Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് അവധി നീട്ടി വീട്ടിലിരിക്കുന്നു; വിജിലൻസ് വിപ്ലവം തുടങ്ങിയ ജേക്കബ് തോമസ് ഈച്ചയടിച്ച് മടുത്തു; ഭൂമാഫിയക്കെതിരെ ശബ്ദിച്ച ഫോർട്ടുകൊച്ചി സബ് കളക്ടർ അദിലയേയും തെറിപ്പിച്ചു; ഭക്ഷ്യമാഫിയയ്ക്കെതിരെ പോരാടിയ അനുപമയെ കുറിച്ച് കേൾക്കാനേയില്ല; ഐഎഎസിലെ ഒന്നാംറാങ്കുകാരൻ രാജുനാരായണ സ്വാമിക്കും പണിയൊന്നുമില്ല; നാട് നന്നാക്കാം എന്നാഗ്രഹിക്കുന്ന ഐഎഎസുകാരെയെല്ലാം പിണറായി സർക്കാർ ഇങ്ങനെ ശരിയാക്കുന്നത് എന്തുകൊണ്ട്?

ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് അവധി നീട്ടി വീട്ടിലിരിക്കുന്നു; വിജിലൻസ് വിപ്ലവം തുടങ്ങിയ ജേക്കബ് തോമസ് ഈച്ചയടിച്ച് മടുത്തു; ഭൂമാഫിയക്കെതിരെ ശബ്ദിച്ച ഫോർട്ടുകൊച്ചി സബ് കളക്ടർ അദിലയേയും തെറിപ്പിച്ചു; ഭക്ഷ്യമാഫിയയ്ക്കെതിരെ പോരാടിയ അനുപമയെ കുറിച്ച് കേൾക്കാനേയില്ല; ഐഎഎസിലെ ഒന്നാംറാങ്കുകാരൻ രാജുനാരായണ സ്വാമിക്കും പണിയൊന്നുമില്ല; നാട് നന്നാക്കാം എന്നാഗ്രഹിക്കുന്ന ഐഎഎസുകാരെയെല്ലാം പിണറായി സർക്കാർ ഇങ്ങനെ ശരിയാക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുമ്പോൾ രാഷ്ട്രീയം പാടില്ല. അഴിമതി തൊട്ടുതീണ്ടാനും പാടില്ല. മുഖ്യമന്ത്രിയായി പിണറായി വിജയനെത്തിയപ്പോൾ പലരും പലതും പ്രതീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നളിനി നെറ്റോയും വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസുമെത്തിയതോടെ പരിധിവിട്ട പ്രതീക്ഷകളായി. എല്ലാം ശരിയാകുമെന്നും ശരിയാക്കുമെന്നും ഏവരും കരുതി. ഇതോടെ ജേക്കബ് തോമസിന്റെ പാതിയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന് ചിലരിറങ്ങി. പാവങ്ങളുടെ കണ്ണീരൊപ്പനായിരുന്നു മറ്റു ചിലരുടെ ശ്രമം. മാഫിയകൾക്കെതിരെ ചിലർ നടപടിയെടുത്തു. പിണറായി സർക്കാർ അധികാരത്തിലെത്തി ഒരുവർഷം കഴിയുമ്പോൾ ഇവരെല്ലാം പെരുവഴിയിലാണ്. അഴിമതി തുടച്ചു നീക്കി പിണറായി സർക്കാരിന് പ്രതിച്ഛായ കൂട്ടാൻ ഇറങ്ങിയ ഐഎഎസുകാരും ഐപിഎസുകാരും ഈച്ചയടിക്കുകയാണ് ഇപ്പോൾ.

അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് പിണറായി ഏറ്റവും അധികം ആശ്രയിച്ചത് ജേക്കബ് തോമസിനെയാണ്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയോഗിച്ചതും ബന്ധുത്വ നിയമന വിവാദത്തിലെ മന്ത്രി ഇപി ജയരാജന്റെ രാജിയും പലതിന്റേയും സൂചനയാണ് കണ്ടു. എന്നാൽ സമ്മർദ്ദങ്ങൾ ശക്തമായപ്പോൾ ജേക്കബ് തോമസിനെ തന്ത്രപരമായി നീക്കി. അവധിയെടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് പ്രവർത്തിച്ച ജേക്കബ് തോമസ് ഇന്ന് ആർക്കും വേണ്ടാത്ത ഐഎംജിയുടെ തലവനാണ്. കേരളത്തിലെ തല മുതിർന്ന ഐപിഎസുകാരന് യൂണിഫോം സർവ്വീസ് പിണറായി നൽകില്ല. ഇതു ചെയ്താൽ പലരും അഴിക്കുള്ളിലാകും. അതുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു. ബാർ കോഴയും അഴിമതിയുമെല്ലാം വെറും കെട്ടുകഥകളാക്കി.

പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ മലയാളിക്ക് കളക്ടർ ബ്രോയായിരുന്നു പ്രശാന്ത്. പിണറായി വിജയൻ വന്ന ശേഷവും കോഴിക്കോടിന്റെ മുഖം മിനുക്കലുമായി പ്രശാന്ത് മുന്നോട്ട് പോയി. ജനങ്ങൾക്കൊപ്പം നിന്ന് തീരുമാനങ്ങൾ എടുത്തു. മണൽ കടത്ത് മാഫിയയെ വെട്ടിലായി. സ്വകാര്യ ബസുകൾക്ക് സ്‌കൂൾ കുട്ടികളെ കയറ്റേണ്ടി വന്നു. കളക്ടറുടെ കണ്ണും കാതും എവിടേയും എത്തുമെന്ന സ്ഥിതിയെ കോഴിക്കോട്ടെ പ്രമാണിമാരെല്ലാം ഭയന്നു. ഓപ്പറേഷൻ സുലൈമാനിയിലൂടെ സാമൂഹിക ഇടപെടലിന് പുതിയ മുഖം നൽകിയ പ്രശാന്തിനെതിരെ എതിരാളികളുടെ ആരോപണങ്ങൾ ഒന്നൊന്നായി എത്തി. ഒന്നും വിലപ്പോയില്ല. അപ്രതീക്ഷിതായി പക്ഷേ സ്ഥലം മാറ്റമെത്തി. ഇതോടെ പ്രശാന്തും പണിയില്ലാത്ത ഐഎസഎസുകാരനായി. ലീവെടുത്ത് വീട്ടിൽ വിശ്രമിക്കുകയാണ് പ്രശാന്ത്.

ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ചതും ഇതു തന്നെയായിരുന്നു. ഇടുക്കിയിലെ ഭൂമാഫിയയുടെ ഇടപെടലിനൊപ്പമായിരുന്നു സി.പി.എം. ഈ സമ്മർദ്ദമാണ് അദ്ദേഹത്തെയും മാറ്റുന്നതിന് കാരണം. അല്ലങ്കിൽ പ്രെമോഷൻ നൽകി ഇടുക്കിയിൽ തന്നെ ശ്രീറാമിനെ കളക്ടറാക്കാമായിരുന്നു.

അദീലയെ മാറ്റിയത് പിണറായി നേരിട്ട്

കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും അനധികൃത ഫ്ളാറ്റ് നിർമ്മാണം തടയുകയും ചെയ്ത ഫോർട്ട് കൊച്ചി സബ്കളക്ടർ അദീല അബ്ദുള്ളയെ സ്ഥലംമാറ്റിയത് ഈ അടുത്ത കാലത്താണ്. ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. ഇവർക്ക് ജൈവ വൈപ്പിൻ പദ്ധതി നോഡൽ ഓഫീസറുടെ അധികചുമതല നൽകിയിരുന്നു. മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്ക് പുറത്തുള്ള ഇനമായി മുഖ്യമന്ത്രിതന്നെയാണ് വിഷയം അവതരിപ്പിച്ച് തീരുമാനമെടുത്തത്. ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെപ്പോലെ റവന്യൂ വകുപ്പിന്റെ പിന്തുണ അദീലയ്ക്കുണ്ടായിരുന്നെങ്കിലും അത് ഫലംചെയ്തില്ല. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനും നിലംനികത്തലിനുമെതിരേ സബ്കളക്ടർ കർശനനിലപാട് സ്വീകരിച്ചിരുന്നു. നഗരത്തിന്റെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമികൈയേറ്റത്തിനെതിരേ ഇവർ നടപടിയെടുത്തിരുന്നു. ഇതാണ് അദിലയെ സർക്കാരിന്റെ കണ്ണിലെ കരടാക്കിയത്.

സ്വകാര്യ ഫ്ളാറ്റ് നിർമ്മാണസ്ഥാപനത്തിന് ഏഴരയേക്കർ നികത്താൻ അനുമതി നൽകാതിരുന്നതാണ് അദിലയെ സ്ഥലം മാറ്റാൻ ഇടയാക്കിയ അവസാനത്തെ കാരണം. ചുതുപ്പുനിറഞ്ഞ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നൽകാനാവില്ലെന്ന് സബ് കളക്ടർ നിലപാടെടുത്തു. ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതിനെതിരേ അപ്പീൽ നൽകാനൊരുങ്ങിയെങ്കിലും നിലനിൽക്കില്ലെന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസ് ആദ്യം നൽകിയത്. പിന്നീട് റവന്യൂമന്ത്രിയുടെ നിർദ്ദേശപ്രകാരം അപ്പീൽനൽകാൻ നടപടി സ്വീകരിച്ചു. അതിനിടെയാണ് സബ് കളക്ടറെ മാറ്റാനുള്ള സർക്കാർ തീരുമാനം. അതായത് ദേവി കുളത്തെ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ അതേ സാഹചര്യം. അദീലയെ മാറ്റാൻ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദമുണ്ടായിരുന്നു. അങ്ങനെ പാർട്ടിക്ക് വഴങ്ങി പിണറായി തീരുമാനമെടുത്തു.

ഒമ്പത് മാസം മാത്രമേ ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നിട്ടുള്ളൂ. എന്നാൽ, അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ എതിർപ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് ഇവരുടെ കസേര തെറിക്കുന്നതിൽ എത്തിയത്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടു വന്നാണ് ഈ സ്ഥലംമാറ്റം എന്നത് മാത്രം മനസിലാക്കിയാൽ മതി അദീലയെ സർക്കാർ എത്രത്തോളം ഭയന്നിരുന്നു എന്ന് വ്യക്തമാകാൻ. നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത അദീല ശക്തമായ നടപടികളാണ് കൈക്കൊണ്ടിരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ് കലക്ടർ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു.

ഇതിൽ പ്രധാനമായത് സ്വകാര്യവ്യക്തികൾ കൈവശം വെച്ച ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് തിരികെ പിടിച്ചതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി വെച്ചുതാമസിപ്പിക്കാതെ ഭൂമി തിരിച്ചു പിടിച്ചു അദീലയും ഉദ്യോഗസ്ഥരും. ഏറ്റവും ഒടുവിൽ കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിൻ ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി കോടികൾ വിലവരുന്ന 4 ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന നിർദ്ദേശവും അദീല നൽകിയിരുന്നു. കൊച്ചിൻ ക്ലബ്ബിൽ തൊട്ടപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർക്ക് പൊള്ളി എന്നാണ് അറിയുന്നത്. ഇത് കൂടാതെ വൈറ്റിലയിലും അനാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ അദീല നടപടിയെടുത്തു. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികൾ. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡൺ കായൽ കൈയേറി പണിത് ബോട്ട് യാർഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.

പാവങ്ങൾക്ക് വീടുവെച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റിയിരിക്കുന്നത്. 2012 സിവിൽ സർവീസ് ബാച്ചിലം അംഗമാണ് അദീല അബ്ദുള്ള. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് ഇവർ. മലബാറിലെ മുസ്ലിം സമുദായത്തിൽ നിന്നും പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ വനിതയാണ് അദീല. സാധാരണ കുടുംബത്തിൽ ജനിച്ച് സിവിൽ സർവീസ് നേടിയ അവർ തൊഴിലിൽ വെള്ളം ചേർക്കാത്ത നിലപാടുകാരിയാണ്.

കറി പൗഡർ മാഫിയയെ ഞെട്ടിച്ച അനുപമ എവിടെ?

ടി വി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടുള്ള തീരുമാനവും അപ്രതീക്ഷിതമായിരുന്നു. അന്യസംസ്ഥാനങ്ങൽ നിന്നെത്തുന്ന വിഷ പച്ചക്കറികൾക്കെതിരെയും കറിപ്പൗഡറുകളിലെ മായങ്ങൾക്കെതിരെയും സന്ധിയില്ലാതെ സമരം നയിച്ച അനുപമയുടെ സ്ഥാനചലനത്തെ സാമാന്യ ജനം സംശയത്തോടെയാണ് കാണുന്നത്. ഏതായാലും അനുപമയുടെ മാറ്റത്തോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്റെ ഇടപെടൽ കുറഞ്ഞു. അനുപമയെ കുറിച്ച് കേൾക്കാനുമില്ല. ടി.വി. അനുപമയെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവർക്കുണ്ടാകും.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അനുപമ യുഡിഎഫിന് സ്ഥിരം തലവേദനയായിരുന്നു. മുതലാളിമാരെ വേദനിപ്പിക്കുന്ന ഇടപെടലുകൾ അവർ നിർത്തിയതുമില്ല. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുപമ ഐഎഎസ് തിരികേ സർവീസിൽ കയറിയിട്ടില്ല. പ്രസവ അവധിയിലായിരുന്നു അവർ. അവധിക്കേ ശേഷം തിരികെ സർവീസിൽ പ്രവേശിക്കാനിരിക്കേയാണ് പഴയ കസേര അവർക്ക് നൽകില്ലെന്ന വ്യക്തമായത്. നിലവിൽ കേശവേന്ദ്രകുമാറിനായിരുന്നു ഭക്ഷ്യസുരക്ഷാ കമീഷണറുടെ അധികചുമതല നൽകിയിരുന്നത്. കേശവേന്ദ്ര കുമാറിന്റെ കീഴിലും ശക്തമായ തീരുമാനങ്ങളുമായാണ് വകുപ്പ് മുന്നോട്ടു പോയത്. പഴകിയ ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്കെതിരെയും ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികൾ കറിപൗഡർ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ അനുപമക്കെതിരെ നിക്ഷിപ്ത താൽപ്പര്യക്കാർ രംഗത്ത് വന്നിരുന്നു. വിഷപച്ചക്കറികൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികൾ അനുപമക്കെതിരെ രംഗത്തെത്തിയിരുന്നു. കറിപൗഡറുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് നിറപറ കമ്പനിയുടെ ഉൽപ്പന്നങ്ങൾ നിരോധിച്ചു. ഇതേ തുടർന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

അനുപമയെ മാറ്റാൻ അന്ന് തന്നെ സമ്മർദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആർജിച്ച ജനപിന്തുണ നടപടി എടുക്കുന്നതിൽ നിന്ന് സർക്കാരിനെ തടഞ്ഞു.വൻകിട ഹോട്ടലുകൾക്കെതിരെയും അനുപമ നടപടി സ്വീകരിച്ചിരുന്നു. ഇതും ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കേരളത്തിൽ വിൽക്കുന്ന പ്രമുഖ കറിപൗഡർ ബ്രാൻഡുകളിൽ മായം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർശന നടപടി അനുപമ വീണ്ടും ചുമതലയേറ്റാൽ ഉണ്ടാകുമെന്ന് പൊതുജനങ്ങളും വിശ്വസിച്ചിരുന്നു. ഇതിനിടെയാണ് അവരെ തൽസ്ഥാനത്തു നിന്നും മാറ്റിയത്. ഇത് ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുന്ന തീരുമാനമായി മാറിയിട്ടുണ്ട്. അങ്ങനെ കറിപൗഡർ കമ്പനികളെ സന്തോഷിപ്പിക്കാൻ പിണറായി കൃത്യമായ ഇടപെടൽ നടത്തി.

ആദ്യം അനുപമ വാർത്തകളിൽ ഇടം നേടുന്നത് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികൾക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിർത്തികളിൽ അനുപമ പരിശോധന കർശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോഭിയുടെ കണ്ണിലെ കരടായി മാറി. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് മലയളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു, പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയത് ഇതോടെയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുൻപ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടർ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്.

കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ്മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരിയാണ് അനുപമ. തെറ്റുകൾക്കെതിരെ ഈ പെൺകുട്ടി പെരുതിയപ്പോൾ കേരളം ഇവൾക്കൊപ്പം നിന്നു.

രാജു നാരായണ സ്വാമിക്ക് ജോലി ഈച്ചയടി

പണ്ടൊരു കോട്ടയം കളക്ടർക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാൻ അയൽപക്കക്കാരൻ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ വഴിതടയുന്നയാൾ കളക്ടറുടെ അമ്മായിയപ്പൻ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്ത ആ കളക്ടറും ഇന്ന് തലസ്ഥാനത്ത് ഈച്ചയടിച്ചിരിക്കുകയാണ്.. പത്താംക്‌ളാസ് മുതൽ പഠിച്ച കോഴ്‌സുകൾക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെ പിണറായി സർക്കാർ കൈവിട്ടതും ഏറെ ചർച്ചയാണ് ഇത്. രാജുനാരായണസ്വാമി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇന്ന്.

വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് മൂന്നാർ ഓപ്പറേഷനിലെ മൂന്ന് പേരിൽ ഒരാളായിരുന്നു രാജു നാരായണ സ്വാമി. അന്ന് സുരേഷ് കുമാറായിരുന്നു ദൗത്യ സംഘത്തലവൻ. സുരേഷ് കുമാറിനെ സർക്കാരുകൾ പിന്നീട് ഒതുക്കിയത് ഔദ്യോഗിക ഭാഷാ വകുപ്പ് നൽകിയായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വന്നപ്പോൾ സുരേഷ് കുമാർ ഐ എ എസിൽ നിന്ന് തന്നെ സ്വയം വിരമിച്ചു. അത്തരമൊരു സാഹചര്യത്തിലേക്ക് രാജു നാരായണ സ്വാമിയേയും എത്തിക്കാനാണ് നീക്കമെന്ന വിലയിരുത്തൽ സജീവമാണ്. അഴിമതിക്കെതിരെ സംസാരിച്ചാൽ ഏത് സർക്കാരിന്റെ കാലത്തും ഉദ്യോഗസ്ഥർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഇഷ്ടക്കാരെയും തൽപരകക്ഷികളെയുമൊക്കെ അകറ്റി സത്യസന്ധരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് ഓഫീസ് നിർവഹണം ഏൽപിച്ച് പിണറായി വിജയൻ ഭരണം തുടങ്ങുമ്പോൾ രാജുനാരായണ സ്വാമിയും പ്രതീക്ഷയിലായി. ഇത് ശരിയാകുന്ന തരത്തിൽ കൃഷി വകുപ്പ് സെക്രട്ടറിയുമായി. എന്നാൽ ബിജു പ്രഭാകർ വിവാദം എല്ലാം തല്ലിക്കെടുത്തി. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ ഇടപെടലാണ് രാജു നാരായണസ്വാമി നടത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു. അഴിമതിക്കെതിരായ ഈ നിലപാട് രാജുനാരായണ സ്വാമിക്ക് കോട്ടങ്ങളേ ഉണ്ടായിട്ടുള്ളൂ.

കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. ഇപ്പോഴും അവഗണ തുടരുന്നുവെന്നതാണ് ഔദ്യോഗിക ഭാഷാ വകുപ്പിലേക്കുള്ള മാറ്റം നൽകുന്ന സൂചന.

കളക്ടർ 'ബ്രോ' ഇപ്പോൾ 'ഫേസ്‌ബുക്കി'ൽ മാത്രം...

കോഴിക്കോട് ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് ഏറെ ജനപ്രിയ പദ്ധതികൾക്ക് നേതൃത്വം വഹിച്ചിരുന്ന ആളായിരുന്നു പ്രശാന്ത് നായർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു പ്രശാന്ത് നായരെ ആളുകൾ സ്‌നേഹത്തോടെ 'കളക്ടർ ബ്രോ' എന്ന് വിളിച്ചു.എന്നാൽ ജനപ്രിയ നടപടികളോടൊപ്പം വിവാദങ്ങളും എന്നും കളക്ടർ ബ്രോയെ വിടാതെ പിന്തുടർന്നിരുന്നു.എല്ലാ ഉദ്യോഗസ്ഥരെയും പോലെ രാഷ്ട്രീയക്കാരുമായുള്ള പ്രശ്‌നങ്ങളിലൂടെത്തന്നെയായിരുന്നു കളക്ടർ ബ്രോയും വിവാദ നായകനായത്.ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് നായർ 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേൽക്കുന്നത്.

കളക്ടറായി പ്രശാന്ത് ചുമതലയേറ്റെടുത്ത കാലം മുതൽ കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്ന കെസി അബു, രാഘവൻ എംപി എന്നിവരുമായി നിരന്തരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിൽ രാഘവൻ എംപിയുമായി നടത്തിയ സോഷ്യൽമീഡിയ തർക്കത്തിൽ ഒരുവേള മുഖ്യമന്ത്രി പിണറായിക്ക് ഇടപെടേണ്ടിയും വന്നിരുന്നു.

കളക്ടർ, വിളിച്ചാൽ ഫോൺ എടുക്കുന്നില്ല ഫെയ്സ് ബുക്കിൽ ഷൈൻ ചെയ്യുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും ആദ്യം മുതൽ അബു ഉന്നയിച്ചിരുന്നു. ഇത് കൂടാതെ സോഷ്യൽ മീഡിയയിലും നിരവധി വിവാദങ്ങൾ എൻ. പ്രശാന്തിനെ വിടാതെ പിടികൂടിയിരുന്നു.പ്രശ്‌നങ്ങൾ രൂക്ഷമായതോടെ പ്രശാന്ത് നായർക്കെതിരെ വിമർശനവുമായി കോൺഗ്രസ് ദിനപത്രം വീക്ഷണവും രംഗത്തു വന്നിരുന്നു. സ്വന്തം പ്രശസ്തിയിൽ ആത്മരതി നടത്താൻ കളക്ടർക്ക് അവകാശമുണ്ടെന്നും പക്ഷെ മറ്റ് കളക്ടർമാർക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് കളക്ടർക്ക് തോന്നുന്നുണ്ടെങ്കിൽ ആ കൊമ്പ് മുറിച്ച് കളയാൻ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു വീക്ഷണത്തിന്റെ വിമർശനം.

എന്നാൽ പൊതുപണം ചെലവഴിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ ഒന്നും നടക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും പറഞ്ഞ് പിആർഡി പ്രസ് നോട്ടിലൂടെയാണ് കളക്ടർ തിരിച്ചടിച്ചത്.അതോടെ ജനപ്രതിനിധിയായ തന്നെ പ്രശാന്ത് അപമാനിച്ചു എന്ന് എംകെ രാഘവൻ ആരോപിച്ചു. പ്രശാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഘവന് 'ഇതാ കുന്നംകുളത്തിന്റെ മാപ്പ്' എന്ന് പറഞ്ഞ് മറുപടി നൽകിയ പ്രശാന്തിന്റെ നടപടി വലിയ ചർച്ചയും വിവാദവുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് നായർ രംഗത്തെത്തുകയും ചെയ്തു.

ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച് പ്രശാന്തിനെതിരെ അന്വേഷണം വന്നത്. രാഘവനുമായുള്ള പ്രശ്‌നത്തിൽ പ്രശാന്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും 1969ലെ ഐഎഎസ് ചട്ടപ്രകാരം പ്രശാന്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഐഎഎസുകാരുടെ കൂട്ട അവധി സമരത്തോട് വിയോജിച്ചതോടെ പ്രശാന്തിനോടുള്ള പ്രതികാരം ഐ എ എസ് തലപ്പത്തും വളർന്നു . അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിമാരടക്കം മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡുകളെ തുടർന്നാണ് സംസ്ഥാനത്തെ ഐഎഎസ് ഐപിഎസ് പോര് ശക്തമായത്. പ്രധാനമായും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ പ്രതിഷധമാണ് കൂട്ട അവധി തീരുമാനത്തിലേയ്ക്ക് നയിച്ചത്.

എന്നാൽ പ്രശാന്ത് നായർ അവധിയെടുക്കാൻ വിസമ്മതിച്ചു. വിജിലൻസ് ഡയറക്ടറേയോ മറ്റേതെങ്കിലും വ്യക്തിയേയോ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഇത്തരമൊരു നീക്കത്തോട് യോജിക്കാനാവില്ലെന്ന് പ്രശാന്ത് നായർ മുതിർന്ന ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. അഴിമതി കേസുകൾ അന്വേഷിച്ച് സത്യസന്ധത തെളിയിക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് നായർ പറഞ്ഞിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ അഴിമതിക്കൊപ്പമാണ് എന്ന തെറ്റായ സന്ദേശമായിരിക്കും സമരം നൽകുകയെന്നും പ്രശാന്ത് നായർ മുന്നറിയിപ്പ് നൽകി.ജനുവരി 11ന് ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് പ്രശാന്ത് നായർക്ക് നോട്ടീസ് നൽകി. എം പിയോടുള്ള മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നും നടപടി ഒഴിവാക്കാൻ കാരണം കാണിക്കൽ നോട്ടീസ് കാണിക്കണമെന്നുമായിരുന്നു നോട്ടീസിലെ ഉള്ളടക്കം.തുടർന്ന് ഫെബ്രുവരി 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രശാന്തിനെ ടൂറിസം വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നീട് ഇദ്ദേഹത്തെ ഹയർ സെക്കന്ററി ഡയറക്ടറായി നിയമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP