Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിയുടെ മുമ്പിൽ ചെങ്കൊടി പോലും പിടിച്ചുനിൽക്കില്ല; പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് നിർദ്ദേശം; രണ്ടുമാസത്തിനകം സംസ്ഥാനം മുഴുവൻ പഞ്ചിങ് ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം വന്നതോടെ പ്രതിഷേധിക്കാൻ പോലും പേടിച്ച് ഉദ്യോഗസ്ഥർ; പഞ്ച് ചെയ്യാത്തവർക്ക് ശമ്പളം മുടക്കുമെന്നും മുന്നറിയിപ്പ്; വൈകിയെത്തിയും വീട്ടിലിരുന്നും കാശുവാങ്ങിയിരുന്ന സർക്കാർ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ

പിണറായിയുടെ മുമ്പിൽ ചെങ്കൊടി പോലും പിടിച്ചുനിൽക്കില്ല; പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് നിർദ്ദേശം; രണ്ടുമാസത്തിനകം സംസ്ഥാനം മുഴുവൻ പഞ്ചിങ് ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം വന്നതോടെ പ്രതിഷേധിക്കാൻ പോലും പേടിച്ച് ഉദ്യോഗസ്ഥർ; പഞ്ച് ചെയ്യാത്തവർക്ക് ശമ്പളം മുടക്കുമെന്നും മുന്നറിയിപ്പ്; വൈകിയെത്തിയും വീട്ടിലിരുന്നും കാശുവാങ്ങിയിരുന്ന സർക്കാർ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്. സർക്കാർ ഓഫീസുകളിൽ പണിയെടുക്കുന്ന കാര്യത്തിൽ ആ ചൊല്ലങ്ങ് മാറ്റി വച്ചേക്കാനാണ് പിണറായി സർക്കാർ ജീവനക്കാരോട് പറയുന്നത്. നാടുനന്നാവണമെങ്കിൽ ഭരണം നന്നാവണം. ഭരണം നന്നാവണമെങ്കിൽ ജീവനക്കാർ നന്നാവണം. മൊത്തത്തിൽ സിവിൽ സർവീസ് കാര്യക്ഷമമാകണം. ഇതാണ് സർക്കാരിന്റെ മനസ്സിലിരുപ്പ്.സർക്കാർ ഓഫീസുകളിൽ പഞ്ചിങ് വരുന്നതിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. രണ്ടു മാസത്തിനുള്ളിൽ എല്ലാ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കണമെന്നാണ് പൊതുഭരണ വകുപ്പ് കർശനമായി നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കണമെന്നാണ് ഉത്തരവ്.

ഉമ്മൻ ചാണ്ടി തോറ്റു; പിണറായി ജയിച്ചു

ഉമ്മൻ ചാണ്ടി മന്ത്രിസഭയും പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. അന്ന് അതിനുള്ള ഒരുക്കങ്ങൾ എല്ലാം ഉമ്മൻ ചാണ്ടി സർക്കാർ എടുത്തെങ്കിലും സംഭവം പൊളഞ്ഞു പോയി. യൂണിയൻ നേതാക്കൾ പാരവെച്ചതോടെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം വെള്ളത്തിലായത്. എന്നാൽ പിണറായി വിജയന്റെ കാർക്കശ്യത്തിന് മുന്നിൽ യൂണിയൻ നേതാക്കൾ മുട്ടു മടക്കുക ആയിരുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം എല്ലാ സർക്കാർ ഓഫിസുകളും പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. ഇതോടെ കൃത്യ സമയത്ത് ഓഫിസിൽ എത്തുന്ന സർക്കാർ ജീവനക്കാരെന്ന കേരളത്തിലെ സാധാരണക്കാരുടെ ആവശ്യം സഫലമാകും.കൃത്യസമയത്ത് ഓഫിസിൽ എത്തിയില്ലെങ്കിൽ അത് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധപ്പെടുത്താനാണ് മുകളിൽ നിന്നുള്ള തീരുമാനം. സ്ഥിരം ജീവനക്കാരെല്ലാം ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വകുപ്പു തലവന്മാർ ഉറപ്പുവരുത്തണം. ശമ്പളം സ്പാർക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള സർക്കാർ, അർധസർക്കാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലുമാണ് ബയോമെട്രിക് പഞ്ചിങ് മെഷീൻ സ്ഥാപിക്കേണ്ടത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.അഥോറിറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ എന്നിവിടങ്ങളിലും ഡിസംബർ 31 നകം മെഷീൻ സ്ഥാപിക്കും.

പഞ്ച് ചെയ്തില്ലെങ്കിൽ ശമ്പളം പോകും

സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലുമാണ് ഇപ്പോൾ പഞ്ചിങ് നിലവിലുള്ളത്. ചില കോർപ്പറേഷനുകളും നഗരസഭകളും പഞ്ചിങ് കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെട്ടു.മോട്ടോർ വാഹന വകുപ്പിലും പഞ്ചിങ് സാമഗ്രികൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി നടന്നിട്ടില്ല.സ്പാർക്കുമായി ബയോമെട്രിക് മെഷീനെ ബന്ധിപ്പിക്കുന്നതോടെ പഞ്ചിങ് സംവിധാനം കൂടുതൽ കാര്യക്ഷമവും ഗൗരവമുള്ളതുമാവും. ജീവനക്കാരുടെ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാൻ കഴിയാത്ത വിധത്തിലാണ് സംവിധാനം നടപ്പാക്കാൻ പോകുന്നത്. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ ഒന്നിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമായി നടപ്പാക്കുകയും സ്പാർക്കുമായി ബന്ധിപ്പിക്കുകയും വേണം.

സ്പാർക്കുമായി ബന്ധിപ്പിക്കുമ്പോൾ, സമയത്ത് ഓഫീസിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തമായ ഉത്തരവ് കിട്ടിയിട്ടില്ല. വൈകി ഓഫീസിലെത്തിയാൽ എങ്ങനെ 'പണി കിട്ടു'മെന്നതിനെക്കുറിച്ചാണ് ചർച്ച. വിശദമായ ഉത്തരവും കാത്തിരിക്കുകയാണ് ജീവനക്കാർ.നിലവിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഓഫീസുകൾ അവരുടെ പഞ്ചിങ് മെഷീനുകൾ സ്പാർക്കുമായി ബന്ധപ്പെടുത്താൻ കഴിയുന്നതാണോയെന്ന് ഉറപ്പുവരുത്തണമെന്നും സാധിക്കുന്നില്ലെങ്കിൽ പുതിയ മെഷീനുകൾ സ്ഥാപിക്കണമെന്നുമാണ് നിർദ്ദേശം. ഓരോ വകുപ്പിലും പഞ്ചിങ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അതത് സെക്രട്ടറിക്കും വകുപ്പു മേധാവിക്കുമാണ്. പഞ്ചിങ്ങിനുള്ള ചെലവും അതത് വകുപ്പുകൾ ബജറ്റ് വിഹിതത്തിൽനിന്ന് കണ്ടെത്തണം.

ഓരോ ഫയലിലും ഓരോ ജീവിതം

അധികാരമേറ്റയുടൻ പിണറായി വിജയൻ സെക്രട്ടേറിയറ്റ് ജീവനക്കാരുമായുള്ള സംവാദത്തിൽ ഓർമിപ്പിച്ചത് ഇങ്ങനെ: ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണം. സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതല്ലെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും പിണറായി ഓർമ്മിപ്പിച്ചു.

ഭരണം എന്നത് തുടർച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികൾ മാറി വന്നു എന്നു വരും. ഭരണം അതിന്റേതായ രീതിയിൽ പോകേണ്ടതായിട്ടുണ്ട്. അത് എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം.

എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണം. തസ്തികകളുടെ കാര്യത്തിൽ മാത്രമായിരിക്കണം വേർതിരിവ്. മറ്റു തരത്തിലുള്ള ഒരുമ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബോധത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ വലിയ മുന്നേറ്റം എല്ലാ കാര്യങ്ങളിലും ഉണ്ടാക്കാൻ സാധിക്കും.അതുകൊണ്ട് തന്നെ പാർട്ടിയും യൂണിയനും പറഞ്ഞ് ജോലി മുടക്കുന്നവരെ ഇനി സഹിക്കില്ലെന്ന ഉറച്ച സന്ദേശമാണ് എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കുന്നതിലൂടെ പിണറായി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP