്കാർക്കൊന്നും വലിയ പരിക്കു പറ്റിയിരുന്നില്ല. നോട്ട് പിൻവലിക്കൽ നടപടി വിജയകരമായിരുന്നോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ നവംബർ എട്ടിന് ശേഷമുള്ള 48 മണിക്കൂറിൽ വൻതോതിൽ സ്വർണം വിറ്റുപോയത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അതുകൊണ്ട് തന്നെ നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളിൽ പരിശോധന തുടങ്ങിയിട്ടുണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് (ഡി.ജി.സി.ഇ.ഐ). ഇങ്ങനെ വ്യാപകമായി പരിശോധന നടത്തിയപ്പോൾ കേരളത്തിന് അകത്തും പുറത്തുമുള്ള ജുവല്ലറികളിൽ വൻതോതിൽ സ്വർണവിൽപ്പന നടന്നുവെന്നും വ്യക്തമായി. അസാധുവാക്കിയ നോട്ടുകൾ ഉപയോഗിച്ചാണ് സ്വർണം വാങ്ങിയത് എന്നാണ് വിവരം.

ഇങ്ങനെ പെട്ടന്ന് നടന്ന ഇടപാടുകൾക്ക് പിന്നിൽ കള്ളപ്പണ ബന്ധമുണ്ടോ എന്ന പരിശോധനയാണ് നടക്കുന്നത്. ഇങ്ങനെ പരിശോധന നടത്തിയപ്പോൾ പല ജുവല്ലറികളിലെയും നികുതി വെട്ടിപ്പിന്റെ വിവരമാണ് അവിചാരിതമായി പുറത്തുവന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് നികുതി വെട്ടിപ്പിന്റെ പേരിലും പിടി വീണതായാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.

കഴിഞ്ഞ ആഴ്‌ച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് ജോയ് ആലുക്കാസിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണ വിൽപ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്സൈസ് ഡ്യൂട്ടി അടച്ചില്ലെന്നാണ് വ്യക്തമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 5.7 ടൺ സ്വർണം ജുവല്ലറിയിൽ നിന്നും വിറ്റഴിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഏപ്രിൽ മുതൽ നവംബർ മാസങ്ങൾ വരെയുള്ള കാലയളവിലാണ് ഇത്രയും വി്ൽപ്പന നടന്നത്. ഇങ്ങനെ വിറ്റ സ്വർണത്തിന്റെ നൽകേണ്ട എക്സൈസ് ഡ്യൂട്ടി നൽകിയില്ലെന്നാണ് കണ്ടെത്തൽ.

ജോയ് ആലുക്കാസിന്റെ 11 ശാഖകളിലും ഫാക്ടറികളിലുമാണ് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഏതാണ്ട് 16 കോടി രൂപയോളം ജുവല്ലറി ഗ്രൂപ്പ് നികുതി ഇനത്തിൽ സർക്കാറിലേക്ക് അടയ്ക്കാനുണ്ടെന്നാണ് വാർത്ത. ഈ തുക അടച്ചാൽ ജുവല്ലറി ഗ്രൂപ്പിനെതിരെ കേസുണ്ടാകില്ല. പണം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ജുവല്ലറി ഗ്രൂപ്പിന് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. ദുബായ്, അബൂദബി, യു.എസ്.എ തുടങ്ങി വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ജോയ് ആലുക്കാസിന് ശാഖകളുണ്ട്. ഡി.ജി.സി.ഇ.ഐയുടെ റെയ്ഡിന് ശേഷം 10 കോടി രൂപ ജോയ് ആലുക്കാസ് നികുതി അടച്ചതായി ഡി.ജി.സി.ഇ.ഐ.യി അറിയിച്ചു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 5854 കിലോഗ്രാം സ്വർണ്ണമാണ് ജോയ് ആലുക്കാസ് വിറ്റഴിച്ചിരുന്നു. ഏതാണ്ട് 1500 കോടി രൂപയുടെ സ്വർണ്ണവിൽപ്പനയാണ് ഇക്കാലയളവിൽ നടന്നിരിക്കുന്നത്.

ജോയ് ആലുക്കാസിലെ സ്വർണവിൽപ്പനയിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇല്ലെങ്കിലും മറ്റു ജുവല്ലറികളുടെ കാര്യം വ്യത്യസ്തമാണ്. നോട്ട് നിരോധനത്തിന് ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ നാല് ടണ്ണിലേറെ സ്വർണ്ണമാണ് രാജ്യത്തെ വിവിധ ജുവല്ലറികൾ വഴി വിറ്റഴിച്ചിരിക്കുന്നത്. ഈ അഭൂതപൂർവ്വമായ വിൽപ്പനയിൽ കള്ളപ്പണം വെളുപ്പിക്കലുണ്ടെന്ന സംശയം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജുവല്ലറികളിൽ പരിശോധനകൾ നടത്തിയത്. നവംബർ എട്ടിന് മാത്രം രണ്ട് ടൺ സ്വർണമാണ് വിറ്റുപോയത്. ഇതിൽ അസ്വഭാവികതയുണ്ടെന്ന് അധികാരികളും വ്യക്തമാക്കുന്നു.

ഡൽയിലുള്ള ഒരു പ്രധാന ജുവല്ലറി 700 പേർക്കായി 45 കിലോ സ്വർണമാണ് നവംബർ എട്ടിന് വിറ്റത്. ഇക്കാര്യം അവരുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നും വ്യക്തമാകുകയും ചെയ്തു. അതിന് തൊട്ട് മുമ്പുള്ള ദിവസം ഈ ജുവല്ലറിയിൽ വിറ്റതാകട്ടെ വെറും 820 ഗ്രാം സ്വർണവും. ചെന്നൈയിലുള്ള ലളിത ജുവല്ലറിലിയാണ് ഇത്തിൽ ഞെട്ടിക്കുന്ന വിൽപ്പന നടന്ന മറ്റൊരു സ്ഥാപനം. ഇവിടെ നവംബർ എട്ടിന് വിറ്റത് 200 കിലോഗ്രാം സ്വർണമാണ്. എന്നാൽ നവംബർ ഏഴാം തീയ്യതി വിറ്റതാകട്ടെ 40 കിലോയിൽ താഴെ സ്വർണവും. ജയ്പൂരിലുള്ള ലാവത്ത് ജുവല്ലറിയിലെ സ്റ്റോക്ക് റിപ്പോർട്ട് പ്രകാരം നവംബർ ഏഴിനുണ്ടായിരുന്നത് 100 ഗ്രാം സ്വർണമാണ്. എന്നാൽ, നവംബർ എട്ടിന് ഇവിടെ വിറ്റതാകട്ടെ 30 കിലോഗ്രാം സ്വർണവും.

ഇങ്ങനെ അസ്വാഭാവികമായ വിധത്തിൽ സ്വർണ്ണവിൽപ്പന നടന്ന ജുവല്ലറികൾക്കെതിരെ സെൻട്രൽ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. വൻതോതിൽ സ്വർണവിൽപ്പന നടക്കുമ്പോഴും നികുതി ചോരുന്നതിനെ കുറിച്ചും സെൻട്രൽ എക്സൈസ് അന്വേഷിക്കുന്നുണ്ട്. 400 ജുവല്ലറികളിൽ നോട്ട് നിരോധനതിന് മുമ്പ് നടന്ന വിൽപ്പനയിലാണ് നികുതി വെട്ടിപ്പും നടന്നിട്ടുള്ളത്. ഇതിലൂടെയുള്ള നികുതി നഷ്ടം 100 കോടിയിൽ അധികം വരുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ഇത്തിരത്തിൽ നികുതി കൃത്യമായി അടച്ചില്ലെന്ന ഗണത്തിലാണ് ജോയ് ആലുക്കാസും പിടിക്കപ്പെട്ടിരിക്കുന്നത്. സ്വർണവിൽപ്പനയിൽ കൃത്യമായ നികുതി അടക്കാത്ത 300ലേറെ ജുവല്ലറികൾക്ക് നോട്ടീസും ഡി.ജി.സി.ഇ.ഐ നൽകിയിട്ടുണ്ട്.

ജോയ് ആലുക്കാസിന് പുറമേ ഡൽഹിയിലുള്ള പിപി ജുവല്ലേഴ്സും എക്സൈസ് ഡ്യൂട്ടി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇവർ 4.5 കോടിയാണ് വീഴ്‌ച്ച വരുത്തിയത്. ഏപ്രിൽ നവംബർ വരെയുള്ള കാലയളവിൽ ഈ ജുവല്ലറിയിൽ 450 കോടിയുടെ വിൽപ്പന നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഡി.ജി.സി.ഇ.ഐയുടെ നോട്ടീസിന് ശേഷം ഇവർ രണ്ട് കോടി രൂപ അടച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ജോയ് ആലുക്കാസും പണം അടയ്ക്കേണ്ടി വരും. ഈ നികുതിപ്പണം കമ്പനി തിരിച്ചടയ്ക്കുമെന്നാണ് പുറത്തുവരുന്ന സൂചനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP