Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐഎഎസ് ക്ലബ്ബിലെ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപാനത്തിൽ ആദ്യ വിവാദം; സർക്കാർ പ്രഖ്യാപിക്കും മുമ്പേ കോവിഡിന്റെ തുടക്കത്തിൽ മാളുകളെ പൂട്ടിക്കാൻ ഉത്തരവിട്ടതും ചർച്ചയായി; പോത്തൻകോട് കടകംപള്ളിയുമായി കൊമ്പു കോർത്തതോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി; റവന്യൂമന്ത്രിക്ക് താൽപ്പര്യമില്ലാഞ്ഞിട്ടും ടോം ജോസിന്റെ വിശ്വസ്തൻ അനന്തപുരിയെ നയിച്ചു; ഗോഡ് ഫാദർ വിരമിക്കുമ്പോൾ കിട്ടിയ അവസരത്തിൽ മലപ്പുറത്തേക്ക് തട്ടി പിണറായി സർക്കാർ; തിരുവനന്തപുരം കളക്ടർ സ്ഥാനം ഗോപാലകൃഷ്ണന് നഷ്ടമാകുമ്പോൾ

ഐഎഎസ് ക്ലബ്ബിലെ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപാനത്തിൽ ആദ്യ വിവാദം; സർക്കാർ പ്രഖ്യാപിക്കും മുമ്പേ കോവിഡിന്റെ തുടക്കത്തിൽ മാളുകളെ പൂട്ടിക്കാൻ ഉത്തരവിട്ടതും ചർച്ചയായി; പോത്തൻകോട് കടകംപള്ളിയുമായി കൊമ്പു കോർത്തതോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി; റവന്യൂമന്ത്രിക്ക് താൽപ്പര്യമില്ലാഞ്ഞിട്ടും ടോം ജോസിന്റെ വിശ്വസ്തൻ അനന്തപുരിയെ നയിച്ചു; ഗോഡ് ഫാദർ വിരമിക്കുമ്പോൾ കിട്ടിയ അവസരത്തിൽ മലപ്പുറത്തേക്ക് തട്ടി പിണറായി സർക്കാർ; തിരുവനന്തപുരം കളക്ടർ സ്ഥാനം ഗോപാലകൃഷ്ണന് നഷ്ടമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറപടകത്തിൽ പ്രതിസ്ഥാനത്തായ ഐഎഎസ് സുഹൃത്തായിരുന്നു ഗോപാലാകൃഷ്ണൻ. ഐഎഎസ് ക്ലബ്ബിൽ ശ്രീറാമിനൊപ്പം ഉണ്ടായിരുന്നത് തിരുവനന്തപുരം കളക്ടറാണെന്ന ആരോപണം ശക്തമായത്. എല്ലാം വൈകിപ്പിച്ചതും ശ്രീറാം വെങ്കിട്ടരാമനെ സേഫ് സോണിലാക്കിയതും ആരെന്ന ചർച്ചകളിലും ഈ പേര് ഉയർന്നു കേട്ടു. എന്നാൽ എല്ലാം വെറും പുകമറമാത്രമായി. ആരും ഗോപാലകൃഷ്ണനെ തൊട്ടില്ല. ഇതിനിടെയാണ് കോവിഡുകാലമെത്തിയത്. ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി.

തിരുവനന്തപുരത്തു നിന്നുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന് പോലും കളക്ടറുടെ നടപടികളെ അംഗീകരിക്കാനായില്ല. ശാസനയുടെ രൂപത്തിൽ പലതവണ പലതും മന്ത്രി തന്നെ പറഞ്ഞു. അപ്പോഴൊന്നും ഗോപാലകൃഷ്ണനെ തൊടാനായില്ല. ഐ എ എസ് ലോബിയുടെ പിന്തുണയാണ് അതിന് കാരണം. എല്ലാത്തിനും ഉപരി ചീഫ് സെക്രട്ടറി ടോം ജോസിന്റെ അതിവിശ്വസ്തൻ. കോവിഡിലെ വിവാദം പറഞ്ഞ് കളക്ടറെ സ്ഥലം മാറ്റാനും കഴിയില്ല. അതുകൊണ്ട് തന്നെ കടകംപള്ളിയെ പോലുള്ള മന്ത്രിമാർ നല്ലൊരു അവസരത്തിനായി കാത്തിരുന്നു. അങ്ങനെയാണ് പുതിയ അവസരം എത്തിയത്. ഒപ്പം ടോം ജോസ് വിമരമിക്കലിന് തൊട്ടടുത്തുമെത്തി. ഇതോടെ കളക്ടർക്ക് മലപ്പുറത്തേക്ക് സ്ഥാന ചലനമായി.

അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ രാത്രി തുറന്നുവിട്ടതു തലസ്ഥാന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയ നടപടിയാണു കലക്ടർ കെ.ഗോപാലകൃഷ്ണന്റെ സ്ഥലംമാറ്റത്തിൽ കലാശിച്ചത്. മലപ്പുറം കലക്ടറായാണു മാറ്റം. അരുവിക്കര വിഷയത്തിൽ നല്ലൊരു സാധ്യത സർക്കാർ കണ്ടു. കളക്ടർക്ക് പിഴവു പറ്റിയെന്ന് ജനമാകെ പറഞ്ഞ സംഭവമായിരുന്നു അത്. അതുകൊണ്ടാണ് കോവിഡിലെ പ്രതിസന്ധിക്കിടയിലും കളക്ടറെ മാറ്റുന്നത്. അങ്ങനെ ശ്രീറാം വെങ്കിട്ടരാമന്റെ അപകട വിവാദ കാലത്തു പോലും നടക്കാത്തത് ഇപ്പോൾ നടന്നു.

പോത്തൻകോട്ടെ കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കലക്ടർ നേരത്തെ തെറ്റിയിരുന്നു. അതിനു പിന്നാലെയാണ് അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു ജനത്തെ വെള്ളത്തിലാക്കിയെന്ന ആരോപണം കൂടുതൽ വിനയായത്. ഡാം തുറന്നു വിട്ടതിനെ തുടർന്നു കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകി. ഇതേച്ചൊല്ലി മേയർ കെ.ശ്രീകുമാറും കലക്ടറുമായി വാക്‌പോരു തന്നെ നടന്നു. മേയർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതിയും നൽകി.

വിവിധ പ്രശ്‌നങ്ങൾ മുൻനിർത്തി അദ്ദേഹത്തെ മാറ്റാൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. റവന്യു മന്ത്രിയുമായും കലക്ടർ നല്ല ബന്ധം പുലർത്തിയിരുന്നില്ല. ഇതും അദ്ദേഹത്തിനു ദോഷമായി. ചീഫ് സെക്രട്ടറി ടോം ജോസുമായി അടുപ്പമുള്ള ഗോപാലകൃഷ്ണന്റെ പല നടപടികളെയും മന്ത്രിമാരും എംഎൽഎമാരും മറ്റും എതിർത്തിരുന്നു. പക്ഷേ ചീഫ് സെക്രട്ടറിയായ ടോം ജോസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കടകംപള്ളി ഇടഞ്ഞിട്ടും ഗോപാലകൃഷ്ണന് പിന്നേയും ആഴ്ചകൾ ജില്ലാ അധികാരിയായി തുടരാനായി.

ദുരിതാശ്വാസ കാലത്തും വിവാദങ്ങളിൽ പെട്ടു. പ്രളയകാലത്ത് തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഫെയ്‌സ് പോസ്റ്റിട്ടത് ഏറെ ചർച്ചയായിരുന്നു. ദുരിതാശ്വാസ മേഖലകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ രണ്ട് ദിവസം കൂടി കാക്കണം എന്നുള്ള ഫേസ്‌ബുക് പോസ്റ്റ് ഇട്ട ശേഷം കളക്ടർ ലീവിന് പോയി എന്ന വാർത്ത വൻ വിവാദം സൃഷ്ടിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിന് പോകേണ്ടി വന്നു. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ പറയാനില്ല. വിവാദം എങ്ങനെ ഉണ്ടായി എന്നറിയില്ല എന്നാണ് കളക്ടർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തിരുവനന്തപുരത്ത് സംഭാവന സ്വീകരിക്കേണ്ടതില്ല എന്ന തരത്തിലെ പ്രചാരണം കളക്റ്ററുടെ വാക്കുകളെ വളച്ചൊടിച്ചതു കൊണ്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.

കളക്ടർ ശരിയായ തീരുമാനമാണ് എടുത്തത്. ജനങ്ങൾ ദുരിതാശ്വാസ സംഭവനയുമായി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആവശ്യം വരുമെന്ന് മറുപടിയും നൽകി. ദുരിതാശ്വാസ സംഭവന വേണ്ടി വരികയേ ഇല്ല എന്നദ്ദേഹം പറഞ്ഞിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അന്നെല്ലാം ടോം ജോസിന്റെ അകമഴിഞ്ഞ പിന്തുണ ഗോപാലകൃഷ്ണന് ഉണ്ടായിരുന്നു. ടോം ജോസിനെ പിണക്കാതിരിക്കാനാണ് മലപ്പുറം കളക്ടറായി ഗോപാലകൃഷ്ണനെ മാറ്റി നിയമിക്കുന്നത്. പിന്നീട് കോവിഡു കാലത്ത് മുഖ്യമന്ത്രിയുടെ തന്നെ ശാസന ഗോപാലകൃഷ്ണനെ തേടിയെത്തി.

നേരത്തെ മൂന്ന് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിൽ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്നിരുന്നു. ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന അവലോകനയോഗത്തിൽ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല. വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല. അത് കൂടുതൽ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല. സർവകലാശാലാ പരീക്ഷകൾ തൽക്കാലം മാറ്റി വയ്ക്കുന്നില്ല. തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല. മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതൽ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ. പക്ഷേ ആളുകൾ കൂട്ടത്തോടെ ഉള്ള സന്ദർശനം ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് - മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക് ഡൗണിന് മുമ്പായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP