Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ അപമാനിച്ചവർക്കെതിരെ ഇനിയും പൊലീസ് നടപടിയില്ല; പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവർണറുടെ ഒപ്പു വാങ്ങിയതും വിവാദം; ചരിത്ര കോൺഗ്രസിലെ ക്രിമിനലിസം ചർച്ചയാക്കുന്നത് ബോധപൂർവ്വം; ഗവർണ്ണർക്കെതിരെ പ്രമേയം പാസാക്കാനുള്ള ആലോചനയിൽ പിണറായി സർക്കാർ; നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എന്ത് പറയുമെന്നത് നിർണ്ണായകം; പൗരത്വ ഭേദഗതി നിയമ ചർച്ചയിൽ കേരള രാഷ്ട്രീയം കലങ്ങുമ്പോൾ

കണ്ണൂരിൽ അപമാനിച്ചവർക്കെതിരെ ഇനിയും പൊലീസ് നടപടിയില്ല; പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവർണറുടെ ഒപ്പു വാങ്ങിയതും വിവാദം; ചരിത്ര കോൺഗ്രസിലെ ക്രിമിനലിസം ചർച്ചയാക്കുന്നത് ബോധപൂർവ്വം; ഗവർണ്ണർക്കെതിരെ പ്രമേയം പാസാക്കാനുള്ള ആലോചനയിൽ പിണറായി സർക്കാർ; നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എന്ത് പറയുമെന്നത് നിർണ്ണായകം; പൗരത്വ ഭേദഗതി നിയമ ചർച്ചയിൽ കേരള രാഷ്ട്രീയം കലങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഇനി പരസ്യ ഏറ്റുമുട്ടലിന് ഇടതു പക്ഷം. നിയമസഭ അതിന്റെ അധികാരാവകാശങ്ങൾ ഉപയോഗിച്ചു പാസാക്കിയ പ്രമേയം പരസ്യമായി തള്ളിയ ഗവർണറുടെ നടപടി അസാധാരണമെന്ന് സർക്കാരും വിലയിരുത്തുന്നു. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിമർശനത്തിന് ഇറങ്ങില്ല. ഇടത് നേതാക്കൾ ഗവർണ്ണർക്കെതിരെ പ്രതികരണങ്ങളുമായി എത്തും. ഈ സാഹചര്യം പ്രതിപക്ഷവുമായും സർക്കാർ ചർച്ച നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഗവർണ്ണർക്കെതിരെ പ്രമേയം കൊണ്ടു വരുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ പ്രമേയം കേന്ദ്ര സർക്കാരിന് അയച്ചു കൊടുക്കാനാണ് ആലോചന. എന്നാൽ നിയമ വശങ്ങൾ തേടിയ ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനാകൂ.

നിയമസഭാ സമ്മേളനം ഇനി തുടങ്ങുമ്പോൾ ഗവർണ്ണറുടെ നയപ്രഖ്യാപനം അനിവാര്യതയാണ്. കാബിനറ്റ് അംഗീകരിക്കുന്ന കുറിപ്പാണ് സാധാരണ നയപ്രഖ്യാപനമായി ഗവർണ്ണർ വായിക്കാറുള്ളൂ. ഇത്തവണ കൈയിൽ നിന്നുള്ളത് ഗവർണ്ണർ വായിക്കുമോ എന്ന സംശയം സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രകോപനം ഗവർണ്ണർക്ക് മേൽ സർക്കാർ ചെലുത്തില്ല. എങ്കിലും പൗരത്വ ഭേഗദഗതി ചർച്ചയിലെ വിവാദങ്ങൾ ആളിക്കത്തിക്കുന്നവർ ഗവർണ്ണറേയും കടന്നാക്രമിക്കും. കേന്ദ്ര നിയമത്തിനെതിരെ എതിർപ്പ് പരസ്യമാക്കിയെങ്കിലും പ്രമേയത്തിന്റെ കാര്യത്തിൽ ഗവർണർക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നിയമസഭ പാസാക്കുന്ന ബില്ലിനു ഗവർണറുടെ അനുമതി വേണം. എന്നാൽ പ്രമേയത്തിന് അതാവശ്യമില്ല. പ്രമേയം നിയമസഭാ സെക്രട്ടേറിയറ്റ് സെക്രട്ടേറിയറ്റിലെ നിയമകാര്യ വകുപ്പിനു കൈമാറുകയും മലയാളത്തിലുള്ള പ്രമേയമാണെങ്കിൽ ഇംഗ്ലിഷിലാക്കി കേന്ദ്ര സർക്കാരിന് എത്തിക്കുകയുമാണു ചെയ്യുന്നത്.

പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ചാണു പ്രത്യേക നിയമസഭാ സമ്മേളനത്തിനു സർക്കാർ ഗവർണറുടെ ഒപ്പു വാങ്ങിയത്. ഇതും ഗവർണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറെ സർക്കാർ വഞ്ചിച്ചുവെന്ന പൊതു വിലയിരുത്തലും ചില കോണുകൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യമാണ് ഗവർണ്ണറുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഇതാദ്യവുമല്ല. സംസ്ഥാനത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും പ്രമേയരൂപേണ അഭിപ്രായം അറിയിക്കാൻ അവകാശമുണ്ടെന്നാണു ചട്ടമെങ്കിലും 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തോട് ഐക്യദാർഢ്യമറിയിച്ചും ഇവിടെ പ്രമേയം പാസാക്കിയിട്ടുണ്ട്.

ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിൽ സംസ്ഥാനത്തിന്റെ വികാരം പ്രമേയമായി നിയമസഭ അറിയിച്ചിരുന്നു. 2006 ലെ കേന്ദ്ര സർക്കാരിന്റെ വിവാദ ആദായനികുതി ഭേദഗതിക്കെതിരെ നിയമസഭ പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ സഹകരണ സംഘങ്ങളുടെ ആദായനികുതി പരിധിയുമായി ബന്ധപ്പെട്ടുള്ള പ്രമേയവും കേന്ദ്ര തീരുമാനത്തിൽ തിരുത്തൽ ആവശ്യപ്പെട്ടുള്ളതായിരുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭയ്ക്കു പ്രമേയം പാസാക്കാമോ എന്നതാണു ഗവർണറുടെ ചോദ്യം. പ്രമേയം പാസാക്കിയ ദിവസത്തെ ചാനൽ അഭിമുഖത്തിൽ, ഇതു രാഷ്ട്രീയോദ്ദേശ്യത്തോടെയാകാമെന്നു പറഞ്ഞ ഗവർണർ ഇന്നലെ നിലപാട് കടുപ്പിച്ചു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്നും പുതിയ നിയമം കേരളത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണമായ അധികാരം കേന്ദ്രസർക്കാരിനാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒരു സ്ഥാനവുമില്ല. പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കില്ല.

കാരണം, കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിനും പരാതി പറയുന്നതിലും പ്രശ്നമില്ല. എന്നാൽ കേരളത്തെ ബാധിക്കാത്ത വിഷയങ്ങളിൽ ഇത്തരം പ്രതികരണം നടത്തുന്നത് സമയനഷ്ടമുണ്ടാക്കും- ഗവർണർ വിശദീകരിച്ചു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന് ക്രിമിനൽ ലക്ഷ്യമുണ്ടെന്നും ഗവർണർ ആരോപിച്ചു. കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങൾ നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് ചരിത്ര കോൺഗ്രസിൽ ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുൻഗാമികളിൽ നിന്നു വേറിട്ട പാതയിലാണ്. ചരിത്ര കോൺഗ്രസിലെ സംഭവങ്ങളുടെ പേരിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന അതൃപ്തിയും രാജ്ഭവനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP