Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ലെന്നും മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാരാണെന്നും ധിക്കാരം പറയുന്ന മുതലാളിമാർക്ക് മൂക്കുകയറിടാൻ സർക്കാർ; ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസിൽ സമരം തുടരുമ്പോൾ അനുരഞ്ജനത്തിന് വഴങ്ങാതെ മാനേജ്‌മെന്റ്; ഓണത്തിന് പോലും അരി മേടിക്കാൻ കാശ് കൊടുക്കാത്ത ധാർഷ്ട്യം അവസാനിപ്പിക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മിനിമം വേതനം പ്രഖ്യാപിച്ച് വിജ്ഞാപനം

പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ലെന്നും മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാരാണെന്നും ധിക്കാരം പറയുന്ന മുതലാളിമാർക്ക് മൂക്കുകയറിടാൻ സർക്കാർ; ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസിൽ സമരം തുടരുമ്പോൾ അനുരഞ്ജനത്തിന് വഴങ്ങാതെ മാനേജ്‌മെന്റ്; ഓണത്തിന് പോലും അരി മേടിക്കാൻ കാശ് കൊടുക്കാത്ത ധാർഷ്ട്യം അവസാനിപ്പിക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മിനിമം വേതനം പ്രഖ്യാപിച്ച് വിജ്ഞാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കത്തെ തുടർന്നുള്ള ജീവനക്കാരുടെ സമരം നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന സമരം പലപ്പോഴും അക്രമാസക്തമാകാൻ കാരണം വിട്ടുവീഴ്ചയില്ലാത്ത മാനേജ്‌മെന്റിന്റെ നിലപാടാണ്. ശമ്പള പരിഷ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നയിച്ചത്. ഇടക്കാലത്ത് സമരത്തിന് ഇടവേള വന്നുവെങ്കിലും പിരിച്ചുവിട്ട 167 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. പിരിച്ചുവിട്ട 167 ജോലിക്കാരെയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. പിരിച്ച് വിട്ട തൊഴിലാളികളുടെ കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. തർക്കം പരിഹരിക്കാൻ ഈ മാസം 29ന് വീണ്ടും ചർച്ച നടക്കും. ഇക്കഴിഞ്ഞ പതിനാലിനും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടത്തിയത്. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ശമ്പള വർധനവ് നടപ്പിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. അതേസമയം, മുത്തൂറ്റിന്റെ 43 ശാഖകൾ എന്നന്നേക്കുമായി പൂട്ടിയിടുമെന്ന മുന്നറിയിപ്പും മാനേജ്മെന്റ് നൽകുന്നുണ്ട്

പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം. ഇത്തരം തർക്കങ്ങൾ ഒരുപരിധി വരെ പരിഹരിക്കാനും, മുത്തൂറ്റ് മാനേജ്‌മെന്റിന് മൂക്കുകയർ ഇടാനും ലക്ഷ്യമിട്ട് ഇടതുസർക്കാർ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ, നിലവിലുള്ള വേതന പ്രശ്നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകുകയാണെന്നാണ് സർക്കാരിന്റെ അവകാശവാദം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാന്യമായ വേതനം ഉറപ്പുവരുത്തുന്നതാണു നടപടി. ഈ മേഖലയിൽ ഇതാദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. ഇതോടെ ഓരോ തസ്തികയ്ക്കും നൽകേണ്ട മിനിമം വേതനം സംബന്ധിച്ച തർക്കങ്ങളും ഇല്ലാതാകും.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം നിശ്ചയിച്ച് 2016 ഓഗസ്റ്റ് ഒമ്പതിന് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതു കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നതിനാൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വൈകി. പിന്നീട്, മുത്തൂറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ നടത്തിയ 52 ദിവസം നീണ്ട പണിമുടക്ക് സംബന്ധിച്ച കേസ് പരിഗണിക്കവെ, പ്രാഥമിക വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന സർവീസ് വെയിറ്റേജ്, റിസ്‌ക് അലവൻസ്, ഫിറ്റ്മെന്റ് ബെനഫിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ ആനുകല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ഹൈക്കോടതി ഒഴിവാക്കാൻ നിർദ്ദേശിച്ച ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനും സർക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചു വിജ്ഞാപനമായത്.

നിലവിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമമനുസരിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വേതനം നൽകുന്നത്. ക്ലീനർ, സ്വീപ്പർ, ഓഫിസ് അറ്റൻഡന്റ്, അറ്റൻഡർ തുടങ്ങിയ തസ്തികകളിലുള്ളവർക്ക് നിലവിൽ ഡി.എ. അടക്കം 11140 രൂപയോളമാണ് തുടക്കത്തിൽ വേതനമായി ലഭിക്കുന്നത്. പുതിയ മിനിമം വേതന വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം ഡി.എ. അടക്കം 13,400 രൂപയായി ഉയരും. വാച്ച്മാൻ, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാർക്ക് നിലവിൽ ഡി.എ. അടക്കം 11,350 രൂപയാണ് മിനിമം വേതന നിയമപ്രകാരം കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനത്തോടെ ഇത് 14,000 രൂപയായി ഉയരും. ഡ്രൈവറുടേത് നിലവിലുള്ള 11560 രൂപ എന്നത് കുറഞ്ഞത് 14750 രൂപ എന്ന നിലയിലേക്കും ഉയരും.

കളക്ഷൻ എക്സിക്യൂട്ടിവുമാർ, ബിൽ കളക്ടർ, എ.ടി.എം. ക്യാഷ് ലോഡിങ് എക്സിക്യൂട്ടിവുമാർ, അപ്രൈസർമാർ തുടങ്ങിയവരുടെ വിഭാഗത്തിൽവരുന്നവർക്ക് തുടക്കത്തിൽ 16500 രൂപയിൽ കുറയാത്ത ശമ്പളം പ്രതിമാസം ലഭിക്കുമെന്ന് പുതിയ വിജ്ഞാപനം ഉറപ്പാക്കുന്നു.
ക്ലർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാർ, ഇൻഷ്വറൻസ് പ്രോമോട്ടർമാർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവുമാർ തുടങ്ങിയ തസ്തികയിലുള്ളവർക്ക് നിലവിൽ 11770 രൂപയാണ് ഡി.എ. അടക്കം തുടക്കത്തിൽ കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രാബല്യത്തിൽവന്നതോടെ ഇത് 17,000 രൂപയായി ഉയരും.

ക്യാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ് തുടങ്ങിയ തസ്തികകളിലുള്ളവർക്ക് ഡി.എ. അടക്കം 19500 രൂപ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളമായി ലഭിക്കും.അസിസ്റ്റന്റ് മാനേജർമാർ, ബിസിനസ് മാനേജർമാർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർമാർ തുടങ്ങിയവരുടെ വിഭാഗത്തിൽ നിലവിലെ വ്യവസ്ഥകളനുസരിച്ച് 11980 രൂപയാണ് ഡി.എ. അടക്കം കുറഞ്ഞ വേതനം. പുതിയ വിജ്ഞാപന പ്രകാരം തുടക്കക്കാരായ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 21750 രൂപ ലഭിക്കും. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്.ആർ), ഓപ്പറേഷൻസ് ഹെഡ് തുടങ്ങിയ തസ്തികകളിൽ 23750 രൂപയും ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കുന്നുണ്ട്. ജീവനക്കാർക്ക് ലഭിക്കേണ്ട വാർഷിക ഇൻക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP