Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കണമെന്ന ചട്ടം വാർഡ് വിഭജന ബില്ലിൽ പാലിക്കേണ്ടെന്ന് നിയമോപദേശം; ഓർഡിനൻസ് മടക്കിയ രാജ്ഭവനിലേക്ക് ബിൽ എത്തുക നിയമസഭ പാസായ ശേഷം മാത്രം; ഗവർണ്ണറെ വീണ്ടും വെല്ലുവിളിക്കാനുറച്ച് പിണറായി സർക്കാർ; പരസ്യ പ്രതിഷേധം തുടരാൻ സിപിഎമ്മും; ഗവർണ്ണറും സർക്കാരും യാത്ര ചെയ്യുന്നത് രണ്ട് വഴിയിൽ തന്നെ

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കണമെന്ന ചട്ടം വാർഡ് വിഭജന ബില്ലിൽ പാലിക്കേണ്ടെന്ന് നിയമോപദേശം; ഓർഡിനൻസ് മടക്കിയ രാജ്ഭവനിലേക്ക് ബിൽ എത്തുക നിയമസഭ പാസായ ശേഷം മാത്രം; ഗവർണ്ണറെ വീണ്ടും വെല്ലുവിളിക്കാനുറച്ച് പിണറായി സർക്കാർ; പരസ്യ പ്രതിഷേധം തുടരാൻ സിപിഎമ്മും; ഗവർണ്ണറും സർക്കാരും യാത്ര ചെയ്യുന്നത് രണ്ട് വഴിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കേണ്ടെന്നു സർക്കാരിന് നിയമോപദേശം. ഇത് പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കണമെന്നാണു ചട്ടം. എന്നാൽ, പുതിയ വാർഡുകൾ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നില്ലെന്നാകും ഇതിന് സർക്കാർ പറയുന്ന ന്യായം. ഈ വിഷയത്തിൽ രാജ്ഭവൻ ഏറ്റുമുട്ടലിന് വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവർണ്ണറെ അറിയിക്കാതെയാണ് സർക്കാർ സുപ്രീംകോടതിയിൽ പോയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ പരസ്യ നിലപാട് എടുക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വാർഡ് വിഭജന ഓർഡിനൻസ് ഗവർണ്ണർ ഒപ്പിടാതെ മടക്കി അയച്ചത്.

നേരത്തേ അയച്ച ഓർഡിനൻസ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ സഭയുടെ അംഗീകാരം തേടിയശേഷം രാജ്ഭവനിലേക്ക് അയച്ചാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. പുതിയ തദ്ദേശസ്ഥാപനങ്ങൾ രൂപവത്രിക്കുന്നില്ല. പകരം അതിർത്തി പുനർനിർണയിച്ച് വാർഡുകളുടെ എണ്ണം കൂട്ടുന്നതേയുള്ളൂ. പുതിയ വാർഡുകൾക്ക് മറ്റു വാർഡുകൾക്കെന്നപോലെ തനതുഫണ്ടാണ് ഉപയോഗിക്കുന്നത്. അതിനാൽ സാമ്പത്തികബാധ്യതയില്ലെന്നാണ് സർക്കാർ വാദം. ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണർ ബില്ലിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിച്ചാലോയെന്ന ആശങ്കയും സർക്കാർ തീരുമാനത്തിനു പിന്നിലുണ്ട്. ഓർഡിനൻസിനെ ഗവർണർ എതിർത്തതോടെ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കാനുള്ള ബില്ലിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. സഭ പാസാക്കിയാലും ബിൽ നിയമമാകാൻ ഗവർണർ ഒപ്പിടണം. ഇതും തലവേദനയാകും. നിയമസഭ 29-മുതലാണു ചേരുക.

അതിനിടെ ഗവർണറെ നേർവഴിക്കു നടത്താനറിയാമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് തരംതാണ നിലപാടാണ്. അതു മാറ്റാൻ സിപിഎമ്മിന് അറിയാം. ആർ.എസ്.എസിന്റെ ചട്ടുകമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. രാജ്യത്തങ്ങോളമിങ്ങോളം പത്രസമ്മേളനം നടത്തി സർക്കാരിനെതിരേ സംസാരിക്കുകയാണ്. ഭരണഘടനാപരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ഗവർണർക്കു ബാധ്യതയുണ്ട്. അങ്ങനെ ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടത്തിലൂടെ നിങ്ങളെയും നേർവഴിക്കു നടത്താനാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഒന്നും ചെയ്യാൻ ഗവർണ്ണർക്ക് കഴിയില്ലെന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിലാണ് ഗവർണ്ണറെ സിപിഎം കടന്നാക്രമിക്കുന്നത്. ഗവർണ്ണർക്ക് വെറും ഉപദേശകന്റെ റോൾ മാത്രമേ ഉള്ളൂവെന്നാണ് വിലയിരുത്തൽ.

അതിനിടെ നയപ്രഖ്യാപന പ്രസംഗം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ഭരണഘടന അനുസരിച്ചുള്ള തന്റെ ജോലി ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. അതു പരിഹരിക്കാൻ നിയമങ്ങളും ചട്ടങ്ങളും കോടതിയുമുണ്ട്. എന്നാൽ, ഇവിടെ അതു തെരുവിലേക്കു വലിച്ചിഴയ്ക്കുകയാണ്.

എതിരഭിപ്രായങ്ങൾ ഒറ്റപ്പെട്ടതാണെങ്കിൽപോലും അതിനെ ബഹുമാനിക്കുന്നു. എന്നാൽ, വ്യക്തിപരമായ അഭിപ്രായങ്ങളോടു പ്രതികരിക്കാനില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ പല വിദഗ്ദരുമായി സംസാരിച്ചപ്പോഴും തന്റെ നിലപാട് അവർ ശരിവച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നതു നിയമപരമല്ല. നിയമത്തിനും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളേണ്ടതു തന്റെ കടമയാണ്. കേരളത്തിൽ പ്രതിഷേധം നേരിടുന്ന ആദ്യത്തെ ഗവർണറല്ല താനെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലോ പ്രമേയമോ സംബന്ധിച്ച് ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ആദ്യം സ്പീക്കറെ എഴുതി അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മറിച്ചുള്ള പ്രതികരണത്തിലൂടെ ചട്ടലംഘനം നടത്തിയത് ഗവർണറാണ്. ഭരണഘടനയിൽ ചിലർക്ക് പ്രത്യേക അധികാരങ്ങൾ നൽകിയിട്ടില്ല. ഉണ്ടെന്നുള്ളത് ചിലരുടെ തെറ്റിദ്ധാരണയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

സംസ്ഥാന സർക്കാരുമായുള്ള പരസ്യമായ തർക്കങ്ങളും വെല്ലുവിളികളും അവസാനിപ്പിച്ച് വെടിനിർത്തൽ സൂചനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്നതെ പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP