Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

5100 അനധികൃത ക്വാറികൾ ഉള്ളത് പോരാ! പ്രളയ ദുരന്തത്തിൽനിന്ന് യാതൊരു പാഠവും പഠിക്കാതെ പശ്ചിമഘട്ടത്തിൽ 31 കരിങ്കൽ ക്വാറികൾക്ക് കൂടി അനുമതി നൽകി പിണറായി സർക്കാർ; മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നൽകിയത് റവന്യൂ വകുപ്പിനെ മാറ്റിനിർത്തിയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലുമായി ആറു ക്വാറികൾ അദാനി ഗ്രൂപ്പിന്റേത്; നിർദാക്ഷിണ്യം ക്വാറി മാഫിയ കേരളത്തെ തുരന്നുതീർക്കുമ്പോൾ കൂട്ടുനിന്ന് സർക്കാരും

5100 അനധികൃത ക്വാറികൾ ഉള്ളത് പോരാ! പ്രളയ ദുരന്തത്തിൽനിന്ന് യാതൊരു പാഠവും പഠിക്കാതെ പശ്ചിമഘട്ടത്തിൽ 31 കരിങ്കൽ ക്വാറികൾക്ക് കൂടി അനുമതി നൽകി പിണറായി സർക്കാർ; മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നൽകിയത് റവന്യൂ വകുപ്പിനെ മാറ്റിനിർത്തിയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലുമായി ആറു ക്വാറികൾ അദാനി ഗ്രൂപ്പിന്റേത്; നിർദാക്ഷിണ്യം ക്വാറി മാഫിയ കേരളത്തെ തുരന്നുതീർക്കുമ്പോൾ കൂട്ടുനിന്ന് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് പശ്ചിമഘട്ടത്തിലെ ക്വാറികളെ കുറച്ചായിരുന്നു. അനധികൃതമായ പാറപൊട്ടിക്കലും ഖനനവുമാണ് നിലമ്പൂർ മേഖലയിൽ അടക്കം വൻ തോതിൽ ഉരുൾപൊട്ടലിന് ഇടയ്ാക്കിയെതെന്ന് പരിസ്ഥിതി പ്രവർത്തകരും ആരോപിച്ചിരുന്നു.മാധവ് ഗാഡ്ഗിൽ കമ്മറ്റി അടക്കമുള്ള പഠന സംഘങ്ങളും ഈ വിപത്തിനെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലരിൽ കേരളത്തിൽ 750 അംഗീകൃത ക്വാറികളും 5100 അനധികൃതക്വാറികളും ഉണ്ടെന്നാണ് കണക്ക്. ഇതിൽ 4000 ക്വാറികളും പശ്ചിമ ഘട്ടത്തിലാണ്. ഇത്രയും വലിയ പ്രകൃതി ദുരന്തം ഉണ്ടായിട്ടും ഇവയിൽ ഒന്നിനെതിരെപോലും നടപടി എടുക്കാത്ത പിണറായി സർക്കാർ ഇപ്പോൾ ഒറ്റയടിക്ക് 31 ക്വാറികൾക്കാണ് അനുമതി നൽകിയത്.

മൂന്ന് ജില്ലകളിലെ 31 അപേക്ഷകളിൽ മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പാണ് അംഗീകാരപത്രം നൽകിയത്. റവന്യൂ വകുപ്പിനെ മാറ്റിനിർത്തിയും 2015ലെ മൈനിങ് ചട്ടം പരിഗണിക്കാതെയുമാണ് നീക്കം. പാരിസ്ഥിതികാഘാത പഠനമോ ചർച്ചയോ നടത്താതെയും ഭൂഗർഭജലവിതാനം പരിശോധിക്കാതെയും നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിച്ചത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 18ഉം കൊല്ലത്ത് ഏഴും പത്തനംതിട്ടയിൽ ആറും ക്വാറികൾ തുറക്കാനാണ് തീരുമാനം. മറ്റ് വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാൽ ഉടൻ തന്നെ കരിങ്കൽ ഖനനത്തിന് അനുമതി നൽകും. അദാനി തുറമുഖ കമ്പനി സിഇഒയുടെ പേരിൽ തലസ്ഥാനത്ത് രണ്ടിടങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നാല് ക്വാറികൾക്കായി അനുമതി തേടിയിരിക്കുന്നതും അദാനിയാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ വെച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും കർശന നിർദ്ദേശമുണ്ട്.അദാനി പോർട്‌സിന് വേണ്ടി ചട്ടം ലംഘിച്ച് പെരുങ്കടവിളയിൽ ഒരു ക്വാറി നൽകിയിട്ടുണ്ട്. ജെം ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട. അടച്ചൂപൂട്ടിയ ക്വാറിയിൽ നിന്ന് വീണ്ടും പാറ പൊട്ടിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നീക്കം ചെയ്യുന്ന കല്ലിന്റെ അളവ് പോലും നിശ്ചയിച്ചിട്ടില്ല. ഒരു ടൺ കരിങ്കല്ലിന് 26 രൂപ മാത്രമാണ് സർക്കാരിന് ലഭിക്കുന്നത്.

കഴിഞ്ഞവർഷവും സമാനമായ സ്ഥിതിയായിരുന്നു. പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വരുത്തിവെച്ച പോയ വർഷത്തിൽ മാത്രം പിണറായി സർക്കാർ അനുമതി നൽകിയത് 129 ക്വാറികൾക്കാണ്. ഒരു വർഷം കൊണ്ട് മാത്രം മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുകൾ പൊട്ടിച്ചെടുത്തെന്ന് ഔദ്യോഗിക കണക്കുകൾ. എന്നാൽ 5100ലധികം ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലിന്റെ അളവ് കണക്കാക്കി എത്രയെന്ന് പറയാൻ പോലും കഴിയില്ല. നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 ക്വാറികളിൽ 83 എണ്ണം പ്രളയ-ഉരുൾപൊട്ടൽ ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലാണ്. നിലമ്പൂർ താലൂക്കിൽ മാത്രം 72 ക്വാറികളാണ് ഉള്ളത്. വൻ ദുരന്തമുണ്ടായ കവളപ്പാറ മേഖലയിൽ മാത്രം പാറ പൊട്ടിക്കൽ നടക്കുന്നത് 20 ക്വാറികളിലാണെന്ന് ഓർക്കണം. ഗാഡ്ഗിലും കസ്തൂരി രംഗനുമടക്കമുള്ള വിവിധ കമ്മറ്റികൾ എന്നുവേണ്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആർഐ) പഠനറിപ്പോർട്ടുകളിൽ അടക്കം അതീവ പരിസ്ഥിതി ലോല മേഖലയാണ് ഈ ക്വാറികൾ .

വൻ അഴിമതിയെന്ന് ആക്ഷേപം

പുതിയ ക്വാറികൾ അനുവദിക്കുന്നതിനുപിന്നിൽ വൻ അഴിമതിയുണ്ടെന്നും ആക്ഷേപണം ഉണ്ട്. സംസ്ഥാനത്ത് ആരെയും വിലക്കെടുക്കാവുന്ന വൻ സമ്മർദലോബിയായി പാറമട ലോബി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിനുമാത്രം 35ഓളം ക്വാറികൾ ഉണ്ടെന്നാണ് പറയുന്നത്. ഇതിൽ പലതും അനധികൃതമാണ്. കൊള്ളലാഭം കണ്ട് പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പും ഒരു സിനിമാ നടനുമായി ചേർന്ന് ഇയിടെ ഒരു പാറമട തുടങ്ങിയിരുന്നു. വലിയ ജൂവലറി ഗ്രൂപ്പുകളും സ്റ്റീൽ കമ്പനികളുമൊക്കെ ബിനാമിപേരുകളിൽ ക്വാറികൾ നടത്തുന്നുണ്ട്.

തങ്ങൾക്കെതിരായ ശക്തമായ നടപിയാണ് ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകൾ എന്നു കണ്ട് അവക്കെതിരെ കൃത്യമായി പണി തന്നതും ഈ ഗ്രൂപ്പായിരുന്നു. ഇടുക്കിയിൽ കസ്തൂരിരംഗനുവേണ്ടി വാദിച്ച പിടി തോമസ് എംപിയുടെയൊക്കെ കോലം കത്തിക്കുകയും ശവഘോഷയാത്ര നടത്തുകയും, ഒരു വീടുപോലും ഉണ്ടാക്കാൻ കഴിയില്ല, മരം മുറിക്കാൻ കഴിയില്ല തുടങ്ങിയ വാർത്തകൾ പടച്ചുവിട്ടതിനു പിന്നിലും ഈ ഗ്രൂപ്പായിരുന്നു. കോഴിക്കോട് ജില്ലയിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനോട് അനുബന്ധിച്ചുണ്ടായ ഫോറസ്റ്റ് ഓഫീസ് ആക്രമണം കൃത്യമായ ആസൂത്രണം ചെയ്തതാണെന്നും അതിൽ പാറമട ലോബിയുടെ പങ്കുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്. പക്ഷേ ഇതിന്റെ പ്രതികളെ പിടിച്ചെങ്കിലും അന്വേഷണം ഗൂഡാലോചകർക്ക് നേരെ എത്തിയില്ല.


നടപടികൾ കണ്ണിൽ പൊടിയിടാൻ മാത്രം

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആർഐ) പഠനറിപ്പോർട്ടുകൾ പരിശോധിക്കുമ്പോഴാണ് അനധികൃത കരിങ്കൽ ഖനനത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. സംസ്ഥാനത്ത് 5,924 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കെഎഫ്ആർഐ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നതാകട്ടെ 750 പാറമടകൾക്ക് മാത്രവും.ചട്ടം ലംഘിച്ച് ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് 2133 പരാതികളാണ് ഒരു വർഷത്തിനിടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ലഭിച്ചത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കരിങ്കൽ, മണ്ണ്, മണൽ ഉൾപ്പെടെയുള്ള എല്ലാ ഖനനങ്ങളും നിർത്തിവെയ്ക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഖനനങ്ങൾക്ക് താൽക്കാലിക വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോൾ വീണ്ടും ഖനനാനുമതി നൽകാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം. ഇത് സ്ഥിരമായി നടക്കുന്ന ഒരു തട്ടിപ്പാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഒരു വിഷയം ഉണ്ടായാൽ താൽക്കാലിക സ്റ്റോപ്പ് മെമോ കൊടുക്കും. വിഷയത്തിന്റെ കാഠിന്യം അടങ്ങിയാൽ അനുമതിയും.

കേരളത്തിൽ 7,157 ഹെക്ടർ സ്ഥലത്ത് ക്വാറികൾ പ്രവർത്തിക്കുന്നതായി 2015ൽ കെഎഫ്ആർഐ നടത്തിയ പഠനം പറയുന്നു. മലബാറിൽ 2483, മധ്യകേരളത്തിൽ 1969, തെക്കൻ കേരളത്തിൽ 1517 ക്വാറികളും ഖനനം നടത്തുന്നത്. ഇവയിൽ ചിലത് പ്രവർത്തനം നിർത്തിയെങ്കിലും അതിലേറെ ക്വാറികൾ പുതുതായി തുടങ്ങിയിരിക്കാമെന്നാണ് അനുമാനം. 89 അതിഭീമൻ ക്വാറികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 20 ഹെക്ടറിന് മുകളിൽ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും മൈനിങ് നടത്തുന്നു.സംസ്ഥാനത്ത് 1983നും 2015നും ഇടയിൽ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളിൽ കരിങ്കൽ ക്വാറികളുണ്ടായിരുന്നു.

ഭൂമി കുലുക്കത്തിന് പുറമേ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും അനിയന്ത്രിതമായ കരിങ്കൽ ഖനനം കാരണമാകുന്നുണ്ട്. മേൽമണ്ണും സസ്യങ്ങളും അടങ്ങുന്ന ഉപരിതല ആവരണം മാറ്റിക്കളഞ്ഞ ശേഷമാണ് ക്വാറികൾ തയ്യാറാക്കുന്നത്. ഇത് മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് ഇല്ലാതാക്കും. അനിയന്ത്രിതമായ പാറ പൊട്ടിക്കൽ ഭൂമിക്കടിയിൽ വിള്ളലുകൾ രൂപപ്പെടാനും ഭൂഗർഭജലനിരപ്പ് താഴാനും ഇടയാക്കും. മലമുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഉരുൾപൊട്ടലിനും കാരണമാകുന്നു.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവനാണ് ഗൂഗിൾ മാപ്പ്, ഗൂഗിൾ എർത്ത്, ബിങ് മാപ്പ് എന്നിവ വഴി ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പക്ഷേ ഈ അനധികൃത പാറമടകൾ പൂട്ടിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ഒന്നും മിണ്ടുന്നില്ല.

അഞ്ചു ജില്ലകളിൽ മാത്രം 1104 ക്വാറികൾ

വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ അഞ്ചു ജില്ലകളിൽ മാത്രം 1104 ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. പശ്ചിമഘട്ടമേഖലയിലുണ്ടായ ഉരുൾപൊട്ടലുകൾ ഖനനപ്രവർത്തനത്തിന്റെ ആഘാതംകൂടിയാണെന്ന് ഡോ. സജീവൻ വ്യക്താമാക്കുന്നു. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പാറക്കല്ലുകൾ കഴുകാനും മറ്റുമായി വലിയതോതിൽ ജലം സംഭരിച്ചുവച്ചിട്ടുമുണ്ട്. ഇത്തരം ജലസംഭരണികളും ഉരുൾപൊട്ടലിന് കാരണമാകുന്നു. ക്വാറികളിലെ സ്‌ഫോടനങ്ങൾ പശ്ചിമഘട്ടമലനിരകളെ ആകെ ആസ്ഥിരപ്പെടുത്തുകയാണെന്നും കനത്തമഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂർ കവളപ്പാറക്ക് സമീപം 21 ക്വാറികളാണുള്ളത്. അഞ്ച് കിലോമീറ്ററിനുള്ളിൽ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളിൽ 9 ക്വാറികളും പ്രവർത്തിക്കുന്നു. പാതാർപ്രദേശം തന്നെ ഉരുൾപൊട്ടി ഇല്ലാതാവുകയും നൂറിലേറെ വീടുകൾ തകരുകയും ചെയ്ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലിൽ 17 ക്വാറികളുണ്ട്.പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെടുത്തിയ ഒമ്പത് പേരുടെ മരണം സംഭവിച്ച വയനാട് പുത്തുമലയിലെ അഞ്ചു കിലോ മീറ്റർ പരിധിയിലും ഒരു ക്വാറി പ്രവർത്തിക്കുന്നുണ്ട്.

നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട് 42 ക്വാറികളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്നു പേരെ മരണം കവർന്ന മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണുള്ളത്. മലപ്പുറം ജില്ലാ ആസ്ഥാനത്തിനടുത്തുള്ള കോട്ടക്കുന്നിന്റെ ഒന്നര കിലോ മീറ്റർ അകലെ ഒരു ക്വാറിയും അഞ്ച് കിലോ മീറ്ററിനുള്ളിൽ 102 ക്വാറികളുമുണ്ട്. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട് കരിമ്പയിൽ 26 ക്വാറികളാണുള്ളത്. മണ്ണിടിച്ചിൽ വലിയ നാശനഷ്ടങ്ങളുണ്ടായ സൗത്ത് മലമ്പുഴയിൽ 43 ക്വാറികൾ പ്രവർത്തിക്കുന്നു. രണ്ടു പേർ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗർ കോളനിക്ക് സമീപ പ്രദേശങ്ങളിൽ 22 ക്വാറികളുണ്ട്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്ന്, രണ്ട് മേഖലകളിൽ ഖനനം നിരോധിക്കണമെന്നും നിലവിൽ ലൈസൻസുള്ള ക്വാറികളുടെ പ്രവർത്തനം അഞ്ചു വർഷം കൊണ്ട് അവസാനിപ്പിക്കണമെന്നുമാണ് പശ്ചിമഘട്ട പരിസ്ഥിതി വിഗദ്ഗസമിതിയായ ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്. സോൺ മൂന്നിൽ പെടുന്ന പ്രദേശത്ത് കർശന നിബന്ധനകളോടെ ഖനനം നിയന്ത്രിക്കണമെന്നും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് പരിസ്ഥിതി ലോല മേഖലകളിൽ നിർബാധം ക്വാറികൾ അനുവദിച്ചത്. വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായതെല്ലാം പരിസ്ഥിതിലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെട്ട മേഖലകളിലാണ്.

ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വയനാട്ടിലെ പുത്തുമല, കുറുമ്പലക്കോട്ട, പെരുഞ്ചേരിമല മക്യാട്, വെള്ളമുണ്ട മംഗലശേരിമല, മുട്ടിൽമല, കുറിച്യർമല, പുറിഞ്ഞി കുരിശുമല എന്നവയെല്ലാം പരിസ്ഥിതി ലോല പ്രദേശമായ സോൺ ഒന്നിലാണ്. ഇടുക്കിയിലെ കുമളി വെള്ളാരംകുന്ന്, മുരിക്കാടി, മുണ്ടക്കയം ഈസ്റ്റ്, ദേവികുളം ഗ്യാപ് റോഡ്, ചെറുതോണി ഗാന്ധി നഗർ കോളനിയും സോൺ ഒന്നിൽ തന്നെ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പൊട്ടിക്കൽ, കല്ലടിക്കോട് കരിമ്പ, ആലത്തൂർ വിഴുമല, കാഞ്ഞിരത്തോട് പൂഞ്ചോല, പല്ലശ്ശന കുറ്റിപ്പല്ലി എന്നിവടങ്ങളും സോൺ ഒന്നിലാണ്. കോഴിക്കോടും മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം വേണ്ട സോൺ മൂന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP